കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് കല്ലുപറമ്പിൽ മുഹമ്മദിന്റെ വീട്ടിൽ കവർച്ച മുതലുകൾ സൂക്ഷിക്കാൻ രഹസ്യ അറകൾ. അറകളിൽ നിന്നും ലക്ഷങ്ങളുടെ തൊണ്ടി മുതലുകൾ പൊലീസ് കണ്ടെടുത്തു. 25 പവൻ സ്വർണ്ണാഭരണങ്ങൾ. മൂന്ന് റാഡോ വാച്ചുകൾ ഉൾപ്പെടെ അമ്പതോളം വാച്ചുകൾ. വെള്ളി ആഭരണങ്ങളും ടാബ്ലറ്റ്, കറൻസി നോട്ടുകൾ എന്നിവ വേറേയും. രണ്ടു കോടിയോളം രൂപ ചിലവഴിച്ച് പണിത വീട്ടിലെ അറകൾ കണ്ട് പൊലീസ് ഞെട്ടി. തെളിവെടുപ്പിനായി മുഹമ്മദിനെ കൊണ്ടു വന്നപ്പോഴാണ് ആർഭാട വസതിയിലെ ഒരുക്കങ്ങൾ പൊലീസ് കണ്ടത്. ഭാര്യയേയും മക്കളേയും മറ്റെവിടേയോ അയച്ച് വീട് പൂട്ടിയിട്ടിരുന്നു. ഇത്രയും കാലം നാട്ടുകാരുടെ മുന്നിൽ ആദരവ് പിടിച്ചു പറ്റിയ വ്യക്തിയായിരുന്നു മുഹമ്മദ്. അതെല്ലാം തകർന്ന് വീണു.

ഇതുവരെയുള്ള മുഹമ്മദിന്റെ പരിവേഷം ഇങ്ങിനെ. കോടീശ്വരനായ തോട്ടമുടമ. റബ്ബർ തോട്ടമുൾപ്പെടെ എൺപത് ഏക്കർ സ്ഥലം. ഫർണിച്ചർ നിർമ്മാണ യൂണിറ്റും ഷോറുമും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമ. പോരാത്തതിന് പെട്രോൾ പമ്പും. എന്നാൽ ഇയാളുടെ പണിയെന്തെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നൂറിലേറെ കവർച്ച കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അറിഞ്ഞപ്പോൾ കണ്ണൂർ ആലക്കോട് കുട്ടാപ്പറമ്പിലെ ജനങ്ങൾ മൂക്കത്ത് വിരൽ വെച്ചു പോയി. കഴിഞ്ഞ ദിവസം കോഴിക്കോട് കുന്നമംഗലത്ത് പിടിയിലായ മുഹമ്മദ് നാട്ടുകാരനായ മാന്യനാണെന്നറിഞ്ഞതോടെ കൊച്ചുകുട്ടാപ്പറമ്പിലെ ജനങ്ങൾ അങ്കലാപ്പിലായത്.

2008 ൽ ഇരിക്കൂറിൽ വെച്ച് ഒരു മോഷണ കേസിൽ പിടിയലായെങ്കിലും പിന്നീട് തളിപ്പറമ്പിലെ മാവിച്ചേരിയിൽ താമസം മാറ്റി. പെരുമാറ്റം കൊണ്ട് ജനപ്രീതി നേടിയ മുഹമ്മദ് 2008 ഡിസംബർ 15 ന് ഒരു മോഷണ കേസിൽ അറസ്റ്റിലായി. അതോടെ നാട്ടുകാർ ഇയാളുടെ റബ്ബർ തോട്ടത്തിലെ റബ്ബർ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു. ഈ കേസെല്ലാം തീർന്നശേഷം ്അവിടെ ജീവിക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഇയാൾ ആലക്കോട്ടെക്ക് മല കയറി. അവിടെ കൊച്ചു കുട്ടാപ്പറമ്പിൽ താമസമാക്കുകയും ചെയ്തു. താൻ മോഷണമെല്ലാം നിർത്തിയെന്നും നാട്ടുകാരോട് ആവർത്തിച്ചു പറഞ്ഞു. ആറടിയിലേറെ പൊക്കവും മാന്യമായ പെരുമാററവും നല്ല വസ്ത്ര ധാരണവും മുഹമ്മദിനെ നാട്ടുകാരുടെ ഇടയിൽ നല്ലവനാക്കി.

തുടർന്ന് ഒരു കവർച്ച കേസിലും ഇയാൾ ഉൾപ്പെട്ടുമില്ല. ബിസിനസ്സ് നടത്തി സമ്പന്നനെന്ന നിലയിലാണ് മുഹമ്മദ് അറിയപ്പെട്ടത്. നാട്ടുകാരെ കൊണ്ട് നല്ലതു മാത്രം പറയിക്കുന്ന മാന്യതയുടെ പരിവേഷവും ഇയാൾക്കുമേൽ വീണു. രാഷ്ട്രീയ പാർട്ടികൾക്കും മറ്റും കയ്യയച്ച് സംഭാവന നൽകുന്നതു വഴി മുഹമ്മദ് ജനപ്രിയനായി. എന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇയാൾ വൻ കവർച്ച നടത്തി വരുന്നതായി ആരും അറിഞ്ഞില്ല. പകൽ നാട്ടിൽ നിന്നും വണ്ടി കയറി കണ്ണൂർ റയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കോഴിക്കോട്ടേക്ക് എത്തും. അവിടെ നിന്ന് കവർച്ച നടത്തും. ഇതാണ് ഇയാളുടെ പതിവ്. രാത്രിയാണ് കവർച്ച നടത്തുക. പകൽ വീടുകൾ കണ്ട് വെച്ച് തനിച്ച് പോയാണ് കവർച്ച.

കവർച്ച നടത്താൻ ലക്ഷ്യമിടുന്ന വീടുകളുടെ പിറകുവശത്തെ വാതിൽ തകർത്താണ് അകത്ത് കയറുക. സ്വർണ്ണവും പണവും മാത്രമാണ് വീടുകളിൽ നിന്നും മോഷ്ടിച്ചെടുക്കുന്നത്. 2008 ൽ മാത്രം അഞ്ഞൂറ് പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ കണ്ണൂർ ടൗൺ സിഐ ആയിരുന്ന പി.പി. ഉണ്ണികൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ പിടികൂടപ്പെട്ട കേസുകളിലെല്ലാം ഭാര്യയെ ഉപയോഗിച്ച് രക്ഷപ്പെടുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. കവർച്ചക്കിരയായ വീടുകളിൽ ഭാര്യ അവരെ പോയി കണ്ട് കരഞ്ഞ് കാലുപിടിക്കുകയും കവർന്നെടുത്ത സ്വർണ്ണത്തിന് പണവും മറ്റും നൽകി രക്ഷപ്പെടുകയാണ് പതിവ്. മുഹമ്മദിന്റെ അറസ്റ്റോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ കവർച്ച കേസുകൾക്ക് തുമ്പുണ്ടാക്കാനാവുമെന്നാണ് പൊലീസ് കരുതുന്നത്.