- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകം അരങ്ങിൽ എത്തുമ്പോൾ രമേശൻ ട്രൂപ്പിന്റെ വണ്ടിയുമായി മോഷണത്തിന് ഇറങ്ങും; ആറ്റിങ്ങൽ വേദവ്യാസ നാടക ട്രൂപ്പ് ഉടമ ആട് ആന്റണിയെ തോൽപ്പിച്ച പെരുംകള്ളൻ; കട്ടു കൂട്ടിയത് പത്തു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ
തിരുവനന്തപുരം: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. ഇങ്ങനെ മോഷണം പതിവാക്കി കോടികളുടെ വസ്തുക്കൾ മോഷ്ടിച്ചു കൂട്ടിയ കള്ളൻ പിടിയിലായപ്പോൾ ഞെട്ടിയത് പൊലീസ് മാത്രമല്ല, നാട്ടുകാർ മുഴുവനായിരുന്നു. നാടകത്തെ മറയാക്കി മോഷണം നടത്തിയ ആറ്റിങ്ങൾ വേദവ്യാസ നാടക ട്രൂപ്പ് ഉടമ രമേശനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. നാടകം അരങ്ങിലെത
തിരുവനന്തപുരം: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. ഇങ്ങനെ മോഷണം പതിവാക്കി കോടികളുടെ വസ്തുക്കൾ മോഷ്ടിച്ചു കൂട്ടിയ കള്ളൻ പിടിയിലായപ്പോൾ ഞെട്ടിയത് പൊലീസ് മാത്രമല്ല, നാട്ടുകാർ മുഴുവനായിരുന്നു. നാടകത്തെ മറയാക്കി മോഷണം നടത്തിയ ആറ്റിങ്ങൾ വേദവ്യാസ നാടക ട്രൂപ്പ് ഉടമ രമേശനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. നാടകം അരങ്ങിലെത്തുമ്പോൾ ട്രൂപ്പിന്റെ വാഹനവുമായി കറങ്ങി നടന്ന് മോഷണമാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി. പത്ത് കോടിയിലേറെ രൂപയുടെ ആസ്തിയാണ് കള്ളൻ രമേശൻ ഇങ്ങനെ മോഷ്ടിച്ചു സമ്പാദിച്ചത്. മോഷ്ടിച്ച പണം വളരെ സേഫായി ചിട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു.
ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശി രമേശൻ(48), സഹായിയും ഡ്രൈവറുമായ മുരുകൻ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലടക്കം നൂറോളം കവർച്ചകേസുകളിലെ പ്രതികളാണ് ഇവരെന്ന് റൂറൽ എസ്‌പി ഷെഫീൻ അഹമ്മദ് അറിയിക്കുകയായിരിരുന്നു.
നാടകം മറയാക്കി മോഷണം പതിവാക്കിയ കള്ളൻ
വേദവ്യാസ നാടകകമ്പനിയുടെ മറവിലായിരുന്നു രമേശന്റെ മോഷണ പരിപാടി. ഈ ബോർഡും വച്ചാണ് ഇയാൾ പതിവായി മോഷണത്തിന് ഇറങ്ങിയിരുന്നത്. രാത്രിയിൽ പൊലീസിനെ കബളിപ്പിക്കാനാണ് നാടകകമ്പനിയുടെ ബോർഡ് വയ്ക്കുന്നത്. ആറ്റിങ്ങലിലെ വേദവ്യാസ എന്ന ട്രൂപ്പിന്റെ പേരിലായിരുന്നു രമേശന്റെ കറക്കം. കൊട്ടിയം, പാരിപ്പള്ളി, ഇരവിപുരം, പരവൂർ, ചാത്തന്നൂർ തുടങ്ങി കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് രമേശൻ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കാട്ടാക്കട, കല്ലമ്പലം, വലിയമല തുടങ്ങിയ സ്റ്റേഷൻ അതിർത്തികളിലും നാടകം കളിക്കാനെത്തി രമേശൻ മോഷണം നടത്തിയിട്ടുണ്ട്.
ഉത്സവ സ്ഥലങ്ങളിൽ വാനുമായെത്തി നാടകം ആരംഭിച്ച ശേഷം വാനുമായി കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു രമേശന്റെ ശൈലി. ഉത്സവമായതിനാൽ പുരുഷന്മാർ പലരും വീട്ടിലുണ്ടാകില്ലെന്നതും രമേശന് തന്റെ മോഷണശൈലി നടപ്പാക്കാൻ എളുപ്പമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടശേഷം മൂന്നും നാലും കിലോമീറ്റർ നടക്കും. ഒരുപ്രദേശത്തെ നാലോ അഞ്ചോ വീടുകളിൽ മോഷണത്തിന് കയറും. മോഷണത്തിനിടെ വീട്ടുകാർ ബഹളംവച്ചാലും സ്ഥലം വിടില്ല. തൊട്ടടുത്ത വീട്ടിലും കയറിയിട്ടേ രമേശൻ ഇവിടെ നിന്ന് പോവുകയുള്ളൂ. ഇതാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി.
നാടകപ്രേമികളും സുഹൃത്തുക്കളുമായ രണ്ടുപേർക്കായി സ്വന്തമായി നാടക ട്രൂപ്പ് ആരംഭിച്ചാണ് രമേശൻ നാടകലോകത്തേക്ക് എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങൽ കേന്ദ്രീകരിച്ചാരംഭിച്ച പ്രമുഖ നാടകട്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പുകളിലൊന്നായി. നാടകത്തിന്റെ കഥയോ അഭിനയമോ സംവിധാനമോ ആയൊന്നും രമേശന് കാര്യമായ ബന്ധമുണ്ടായില്ലെങ്കിലും നിരവധി നല്ലപ്രമേയങ്ങൾ നാടകങ്ങളായതോടെ ട്രൂപ്പിന്റെ നാടകങ്ങൾ നാടാകെ നിറഞ്ഞു.ഒരുദിവസം പോലും ഒഴിവില്ലാതെ നാടൊട്ടുക്ക് നാടകം കളിച്ചുതിമിർക്കുമ്പോൾ ഡ്രൈവറും മാനേജരും ചമഞ്ഞെത്തിയ രമേശൻ മോഷണകലയിൽ കുപ്രസിദ്ധിനേടി. ഇതിനിടെ ട്രൂപ്പ് സുഹൃത്തിന് കൈമാറി രമേശൻ ഏതാനും വാനുകളുമായി വാഹന രംഗത്തേക്ക് ചുവടുമാറ്റി. ഇതേ വാനുകളും ട്രൂപ്പിനായി ഓടിയിരുന്നതിനാൽ രമേശന്റെ മോഷണം ട്രൂപ്പിനും പേരുദോഷങ്ങൾക്കിടയാക്കി. ബുക്ക് ചെയ്ത നാടകം കളിക്കാനെത്തിയ ട്രൂപ്പിനെ ഉത്സവസ്ഥലത്ത് കള്ളന്മാരെന്ന് ജനം കൂകിവിളിച്ചു.
മോഷണത്തിനിടെ വെഞ്ഞാറമൂട്ടിലും വേളിയിലുമായി രണ്ട് തവണ പിടിക്കപ്പെട്ടതോടെ നാടകട്രൂപ്പുകാർ രമേശനെ കൈയൊഴിഞ്ഞു. ഇതിനിടെ ട്രൂപ്പിന്റെ ബാനർ സംബന്ധിച്ച തർക്കങ്ങളെച്ചൊല്ലി രമേശൻ സുഹൃത്തുക്കളുമായി തെറ്റിപ്പിരിഞ്ഞു. നാടകലോകത്തുനിന്ന് പിന്മാറിയ രമേശൻ തസ്‌കരശ്രീയായി നാട്ടിൽ കൊള്ള തുടർന്നു. മോഷ്ടാവെന്ന് നാട്ടിലെ കുപ്രസിദ്ധിയിൽ മനംമടുത്ത രമേശൻ പെരുങ്കുഴിയിൽ വാങ്ങിയ വീടും വസ്തുവും വിറ്റ് ആറ്റിങ്ങലേക്ക് ചേക്കേറി. കോടികളുടെ മുതലുകൾ കവർച്ചചെയ്ത് ആഡംബരജീവിതം തുടരുന്നതിനിടെയാണ് പിടിയിലായത്.
പൊന്നിനോട് പെരുത്തിഷ്ടം, ജീവിതം ആഡംബരം
സ്വർണ്ണത്തോടാണ് കള്ളൻ രമേശന് ഇഷ്ടം കൂടുതൽ. അതുകൊണ്ട് സ്വർണം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വീട്ടിൽ കയറി മോഷ്ടിക്കുകയാണ് കള്ളൻ രമേശന്റെ സ്ഥലിരം പരിപാടി. സ്വർണവും പണവുമാണ് കൂടുതലും അപഹരിക്കുന്നത്. സ്വർണം വിറ്റു കാശാക്കിയ ശേഷം ചിട്ടിയിൽ നിക്ഷേപിക്കും. 12 ഓളം ചിട്ടികളിൽ അംഗമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തംപേരിൽ വസ്തുക്കൾ വാങ്ങി. മോഷണകേസുകളുടെ എണ്ണം നോക്കിയാൽ ആട് ആന്റണിയെ വെല്ലും. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ രമേശന്റെയും നീക്കങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
കല്ലമ്പലത്തെ ഒരു വീട്ടിൽ നിന്ന് 24 പവൻ കവർന്നതുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇയാൾ നടത്തിയ നൂറോളം കവർച്ചകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കല്ലമ്പലത്തുനിന്ന് കവർന്ന സ്വർണം ഇയാളിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കല്ലമ്പലം, കാട്ടാക്കട, വലിയമല തുടങ്ങിയ സ്ഥലങ്ങളിലും കൊല്ലം ജില്ലയിലെ പരവൂർ, പാരിപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിലുമായി നടത്തിയ കവർച്ചകളാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വീടുകളുടെ പിൻവാതിൽ തകർത്ത് മേശകളിലും അലമാരകളിലും സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇയാൾ കവർച്ച ചെയ്തിട്ടുള്ളത്.
സ്വന്തം പേരിലുള്ള മിനിബസിൽ കറങ്ങി നടന്നായിരുന്നു കവർച്ച. വാഹനം സുരക്ഷിതമായി ആളൊഴിഞ്ഞ റോഡുകളിൽ ഒതുക്കിയിട്ട് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ് കവർച്ച നടത്താറുള്ളത്. മോഷണമുതലുകളായ സ്വർണം വിറ്റ് ഇയാൾ നടത്തിയിട്ടുള്ള സമ്പാദ്യങ്ങളുടെ കണക്കുകൾ പൊലീസ്‌ശേഖരിച്ചുവരികയാണ്. വൻതുകകളാണ് ബാങ്കുകളിൽ നിക്ഷേപമായുള്ളത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പല സ്ഥലങ്ങളിലും വസ്തുക്കളും സമ്പാദിച്ചതായി സൂചനയുണ്ട്.
മോഷണത്തിൽ നിന്നും മാത്രം പത്തുകോടിയോളം രൂപയുടെ ആസ്തി ഇയാൾ നേടിയതായാണ് വിലയിരുത്തുന്നത്. ബാങ്ക് ഡെപ്പോസിറ്റ് 4 കോടിയോളം വരും. സർക്കാർ ചിട്ടിയിൽ 4 കോടിയോളം. ഇതിൽ മാത്രം വർഷം തോറും അടയ്ക്കുന്നത് 5 ലക്ഷം രൂപയിലേറെ. മോഷണത്തിനു ശേഷം വീട്ടിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും രമേശന്റെ രീതിയായിരുന്നു.
അകത്തായപ്പോൾ അന്തം വിട്ട് നാടകപ്രവർത്തകർ
രമേശൻ അറസ്റ്റിലായതോടെ ശരിക്കും ഞെട്ടിയത് നാടകപ്രവർത്തകരായിരുന്നു. പ്രശസ്തരും പ്രതിഭാധനന്മാരുമായ നിരവധി പേരെ രംഗത്തിറക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു രമേശൻ. ഫൈൻആർട്ട്‌സ് സൊസൈറ്റികളുടേതടക്കം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു ഇയാൾ. ഒടുവിൽ അകത്തായപ്പോഴാണ് നാടകക്കള്ള'ന്മാരുടെ യഥാർത്ഥമുഖം നടീനടന്മാരും നാട്ടുകാരും മനസ്സിലാക്കിയത്.
ഇതാദ്യമായല്ല രമേശൻ അറസ്റ്റിലാകുന്നത്. വേദവ്യാസയുെട കീഴിൽ തുമ്പോലാർച്ചയുമായെത്തിയ കൊട്ടിയത്തെ നാടക ട്രൂപ്പ് മുതലാളിയെ പൊലീസ് പൊക്കിയതോടെ സമിതിയിൽ ചേർന്ന കലാകാരന്മാരും കലാകാരികളും നേരത്തെ പട്ടിണിയിലായിരുന്നു. വടക്കൻ കേരളത്തിലുള്ള ചില നാടകപ്രവർത്തകർ സമിതി ഏറ്റെടുത്തു നടത്തിയെങ്കിലും കള്ളന്റെ നാടകമെന്ന ദുഷ്‌പേര് മാറിയില്ല. കഴിവുറ്റ കലാകാരന്മാരായിരുന്ന ഇവരൊക്കെയും ഒരു സീസണിലെ പട്ടിണിക്കുശേഷം മറ്റുസമിതികളെ അഭയംപ്രാപിക്കുകയായിരുന്നു.