കൊച്ചി: ഏത് പ്രതിസന്ധിയിലും ജീവിതത്തോട് പോരാടണമെന്നും അതിൽ നിന്നും ഉൾക്കരുത്ത് നേടി മുന്നേറണമെന്നും ലോകത്തിന് ഉദാഹരണമാകുന്ന ജീവിതമാണ് അനില എന്ന മിടുമിടുക്കിയുടേത്. അർബുദം തളർത്താൻ നോക്കിയിട്ടും അതിന് മുന്നിൽ പതറാതെ കരളുറപ്പോടെ പോരാടിയ ജീവിതമാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിയായ അനില തോമസിന്റേത്.

കോയമ്പത്തൂർ ടി.സി.എസിലെ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന അനില ഇപ്പോൾ കൊച്ചിയിൽ തന്തൂരി ചായ വിൽപനയുടെ തിരക്കിലാണ്. ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിലെ സി.എം.എഫ്.ആർ.ഐയ്ക്ക് മുന്നിലുള്ള തട്ടുകടയിൽ ചായ വിൽക്കുമ്പോഴും ജീവിതത്തിൽ തോൽക്കാൻ തയാറല്ലെന്ന ദൃഢനിശ്ചയമാണ് അനിലയെന്ന 34കാരിയുടെ കണ്ണുകളിൽ തിളങ്ങുന്നത്.

രക്താർബുദം തോഴനായെത്തിയപ്പോൾ ചികിത്സയ്ക്കായി ജോലി വിട്ടു

ആടിയുലയുന്ന ജീവിത സാഹചര്യങ്ങളാണ് ചെറുപ്രായം മുതൽ അനിലയ്ക്ക് ലഭിച്ചത്. എന്നാലും നിലയ്ക്കാത്ത പോരാട്ടം നടത്തി ജീവിത രഥം നയിച്ചു. രക്താർബുദം തളർത്തിയതും ചികിത്സയ്ക്കായി ജോലി ഉപേക്ഷിക്കേണ്ടിവന്നതും എല്ലാമായ അച്ഛൻ രോഗക്കിടക്കയിലായതുമെല്ലാം ഒരുമിച്ചായിരുന്നു. രോഗപീഡകളും മറ്റ് ദുരിതങ്ങളും നിലയ്ക്കാതെ വെള്ളച്ചാട്ടം പോലെ ഒഴുകിയെത്തിയിട്ടും മനക്കരുത്തും ചിരിയുമല്ലാതെ മറ്റൊരു വികാരവും അവളെ കീഴടക്കിയില്ല.

അതിജീവനം മാത്രമായിരുന്നു ലക്ഷ്യം. പേപ്പർപ്ലേറ്റ് നിർമ്മാണവും മറ്റു ചില്ലറ ബിസിനസുകളും സന്നദ്ധപ്രവർത്തനങ്ങളുമായി ജീവിക്കാനുള്ള പണം കണ്ടെത്തുകയും മുട്ടില്ലാത്ത ജീവിതം നയിക്കാൻ പ്രാപ്തായണെന്ന് ലോകത്തിന് തെളിയിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ വിധിയെന്ന വില്ലന് അനിലയോടുള്ള പോരാട്ടം നിറുത്താൻ തോന്നിയില്ല. വൈകാതെ തന്നെ കരളിൽ അർബുദം ബാധിച്ചു. സ്വകാര്യ ആശുപത്രികളിൽ മാറിമാറി ചെയ്ത ചികിത്സകൾ. ആരും തളർന്നുപോകുന്ന ദിവസങ്ങൾ.

എങ്കിലും പ്രതീക്ഷ വിട്ടില്ല. ഒടുവിൽ തിരുവനന്തപുരം ആർ.സി.സിയിൽ കരളിൽ ശസ്ത്രക്രിയ നടത്തി. കരളിൽ വന്ന അർബുദം അനിലയുടെ 'കരളുറപ്പിനെ' ബാധിച്ചില്ല.ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകും എന്ന ചിന്തയിലിരിക്കുമ്പോഴാണ് നൂറുൽ ഇമാനെന്ന സുഹൃത്ത് ജീവിതത്തിലേക്ക് എത്തുന്നത്. സാമൂഹികപ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ടതാണ് ഇദ്ദേഹത്തെ. കുറച്ച് കലയും കഥയെഴുത്തൊക്കെയുണ്ട്. മുന്നേറാനുള്ള അഗ്നി അവളിലുണ്ടെന്ന് നൂറുൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തന്തൂരി ചായയെന്ന ആശയവുമായി നൂറുലും അനിലയും കൊച്ചിയിലെത്തുന്നത്.

ബിസിനസ് തകർന്ന് കഷ്ടസ്ഥിതിയിലായ തൃശ്ശൂർ സ്വദേശി നൂറുളിന് ചായ എന്നും ഭ്രാന്തായിരുന്നു. തന്തൂരി ചായക്കട എന്ന ആശയം യൂട്യുബിൽ നിന്നാണ് കിട്ടിയത്. ആകെ മിച്ചമുണ്ടായിരുന്ന നീക്കിയിരുപ്പിൽ നിന്നും എടുത്തും കടം വാങ്ങിയുമാണ് മൂന്നാഴ്ച മുൻപ് റോഡരികിൽ അവർ മുളയിൽ തീർത്ത ചായക്കടയുണ്ടാക്കിയത്. എട്ടുതരം മസാലകളിട്ട് തയ്യാറാക്കുന്ന തന്തൂരി ചായ മൺകോപ്പകളിലാണ് നൽകുന്നത്. ഒന്നിന് 30 രൂപ. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം മൺകോപ്പകളിൽ ചെടികൾ നട്ട് അവ 10 രൂപയ്ക്ക് വിൽക്കുന്നുണ്ട്.

ഇപ്പോൾ നല്ല തിരക്കാണിവർക്ക്. ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 11 വരെയാണ് സമയം. ഇടിയിറച്ചി സ്നാക്സായി കൊടുക്കുന്നതും ആലോചിക്കുന്നുണ്ട്. 'റോഡരികിലെ തട്ടുകട എപ്പോൾ വേണമെങ്കിലും ഒഴിയേണ്ടിവരും. താമസിക്കാനും സുരക്ഷിതമായൊരിടം വേണം. ഒരു കടമുറി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്' - അനില പറയുന്നു. എന്നിരുന്നാലും ജീവിത പ്രതിസന്ധികളിൽ നിന്നും ചിറകടിച്ചുയരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് അനുലയെന്ന മനക്കരുത്തിന്റെ മാലാഖ.