- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'ഡിഐജിക്ക് വെളുത്ത വനിതാ എസ്ഐയെ വേണം'; പൊലീസിനകത്തെ ചൂഷണങ്ങൾ തുറന്നടിച്ച ധീര; പൊരുതിക്കയറി കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായി; സന്തോഷ് മാധവൻ മുതൽ മോൺസൻ കേസിൽവരെ പഴി; ദിലീപിനെ ന്യായീകരിച്ച് എയറിൽ; കാക്കിക്കുള്ളിലെ എഴുത്തുകാരി ഇപ്പോൾ വില്ലത്തി! ശ്രീലേഖ ഐപിഎസിന്റെ കഥ
കിരൺബേദിയെപ്പോലെ ആവണം എന്നായിരുന്നു ആ പെൺകുട്ടിയുടെ സ്വപ്നം. അതിനായി അവൾ കഠിനമായി പ്രയത്നിച്ചു. യാതൊരു ഗോഡ് ഫാദർമാരും ഇല്ലാതെ, പുരുഷ കേസരികളുടെ കുത്തകയായ ഇന്ത്യൻ പൊലീസ് സർവീസിലേക്ക് നടന്നു കയറി. വെറും 26ാം വയസ്സിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന നിലയിൽ ക്രമസമാധാനപാലനം തുടങ്ങി. മറ്റാർക്കുമില്ലാത്ത ഒരു ടൈറ്റിൽ കൂടി അവർക്കുണ്ട്. അവർ ഒരു എഴുത്തുകാരി കൂടിയാണ്. ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവാണ്. അതാണ് ആർ ആർ ശ്രീലേഖ ഐപിഎസ്. മുൻ ഗതാഗത കമ്മീഷണറും ജയിൽ ഡിജിപിയുമായ ഇവരുടെ തൊപ്പിയിൽ തന്നെയാണ്, സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത എന്ന തൂവലും ഇരിക്കുന്നത്.
ഒരു ഇടത്തരം കുടുംബത്തിൽനിന്ന് പൊരുതിക്കയറിവന്ന ഒരു സ്ത്രീയെന്ന നിലയിൽ ഏറെപേർക്ക് പ്രചോദനം ആവേണ്ടതാണ് അവരുടെ ജീവിതം. പക്ഷേ രണ്ടുദിവസമായി സോഷ്യൽ മീഡിയ നോക്കിയാൽ അറിയാം, ഇവർ പൂർണ്ണമായും എയറിലാണ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഇവർ അനുകൂലിച്ചുവെന്നതിന്റെ പേരിൽ ജനരോഷം പൊട്ടി ഒഴുകുകയാണ്. വെറുതെ അനുകൂലിക്കയല്ല, ദിലീപും പൾസർസുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നത് അടക്കമുള്ള അതിഗുരതരമായ ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. റിട്ടയേഡ് ലൈഫ് ആസ്വദിക്കാനെന്നോണം തുടങ്ങിയ തന്റെ തന്റെ യുട്യൂബ് ചാനലിലൂടെയാണ്, 61കാരിയായ ഈ കാക്കിക്കുള്ളിലെ എഴുത്തുകാരി ഇക്കാര്യങ്ങൾ പറഞ്ഞത്. നേരത്തെ ആലുവ സബ് ജയിലിൽവെച്ച് ദിലീപിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയെന്നതിന്റെ പേരിലും ശ്രീലേഖ വിവാദത്തിൽ ആയിരുന്നു.
പക്ഷേ ശ്രീലേഖ പറയുന്നത് പച്ച നുണയാണെന്ന് ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫർ തന്നെ വെളിപ്പെടുത്തിയിരിക്കയാണ്. ഇതോടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ശ്രീലേഖക്കെതിരെ കേസ് എടുക്കണം എന്നായി അവശ്യം. ഇതിനുശേഷമാണ് ദിലീപും ശ്രീലേഖയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്താവുന്നത്. തന്റെ യ്യട്യുബ് ചാനൽ കാണാൻ അവർ നടനെ ക്ഷണിക്കുന്നുണ്ട്. ഇതിൽനിന്നൊക്കെ അവർ തമ്മിലുള്ള ദീർഘകാല സൗഹൃദം പ്രകടമാണ്. ഇതോടെ ഫെമിനിസ്റ്റുകളും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകളുമൊക്കെ ശ്രീലേഖക്കെതിരെ തിരിഞ്ഞു. അവർ മുമ്പ് ചെയ്ത കാര്യങ്ങൾ നിരത്തിക്കൊണ്ട് പലരും രംഗത്ത് എത്തി. ഇതോടെ ശ്രീലേഖയുടെ മറ്റൊരു മുഖമാണ് ജനങ്ങൾക്ക് മുമ്പിൽ വെളിപ്പെട്ടത്. എഴുത്തുകാരി എന്ന പേര് ഉപയോഗിച്ചും, ഐപിഎസിന്റെ അധികാരം ഉപയോഗിച്ചും നിരവധിപേരെ വേട്ടയാടിയ വ്യകതിയാണ് ശ്രീലേഖയെന്നാണ് മനുഷ്യാവകാശ പ്രവർത്തകൻ ജോ മോൻ പുത്തൻ പുരക്കൽ മുതൽ വനിതാ ആ്റ്റീവിസ്റ്റ് ബിന്ദു അമ്മിണി വരയെുള്ളവർ ആരോപിക്കുന്നത്.
ഇടത്തരം കുടുംബത്തിൽനിന്ന് ഉന്നതങ്ങളിലേക്ക്
സാധാണ ഐഎഎസ് -ഐപിഎസ് കുടംബങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി സാധാരണ കുടുംബത്തിൽനിന്നാണ് ശ്രീലേഖ ഐപിഎസിലേക്ക് എത്തുന്നത്. പ്രഫ. എൻ. വേലായുധന്റെയും രാധമ്മയുടെയും നാലു മക്കളിൽ മൂന്നാമതാണ് ശ്രീലേഖ, 1961 ൽ തിരുവനന്തപുരത്താണ് ജനിക്കുന്നത്. പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചു. ഇതിനുശേഷം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം. പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്.
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിന്നും സ്‌കൂൾ പഠനം പൂർത്തിയാക്കി. സ്‌കൂൾ കാലയളവിൽ തന്നെ പാട്ട്, നാടകം, എൻസിസി, എൻഎസ്എസ് എന്നിവയിലും സജീവമായി. ഏഴാം വയസു മുതൽ കവിതകൾ എഴുതുമായിരുന്നു. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവും, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
അക്കാലത്ത് ജോലി തേടി നടന്ന അനുഭവങ്ങൾ പിന്നീട് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നുണ്ട്. അതിൽ ഒന്ന്, എൻഎസ്എസ് കോളജിൽ അദ്ധ്യാപക ജോലിക്ക് റാങ്ക് ലിസ്റ്റിൽ ഒന്നാമതായിട്ടും, അതേ സമുദായക്കാരിയായിട്ടും കോഴ ചോദിച്ചു എന്നതാണ്. കോഴക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അപ്പോയിന്മെന്റ് ലെറ്റർ കിട്ടി. പക്ഷേ കോഴത്തുക ശമ്പളത്തിൽനിന്ന് പിടിക്കുമെന്നായി. മാത്രമല്ല മാനേജ്മെന്റുമായി ഉടക്കാൻ പോയാൽ അവളരെ വിദൂരമായ എവിടേക്കെങ്കിലും സ്ഥലമാറ്റുകയാണ് പതിവെന്നും, ഇത് നിങ്ങളെ പീഡിപ്പിക്കാനാണ് നിയമനം നൽകുന്നതെന്നും ചിലർ പറഞ്ഞു. അതോടെ ശ്രീലേഖ ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു. പക്ഷേ പിന്നീട് ഐപിഎഎസ് എടുത്തപ്പോൾ വർഷങ്ങൾക്കുശേഷം അതേ കോളജിൽനിന്ന് ആന്വൽ ഡേക്ക് ഗസ്റ്റായി വരാനുള്ള ക്ഷണം കിട്ടി. അവിടെ ഈ അനുഭവം അവർ തുറന്ന് പറയുകയും ചെയ്തിരുന്നു.
പിന്നീട് വിദ്യാധിരാജ കോളജിൽ അദ്ധ്യാപികയായി പ്രവേശിച്ചു. ഇവിടെനിന്ന് രാജി വച്ച ശേഷം റിസർവ് ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 26ാമത്തെ വയസിൽ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായി. ഐഎഎസ് പ്രതീക്ഷിച്ച് പരീക്ഷയെഴുതി. പക്ഷേ, ശ്രീലേഖയ്ക്ക് കിട്ടിയത് ഐപിഎസായിരുന്നു.
മാസമറുപോലും തെറ്റിക്കുന്ന പരിശീലനം
വനിതകളുടെ ശാരീരിക ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള അതികഠിനമായ ഐപിഎസ് ട്രയിനിങ്ങാണ് ഉണ്ടായിരുന്നത്. ഇത് തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ശ്രീലേഖ പിന്നീട് പറഞ്ഞിരുന്നു. ''വനിതാപൊലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്കുട്ടികൾ മാത്രമേ ഉണ്ടാവൂ എന്നാണ് ഞങ്ങൾ പറയുക. രണ്ടുകുട്ടികൾ ഉള്ളവർ ട്രെയിനിങ്ങ് ഉഴപ്പിയെന്നാണ് പറയും. മാസമുറ വന്നാലും അത് പരിഗണിക്കാതെ കഠിനമായ ട്രയിനിങ്ങാണ് ഉണ്ടാവുന്നത്. ഇതുമൂലം ആന്തരികാവയവങ്ങളിൽ പ്രശ്നം ഉണ്ടാവുന്നതുകൊണ്ടാണ് പലർക്കും കുട്ടികൾ ഉണ്ടാവാത്തത്. എനിക്ക് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ആദ്യത്തെ കുട്ടിയുണ്ടായത്. പിന്നീട് ഒരു മകൾക്കുവേണ്ടി ഞങ്ങൾ ഏറെ ചികിത്സ തേടി. പക്ഷേ ഫലമുണ്ടായില്ല''- ശ്രീലേഖ പറയുന്നു.
പക്ഷേ ട്രെയിനിങ്ങിൽ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി യാതൊരു പരിഗണയും വാങ്ങരുതെന്ന് കിരൺ ബേദി നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നു. കാരണം അങ്ങനെ ആണെങ്കിൽ പിന്നെ അത് ഒരു ബ്ലാക്ക് മാർക്കായി കാലാകാലം നിലനിൽക്കും. ഞങ്ങൾ ഈ പരിശീലനകാലത്ത് ഒരു പരിഗണനയും ആവശ്യപ്പെട്ടിട്ടുമില്ല. പല അപകടങ്ങളും പറ്റിയിട്ടുണ്ട്. മുങ്ങിച്ചാവാനൊക്കെ പോയിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ പിടിച്ചുനിന്നെന്നും, പുരുഷന്മാർ ചെയ്യുന്ന എല്ലാ ട്രെയിനിങ്ങും പൂർത്തിയാക്കിയെന്നും ശ്രീലേഖ പറയുന്നു
കുത്തിയോട്ടവും, 'റെയ്ഡ് ശ്രീലേഖ'യും
കേരള പൊലീസിൽ ആർ ശ്രീലേഖ ഐപിഎസിന് 'റെയ്ഡ് ശ്രീലേഖ' എന്നൊരു വിശേഷണമുണ്ട്. സിബിഐയിൽ കേരളത്തിന്റെ മുഴുവൻ ചുമതലയുള്ള എസ്‌പിയായി പ്രവർത്തിച്ചപ്പോഴാണ് ശ്രീലേഖയ്ക്ക് ഈ പേര് 'പതിഞ്ഞത്'. തുടർച്ചയായ റെയ്ഡുകൾ നടത്തി, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നതിനാണ് ഈ പേര് ശ്രീലേഖയ്ക്ക് വീണത്.
പുരുഷ ഓഫിസറെ 'സർ' എന്നു വിളിച്ച് ബഹുമാനിക്കുന്നവർ, വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അതിനു തക്ക മറുപടിയും കൊടുത്തിട്ടുണ്ട് ശ്രീലേഖ. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിച്ചും ശ്രീലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദമായി. ഇപ്പോൾ ജയിലിൽനിന്ന് കഞ്ചാവ് അടക്കം എന്തെല്ലാം പിടിക്കുന്നു, വനിതകൾ അടക്കം ജയിൽ ചാടുന്നു. തന്റെ കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീലേഖ ചൂണ്ടിക്കാട്ടിയത്.
പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ സ്വകാര്യ ബ്ലോഗിലെ ലേഖനവും ചർച്ചയായിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്നു ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.ജയിൽ മേധാവിയായിരിക്കെ ശ്രീലേഖ പുറപ്പെടുവിച്ച ചില സർക്കുലറുകൾ വിവാദമായിരുന്നു. കീഴുദ്യോഗസ്ഥർ അസമയത്തും മറ്റും നിസാരകാര്യങ്ങൾക്കായി ഔദ്യോഗിക മൊബൈൽ ഫോണിൽ വിളിക്കരുതെന്നും, ലംഘിച്ചാൽ വച്ചുപൊറുപ്പിക്കില്ലെന്നുള്ള ശ്രീലേഖയുടെ സർക്കുലറാണ് വിവാദമായത്.
പൊലീസിനകത്തെ ലൈംഗിക ചൂഷണങ്ങൾ
പൊലീസിനകത്തെ ലൈംഗിക ചൂഷണങ്ങൾ അവർ വെളിപ്പെടുത്തിയതും ഞെട്ടിക്കുന്നതായിരുന്നു. -'' ഡിഐജി പൊലീസ് ക്ലബിൽ വന്നിട്ടുണ്ട്. എന്നെ വിളിപ്പിക്കുന്നു. മാഡം ഒന്ന് എന്നെ രക്ഷിക്കണേ...'' ഒരു വനിതാ എസ്ഐ എന്നോട് വന്ന് കരഞ്ഞു പറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. കാരണം അവരുടെ തൊലി വെളുത്തതാണ്. മുൻപ് ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ട അനുഭവം അവർക്കുണ്ടായിട്ടുണ്ട്. അത് അവർ എന്നോട് തുറന്നു പറയുകയാണ്. എങ്ങനെ ഒരു പുരുഷമേധാവിയോട് അവർക്കിത് പറയാൻ കഴിയും? എന്നോടാകുമ്പോൾ അവർക്ക് ഇത് തുറന്നു പറയാമല്ലോ. ഉടനെ ഞാൻ അദ്ദേഹത്തെ വിളിച്ചു. സർ ഈ ലേഡിയെ വിളിപ്പിച്ചെന്നു അറിഞ്ഞു. അവർ ഇന്ന് എന്നോടൊപ്പമാണ്. ഇന്നു വരാൻ കഴിയില്ല. അപ്പോൾ ഇക്കാര്യം എനിക്കു മനസ്സിലായതായി അയാൾക്കു വ്യക്തമായി. ശല്യമുണ്ടായില്ല. ഇത്തരത്തിൽ വനിതാ ഉദ്യോഗസ്ഥരെ സഹായിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ ഓഫിസർ എന്ന നിലയിൽ ഞാൻ നടന്ന പാതയിലെ കല്ലും മുള്ളും എല്ലാം എന്റെ കാലിൽ തറച്ചിട്ടുണ്ട്. പിറകെ വരുന്ന വനിതാ ഓഫിസർമാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.''- ശ്രീലേഖ പറഞ്ഞു.' എന്റെ ഡിപ്പാർട്ട്മെന്റിലെ ആദ്യത്തെ പത്തുവർഷം കഠിനമായിരുന്നു.
പുരുഷ ഓഫിസറായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ലായിരുന്നു. ഞാനും അവരോടു ചേർന്നു പോകുമായിരുന്നു. ഒരു സത്രീയായതിനാലാണ് ഇതെല്ലാം നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ പലകാര്യങ്ങളും എനിക്ക് ദുസ്സഹമായിരുന്നു. ഈ പെണ്ണിനെ കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവർ ചിന്തിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.''- ശ്രീലേഖ പറഞ്ഞു. ഒരു ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിൽ തന്നെ നിരന്തരമായി ദ്രോഹിച്ചതും ഒടുവിൽ പീഡനം താങ്ങാൻ കഴിയാതെ സർവീസിൽനിന്ന് രാജിവെക്കാന തീരുമാനിച്ചതുവരെ അവർ ജോണിലൂക്കോസുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതും വലിയ വിവാദമായി. എന്നാൽ സർവീസിൽ ഇരിക്കേ ശ്രീലേഖ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നാണ്, മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് പറഞ്ഞത്.
ഫോറൻസിക് ലാബ് റിപ്പോർട്ടുകളിൽ തിരിമറി നടത്താൻ എളുപ്പമാണെന്ന് അവർ പറഞ്ഞതും വൻ വാർത്തയായി. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കീഴിലാണ്. കേന്ദ്ര ഫോറൻസിക് ലാബുകൾ സിബിഐയുടെ നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്.പല കേസുകളിലും അന്വേഷണ സംഘങ്ങൾ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ''ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് ഒരു പരിഹാരമുണ്ടാവുകയുള്ളു. പ്രശസ്തരായവർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങനെയാണ് കള്ളക്കേസുകൾ ഉണ്ടാകാൻ സാധിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. അത് അവർ നിർമ്മിച്ചെടുക്കുകയാണ്.പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്.''- ശ്രീലേഖ പറയുന്നു.
അതുപോലെ പൊലീസിനെ അടിമുടി നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും സംഘടനാ നേതാക്കളുമാണെന്ന് അവർ പറയുന്നു. വിധേയത്വമാണ് രാഷ്ട്രീയക്കാർക്ക് വേണ്ടത്.
ഒരു സിഎം പറയുകയാണ്. എനിക്ക് അറിയാം ഇയാൾ അഴിമതിക്കാരനാണെന്ന് പക്ഷേ പറയുന്നത് എല്ലാം അനുസരിക്കും. ഒരു കോൺഫറൽസിൽ സീനിയർ പൊലീസ് ഓഫീസർമാർ ഒക്കെയുള്ളപ്പോൾ പരസ്യമായാണ് പറയുന്നത്. ഞാൻ അഴിമതി കണ്ണടയ്ക്കും.'' അതുപോലെ സംഘടനാ നേതാക്കൾ ഡിജിപിയെപ്പോലും തെറിപറഞ്ഞ സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.
സന്തോഷ് മാധവൻ മുതൽ മോൺസൻ വരെ
തന്റെ സർവീസിന്റെ തുടക്കകാലം മുതൽക്കുതന്നെ അപവാദങ്ങളും കൂടെപ്പിറപ്പാണെന്നാണ് അവർ പറയുന്നത്.'' വളരെയധികം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വേറെ ആരെങ്കിലുമാണു ഞാൻ കല്യാണം കഴിച്ചിരുന്നതെങ്കിൽ ഇട്ടിട്ടു പോയേനെ. എന്റെ കുട്ടിക്കാല സുഹൃത്താണ് എന്നെ വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രമാണ് അതൊന്നും സ്വകാര്യ ജീവിതത്തെ ബാധിക്കാതെ ഇരുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം എന്നെ ഏറ്റവും കൂടുതൽ സമാധാനിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.''- ശ്രീലേഖ പറഞ്ഞു. പീഡിയാട്രിക് സർജൻ ഡോ.എസ്. സേതുനാഥാണ് അവരുടെ ഭർത്താവ്.
'സ്ത്രീയായ ഒരു പൊലീസ് ഓഫിസർ ഷൈൻ ചെയ്യണ്ട എന്നതു തന്നെയായിരുന്നു കാര്യം. എ എസ് പി ആയിരുന്നപ്പോൾ തുടങ്ങിയതാണ്. അസിസ്റ്റന്റ് കലക്ടറും ഞാനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഒരു പ്രമുഖ മാധ്യമത്തിൽ ഒന്നാം പേജ് വാർത്തയായി വന്നു. കുമരകത്ത് കാമകേളി എന്നെല്ലാം പറഞ്ഞ് പേരു വച്ച് എഴുതിയ പശ്ചാത്തലമുണ്ട്. അവിടുന്നിങ്ങോട്ട് എന്തെങ്കിലും ഒരു അവസരം കിട്ടിയാൽ നിരന്തരം കഥകളുണ്ടാക്കി.''
'' സന്തോഷ് മാധവൻ എന്ന വ്യക്തിയെ പൊലീസ് കേസിൽ അകപ്പെട്ട് പത്രത്തിലൂടെയായിരുന്നു ഞാൻ കണ്ടത്. ആദ്യമായി ഞാൻ അയാളെ കാണുന്നത് ക്രൈംബ്രാഞ്ചിൽ എന്നെ പോസ്റ്റ് ചെയ്തപ്പോഴാണ്. ആ കേസ് അന്ന് എന്റെ കീഴിൽ വന്നു. അയാൾ എപ്പോഴെങ്കിലും എന്റെ പേര് പറഞ്ഞിട്ടുണ്ടോ എന്ന് അറിയാൻ ആ ഫയൽ ഞാൻ എടുത്തു വച്ചു നോക്കി. പിന്നീട് ജയിലിൽ പോയി കണ്ടപ്പോൾ താൻ എന്നെ കണ്ടിട്ടുണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. ഇല്ല. ആരാ? എന്ന് അയാൾ എന്നോട് തിരിച്ചു ചോദിച്ചു. അപ്പോഴെങ്കിലും ജനങ്ങൾ ഇതെല്ലാം അറിയട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു. അയാളുടെ മുന്നിൽ പോയി നഗ്ന പൂജ നടത്തി. അരയിൽ എന്തോ ജപിച്ചു കെട്ടിച്ചു. അയാളുടെ ഡയറിയിൽ എന്റെ പേരുണ്ട് എന്നെല്ലാം വാർത്ത വന്നിരുന്നല്ലോ.''- ശ്രീലേഖ പറഞ്ഞു.
അതുപോലെ പുരവാസ്തു തട്ടിപ്പുവീരൻ മോണസൻ മാവുങ്കൽ കേസിലും ശ്രീലേഖ ആരോപിതയായി. അവർ മോണസനുമൊത്ത് ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. എന്നാൽ തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ശ്രീലേഖ പറഞ്ഞത്.
'' പൊലീസ് ഡിപ്പാർട്മെന്റ് ഒരു മസ്‌കുലിയൻ ഫോഴ്സാണ്. അതിന്റെ രീതി തന്നെ പുരുഷമേധാവിത്തമാണ്. ഞാൻ ആദ്യം വന്നപ്പോൾ അന്നത്തെ ഡിജിപി എന്നെ കുറിച്ചു പറഞ്ഞതെന്ന് പറയപ്പടുന്ന ഒരു കഥ കേട്ടിരുന്നു. എ വുണൺ പൊള്യൂട്ടഡ് അവർ ഡിപ്പാർട്ട്മെന്റ് എന്ന് ഒരു കോൺഫറൻസിൽ അദ്ദേഹം പറയുകയും എല്ലാവരും അതുകേട്ടു ചിരിക്കുകയും ചെയ്തെന്ന് ഞാൻ കേട്ടിരുന്നു. ഒരുപാട് തെറിവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്. ഫോണിലൂടെ പലരും രൂക്ഷമായ തെറിവാക്കുകൾ പറഞ്ഞിട്ടുണ്ട്. അത് പൊലീസ് ഓഫിസർമാർ തന്നെയാണെന്ന് എനിക്ക് അവരുടെ ശബ്ദത്തിൽ നിന്നും തിരിച്ചറിയാമായിരുന്നു. സിഎമ്മിന്റെ ഓഫിസിൽ നിന്നു വിളിക്കുന്നു എന്നു പറഞ്ഞ് ഫോണെടുത്ത് ചെവിയിൽ വച്ചാൽ കേൾക്കുന്നത് പുളിച്ച തെറിയായിരിക്കും. അത് കൂടെ ജോലിചെയ്യുന്നവരിൽ നിന്നാണുണ്ടായിട്ടുള്ളത്. തെറിവിളിക്കുക എന്നത് പൊലീസിന്റെ ഒരു അവകാശം പോലെയായിരുന്നു അവർ കണ്ടിരുന്നത്. ഞങ്ങൾ വിളിക്കും. നീ ആരെടി ചോദിക്കാൻ എന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്.''- ശ്രീലേഖ ചൂണ്ടിക്കട്ടി.
ഭർത്താവിനെ കൊല്ലാൻ നീക്കം
'' പത്തനംതിട്ട എസ് പിയായിരുന്നപ്പോൾ 1997ൽ ഉണ്ടായ മാസപ്പടി സംഭവത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നു യാതൊരു പിന്തുണയും എനിക്കുണ്ടായില്ല. ഒരു സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ടായിരുന്നു അത്. ഒരു ഡിവൈഎസ് പി അടക്കം 11 ഉദ്യോഗസ്ഥർ അബ്കാരിമാരിൽ നിന്നു മാസപ്പടി കൈപ്പറ്റിയതായിരുന്നു ആ സംഭവം. ഇവരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് ഞാൻ എഴുതിക്കൊടുത്തിട്ടും മൂന്നുമാസത്തേക്ക് അവർക്കെതിരെ നടപടിയെടുക്കാതിരുന്നത് എനിക്ക് വലിയ വെപ്രാളമുണ്ടാക്കിയിരുന്നു. കാരണം സർക്കാർ നൽകുന്ന ശമ്പളത്തിനു പുറമെ ഈ അബ്കാരികളിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്റെ കൂടെ ജോലി ചെയ്യുകയാണ് ഇവർ. എനിക്ക് ഇത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? അന്നാണ് ഞാൻ മാധ്യമത്തിന്റെ ശക്തി മനസ്സിലാക്കിയത്. അന്ന് ഞാനും കലക്ടർ ഇന്ദ്രജിത്ത് സിങ്ങും കൂടി ഒരു മാധ്യമ സുഹൃത്തിന്റെ അടുത്തുപോയി ഇങ്ങനെ ഒരു റിപ്പോർട്ട് എഴുതി സർക്കാരിൽ നൽകിയിട്ടും ഇതുവരെ നടപടി എടുത്തില്ലെന്നു പറഞ്ഞു. അങ്ങനെ പത്രത്തിൽ റിപ്പോർട്ട് വന്ന ശേഷമാണ് ഇവരെ സസ്പെന്റ് ചെയ്തത്.''
'' എന്നാൽ ഈ സംഭവത്തിനു ശേഷമായിരുന്നു വലിയ ഭീഷണികൾ എനിക്കു നേരിടേണ്ടി വന്നത്. എന്റെ മകനെ തട്ടിക്കൊണ്ടു പോകാനും ഭർത്താവിനെ കൊല്ലാനുമുള്ള ശ്രമങ്ങൾ നടന്നു. എന്റെ നേരെ പൊലീസ് തോക്കു ചൂണ്ടിയ സംഭവമുണ്ടായി. അങ്ങനെ വലിയ മാനസിക സമ്മർദങ്ങൾ അന്നുണ്ടായിരുന്നു. എനിക്ക് നേരെ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടാകാമായിരുന്നു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള അബ്കാരിയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു എതിർഭാഗത്തുണ്ടായിരുന്നത്. അന്നത്തെ ഡിജിപി പോലും എനിക്കൊപ്പം നിന്നില്ല. ഈ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിനു പകരം എനിക്ക് ആളുകളെ തരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ ആരുടെ കുഴപ്പം കൊണ്ടാണ് അവരെ സസ്പന്റ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അനുഭവിച്ചോ എന്നുമായിരുന്നു അദ്ദേഹം എനിക്കു നൽകിയ മറുപടി. അങ്ങനെ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് സിബിഐ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഞാൻ വളരെ സന്തോഷത്തോടെ അവരോടൊപ്പം പോയി''- ഇങ്ങനെയാണ് ശ്രീലേഖ ആ സംഭവം വിവരിക്കുന്നത്.
'അവർ നുണച്ചി, ഒന്നാന്തരം അഴിമതിക്കാരി'
പക്ഷേ ഇതെല്ലാം അവരുടെ സെൽഫ് ബൂസ്ററിങ്ങ് മാത്രമാണെന്നും ഒന്നാന്തരം അഴിമതിക്കാരിയാണ് ശ്രീലേഖയെന്നുമാണ് ഇപ്പോൾ ഉയർന്നുവരുന്ന വെളിപ്പെടുത്തലുകൾ.
1996ൽ തനിക്കെതിരേ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് ശ്രീലേഖ ഐ.പി.എസ്. എന്നും ആ കേസിൽ തന്നെ കോടതി കുറ്റവിമുക്തയാക്കിയിട്ടും പിന്നീടും കേസിനെക്കുറിച്ച് മാധ്യമങ്ങളിൽ കള്ളക്കഥയെഴുതി എന്ന വെളിപ്പെടുത്തലുമായി അഭിഭാഷകയും സ്ത്രീ പ്രവർത്തകയും ആക്ടിവിസ്റ്റുമായ പി.വി. വിജയമ്മ രംഗത്ത് വന്നിരുന്നു.
സംഭവം അവർ വിവരിക്കുന്നത് ഇങ്ങനെ- '' 14 വയസ്സുള്ള പെൺകുട്ടി ദുരൂഹസാഹച്യത്തിൽ വീട്ടിലെ കിണറ്റിൽ മരിച്ചു കിടക്കുന്നെന്ന വാർത്ത പത്രത്തിലൂടെ അറിഞ്ഞു. കേസന്വേഷണത്തിൽ അച്ഛനും അമ്മയ്ക്കും തൃപ്തിയില്ലെന്നും വാർത്തയിൽ പറയുന്നുണ്ട്. അന്ന് സ്ത്രീകൾക്കനുകൂലമായി വാരികയിലും മറ്റും എഴുതുന്നതിന്റെ അടിസ്ഥാനത്തിൽ, എസ്‌പി. ആയ ശ്രീലേഖയെ ഈ വിഷയം ധരിപ്പിക്കാമെന്ന് തീരുമാനിച്ചു. അതിനിടെയാണ് തലയ്ക്ക് പരിക്കേറ്റ അവസ്ഥയിൽ ബിന്ദു( ബിന്ദു അമ്മിണി) എന്ന മറ്റൊരു പെൺകുട്ടിയെ വൈ.ഡബ്ല്യു.സി. ഹോസ്റ്റൽ വരാന്തയിൽ കാണുന്നത്. തലയ്ക്ക് അടിച്ച് പരിക്കേൽപിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതി ബിന്ദുവും പങ്കുവെച്ചു.തുടർന്ന് പെൺകുട്ടി കിണറ്റിൽ മരിച്ച വിഷയത്തിൽ ഇടപെടാനായി സംഘടിപ്പിച്ച സ്ത്രീകളുടെ മീറ്റിങ്ങിലേക്ക് ബിന്ദുവിനെയും ക്ഷണിച്ചു. തുടർന്ന് ഞാനും അഭിഭാഷക ഷീബയും ബിന്ദു അമ്മിണിയും കൂടി ശ്രീലേഖയെ പോയി കാണാൻ തീരുമാനിച്ചു.
ബിന്ദുവിന്റെ കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് അവർ അറിയിച്ചു. ശേഷം കിണറ്റിൽ വീണ് മരിച്ച കുട്ടിയുടെ വിഷയം ഞങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വളരെ മോശമായ സദാചാര പ്രസംഗമാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടായത്. ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ എന്നും എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നതെന്നുമുള്ള ചോദ്യമായിരുന്നു ശ്രീലേഖ ചോദിച്ചത്. കുട്ടിയുടെ അമ്മ മോശം സ്ത്രീയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലല്ല വേറെ പരിപാടിക്കാണ് പോയതെന്നും അമ്മയും മോളും ശരിയല്ലെന്നും ഒരടിസ്ഥാനവുമില്ലാതെ ശ്രീലേഖ പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് തെറ്റായിരുന്നു. 'മോശം ജീവിതരീതി നാട്ടുകാരറിഞ്ഞപ്പോൾ കിണറ്റിൽ ചാടി ചത്തു. ആ കേസിനാണോ നിങ്ങൾ ശുപാർശയുമായി വന്നത്' എന്നായി ശ്രീലേഖയുടെ ചോദ്യം. കുട്ടി 9 വയസ്സു മുതൽ സെക്ഷ്വൽ ഇന്റർകോസ് നടത്തുന്നുണ്ട് എന്ന വിവരം നിങ്ങൾക്കെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ മറുപടി എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്റെ കയ്യിലുണ്ടായിരുന്നു. 9 വയസ്സു മുതൽ കുട്ടി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ എവിടെയും പറയുന്നില്ലെന്നും എന്തിസ്ഥാനത്തിലാണ് കുട്ടിക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഞാൻ ചോദിച്ചു. അവർക്കത് നാണക്കേടായി. വലിയ വാഗ്വാദം ഉണ്ടായി. തുടർന്നാണ് അവർ ഞങ്ങളെ മൂന്ന് പേരെയും കള്ളക്കേസിൽ കുടുക്കുന്നത്. കളക്ടറേറ്റിൽ നിന്നു ഫോൺ വന്നപ്പോൾ ഞാൻ ഫോൺ എടുക്കാൻ സമ്മതിക്കാതെ തള്ളിമറ്റിയെന്ന ആരോപണം വരെ ഇവർ ഉന്നയിച്ചു.
ദേഹത്ത് തൊട്ടിട്ടിട്ടു പോലുമില്ല. അവർ കള്ളിയാണ്. നാക്കെടുത്താൽ നുണ മാത്രമേ അവർ പറയൂ. അന്ന് വാഗ്വാദം ഉണ്ടായപ്പോൾ 'നിങ്ങൾ സ്ത്രീ വിരുദ്ധ യാണെന്നും പ്രവൃത്തിയും വാക്കുകളും രണ്ടാണെന്നും മാധ്യമങ്ങളിൽ എഴുതി മറിക്കുന്ന പോലല്ല നിങ്ങൾ യഥാർഥത്തിലെന്നും' ഞാൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞു. ഇതിൽ ക്ഷുഭിതയായ ഇവർ ഞങ്ങൾ നക്‌സലുകളാണെന്നും സംഘടിതമായി ആക്രമിക്കാനാണ് ചെന്നതെന്നും പറഞ്ഞ് ഞങ്ങൾക്കെതിരേ കേസെടുത്തു. എനിക്കെതിരേ ഒരുപാട് വകുപ്പിട്ടായിരുന്നു കേസെടുത്തത്. ജാമ്യം തരാതിരിക്കാനും ശ്രമിച്ചു. ഒടുവിൽ അഭിഭാഷകരെത്തി പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിഷേധിച്ച് വലിയ സമ്മർദ്ദത്തിലായി അവർ. ഒടുവിൽ ജാമ്യമെടുത്ത് ഞങ്ങൾ പുറത്തിറങ്ങി. സ്ത്രീകളോട് യാതൊരു കാരുണ്യവുമില്ലാത്ത സ്ത്രീയാണിവർ എന്നാണെന്റെ അനുഭവം.''- ഇങ്ങനെയാണ് വിജയമ്മ ആ സംഭവം പറയുന്നത്.
സി രാധാകൃഷണനെ രാജിവെപ്പിച്ചു
മുൻ ഡിജിപി ആർ ശ്രീലേഖ കള്ളക്കഥകൾ മെനയാൻ വിദഗ്ധയാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലും പറയുന്നു. എഎസ്‌പി ആയിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാൻ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോൻ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. ''സർവ്വീസിൽ ഇരിക്കെ ഒരുകേസിലും അന്വേഷണിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖയ്ക്കില്ല. ഇത്തരം തോന്ന്യവാസങ്ങൾ പറയാനാണ് അവർ മെനക്കെടുന്നത്. ചാനലിലും പത്രത്തിലുമെല്ലാം വീരവാദം മുഴക്കും. പ്രശസ്തി ലഭിക്കാൻ എന്തും പറയുന്ന ആളാണ് അവർ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കള്ളക്കഥകൾ മെനയാൻ ശ്രീലേഖ വിദഗ്ധയാണെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടരിക്കുക്കയാണ്'- പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജോമോൻ വ്യക്തമാക്കി.
അതുപോലെ കാക്കിക്കുള്ളിലെ എഴുത്തുകാരി എന്ന ഇമേജ് ഉപയോഗപ്പെടുത്തി പത്രാധിപന്മാരെപോലും ശ്രീലേഖ സ്വാധീനിക്കാൻ ശ്രമിച്ച അനുഭവമാണ് മാധ്യമം ദിനപ്പത്രത്തിന്റെ മുൻ ഡെപ്യൂട്ടി എഡിറ്റർ കെ ബാബുരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്്. ''
മാധ്യമം ദിനപത്രം ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് സി രാധാകൃഷ്ണൻ രാജിവയ്ക്കാൻ കാരണം ആർ ശ്രീലേഖയാണ്. വിസ കാലാവധി കഴിഞ്ഞ വിദേശ പൗരനെ എമിഗ്രേഷനിൽ തടഞ്ഞപ്പോൾ അയാൾക്കു വേണ്ടി ശ്രീലേഖ ഇടപെട്ടു.
'ആദ്യ വാർത്ത വന്നപ്പോൾ ചീഫ് എഡിറ്റർ രാധാകൃഷ്ണൻ സാറിനെ ശ്രീലേഖ വിളിച്ചു. ഫോളോ അപ് വരാതെ നോക്കാം എന്നദ്ദേഹം ഉറപ്പു കൊടുത്തു. പിറ്റേന്നും വാർത്ത വന്നു. അന്നു ശ്രീലേഖ വിളിച്ചപ്പോൾ ഇനി മാധ്യമത്തിൽ വാർത്ത വന്നാൽ ചീഫ് എഡിറ്റർ സ്ഥാനത്തു താൻ ഉണ്ടാകില്ലെന്നു രാധാകൃഷ്ണൻ സാർ അവരോട് പറഞ്ഞു. എഡിറ്റർ ഒ അബ്ദുറഹ്മാൻ സാഹിബിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. കോഴിക്കോട് ന്യൂസ് എഡിറ്ററായ ഞാനോ കൊച്ചി ഡെസ്‌കിലോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. എഡിറ്റർ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല. തുടർന്നും വാർത്ത വന്നു. വാർത്ത ശരിയുമായിരുന്നു. പക്ഷേ ശ്രീലേഖക്ക് കൊടുത്ത വാക്ക് പാലിക്കാൻ സി രാധാകൃഷ്ണൻ രാജിവെച്ച് പോവുകയാണ് ഉണ്ടായത്.''- ബാബുരാജ് തന്റെ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ഒരുഭാഗത്ത് അഴിമതിക്കെതിരെ പോരാടുന്നുവെന്ന് ഇമേജ് സൃഷ്ടിക്കുമ്പോഴും മറുഭാഗത്ത്, ബാലിശമായ മുൻവിധിയിലൂടെയും കടുത്ത സ്വജന പക്ഷ പാതിത്വത്തിലുടെയുമാണ് ശ്രീലേഖയുടെ ഔദ്യോഗിക ജീവിതം കടന്നുപോയത് എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ഒരു ഗ്ലോറിഫൈഡ് മാനുപുലേറ്റർ എന്നതിന് അപ്പുറം അവരെ കാണാൻ കഴിയില്ലെന്നും, സമാനകൾ ഇല്ലാത്ത ബലാത്സഗത്തിന് ക്വട്ടേഷൻ നൽകിയ ദിലീപിനെ അവർ ന്യായീകരിക്കുന്നതിൽ അത്ഭുദമില്ലെന്നുമാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
വാൽക്കഷ്ണം: മുൻ ഡിജിപി എന്ന് പറയുന്നത് പലപ്പോഴും ഒരു സാമൂഹിക ശല്യമാവുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന വിമർശനം. ഡോ അലക്സാണ്ടർ ജേക്കബിന്റെ അശാസ്ത്രീയതയും തള്ളുകളും, ടി പി സെൻകുമാറിന്റെ വർഗീയതയും അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ അതിലേക്ക് ഒരാൾ കൂടി!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ