തിരുവനന്തപുരം: ശതകോടികളുടെ ആസ്ഥിയുള്ള നാരായൺ സൻസ്ഥാൻ. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ സ്വാധീന ശക്തിയാണ് ഇവർ. ഗുജറാത്തിൽ ആര് ഭരണത്തിലെത്തുമെന്ന് തീരുമാനിക്കുന്ന സ്വാധീനം. പട്ടേൽ സമുദായത്തിന്റെ കരുത്തിൽ ആത്മീയ പ്രവർത്തനം നടത്തുന്ന നാരായൺ സൻസ്ഥാൻ ഇന്ന് കേരളത്തിൽ പ്രതിസ്ഥാനത്താണ്. എപിജെ അബ്ദുൾകലാം പോലുള്ള പുരോഗമന വാദികളുടെ ആത്മീയ ഗുരുവാണ് മഠത്തിന്റെ ഇപ്പോഴത്തെ തലവൻ. എന്നിട്ടും സ്ത്രീ വിരുദ്ധതയാണ് ആശ്രമം പ്രചരിപ്പിക്കുന്നതെന്നാണ് കേരളത്തിലെ പുരോഗമന വാദികളുടെ ആക്ഷേപം. തൃശ്ശൂരിൽ നടക്കാനിരുന്ന കരന്റ് ബുക്‌സിന്റെ പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിസ്ഥാനത്തായ ബ്രഹ്മ വിഹാരി ദാസ് ഉൾപ്പെടുന്നത് നാരായൺ സൻസ്ഥാൻ സന്യാസി വിഭാഗത്തിലാണ്. സ്ത്രീകൾക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞിന്റെ പേരിലാണ് ബ്രഹ്മ വിഹാരി ദാസ് വിവാദത്തിലായത്.

ഗുജറാത്ത് ആസ്ഥാനമായുള്ള ലോകത്തിലെ പ്രശസ്തമായ ആധ്യാത്മിക ആശ്രമമാണ് പ്രാമുഖ് സ്വാമിയുടെ നാരായൺ സന്യാസ സൻസ്ഥാൻ. 1907 ൽ ശാസ്ത്രിജി മഹാരാജ് ആണ് ബാപ്‌സ് സ്ഥാപിച്ചത്. ബോകസന്വാസി ശ്രി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്നാണ് മുഴുവൻ പേര്. പ്രമുഖ് സ്വാമി മഹാരാജ് ആണ് ബാപ്‌സിന്റെ ഇപ്പോഴത്തെ ഗുരുവും ആധ്യാത്മിക നേതാവും. ഹൈന്ദവ വിശ്വാസങ്ങളിൽ സ്വാമിനാരായണ വിശ്വാസങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്നവരാണ് ഇവർ. ന്യൂനപക്ഷമായ ഗുജറാത്തിലെ പട്ടേൽ സമുദായക്കാരാണ് ഇവരിലെ സന്യാസിമാരിൽ അധികവും. അതുകൊണ്ട് കൂടിയാണ് ഗുജറാത്ത് രാഷ്ട്രീയത്തിൽ ഇവർ നിർണ്ണായകമാകുന്നത്. മോദി തരംഗം ഗുജറാത്തിൽ നിറയ്ക്കുന്നതും മഠത്തിന്റെ കൂടി പിന്തുണയോടെയാണ്. സംവരണം പൊളിച്ചെഴുതാനുള്ള ഹാർത്ഥിക് പട്ടേലിന്റെ പ്രക്ഷോഭത്തിന് പിന്നിൽ പോലും മഠമാണെന്ന ആരോപണം ശക്തമാണ്.

ഇന്ത്യയ്ക്കകത്തും പുറത്തും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സ്വാമി നാരായൺ സൻസ്ഥയുടെ ഫണ്ടുകളെക്കുറിച്ചും പലപ്പോഴും വിവാദങ്ങളുണ്ടായിട്ടുണ്ട്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ ഇവർക്ക് പഞ്ചനക്ഷത്ര സദൃശ്യമായ ഒരു ക്ഷേത്രമുണ്ട്. ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അതീവ ആഡംബര പൂർണ്ണമാണ്. ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ യമുനാതീരത്തുള്ള അക്ഷർധാം ക്ഷേത്രം നദീതടസംരക്ഷണനിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. നാനൂറ് കോടിയിലേറെ ചെലവിട്ട് നിർമ്മിച്ച ക്ഷേത്രം പൊളിച്ചു നീക്കാനാകില്ലെന്നും ബാക്കിയുള്ള യമുനാതീരം സംരക്ഷിക്കുകയാണ് വേണ്ടതെന്നും അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം മഠവുമായി നല്ല ബന്ധമാണ് പുലർത്തുന്നത്. അതു തന്നെയാണ് കോൺഗ്രസ് സർക്കാരിന്റെ കാലത്തും മഠത്തിന്റെ വാദങ്ങൾ അംഗീകരിക്കാൻ കാരണം. മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ മഠത്തിന്റെ രാഷ്ട്രീയ കരുത്ത് കൂടി. എന്നാൽ അതിനപ്പുറമുള്ള സ്വാധീനം ഗുജറാത്തിൽ ചെലുത്തണമെന്ന ആഗ്രഹം മഠത്തിനുണ്ടത്രേ. ഈ സാഹചര്യത്തിലാണ് സംവരണ വിഷയത്തിൽ ഹാർത്ഥിക് നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ കൂടിയതും.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ആധ്യാത്മികസാമൂഹിക പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ആദ്ധ്യാത്മിക പ്രസ്ഥാനമാണ് ഇത്. ലോകത്താകമാനം നാരായൺ സന്യാസ സൻസ്ഥാന് സെന്ററുകളും വിശ്വാസികളുമുണ്ട്. വിശ്വാസികൾക്ക് ആത്യന്തിതമായ മോക്ഷം പകരുക എന്നതാണ് ഇവരുടെ നിയോഗം. ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി 3,850 ക്ഷേത്രങ്ങൾ ഇവർക്കുള്ളത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഐക്യരാഷ്ട്രസഭ ഉൾപ്പടെയുള്ളവയുടെ അംഗീകാരമുള്ള സ്വാമി നാരായൺ സൻസ്ഥാനിലേക്ക് നാനാജാതി മതസ്ഥരും ആകൃഷ്ടരാകാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എപിജെ അബ്ദുൾ കലാം. കലാമും ഈ ആശ്രമവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. ആശ്രമത്തിന്റെ ഇപ്പോഴത്തെ മേധാവി സ്വാമി പ്രമുഖ് മഹാരാജ് അബ്ദുൾകലാമിന്റെ ആത്മീയ ഗുരുവായിരുന്നു. കലാം ഏറ്റവും ഒടുവിൽ എഴുതിയ പുസ്തകം പ്രമുഖ് സ്വാജിയെ കുറിച്ചായിരുന്നു. ആ പുസ്തകം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത ശ്രീദേവി എസ് കർത്തയെ, സ്ത്രീ ആയതിന്റെ പേരിൽ പ്രസാധന ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നുവെന്ന വാർത്തയാണ് സ്വാമി നാരായൺ സന്യാസ സൻസ്ഥാനെ കേരളത്തിൽ ഒരു വിവാദ വിഷയമാക്കുന്നത്.

ബോകസന്വാസി ശ്രി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്നാണ് മഠത്തിന്റെ മുഴുവൻ പേര്. ഗുജറാത്തിലെ ബോകാസൻ എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ഹിന്ദുത്വം തന്നെയാണ് ബാപ്‌സിന്റെ മുഖമുദ്ര. ഹിന്ദു വിശ്വാസങ്ങളിൽ സ്വാമിനാരായണ ശാഖയാണ് ഇവരുടേത്. ബാപ്‌സ് സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ടിലേറെയായി. 1907 ൽ ശാസ്ത്രിജി മഹാരാജ് ആണ് ബാപ്‌സ് സ്ഥാപിച്ചത്. ഇന്ത്യൻ സംസ്‌കാരം, ഹിന്ദു വിശ്വാസം, കുടുംബ ഐക്യം, നിസ്വാർത്ഥ സേവനം, സാഹോദര്യം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയവയാണ് ബാപ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ലോകമെമ്പാടും ഇവർക്ക് അനുയായികളുണ്ട്. ആശ്രമങ്ങളും ഉണ്ട്. ശതകോടികളുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. 3,850 ക്ഷേത്രങ്ങൾ ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി 3,850 ക്ഷേത്രങ്ങളാണ് ഇവർക്ക് ഉള്ളത്. 880 സന്യാസുമാരുണ്ട്. അരലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകരും ഒരു കോടിയോളം വിശ്വാസികളും ഉണ്ടെന്നാണ് കണക്ക്. ഇവരിൽ ഏറെയും ഗുജറാത്തിലെ പട്ടേൽ വിഭാഗക്കാരാണ്.

ലാഭരഹിത സന്നദ്ധ പ്രവർത്തകർ എന്നാണ് ബാപ്‌സ് സ്വയം വിശേഷിപ്പിക്കുന്നത്. ആരോഗ്യമേഖലയിും വിദ്യാഭ്യാസ മേഖലയിലും ഇവർക്ക് സ്ഥാപനങ്ങളുണ്ട്. ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബാപ്‌സിന്റെ സന്നദ്ധപ്രവർത്തകർ രംഗത്തുണ്ടാകാറുണ്ട്. ദുരന്തമേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനും മറ്റും ബാപ്‌സ് ചെയ്യുന്ന സേവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായമെല്ലാം ചെയ്യുന്നത് പ്രധാനമായും പട്ടേൽ സമുദായക്കാരാണ്. ഈ വികാരം ഗുജറാത്തിൽ ഉറപ്പിച്ചു നിർത്തുന്നതിന് പിന്നിലും മഠത്തിന്റെ ഇടപെടലുണ്ട്. മുഖ്യമന്ത്രിയായിരിക്കെ മോദിയുമായി ഉണ്ടായിരുന്ന മികച്ച ബന്ധം ഇപ്പോഴും പുലർത്തുന്നു. മോദിയുടെ യുഎഇ സന്ദർശനത്തിനിടെ അബുദാബിയിൽ ക്ഷേത്രം പണിയാൻ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നിൽ ചരട് വലികൾ നടത്തിയതും ഈ പ്രസ്ഥാനമാണ്. അഞ്ച് കൊല്ലം മുമ്പ് തന്നെ അബുദാബിയിൽ ക്ഷേത്രമെന്ന ലക്ഷ്യവുമായി ഇവർ രംഗത്തുവന്നിരുന്നു.

തങ്ങളുടെ സദസ്സിൽ സ്ത്രീ സാന്നിധ്യം പാടില്ല എന്നത് ഇവരുടെ കർശന നിബന്ധനയാണ്. സ്വാമി നാരായൺ സൻസ്ഥയിലെ സന്ന്യാസിമാരുടെ സമീപത്ത് സ്ത്രീകൾ പോകാൻ പാടില്ല. സ്ത്രീകളെ പഠിപ്പിക്കുന്നതോ, സ്ത്രീകൾ പറഞ്ഞു തരുന്ന പാഠങ്ങൾ കേട്ടുപഠിക്കുന്നതോ സ്വാമി നാരായൺ വിശ്വാസത്തിൽ നിഷിദ്ധമാണ്. പ്രാർത്ഥനാസമയങ്ങളിലടക്കം സ്ത്രീകളായ വിശ്വാസികൾ ഗുരുവിന്റെ നിശ്ചിത അകലത്തിൽ മാത്രമേ ഇരിക്കാവൂ, ഗുരുവിന് പറയാനുള്ളത് ഒരു മദ്ധ്യസ്ഥൻ വഴിയേ കേൾക്കാവൂ എന്നുമാണ് ചട്ടം. സ്ത്രീകൾക്ക് അവരുടെ ബന്ധുക്കൾ വഴിയോ അല്ലെങ്കിൽ കത്തുകളിലൂടെയോ ഫോണിലൂടെയോ മാത്രമേ ബന്ധപ്പെടാറുള്ളൂ. ഈ നിബന്ധന തന്നെയാണ് കേരളത്തിലും വിവാദങ്ങൾ ഉണ്ടാക്കിയത്. അബ്ദുൾ കലാമിന്റെ പുസ്തക പ്രകാശനത്തിന് സ്വാമിയെ വിളിച്ചപ്പോൾ ഈ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നതായി സൂചനയുണ്ട്. ഈ നിബന്ധനകളെ കുറിച്ച് കലാമിന്റെ പുസ്തകം വിവർത്തനം ചെയ്ത ശ്രീദേവി എസ് കർത്തയ്ക്കും അറിയാമായിരുന്നു.

എന്നാൽ തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിൽ മലയാളി വിവർത്തകയ്ക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്ന് സ്വാമി നാരായൺ സൻസ്ഥാൻ മഠം ഔദ്യോഗികമായി പറയുന്നത്. സ്വാമിയോ ആശ്രമമോ ചടങ്ങുമായി ബന്ധപ്പെട്ട് പ്രാസാധകർക്ക് മുമ്പാകെ യാതൊരു നിബന്ധനയും വച്ചിട്ടില്ലെന്നും ആശ്രമത്തിലെ വിശ്വാസികളിൽ 60 ശതമാനം പേരും സ്ത്രീകളാണെന്നും മഠം വക്താവ് വ്യക്തമാക്കുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കുറവോ വീഴ്ചയോ വരുത്തുന്ന പ്രസ്ഥാനമല്ല സ്വാമി നാരായൺ സൻസ്ഥാൻ എന്നും വിശ്വാസികളിൽ 60 ശതമാനത്തിലേറെ പേർ സ്ത്രീകളാണെന്നും സൻസ്ഥാൻ പ്രതിനിധി പറയുന്നു.