തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമായികൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ആരായിരുന്നു മധു, മാനസികരോഗിയെന്നും കള്ളനെന്നും മുദ്രകുത്തി ആൾകൂട്ടത്തിലെ സിംഹങ്ങളായ പുരുഷ കേസരികൾ തല്ലികൊന്ന ആ യുവാവ് നമ്മളെപ്പോലെ സാധാരണക്കാരനായി ജീവിച്ച് വന്നിരുന്നയാളാണ്. വീടും കുടുംബവുമൊക്കെ പുലർത്താനായി അധ്വാനിച്ചിരുന്ന മധു എങ്ങനെയാണ് കാട്ടിലും മേട്ടിലും അലഞ്ഞ് നടക്കുന്നവനായി മാറിയത്. ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച ഒരു അപകടമാണ് അയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ള ആളാക്കി മാറ്റിയത്.

അട്ടപ്പാടിയിൽ ആദിവാസികൾ ജീവിത നിലവാരം വളരെ താഴെ നിൽക്കുന്ന ആളുകളാണ്. ഇവിടേക്ക് വികസന പാക്കേജ് എന്ന പേരിൽ ഒഴുകുന്നത് കോടികളാണ്. ആദിവാസികളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ നിർമ്മിതി എന്ന പദ്ധതിയുടെ മേഖല ചുമതലക്കാരനും ട്രെയിനറുമായിരുന്നു മധു. ഒരിക്കൽ ഒരു ട്രെയ്നിങ്ങ് പരിപാടിക്കിടെ സംഭവിച്ച ഒരു ഒരു അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മധുവിന്റെ മാനസിക നില തെറ്റിയത്. പരിക്കേറ്റ മധുവിന് നല്ല ചികിത്സ ലഭിച്ചതുമില്ല.

പിന്നീട് ഊരിൽ തിരിച്ചെത്തിയ മധു ഭക്ഷണം ലഭിക്കാതെ വരുമ്പോൾ കടകളിൽ നിന്ന് ഒരു ബിസ്‌ക്കറ്റോ മറ്റോ എടുത്ത് തുടങ്ങി. മാനസിക അസ്വാസ്ത്യമുള്ളവനെന്ന് അറിഞ്ഞട്ടും ആരൊക്കെയോ അയാളെ കള്ളനാക്കി മാറുകയും പൊതു സമൂഹത്തിൽ നിന്നും ഒരു പരിഗണനയും നൽകാതെ ഒഴിവാക്കുകയും ചെയ്തു. അങ്ങനെയാണ് മറ്റുള്ളവരുമായി സഹകരണമില്ലാത്ത അയാൾ കാട്ടിലേക്ക് കയറിയത്. വനത്തിലെ കായ്കളും മറ്റും ഭക്ഷിച്ച് ജീവിച്ച അയാൾ അവിടെ ഭക്ഷണം ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ മാത്രമാണ് അയാൾ മറ്റുള്ളവർക്ക് ഇടയിലേക്ക് വന്നിരുന്നത്.

നാട്ടിലെ ആളുകൾ നൽകുന്ന അരിയും മറ്റ് ഭക്ഷണ പദാർഥങ്ങളും ഇലയിൽ പൊതിഞ്ഞും പകുതി പാകം ചെയ്ത് കഴിച്ചുമൊക്കെയാണ് അയാൾ മുന്നോട്ട് പോയിരുന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകൻ മധുവിന്റെ മരണം കേരളം ചർച്ചയാക്കുകയാണ്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദിച്ച് അവശനാക്കിയതാണ് മധുവിന്റെ ജീവനെടുത്തത്. ഇരുന്നൂറ് രൂപയുടെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ മർദ്ദിച്ചത്. മധുവിനെ മോഷണ വസ്തുവുമായി കൈയോടെ പിടിക്കുകയായിരുന്നില്ല. മറിച്ച് സംശയത്തിന്റെ പേരിൽ കാടു കയറി. ഈ സംഘമാണ് മധുവിനെ കാട്ടിനുള്ളിൽ നിന്ന് പിടിച്ചത്. മാനസിക പ്രശ്‌നമുണ്ടെന്ന് അറിഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ചു. ഇതാണ് മരണത്തിന് കാരണമായത്.'

കടുകുമണ്ണ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിഞ്ഞിരുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മോഷണം തൊഴിലാക്കിയ ആളായിരുന്നില്ല മധു. നാട്ടിലെ മോഷണങ്ങൾ എല്ലാം ആരുടേയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചവരാണ് മധുവിനെ കുറ്റക്കാരനായി കാണാൻ ആഗ്രഹിച്ചതെന്നാണ് സൂചന.

അട്ടപ്പാടിയിലെ കുടിയേറ്റക്കാരാണ് ആക്രമത്തിന് നേതൃത്വം കൊടുത്തത്. ഇതിൽ പലരും മദ്യലഹരിയിലായിരുന്നു. കാട്ടിനുള്ളിൽ നിന്ന് പിടിച്ച മധുവിനെ അവിടെ വച്ചു തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കി. അതിന് ശേഷം സെൽഫി എടുക്കൽ. പിന്നെ കള്ളനെന്ന് പറഞ്ഞ് പൊലീസിന് കൈമാറൽ. ഇവിടെ സെൽഫിയെടുത്തയാണ് സംഭവത്തിലെ സത്യം പുറം ലോകത്ത് എത്തിച്ചത്. നാട്ടുകാരാണ് തല്ലിയതെന്നാണ് ആരോപണം. എന്നാൽ മൂന്നോ നാലോ പേർ മാത്രമാണ് കാടു കയറി മധുവിനെ പിടിച്ചതെന്നതാണ് വസ്തുത. സദാചാര കൊലയുടെ പുതിയ മോഡലാണ് അട്ടപ്പാടിയിലെ പുതിയ സംഭവം.

സംഭവത്തിന് പിന്നിൽ വനം കയ്യേറ്റ മാഫിയയാണെന്ന് ആദിവാസി, ദളിത് ആക്റ്റിവിസ്റ്റ് ധന്യ രാമൻ ആരോപിക്കുന്നത്. സാധാരണ ആൾകൂട്ട കൊലപാതകങ്ങളിൽ കൊല്ലപ്പെടുന്നത് അറിയാത്ത ആളായിരിക്കും എന്നാൽ 27 വർഷമായി മധുവിനെ അറിയുന്നവരാണ് ഈ സംഭവത്തിന് പിന്നിൽ. മധു ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കേണ്ടി വ്നനതിന് ട്രൈബൽ ഡവലപ്മെന്റ് കമ്മീഷനുൾപ്പടെ ഉത്തരവാദികളാണെന്നും അവർ ആരോപിക്കുന്നു. 13ാം ധനകാര്യ കമ്മീഷൻ ആദിവാസികളുടെ ആരോഗ്യത്തിനും ഭക്ഷണത്തിനും പാർപ്പിടത്തിനുമായി 148 കോടി രൂപ നൽകിയിട്ടും അതിന്റെ കൃത്യമായ കണക്കുകൾ പോലും സമർപ്പിക്കാത്ത വകുപ്പും ഇതിന് ഉത്തരവാദികളെന്ന് അവർ ആരോപിക്കുന്നു.