ആലുവ: കല്ലട ബസ് യാത്രയ്ക്കിടെ സ്വർണം തട്ടിമുങ്ങിയവരെ പിടിക്കാൻ പ്രതികളുടെ നാട്ടിൽ എത്തിയ പൊലീസ് ശരിക്കും ഞെട്ടി. സിനിമാക്കഥകളെ വെല്ലുന്ന കാഴ്ചകാണ് പൊലീസ് കണ്ടത്. നാടുനീളെ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കൊപ്പമുള്ള പ്രതികളുടെ ബഹുവർണ ഫ്‌ളക്‌സ് ബോർഡുകൾ. എന്നാൽ അന്വേഷണത്തിൽ സമാജ് വാദി പാർട്ടി നേതാക്കളൊന്നുമല്ല, അനുഭാവികൾ മാത്രമാണെന്ന് വ്യക്തമായി. മുഖ്യപ്രതി പൊലീസിന്റെ മുന്നിലെത്തിയത് സമാജ് വാദി പാർട്ടിയുടെ കൊടി കെട്ടിയ സ്‌കോർപ്പിയോയിലും. 

പിടികൂടി ചോദ്യം ചെയ്തപ്പോൾ പൊലീസിന്റെ വാഹന പരിശോധനയും മറ്റും ഉണ്ടാകുമ്പോൾ രക്ഷപ്പെടുന്നതിനാണ് കൊടി കെട്ടിയതെന്നായിരുന്നു മൊഴി. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ വ്യാജമായി കമ്പ്യൂട്ടറിൽ തയ്യാറാക്കിയതാണെന്നും ഇയാൾ പറഞ്ഞു. ടൂറിസ്റ്റ് ബസിൽ നിന്നും അഞ്ചര കിലോ സ്വർണം കവർന്ന സംഘം ഓപ്പറേഷൻ നടപ്പാക്കിയതും ജീവിക്കുന്നതുമെല്ലാം സിനിമാ സ്‌റ്റൈലിൽ. ഒന്നിനും ഒരു കുറവുമില്ല. നാട്ടിൽ അതിമാന്യന്മാരായും എസ്റ്റേറ്റ് ഉടമകളെന്നും പേരെടുത്ത് കഴിയുന്ന സംഘം വമ്പൻ കവർച്ചകൾ നടത്തുന്നത് അന്യസംസ്ഥാനങ്ങളിലാണ്. നിരവധി കവർച്ചകൾ നടത്തി ഏക്കർ കണക്കിന് തോട്ടങ്ങളും വാഹനങ്ങളുമെല്ലാം വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും പിടിയിലായത് ഒരു തവണ മാത്രമാണ്.

കൊച്ചിയിലേക്കുള്ള .യാത്രയ്ക്കിടെ കല്ലട ട്രാവൽസിലെ യാത്രക്കാരനായ ബാംഗ്‌ളൂർ സോവൻ ജൂവലേഴ്‌സ് ജീവനക്കാരൻ രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിന്റെ ബാഗിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇവ. ഉത്തർപ്രദേശ് അമറോഹ ജില്ലയിൽ ധനൗര തെഹ്‌സിൽ സ്വദേശി ഷെമീം അൻസാരി (45) പതിനെട്ടുകാരനായ സ്വന്തം മകൻ വാസിം (18) ബന്ധുക്കളുമാണ് കേരളത്തിലെ ഈ കവർച്ച കേസിലെ പ്രതികൾ. കവർച്ചമുതൽ പുറത്തുള്ളവർക്ക് പോകാതിരിക്കാനാണ് അച്ഛനെ മകനെ കൂട്ടുപിടിച്ച് മോഷണത്തിനിറങ്ങിയത്. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് ആലുവ പ്രിൻസിപ്പൽ എസ്.ഐ പി.എ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അമറോഹയിലെത്തിയത്.

വീട് റെയ്ഡ് ചെയ്‌തെങ്കിലും പ്രതികൾ എസ്റ്റേറ്റിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് എസ്റ്റേറ്റിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പുത്തൻ സ്‌കോർപ്പിയോയിൽ ഷെമീം അൻസാരി എത്തിയത്. പൊലീസ് ആണെന്ന് അറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പടത്തി. നാട്ടിലെ പ്രധാന ധനികനായ ഷെമീം കവർച്ചക്കേസിൽ പൊലീസ് പിടിയിലായെന്നത് നാട്ടുകാരെ അൽഭുതത്തിലാക്കി. ഇതോടെ മകൻ ഉൾപ്പെടെയുള്ള കൂട്ടാളികൾ മുങ്ങി. ഇവരെ പിടികൂടുന്നതിനായി പൊലീസ് രണ്ട് ദിവസം കൂടി അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തമിഴ്‌നാട്, കർണാടക, കേരളം കേന്ദ്രീകരിച്ച് നടത്തുന്ന വൻകിട മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദീകരിക്കുന്നത്

ജനുവരി നാലിന് പുലർച്ചെ ഏഴിന് ആലുവയിലെത്തിയ കല്ലട ട്രാവൽസിലെ യാത്രക്കാരനായ ബാംഗ്‌ളൂർ സോവൻ ജൂവലേഴ്‌സ് ജീവനക്കാരൻ രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിന്റെ (30) ബാഗിൽ നിന്നാണ് സ്വർണം നഷ്ടമായത്. സ്വർണാഭരണ ശാലകളിൽ വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു സ്വർണം. യാത്രക്കിടെ മഹേഷ് ഉറങ്ങിപ്പോയി. ആലുവ എത്താറായപ്പോൾ ഉണർന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്. ഷെമീം അൻസാരിയാണ് ബർത്തിലെ ബാഗിൽ നിന്നും സ്വർണമെടുത്തത്. ഇത് കൂട്ടുപ്രതികൾക്ക് കൈമാറി. പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ കവർച്ച നടക്കുമ്പോൾ യാത്രക്കാരല്ലാം ഉറക്കത്തിലായിരുന്നു.

ബസിലെ നാൽപ്പതിലേറെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരു സംശയത്തിന് പോലും ഇടനൽകാതെയാണ് കവർച്ച നടത്തിയതെങ്കിലും പ്രതികളെ പിടിക്കാൻ സഹായകമായത് ടിക്കറ്റ് ബുക്കിങ് കൗണ്ടറിലെ സി.സി ടിവി ദൃശ്യങ്ങളാണ്. ടിക്കറ്റ് എടുത്ത ഓരോരുത്തരുടെയും വിലാസം ശേഖരിച്ച് പൊലീസ് നേരിൽ കണ്ട് മൊഴിയെടുത്തിരുന്നു. ഇക്കൂട്ടത്തിൽ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തിട്ടും പാതിവഴിയിൽ ഇറങ്ങിയവരുടെ വിവരവും പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തിലാണ് പിടിയിലായ ഷെമീം അൻസാരി ഉൾപ്പെടെയുള്ള സംഘമുണ്ടെന്ന് വ്യക്തമായത്. സംഘത്തിലെ മൂന്ന് പേരും മൂന്നു തവണയായെത്തിയാണ് ടിക്കറ്റ് വാങ്ങിയത്.

അതുപോലെ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചപ്പോഴും ഇവർ പല സ്ഥലങ്ങളിലായി ഇറങ്ങി. ഒരാൾ കോയമ്പത്തൂരിൽ ഇറങ്ങിയപ്പോൾ രണ്ടാമാൻ പാലക്കാട്ടിറങ്ങി. അടുത്തയാൾ തൃശൂരിലും. ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിച്ച മേൽവിലാസവും ഫോൺ നമ്പറും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. ടിക്കറ്റ് എടുക്കുന്നിടത്ത് മലയാളത്തിൽ സംസാരിച്ച പ്രതി പൊലീസ് പിടിയിലായപ്പോൾ ഹിന്ദി മാത്രമേ അറിയൂ എന്നായി. സി.സി ടിവി ദൃശ്യം പൊലീസ് കാണിച്ചതോടെ പ്രതി കുറ്റസമ്മതം നടത്തി.