തിരുവനന്തപുരം: സോഫ്റ്റ് വെയർ എഞ്ചിനീയർ ചതിയിൽ വീഴ്‌ത്തിയ പെൺകുട്ടികളെ നഗ്‌ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത് സെക്കൻഡ് ലൈൻ എന്ന ആപ്ലിക്കേഷൻ വഴി എടുത്ത വ്യാജ വാട്ട്‌സ് ആപ്പ് നമ്പർ വഴിയായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭ്യമാകുന്ന ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ നമ്പരുകൾ കരസ്ഥമാക്കും. ഇതുപയോഗിച്ചാണ് വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കുന്നത്. കൂടാതെ വ്യാജ മെയിൽ ഐഡിയും നിർമ്മിച്ച് ഇമെയിൽ അയച്ചും ബ്ലാക്ക്മെയിൽ ചെയ്തിരുന്നു. ഐ.പി അഡ്രസ്സ് കണ്ടെത്താതിരിക്കാനായി വി.പി.എൻ സൗകര്യവും ഉപയോഗപ്പെടുത്തി. എന്നാൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് ഡി.വൈ.എസ്‌പി ഇക്‌ബാലിന്റെ അന്വേഷണ മികവിൽ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു, എല്ലാ തെളിവുകളോടും കൂടി.

ഇന്ന് രാവിലെയാണ് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുകയും അവരുടെ നഗ്‌ന ചിത്രങ്ങൾകാട്ടി ഭീഷണിപെടുത്തി പണം തട്ടുന്ന വിരുതനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സാനിഫിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ടി വിദഗ്ദ്ധനും മൊബൈൽ ഫോൺ വിദഗ്ദ്ധനുമാണ് ഇയാൾ. കൂടുതലായും മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്താണ് പലരുടെയും നഗ്‌ന ചിത്രങ്ങൾ ഇയാൾ സ്വന്തമാക്കിയിരുന്നത്. ആരുടെയെങ്കിലും മൊബൈൽ ഫോൺ കയ്യിൽ കിട്ടിയാൽ നിമിഷങ്ങൾക്കകം അതിൽ ഹിഡൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ സ്വന്തം മൊബൈലിലും ലാപ്ടോപ്പിലും കാണാനും ഡൗൺലോഡ് ചെയ്യാനും ഉള്ള സംവിധാനം ഒരുക്കും. പലരെയും വലയിലാക്കിയത് ഇത്തരത്തിലാണ്.

കംപ്യൂട്ടർ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാൾ അതേ സ്ഥാപനം അടുത്തിടെ സ്വന്തമാക്കുകയായിരുന്നു. ഇയാൾ പൊലീസുകാർക്ക് കംപ്യൂട്ടർ ക്ലാസ്സുകൾ എടുത്തിരുന്നതായുമുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. കംപ്യൂട്ടർ പഠിക്കാനായെത്തിയ ഒരു ബാങ്കുദ്യോഗസ്ഥയെ വശത്താക്കി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിദേശത്തായിരുന്ന പ്രതി ഇന്റർനെറ്റിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ മറ്റൊരു വ്യക്തി ഹാക്ക് ചെയ്ത് എടുത്തുവെന്നു പറഞ്ഞു പെൺകുട്ടിയെ സമീപിച്ചു. ആ വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നു പെൺകുട്ടിയെ ധരിപ്പിച്ചു. തുടർന്ന് വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടേയും വാട്‌സാപ്പ് നമ്പരിലേക്കു ഭീഷണി സന്ദേശങ്ങളും കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും അയച്ചുകൊടുത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണതട്ടിപ്പിനായി ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പൊക്കിയത്.

പെൺകുട്ടി ആദ്യം ഐജിക്കാണ് പരാതി നൽകിയത്. അത് പിന്നീട് സൈബർ ക്രൈം ഡി.വൈ.എസ്‌പിക്ക് കൈമാറുകയായിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാനിഫിനെ കേന്ദീകരിച്ചു തന്നെയാണ് അന്വേഷണം ആരംഭിച്ചത്. വരുന്ന മെസ്സേജുകളുടെയും മെയിലിന്റെയും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇവയൊക്കെ വ്യാജ ഐ.പി യിൽ നിന്നുമാണ് വരുന്നതെന്ന് കണ്ടെത്തി. എല്ലാ മെയിലുകളും വന്നിരുന്നത് വി.പി.എൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത ഐ.പി അഡ്രസ്സുകൾ വഴിയാണ്. ഇതിലൂടെ തന്നെയാണ് ആപ്ലിക്കേഷനുകളും ഫോണിലേക്ക് ഡൗൺലോഡ് ചെയ്തിരുന്നത്. ഇതോടെ ഇയാളുടെ മൊബൈൽഫോൺ വഴിയും ലാപ്ടോപ്പ് വഴിയും ബ്രൗസ് ചെയ്യുന്ന വെബ്സൈറ്റുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെയാണ് ഒടുവിൽ യഥാർത്ഥ ഐ.പി അഡ്രസ്സ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണം ആരംഭിച്ചു എന്നറിഞ്ഞതോടെ ഇയാൾ പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷന് മുന്നിലെ ബാങ്കിൽ ഇയാൾ കയറിയപ്പോൾ ഉടൻ തന്നെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളുെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെടുത്തു. അവയിൽ നിന്നെല്ലാം നിരവധി നഗ്‌ന ചിത്രങ്ങൾ കണ്ടെടുത്തു. കൂടാതെ ബ്ലാക്കമെയിലിങ്ങിനുപയോഗിച്ച ആപ്ലിക്കേഷനുകളുടെ വിവരങ്ങളും കിട്ടി. ഒരു യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇയാളുടെ വലയിൽ നിരവധിപേർ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നാണ് ഡി.വൈ.എസ്‌പി ഇക്‌ബാൽ മറുനാടൻ മലയാളിയോട് പറഞ്ഞത്.

നിരവധി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവ്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന ഇയാൾ നഗ്‌നചിത്രങ്ങൾ കാട്ടിയാണ് ഇവരിൽ നിന്നും പണവും സ്വർണവും തട്ടിയിരുന്നത്. വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെൺകുട്ടികളെ വലയിലാക്കിയത്. പെൺകുട്ടികളെ ആകർഷിക്കുന്ന വിധത്തിലുള്ള പെരുമാറ്റമുള്ള യുവാവ് കമ്പ്യൂട്ടർ അദ്ധ്യാപകനെന്ന ജോലി കൂടി നോക്കിയിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു ഇയാൾ. ഇയാളുടെ പഞ്ചാരവാക്കുകളിലും മറ്റും വീണവരാണ് വെട്ടിലായത്.

ഇയാളുടെ അടുത്ത് പഠിക്കാനെത്തുന്ന സാമ്പത്തികമായി ഉയർന്ന പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ പ്രണയം നടിച്ച് പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിച്ചായിരുന്നു പീഡനമെന്നാണ് അറിയുന്നത്. ഇതിനിടയിൽ പെൺകുട്ടികൾ പോലും അറിയാതെ സ്വകാര്യരംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഇന്റർനെറ്റ് ഓൺലൈനിൽ സൂക്ഷിച്ചശേഷം പെൺകുട്ടികളുമായി വഴക്കിട്ടു പിരിയുകയുമാണ് പതിവ്. പിന്നീട് പെൺകുട്ടികൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ നഗ്‌നചിത്രങ്ങളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു രീതി.