തിരുവനന്തപുരം: തിരുവനന്തപുരത്തുകാർക്ക് കഴിഞ്ഞ നാൽപ്പത് വർഷമായി സുഗതൻ സ്വാമിയെ അറിയാം. വിശക്കുന്ന ആർക്കും എപ്പോഴും ഇവിടെ തിരുവനന്തപുരം വഴയിലയിലെ സ്വാമിയുടെ വീട്ടുമുറ്റത്തെത്താം. വിഭവങ്ങൾ അധികമില്ലെങ്കിലും ചൂടാറാത്ത കഞ്ഞിയും കറിയുമായി സ്വാമി നിങ്ങളെ സ്വാഗതം ചെയ്യും. വിശക്കുവനു ഭക്ഷണവും ദാഹിച്ചു വലഞ്ഞെത്തുവർക്കു ദാഹജലവും നൽകികൊണ്ട് പൊതുസമൂഹത്തിലേക്ക് കാരുണ്യത്തിന്റെ കൈ നീട്ടുവാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

വിശന്നു വലഞ്ഞു വരുന്നവർക്ക് നൽകുവാനായി മോരും, വാഴപ്പഴവും, കഞ്ഞിയും പയറും ഒക്കെയുണ്ട്. വഴിയാത്രക്കാർക്ക് ദാഹമകറ്റുവാനായി രാമച്ചം ചേർത്ത് തിളപ്പിച്ച വെള്ളവും ലഭ്യമാണ്. ആരിൽ നിന്നും നിരക്കീടാക്കിയല്ല സ്വാമി ഇത്തരം പ്രവർത്തനങ്ങൾ നടത്തുത്. സന്മനസ്സുള്ള ആരെങ്കിലും എന്തെങ്കിലും നൽകിയാൽ വാങ്ങും. വിശക്കുന്നവന് ആഹാരം നൽകുക, ദാഹിക്കുന്നവന് ദാഹ ജലം നൽകുക പ്രതിഫലം ഈശ്വരൻ നൽകും തന്റെ പ്രവർത്തിയെ സ്വാമി വിലയിരുത്തുന്നതിങ്ങനെ. കാരുണ്യ പ്രവർത്തിക്കൊപ്പം തന്നെ സ്വാമിയുടെ വക മദ്യത്തിന്റെ ദോഷവശത്തെകുറിച്ചുള്ള ഉപദേശവുമുണ്ട്.

വിശന്നു വന്ന ശേഷം ഇവിടെ സ്വാമിയുടെ ഭക്ഷണം കഴിച്ചു മടങ്ങുന്നവർക്ക് ഭക്ഷണത്തിന്റെ സ്വാദിനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളു. വേനലിലെ കടുത്ത ചൂടിൽ ക്ഷീണിച്ചെത്തുന്ന വഴിയാത്രക്കാർക്കും സ്വാമിയുടെ മുറ്റത്ത് നിന്നും ക്ഷീണമകറ്റാൻ ഇഞ്ചിയും മുളകും ചേർത്ത മോരും കഴിക്കാൻ വാഴപ്പഴവും ലഭിക്കും. വഴിയിൽ അലഞ്ഞു നടക്കുന്ന അനേകം പേർക്ക് ഭക്ഷണം നൽകികൊണ്ട് അവരുടെ വിശപ്പകറ്റുകയാണ് സ്വന്തം ഇല്ലായ്മയിൽപോലും സുഗതൻ സ്വാമി.

ഹർത്താൽ ദിവസങ്ങളിലും മറ്റും കൂലിപ്പണിക്കായി സമീപത്തെത്തുന്ന തൊഴിലാളികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും സ്വാമിയുടെ സംരംഭം വനിയ ആശ്വാസമാണ്. തനിക്ക് സ്വന്തമായി ആകെയുള്ളത് രണ്ടര സെന്റ് ഭൂമി മാത്രമാണെന്നും അതിൽ നിന്നും ഒരു ഭാഗം റോഡ് വികസനത്തിനായി നൽകേണ്ടിവന്നതിനു നഷ്ടപരിഹാരം ലഭിക്കാത്തതിലും സ്വാമിക്ക് പരാതിയില്ല. സ്വന്തമായി പശുവും ചെറിയതോതിൽ കൃഷിയും സ്വന്തമായി ഉണ്ടായിരുന്ന സ്വാമിക്ക് തന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി അതും വിൽക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം പ്രതിസന്ധികളൊന്നും തന്നെ സ്വാമിയെ കാരുണ്യ പ്രവർത്തനങ്ങൽ നടത്തുന്നതിൽ നിന്നും പിന്നോട്ടടിച്ചില്ല. സ്വാമിയുടെ സത്കർമ്മങ്ങൾ അറിഞ്ഞ ശേഷം അനേകം പ്രമുഖർ സ്വാമിയെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സ്വാമിയുടെ മുത്തച്ഛൻ പണ്ട് ഇതുപോലെ വഴിയാത്രക്കാർക്ക് കുടിക്കുവാൻ വെള്ളവും കഴിക്കാൻ വാഴപ്പഴവും നൽകിയിരുന്നു. എന്നാൽ സ്വാമിയുടെ അച്ഛൻ ആ പാത പിന്തുടർന്നില്ല. ഒരിക്കൽ വഴിയോരത്തിരുന്ന് ഒരു ഭിക്ഷക്കാരൻ മണ്ണു വാരി തിന്നുത് കണ്ട ശേഷമാണ് സ്വാമിക്ക് ഇത്തരമൊരു ആശയം നടപ്പിലാക്കണമെന്ന ആഗ്രഹം തോന്നിയത്. സാമ്പത്തികമായി സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അത് തികച്ചും ഒരു സാമൂഹ്യ നന്മയായിരിക്കുമെന്ന അഭിപ്രായമാണ് നാട്ടുകാർക്കുമുള്ളത്.

തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തം അയൽവാസികൾ ആരെന്നു പോലും അറിയാൻ മനുഷ്യൻ മറക്കുന്ന കാലഘട്ടത്തിലും സഹ ജീവികൾക്കായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച സുഗതൻ സ്വാമിയെപ്പോലുള്ളവർ സമൂഹത്തിൽ ഉണ്ടെന്നത് പ്രതീകഷ നല്കുന്ന ഒന്നാണ്.