ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ പോലും ദുരുപയോഗം ചെയ്താണ് സതീശ് നായർ എന്ന അധികാര ദല്ലാൾ മെഡിക്കൽ കോഴയിലെ മുഖ്യ സൂത്രധാരൻ ആയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് പോലും കേന്ദ്ര നേതൃത്വവുമായി നേരിട്ട് ഇടപെടാൻ കഴിവില്ലാത്ത സമയത്താണ് സതീശ് നായർ എന്ന ദുരൂഹ വ്യക്തിത്വം ഇന്ദ്രപ്രസ്ഥത്തിലെ അധികാര അന്തപ്പുരങ്ങളിൽ അധികാര ദല്ലാളായി വിലസിയത്. കേന്ദ്രം ഭരിക്കുന്നവർ ആരായാലും ഇപ്പഴും ദല്ലാളുമാർ തന്നെയ്ണ് ചരടുവലിക്കുന്നത് എന്നതാണ് 17 കൈമറിഞ്ഞ ഈ അഴിമതിയിൽ നിന്നും വ്യക്തമാകുന്നത്. എങ്കിലും ബിജെപിക്കാർക്ക് പോലും ദുരൂഹമായി നില്ക്കുന്ന കാര്യമാണ് ആരാണ് ഈ സതീശ് നായർ എന്ന വിവാദ വ്യക്തിത്വം എന്നതാണ്.

ഒരു വശത്ത് കോൺഗ്രസിലെ മുതിർന്ന നേതാക്കളോട് തോളോടു തോൾ ചേർന്നു നിൽക്കുകയും അതേസമയം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പോക്കറ്റിലാക്കി നടക്കുകയും ചെയ്ത വ്യക്തിയാണ് സതീഷ് നായർ എന്ന യുവാവ്. ഇടുക്കി തൊടുപുഴ സ്വദേശിയായ ഇയാൾ മുൻ വ്യോമ സേനാ ജീവനക്കാരനായിരുന്നു. പിന്നീട് ഇയാളെ വ്യോമസേനയിൽ നിന്നും പിരിച്ചു വിട്ടു. ഇതിന്റെ കാരണങ്ങൾ എന്താണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്.

തൊടുപുഴയിൽ ഇയാൾക്ക് സ്വന്തമായി വീടുണ്ടെങ്കിലും സതീഷ് നായരുടെ ഡൽഹി ഇടപാടുകളെ കുറിച്ച് നാട്ടുകാർ കൂടുതൽ അറിയുന്നത് ഇപ്പോൾ മാധ്യമ വാർത്തകളിലൂടെയാണ്. വിവാഹം നിശ്ചയിച്ച ശേഷം വധുവിനെ ഉപേക്ഷിച്ച് നാടുവിട്ട സതീശിനെയാണ് നാട്ടുകാർ ഓർക്കുന്നത്. ഇതിന് ശേഷം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വ്യോമസേനയിൽ നിന്നും പിരിച്ചു വിട്ട ശേഷമാണ് ഡൽഹിയൽ ഇയാൾ ചുവടുറയ്‌പ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കലുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഇവരുടെ അടുത്ത സുഹൃത്തായി വിലസിയപ്പോൾ നേതാക്കൾക്ക് വേണ്ടിയുള്ള പല കാര്യങ്ങളും ചെയ്തു കൊടുത്തു.

ഈ ബന്ധം വഴി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഓഫീസുമായി പോലും ബന്ധം സ്ഥാപിക്കാൻ സതീശ് നായർക്ക് കഴിഞ്ഞിരുന്നു. കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ സതീശ് നായർ കൂടുതൽ കരുത്തനായി മാറി. ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദയുമായി ബന്ധപ്പെട്ട് വിവാദ മദ്യ വ്യവസായി ബിജു രമേശിന് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാൻ പോലും ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് ഇയാളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ബോധ്യമാകാൻ.

അന്ന് പ്രകാശാനന്ദ പോലും അറിയാതെ വ്യാജകത്തുണ്ടാക്കിയാണ് ബിജുവിനെ മന്ത്രിയാക്കണമെന്ന അഭ്യർത്ഥന തിരുകി കയറ്റിയത്. ഇതിന്റെ ബുദ്ധികേന്ദ്രവും സതീശ് നായരായിരുന്നു. ആർഎസ്എസ് നേതാക്കളുമായി ഉറ്റബന്ധം പുലർത്താൻ സഹായകായത ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ കൂടിയായ സഹോദരൻ അയ്യപ്പദാസിന്റെ ഇടപെടലോടെയായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുമായി അടുത്ത ബന്ധമായിരുന്നു കുമ്മനം രാജശേഖരന്. കുമ്മനം ബിജെപി അധ്യക്ഷനായതോട ഈ ബന്ധം ഉപയോഗിച്ച് സതീശ് നായരും അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറി.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമില്ലാത്ത കുമ്മനം രാജശേഖരന് ഡൽഹിയിൽ എത്തുമ്പോഴുള്ള സഹായി എന്ന നിലയിലാണ് സതീശ് നായർ അടുത്തുകൂടിയത്്. എന്നാൽ, ഈ സ്വാധീനം ഉപയോഗിച്ചാണ് വൻകിടക്കാർക്ക് വേണ്ടി അദ്ദേഹം ഇടപാടുകൾ നടത്തിയതും. ക്വാറി മുതലാളിമാരുടെ ഡൽഹിയിലെ കൺകണ്ട ദൈവം കൂടിയായിരുന്നു സതീശ് നായർ. പാറമടയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈസൻസ് വേണമെന്ന നിബന്ധന ഉണ്ടായിരുന്ന വേളയിൽ പാറമട മുതലാളിമാർ ഡൽഹിയിലെ ഇടനിലക്കാരനായി കണ്ടെത്തിയതും ഇയാളെയായിരുന്നു.

സോളാർ കേസിൽ ഡൽഹിയിൽ ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സഹായി ഉണ്ടായിരുന്നു. സരിതാ നായർക്ക് വേണ്ട സഹായം എല്ലാം ചെയ്തുകൊടുത്തത് തോമസ് കുരുവിള എന്ന ഈ സഹായി ആയിരുന്നു എന്നായിരുന്നു അന്നുയർന്ന ആരോപണം. ഇതിന് ശേഷമാണ് ബിജെപി അധ്യക്ഷന്റെ സഹായി വിവാദ നായകനായി മാറുന്നതും. അയ്യപ്പ സേവാ സമാജം ഭാരവാഹി അയ്യപ്പദാസാണ് സതീശ് നായരെ കുമ്മനത്തിന് പരിചയപ്പെടുത്തിയത്. ഡൽഹിയിലെ കാര്യങ്ങൾ നോക്കി നടത്താൻ പറ്റിയ ആളെന്ന നിലയിൽ ഇയാളെ കുമ്മനം ഒപ്പം കൂട്ടുകയായിരുന്നു.

ആരോപണ വിധേയനായ മറ്റൊരാൾ കുമ്മനത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്ന് പരിചയപ്പെടുത്തിയ രാകേഷ് ശിവരാമനാണ്. നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ ബിജെപിയുടെ പ്രവർത്തകൻ മാത്രമാണ് എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചപ്പോൾ ഇത് വെറും ഊഹാപോഹം മാത്രമാണ് എന്നാണ് കുമ്മനം രാജശേഖരൻ ആദ്യം പ്രതികരിച്ചത്. എന്നാൽ വിഷയം ലോക്‌സഭയിൽ അടക്കം വലിയ കോലാഹലമായപ്പോൾ ബിജെപി സഹകരണ സെൽ കൺവീനർ ആർ എസ് വിനോദിനെ പുറത്താക്കാൻ കുമ്മനം നിർബന്ധിതനാവുകയായിരുന്നു. ആരോപണം അതീവ ഗുരുതരമാണ് എന്നാണ് കുമ്മനത്തിന്റേതായി ഒടുവിൽ വന്ന പ്രസ്താവന. ഇപ്പോഴത്തെ നിലയിൽ സതീശൻ നായരെ അമിതായി വിശ്വസിച്ചതാണ് കുമ്മനത്തെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

വർക്കല മെഡിക്കൽ കോളേജിന് അനുമതിക്കായി 6 കോടി രൂപ കോഴ വാങ്ങി എന്ന പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ അന്വേഷണം നടത്താൻ കുമ്മനം നിർദ്ദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ. കെ പി ശ്രീശൻ, എ കെ നസീർ എന്നിവർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. അതേസമയം താൻ കൊടുത്ത മൊഴിയല്ല മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൽ ഉള്ളത് എന്ന ആരോപണവുമായി പുറത്താക്കപ്പെട്ട ആർ എസ് വിനോദും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് കോഴയുമായി ബന്ധമില്ലെന്ന് വിഷയം അന്വേഷിച്ച എ കെ നസീർ പറയുന്നു.

എന്തായാലും വിവാദ നായകനായ സതീശൻ നായർ ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിവില്ല. ഗസ്സിയാബാദിലെ ഇന്ദിരാപുരം കോളനിയിലെ ഫ്‌ല്റ്റിലാണ് താമസം എന്നറിഞ്ഞ് മറുനാടൻ അന്വേഷിച്ചിരുന്നു. ഇവിടെ ഈ വിവാദം ഉയർന്ന ശേഷം ആളനക്കം ഇല്ലാത്ത അവസ്ഥയിലാണ്. സതീശൻ നായരുടെ മൊബൈൽ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ ബിജു രമേശിനൊപ്പം മോദിയെ കാണാൻ പോയ വേളയിൽ എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ തനിക്ക് കേന്ദ്രത്തിൽ വലിയ പിടിപാടുണ്ടെന്ന പ്രതീതി സൃഷ്ടിച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവമാണ്. അതുകൊണ്ട് ഐബിയും ഈ ആരോപണം അന്വേഷിക്കുന്നുണ്ട്. എന്തായാലും ബിജെപി ഭരണത്തിലും അധികാര ദല്ലാളർമാർ വിലസുന്നു എന്നതാണ് ഇപ്പോഴത്തെ സംഭവത്തിലുടെ വെളിച്ചത്തു വരുന്നത്.