തിരുവനന്തപുരം: ടി ജെ ജോസ് ഐപിഎസ്- കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഈ പേര് ഇന്നലെ ദേശീയ മാദ്ധ്യമങ്ങളിൽ പോലും ചർച്ചക്ക് വിധേയമായ വിഷയമായി. സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ കോപ്പിയടിച്ചതിന്റെ പേരിൽ പടികൂടിയ നക്ഷത്രചിഹ്നങ്ങളുള്ള കുപ്പായമിട്ട കാക്കിധാരിയായി തൃശ്ശൂർ റേഞ്ച് ഐജി ടി ജെ ജോസ്. കേരളത്തിന് മുഴുവൻ നാണക്കേടായി മാറി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കോപ്പിയടി. എന്നാൽ, വെറുതേ കൂരേ കോഴ്‌സുകളിൽ ചേർന്ന് താൻ ഒരു 'സംഭവമാണ്' എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു ഐ ജി ജോസ്. ഇങ്ങനെ ബിരുദങ്ങളോടുള്ള കമ്പം മൂത്ത് ഏത് വിധേനയും എൽഎൽഎം പഠിച്ചെടുക്കാനുള്ള ശ്രമമാണ് കോപ്പിയടിയിൽ കലാശിച്ചതും അത് കൈയോടെ പിടികൂടിയതും.

എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ് ഐപിഎസ്. കേരളാ പൊലീസിൽ കൺഫേഡ് ഐപിഎസുകാരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്. സർവീസിൽ കയറി തുടങ്ങിയ ഇദ്ദേഹത്തിന് അതിവേഗം പ്രേമോഷൻ ലഭിച്ചത് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ആർക്കും സഹായങ്ങൾ ചെയ്തു കൊടുത്തതു കൊണ്ടാണ്. അല്ലാതെ, ഏതെങ്കിലും കുപ്രസിദ്ധമായ കേസിലെ പ്രതികളെ പിടികൂടിയതു കൊണ്ടോ അന്വേഷണ മികവുകൊണ്ടോ ഒന്നുമല്ല. ക്രിസ്ത്യൻ സമുദായത്തിലെ സംവരണാനൂകൂല്യം പറ്റുന്ന വിഭാഗക്കാരനാണെന്ന പ്രത്യേകതയും ടി ജെ ജോസിന് ഐപിഎസ് പദവിയിലേക്ക് എത്തിപ്പെടാനുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു.

ഡിവൈഎസ്‌പി തസ്തികയിൽ നേരിട്ട് ലഭിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ്. ഇന്ന് പ്രമോഷൻ തസ്തികയാണ് ഇതെങ്കിൽ അക്കാലത്ത് പരീക്ഷ എഴുതിയാണ് ടി ജെ ജോസിനെ നിയമനം ലഭിച്ചത്. സംവരണത്തിന്റെ ആനുകൂല്യത്തിൽ നേരിട്ട് ഡിവൈഎസ്‌പിയായി കയറിയ ഇദ്ദേഹം അതിവേഗമാണ് എസ്‌പിയായും ഐജിയായും പ്രമേഷൻ നേടിയത്. ഇതിന് വലതുപക്ഷത്തെ എന്ന പോലെ ഇടതുപക്ഷത്തിന്റെ സഹായവും അദ്ദേഹത്തിന് ഗുണകരമായി. തനിക്ക് പ്രമോഷനിൽ ഗുണകരമാകും എന്നു കരുതിയല്ല കൂടുതൽ കോഴ്‌സുകൾ ചെയ്യാൻ ടി ജെ ജോസ് തയ്യാറായത്. വ്യത്യസ്തമായ മേഖലകളിൽ നിന്നും ബിരുദം നേടുക എന്നത് ഹോബിയായി മാറിയിരുന്നു അദ്ദേഹത്തിന്.

തിരുവനന്തപുരത്ത് കമ്മീഷണറായി ജോലി നോക്കുന്ന വേളയിൽ അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ സ്വന്തമാക്കിയിരുന്നു. ഈ കാലയളവിൽ തന്നെയാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽഎൽബിയിൽ അദ്ദേഹം ബിരുദം നേടിയെടുത്തത്. നിയമത്തിൽ ഉള്ള അഭിരുചി തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനും ഗുണകരമാകുമെന്ന് കണ്ടാണ് പിന്നീട് ഇതിൽ മാസ്റ്റർ ബിരുദം നേടാനും ഇദ്ദേഹം ഇറങ്ങിപുറപ്പെട്ടത്. എൽഎൽബി നേടിയ ശേഷം എം ജി സർവകലാശാലയിലാണ് അദ്ദേഹം എൽഎൽഎമ്മിന് ചേർന്നത്. തിരുവനന്തപുരം കമ്മീഷണർ എന്ന പോസ്റ്റ് എപ്പോഴും ശോഭിക്കാനുള്ള അവസരം ഒരുക്കുന്ന തസ്തികയാണെങ്കിലും കേസുകളുടെ കാര്യത്തിൽ അദ്ദേഹം അശ്രദ്ധ കാണിച്ചിരുന്നു എന്നാണ് അന്ന് ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർ തന്നെ പറയുന്നത്.

സമരമുഖങ്ങളിൽ നേരിടാനായി പൊലീസ് അണിനിരക്കുമ്പോൾ അവിടെയെങ്ങും പോകാത്ത പ്രകൃതമായിരുന്നു ടി ജെ ജോസിന്റേത്. ഒരിക്കൽ എസ്്എഫ്‌ഐയുടെ പ്രക്ഷോഭം ലാത്തിചാർജ്ജിൽ കലാശിച്ചപ്പോൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു ഇദ്ദേഹത്തെ സമരത്തിന്റെ മുൻനിരയിലേക്ക് തള്ളിവിട്ടത്. എന്നാൽ, അന്ന് കമ്മീഷണർ ഒറ്റപ്പെട്ട അവസ്ഥയിലായിപ്പോയെന്നും പൊലീസുകാർക്കിടയിൽ തന്നെ അടക്കംപറച്ചിലുണ്ട്.

രണ്ടാം വർഷ എൽഎൽഎം പരീക്ഷ എഴുതുന്നതിനിടയിൽലാണ് കോപ്പിയടിക്ക് ജോസ് പിടിക്കപ്പെട്ടതും. കോപ്പിയടിക്ക് പിടിക്കപ്പെട്ടു എന്ന് ഇൻവിജിലേറ്റർ റിപ്പോർട്ട് നൽകിയതോടെ അദ്ദേഹത്തെ ഡീബാറു ചെയ്യുമെന്ന കാര്യം ഏതാണ് ഉറപ്പായിട്ടുണ്ട്. കളമശേരി സെന്റ് പോൾസ് കോളജിൽ നടന്ന ഓഫ് ക്യാംപസ് എൽഎൽഎം പരീക്ഷയെഴുതി (കോൺസ്റ്റിറ്റിയൂഷൻ ലോ)യപ്പോഴാണ് ടി.ജെ. ജോസിനെ പിടികൂടിയത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടുവെന്നത് ടി ജെ ജോസിന് ഔദ്യോഗിക ജീവിതതത്തിലെ കറുത്ത ഏടായി മാറുകയും ചെയ്തു.

ഇതാദ്യമായല്ല ടി ജെ ജോസ് ഐപിഎസ് വിവാദത്തിൽ ചാടുന്നത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ് എഡിജിപിയായിരിക്കെ സെൻകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. അന്ന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ തലവനായിട്ടായിരുന്നു ടി ജെ ജോസിന് ചുമതല. പിന്നീട് സോളാർ കേസിൽ രാഷ്ട്രീയ വിവാദങ്ങൾക്കും വിലപേശലുകൾക്കും ഇടയാക്കിയത് സരിതയുടെ കോൾലിസ്റ്റായിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല. തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം അന്നും ഉയർന്നിരുന്നു.

ടി ജെ ജോസ് വഴിയാണ് തലശേരി പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ബിജു ജോൺ ലൂക്കോസ് സരിതയുടെ കോൾ ലിസ്റ്റിന്റെ വിവരങ്ങൾ സ്വകാര്യ ചാനലിന് നൽകിയതെന്നായിരുന്നു സെൻകുമാറിന്റെ കണ്ടെത്തൽ. രേഖകൾ ചോർത്തിയതിന് പുറമെ ആഭ്യന്തര വകുപ്പിനെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഫോൺ ചോർത്തൽ സംഭവവുമായി ഐ ജി ജോസ് നൽകിയ വിശദീകരണം പൂർണമായും കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്. ഫോൺ വിളികളുടെ മുഴുവൻ വിവരങ്ങളും എടുത്തിട്ടുള്ളത് ജോസ് മാത്രമാണ്.

ഇതിന് ശേഷം നിസാം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ ജോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ചിലരുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥലം മാറ്റത്തിന് കാരണമെന്നും വിമർശനം ഉയർന്നിരുന്നു. എന്തായാലും രാഷ്ട്രീയ പിന്തുണയോടെ പൊലീസ് സർവീസിന്റെ ഉന്നതിയിലെത്തിയ ടി ജെ ജോസിനെ കോപ്പിയടി വിഷയത്തിൽ ആഭ്യന്തരമന്ത്രി കൈവിട്ടിരിക്കയാണ്. എന്നാൽ, അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതോടെ കൂടുതൽ നടപടികൾ അദ്ദേഹത്തിനെതിരെ ഉണ്ടാവില്ലെന്നും സൂചനയുണ്ട്.

അതേസമയം, ഐജി ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി എംജി സർവകലാശാല ഡപ്യൂട്ടി രജിസ്റ്റ്രാർ എ സി ബാബു പറഞ്ഞു. ഇൻവിജിലേറ്ററുടെ മൊഴി സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്. വിശദ റിപ്പോർട്ട് ഉടൻ വൈസ് ചാൻസലർക്കും പരീക്ഷാ കൺട്രോളർക്കും നൽകും. ടി ജെ ജോസ് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ എംജി സർവകലാശാല വൈസ് ചാൻസിലർക്ക് മൊഴി നൽകിയിട്ടുണ്ട്. കർചീഫിനുള്ളിൽ പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി വച്ചാണ് കോപ്പിയടി നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനു മുൻപ് ടി ജെ ജോസ് രക്ഷപ്പെട്ടെന്നും മൊഴിയിൽ പറയുന്നു.

വൈസ് ചാൻസലറുടെ നിർദേശപ്രകാരം കളമശേരി സെന്റ് പോൾസ് കോളജിലെത്തിയാണ് സർവകലാശാല ഡപ്യൂട്ടി രജിസ്റ്റ്രാർ തെളിവെടുപ്പ് നടത്തിയത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് തുടങ്ങി നാല് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

കുറ്റം തെളിഞ്ഞാൽ ഐജിയെ ഡീബാർ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സർവകലാശാല നീങ്ങും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചശേഷം മാത്രമേ അന്വേഷണം ആരംഭിക്കൂവെന്നാണ് അന്വേഷണച്ചുമതലയുള്ള ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡി പറയുന്നത്.