കൊല്ലം: ശിവറാമിനോട് പറയേണ്ട കാര്യം ശ്രീറാമിനോടും ഡെന്നിസിനോട് പറയേണ്ടത് ഡെറിക്കിനോടുമൊക്കെ പറയും..എന്ത് ചെയ്യണമെന്നറിയാതെ ആകെ ആശയക്കുഴപ്പിത്തിലാണ് കൊല്ലം വള്ളിക്കീഴ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. എന്തിനേറെ പറയുന്ന ശി്ക്ഷപോലും മാറിയ സംഭവം ഉണ്ട് ഇവിടെ.

ഈ ആശയക്കുഴപ്പത്തിന് പിന്നിലെ കൗതുകവും രസകരവുമായ ഒരു കഥയുമുണ്ട്. ആകെ 25 ജോഡി ഇരട്ടകളാണ് ഈ സ്‌കുളിൽ ഉള്ളത്.യു.കെ.ജി.മുതൽ പ്ലസ്ടുവരെ പഠിക്കുന്ന 25 ജോടി ഇരട്ടക്കുട്ടികളുണ്ടിവിടെ.ഒരേവേഷം ധരിച്ചുവന്നാൽ പിന്നെ പറയണ്ട കാര്യം.എന്നാൽ ഇരട്ടകൾക്ക് മറ്റിരട്ടകളെ മാറിപ്പോയ സംഭവമില്ല എന്നത് ആശ്ചര്യവുമാണ്. രക്തം രക്തത്തെ തിരിച്ചറിയുന്നപോലെ ഒരു അടുപ്പമുണ്ട് അവർക്കിടയിൽ. കൂട്ടത്തിൽ വിജാതിയ ഇരട്ടകളും ഉണ്ട്.

രണ്ട് സി.യിലെ സേവ്യർ ജൂഡിനെയും പീറ്റർ ജെയ്ക്കിനെയും തമ്മിൽ മാറിപ്പോകാത്ത അദ്ധ്യാപകരാരുമില്ല സ്‌കൂളിൽ. 'അതിസൂക്ഷ്മ' നിരീക്ഷണത്തിനൊടുവിൽ ഒരുവന്റെ നെറ്റിയിൽ കുത്തുപോലുള്ള കാക്കപ്പുള്ളി കണ്ടുപിടിച്ചു അദ്ധ്യാപകർ. പക്ഷേ, മുഖത്തേക്ക് മുടി ചിതറിവീണുകിടന്നാൽ സംശയം തീരില്ല. അത്ര സാമ്യമാണ് ഇരുവരും തമ്മിൽ.

വള്ളിക്കീഴ് സ്‌കൂളിൽ യു.പി.വിഭാഗത്തിൽ ഒൻപതും എൽ.പി.യിലും ഹൈസ്‌കൂളിലും ഏഴും ജോടി ഇരട്ടകളാണുള്ളത്. ആറിലും എട്ടിലും നാലുജോടി ഇരട്ടകളുണ്ട്. എട്ട് സി., ഏഴ് ഡി., ആറ് സി., മൂന്ന് ബി. എന്നീ ക്ലാസുകളിൽ രണ്ടു ജോടിവീതം ഇരട്ടകളുണ്ട്. വള്ളിക്കീഴ് സ്‌കൂളിൽ ഇങ്ങനെ ഇരട്ടക്കൂട്ടങ്ങൾ ഓടിക്കളിച്ചു തുടങ്ങിയിട്ട് വർഷങ്ങളായെന്ന് അദ്ധ്യാപകർ പറയുന്നു.പ്രമുഖ ഡോക്ടർമാർ അടക്കമുള്ള ഇരട്ടസഹോദരന്മാരായ പൂർവ വിദ്യാർത്ഥികളും ഉണ്ടിവിടെ. ഇവരെയെല്ലാംകൂട്ടി ഒരു സംഗമം നടത്താനുള്ള ആലോചനയിലാണ് സ്‌കൂൾ അധികൃതർ-ഒരേ മുഖങ്ങളുടെ ഒരു ചെറിയ സമ്മേളനം.