- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പാറിച്ച മിടുമിടുക്കി; തലസ്ഥാനത്തെ കെഎസ് യു സമരങ്ങളിലെ മുന്നണി പോരാളി; സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച് പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് ഹരിപ്പാട്ടെ സ്നേഹ
തിരുവനന്തപുരം: നിരന്നു നിൽക്കുന്ന പൊലീസുകാർക്കു നേരെ കുതിച്ചെത്തിയെ പെൺപുലി.. ഒരു നിമിഷം പകച്ചുപോയ പൊലീസുകാരുടെ കണ്ണുവെട്ടിച്ചു സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമം. പൊലീസുകാരുടെ ലാത്തി അടിയിൽ തലപൊട്ടി ചോര ഒലിച്ചിട്ടും മുദ്രാവാക്യം വിളികളോടെ കൂസൽ ഇല്ലാതെ ചെറുത്തുനിൽപ്പ്. അണികളെ പൊലീസ് മർദ്ദനത്തിന് വിട്ടുകൊടുത്ത് തടിതപ്പുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തയായി മുന്നിൽ നിന്നും സമരം നയിച്ചത് കെഎസ് യുവിന്റെ പെൺപുലി സ്നേഹ ആർ നായരാണ്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റാണ് സ്നേഹ. വളർന്നു വരുന്ന കോൺഗ്രസ് യുവനേതാവ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തിരുന്നു സനേഹ. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് സ്നേഹ ഇപ്പോൾ.
സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായാണ് കെഎസ് യുവിന്റെ മാർച്ച് നടന്നത്. ഈ മാർച്ചിലാണ് വനിതാ പ്രവർത്തകരും ധീരതയോടെ രംഗത്തിറങ്ങിയത്. സമാധാനപരമായി മാർച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാൻ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. നെയിം ബോർഡ് പോലുമില്ലാത്ത പൊലീസുകാരാണ് പ്രവർത്തകരെ ആക്രമിച്ചത്. അവർ യഥാർഥ പൊലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും നേതാക്കൾ പറഞ്ഞു. തലപൊട്ടിയിട്ടും പോരാട്ട വീര്യം ചോരാതെ നിന്ന കെഎസ് യു പ്രവർത്തക സ്നേഹ ആർ നായർ ഹരിപ്പാട് സ്വദേശിനിയാണ്. ജീവിതത്തിൽ അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച വ്യക്തിത്വം.
എസ് എഫ് ഐയുടെ കോട്ടയാണ് മഹാരാജാസിൽ കുത്തക തകർത്ത് കെഎസ്യുവിന്റെ നീലക്കൊടി പാറിച്ച മിടുക്കി. പെട്ടിക്കട നടത്തി ജീവിക്കാനും പഠിക്കാനുമുള്ള വഴി കണ്ടെത്തിയ സ്നേഹയുടെ കഥ മുമ്പും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇനി സ്നേഹയെ നമുക്ക് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നും വിളിക്കാം. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് സ്നേഹ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃ നിരയിലെത്തുന്നത്. കെ.എസ്.യു.വിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് സ്നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയിലാണ് സ്നേഹ പെട്ടിക്കട നടത്തിയിരുന്ന് വാർത്തകളിലും നിറഞ്ഞിരുന്നു.
പിണറായി സർക്കാറിനെതിരായി കെഎസ് യു നയിച്ച നിരവധി സമരങ്ങളുടെ മുൻനിരയിൽ സ്നേഹ ഉണ്ടായിരുന്നു. സ്നേഹയുടെ ജീവിതത്തെപ്പറ്റി ലോക വനിതാദിനത്തിൽ പല മാധ്യമങ്ങളും വാർത്ത നൽകി. അച്ഛന്റെ മരണശേഷം അമ്മയുമായി വാടകവീട്ടിൽ താമസിക്കുന്ന സ്നേഹ പെട്ടിക്കടയിൽനിന്നുള്ള വരുമാനം കണ്ടെത്തിയതായിരുന്നു വാർത്ത. നാരങ്ങാവെള്ളവും മിഠായിയും വിൽക്കുന്ന ചെറിയ കടയാണ് സ്നേഹയുടേത്. സ്നേഹ രാവിലെ കോളേജിൽ പോയിക്കഴിഞ്ഞാൽ അമ്മയ്ക്കാണ് കടയുടെ ചുമതല. വൈകുന്നേരം ആറുമണിയോടെ മടങ്ങിവന്നുകഴിഞ്ഞാൽ രാത്രി എട്ടുവരെ സ്നേഹ കടനോക്കുന്നതായിരുന്നു ഈ ശൈലി.
പള്ളിപ്പാട് കൊടുന്താറ്റ് കോളനിയിൽ നാല് സെന്റിലായിരുന്നു സ്നേഹയും കുടുംബവും താമസിച്ചിരുന്നത്. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചു. സ്നേഹ അന്ന് സ്കൂളിൽ പഠിക്കുകയായിരുന്നു. പട്ടിണിയായിപ്പോയ നാളുകൾ. എങ്ങനെയും പഠിക്കണമെന്ന് തീർച്ചപ്പെടുത്തിയ അവൾ അമ്മയ്ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി.
അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസിൽ ബി.എ. പൊളിറ്റിക്സിന് ചേർന്നു. നല്ല മാർക്കോടെ വിജയം. ഇപ്പോൾ എം.എയുപ പൂർത്തിയാക്കിയിട്ടുണ്ട് സ്നേഹ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സണായി അങ്കം കുറിച്ചുനോക്കിയെങ്കിലും ജയിച്ചില്ല. എന്നാൽ, തന്റെ രാഷ്ട്രീയം ഉയർത്തി പിടിക്കാൻ അവർക്ക് സാധിച്ചു.
മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരൻ, ശേഷം, കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ ഒരുവർഷത്തോളം അഭിനയിച്ചിട്ടുമുണ്ട് സ്നേഹ. മഴവിൽ മനോരമയുടെ ഉടൻ പണം പരിപാടിയിലും സ്നേഹ പങ്കെടുക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ