പാലക്കാട്: കല കലക്ക് വേണ്ടി, കല ജീവിതത്തിന് വേണ്ടി, കുറച്ച് കാലം മുമ്പ് സാസ്‌കാരിക രംഗത്ത് ഉയർന്നു കേട്ടിരുന്ന ഒരു തർക്കമാണിത്. കല കലക്ക് വേണ്ടിയെന്നും സ്ഥാപിക്കാനും അല്ലെന്ന് തെളിയിക്കാനും പല സാംസ്‌കാരിക നായകന്മാരും പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഏറ്റ് മുട്ടിയിരുന്നു. എന്നാൽ ജീവിതം തന്നെയാണ് കല എന്ന് തെളിയിച്ച് കൊണ്ട് മുന്നേറുകയാണ് കൂട്ടുകാരായ സുരേഷും ജിബി വർഗ്ഗീസും. കൂലിപ്പണി, നിർമ്മാണ തൊഴിലാളി, ഗ്യാസ് വിതരണം തുടങ്ങി എല്ലാ തൊഴിലും ചെയ്തു കൊണ്ടിരിക്കുന്ന ഇവർ അറിയപ്പെടുന്ന കലാകാരന്മാർ കൂടിയാണ്.സ്വന്തമായി കലാട്രൂപ്പ് വരെയുള്ള ഇവർ മൂന്നാല് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഷൊർണൂരിനടുത്ത് കൂനത്തറയിൽ പടിക്കപ്പരമ്പിൽ ചാമിക്കുട്ടിയുടെ മകനായ 29 വയസ്സുള്ള സുരേഷ് ഇതിനകം ആയിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.അടുത്തിടെ ചിത്രീകരണം പൂർത്തിയായ അനിൽ രാധക്യഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിങ്ങസൺ ഏഴായിരം കണ്ടി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നേരത്തെ കാതൽ മൗനമൊഴി, ചുടുചുടു കാതൽ, സ്‌മോക്കേഴ്‌സ് തുടങ്ങിയ മൂന്ന് തമിഴ് ചിത്രങ്ങളിൽ സുരേഷ് അഭിനയിച്ചിരുന്നു.സൂര്യ ടി.വി, കൈരളി ചാനൽ തുടങ്ങിയവയിലും പ്രാദേശിക ചാനലുകളിലും കോമഡി പ്രോഗ്രാമുകൾ സുരേഷ് അവതരിപ്പിക്കാറുണ്ട്.

കോമഡി പരിപാടി അവതരിപ്പിക്കുന്ന ട്രൂപ്പിന് പുറമെ നാടൻ പാട്ടുകൾ അവതരിപ്പിക്കുന്ന ട്രൂപ്പുമുണ്ട്. നാടകം, ഹോംസിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിൽ അഭിനയവും സംവിധാനവുമെല്ലാം നടത്തിയിട്ടുണ്ട്. കൂട്ടുകാരൻ ജിബി വർഗീസ് ലക്കിടിയും സമാന അവസ്ഥയിലാണ്. ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിലെ 26 കാരനായ ജിബി അഞ്ഞൂറോളം സ്റ്റേജുകളിലാണ് പരിപാടി അവതരിപ്പിച്ചിട്ടുള്ളത്. സുരേഷിന്റെയൊപ്പം കലാട്രൂപ്പ് നടത്തുന്ന ജിബി സുരേഷിന്റെ കൂടെ അനിൽ രാധാക്യഷ്ണമേനോന്റെ ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കൂടാതെ രാഗരംഗീല, കർമ്മയോദ്ധാ എന്നി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് കടന്നുവന്ന ജിബി ഷോർട്ട് ഫിലിമുകളിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. കലയോടുള്ള സമീപനം തന്നെയാണ് ഇരുവർക്കും തൊഴിലിനോടും ഉള്ളത്. സിനിമയുടേയും കലയുടേയും ലോകത്ത് എത്തികഴിഞ്ഞാൽ തൊഴിൽ ഉപേക്ഷിച്ച് സിനിമക്ക് പിന്നാലെ പായുന്ന ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തരാവുകയാണ് ഇവർ. കലാരംഗത്ത് ഒഴിവുള്ള സമയത്ത് ഇവർ ജോലിക്ക് പോകും. കൂലിപ്പണി മുതൽ എന്തു ചെയ്യാനും സന്തോഷം. കലാരംഗത്ത് വിവിധ വേഷങ്ങൾ ചെയ്യുന്ന പോലെ ജോലിയിലും ഏത് വേഷവും ചെയ്യും.

ഏത് തൊഴിലിലും മാന്യതയുണ്ടെന്ന് വിശ്വസിക്കുന്ന ഇവരുടെ ഒഴിവ് സമങ്ങളിലെല്ലാം കൂലിപ്പണി, നിർമ്മാണ തൊഴിലാളി തുടങ്ങിയ ഏതെങ്കിലും വേഷത്തിലായിരിക്കും. രണ്ട് പേർക്കും ചേർന്ന് കൂട്ടായി ഒരു സിനിമ ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം.