ആലപ്പുഴ : ഇശലുകളുടെ വാനംപാടിക്ക് തലചായ്ക്കാൻ ഇടമില്ല. ആയുസ് മുഴുവൻ പണിയെടുത്ത പണം മുഴുവൻ മകനും മരുമകളും ചേർന്നു തട്ടിയെടുത്തു. ഇപ്പോൾ സ്വന്തം അദ്ധ്വാനം വഴി പണിതുയർത്തിയ വീട്ടിൽനിന്നും ഇറക്കിയും വിട്ടു. പെരുവഴിയിലായ കാഥിക, പ്രശ്‌നം പൊതുജനത്തെ അറിയിക്കാൻ മാദ്ധ്യമ പ്രവർത്തകർക്കുമുന്നിലെത്തി. ലോകത്ത് ഒരമ്മയ്ക്കും ഇത്തരം ഗതികേടുണ്ടാകരുതെന്നു പറഞ്ഞു പൊട്ടിക്കരഞ്ഞാണ് സുഹറാബീഗം എന്ന ഗായിക പത്രക്കാർക്കുമുന്നിലെത്തിയത്. പണവും പത്രാസും ഉണ്ടാകുമ്പോൾ നൊന്തുപെറ്റ മാതാവിനെ ചവിട്ടി പുറത്താക്കുന്ന മക്കൾ ഒരമ്മയ്ക്കും പിറക്കരുതേയെന്ന് സുഹറാ ബീഗം പ്രാർത്ഥിക്കുന്നു.

രോഗം തളർത്തുന്നുണ്ടെങ്കിലും ഇനിയൊരു മക്കളും പണത്തിന്റെ മഞ്ഞളിപ്പിൽ മാതാപിതാക്കളെ ചവിട്ടിപുറത്താക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നിയമത്തിന്റെ ഏതറ്റംവരെയും താൻ പോകുമെന്ന് ഈ വയോധിക പറയുന്നു. മകനെ നൊന്തുപെറ്റെങ്കിൽ, ആ വേദന അവൻ മനസിലാക്കിയില്ലെങ്കിൽ അത് അറിയിച്ചു കൊടുക്കുകയെന്നത് മാതാവിന്റെ ബാദ്ധ്യതയാണ്. അതിനുവേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് സുഹറാബീഗം.

ആലപ്പുഴ തിരുവാമ്പാടി വാർഡിൽ ബീനാ മൻസിലിൽ സുഹറാ റഷീദാണ് മകൻ മുഹമ്മദ് റഫീക്ക് റഷീദിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസ് നൽകിയിട്ടുള്ളത്. താൻ അദ്ധ്വാനിച്ച് നിർമ്മിച്ച വീടിന്റെയും പുരയിടത്തിന്റെയും ആധാരം റദ്ദുചെയ്യാൻ സിവിൽ കേസും നൽകിയിട്ടുണ്ട്.

മാപ്പിള പാട്ടുരംഗത്തും കഥാപ്രസംഗ രംഗത്തും ഏറെ പ്രശസ്തയായിരുന്നു സുഹറാബീഗം. നിരവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുള്ള ഈ കലാകാരി പ്രധാനമായും വിദേശരാജ്യങ്ങളിലായിരുന്നു ശ്രദ്ധപതിപ്പിച്ചിരുന്നത്. ഖത്തർ , ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജീവിതത്തിന്റെ വലിയൊരുഭാഗം വിനിയോഗിച്ച സുഹറാബീഗം ഇപ്പോൾ നാട്ടിലെത്തി വിവിധ രാഷ്ട്രിയ പാർട്ടികൾക്കും നേതാക്കൾക്കുംവേണ്ടി ഗാനങ്ങൾ രചിക്കാറുണ്ട്. ഇന്ദിരാ പ്രിയദർശിനിയെ കുറിച്ച് സുഹറബീഗം എഴുതിയ ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നീണ്ട നാലുപതിറ്റാണ്ടോളം കാലരംഗത്തു പ്രവർത്തിച്ച ഈ കലാകാരി ഒടുവിൽ തന്റെ മകനു വിദേശത്ത് ജോലിയും വാങ്ങിക്കൊടുത്തു. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച സമ്പാദ്യം മക്കൾക്കുവേണ്ടി വിനിയോഗിച്ച സുഹറാബീഗം ഇപ്പോൾ കിടക്കാൻ ഇടംതേടുകയാണ്. പൂർണ്ണമായും രോഗം വിഴുങ്ങിയ സാഹചര്യത്തിലും കഴിക്കാൻ ഭക്ഷണം നൽകാതെയും ഉറങ്ങാൻ അനുവദിക്കാതെയും പീഡിപ്പിക്കുന്നതായി ഈ കലാകാരി പറയുന്നു. വിശപ്പ് സഹിക്കാനാവാതെ പലപ്പോഴും താൻ ഭക്ഷണം അടുക്കളയിൽനിന്നും പിടിച്ചെടുത്തു കഴിച്ചിട്ടുണ്ടെന്ന് ഈ വയോധിക പറയുന്നു.

വൈകുന്നേരം എത്തുമ്പോഴേയ്ക്കും അസഭ്യവർഷങ്ങൾ ചൊരിഞ്ഞ് തന്നെ ഇറക്കിവിടാൻ ശ്രമിക്കുകയാണെന്നും ഇവർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. മകൻ വിദേശത്ത് ജോലിയെടുക്കുന്നതിനാൽ കേസ് നീളുകയാണെന്നും എത്രയും പെട്ടെന്ന് തന്റെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ച് മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ആക്ട് 2007 പ്രകാരം മെയിന്റനൻസ് ട്രൈബൂണലിന്റെ മുമ്പിലും പരാതി നൽകിയിട്ടുണ്ട്. ഏതായാലും മക്കൾ കൈവിട്ട ഈ വയോധിക മാതാവിന് മുമ്പിൽ നിയമം കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ...