- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേബി ജോണിന്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ തുടക്കം; 'ജനകീയനായ മദ്യവ്യവസായി'യായി പേരെടുത്തു; രവി പിള്ളയുടെ ബന്ധുത്വമെങ്കിലും 'ഉദാര സംഭാവനകൾ' വഴി ചവറയിലെ ഇടതു സ്ഥാനാർത്ഥിയായി: ഷിബു ബോബി ജോണിനെ അട്ടിമറിച്ച് ആർഎസ്പിയുടെ കഥ കഴിച്ച വിജയൻ പിള്ളയുടെ കഥ
തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ തോൽവി. വിജയൻ പിള്ള എന്ന ജുബ്ബാക്കാരനിലൂടെ സിഎംപി ഇടതു മുന്നണി വിജയം നേടിയപ്പോൾ അത് ആർഎസ്‌പി എന്ന പാർട്ടിയുടെ ശവപ്പെട്ടിയിലുള്ള ആണിയായി മാറി. ചവറയിൽ നിന്നും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പിള്ള വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ പലരു ചോദിച്ചത് ആരാണ് ഈ വിജയൻ പിള്ള എന്നായിരുന്നു. എന്നാൽ ചവറക്കാർക്ക് വിജയൻ പിള്ളയെ തെരഞ്ഞെടുക്കാൻ ഒരു അമാന്തവും ഉണ്ടായില്ല. കാരണം നാട്ടുകാരുടെ എന്തുകാര്യത്തിനും ഓടിയെത്തുന്ന ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിജയൻ പിള്ള. യുഡിഎഫിൽ നിന്നും ചവറ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് മണ്ഡലം നൽകിയത്. എന്നാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഐ(എം) തന്നെയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ സിപിഐ(എം) സ്വതന്ത്രനെ ഇറക്കിയപ്പോൾ കേട്ട വിമർശനങ്ങൾ കടുത്തതായിരുന്നു.
തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ തോൽവി. വിജയൻ പിള്ള എന്ന ജുബ്ബാക്കാരനിലൂടെ സിഎംപി ഇടതു മുന്നണി വിജയം നേടിയപ്പോൾ അത് ആർഎസ്‌പി എന്ന പാർട്ടിയുടെ ശവപ്പെട്ടിയിലുള്ള ആണിയായി മാറി. ചവറയിൽ നിന്നും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പിള്ള വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ പലരു ചോദിച്ചത് ആരാണ് ഈ വിജയൻ പിള്ള എന്നായിരുന്നു. എന്നാൽ ചവറക്കാർക്ക് വിജയൻ പിള്ളയെ തെരഞ്ഞെടുക്കാൻ ഒരു അമാന്തവും ഉണ്ടായില്ല. കാരണം നാട്ടുകാരുടെ എന്തുകാര്യത്തിനും ഓടിയെത്തുന്ന ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിജയൻ പിള്ള.
യുഡിഎഫിൽ നിന്നും ചവറ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് മണ്ഡലം നൽകിയത്. എന്നാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഐ(എം) തന്നെയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ സിപിഐ(എം) സ്വതന്ത്രനെ ഇറക്കിയപ്പോൾ കേട്ട വിമർശനങ്ങൾ കടുത്തതായിരുന്നു. അതുകൊണ്ട് തന്നെ സിഎംപിക്ക് സീറ്റ് നൽകി പിന്നാമ്പുറം വഴിയാണ് വിജയൻ പിള്ളയെന്ന കോടീശ്വരനെ ഇടതു മുന്നണി ഗോധയിൽ ഇറക്കിയത്. എന്നാൽ, ഇത് പണക്കാരൻ എന്ന് കരുതി നൽകിയ സീറ്റുമല്ല. മറിച്ച്, മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെ കുറിച്ച് പഠിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയാക്കിയത്.
പിണറായി വിജയന്റെ നവകേരള മാർച്ച് കൊല്ലത്തെത്തിയപ്പോഴാണ് യഥാർത്ഥത്തിൽ പിള്ളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയുണ്ടായതെന്നാണ് സൂചന. വ്യവസായി രവി പിള്ളയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. ഇതു കൂടി സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പരിഗണിച്ചു എന്നുവേണം കരുതാൻ. പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ മദ്യനയം തിരുത്തുന്നത് അടക്കം ചർച്ചയായെന്ന് അന്ന് വാർത്കൾ പുറത്തുവന്നിരുന്നു.
ആർഎസ്‌പി എന്ന രാഷ്ട്രീയ പാർട്ടിയെ കേരളത്തിൽ കരുപ്പിടിപ്പിച്ച ബേബി ജോണിന്റെ ശിഷ്യനായാണ് വിജയൻ പിള്ള രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. ഇങ്ങനെ പിതാവിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ച ആളിൽ നിന്നുമാണ് ഷിബു ബേബി ജോണിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗത്തായിരുന്ന അദ്ദേഹത്തെ അടർത്തിയെടുത്താണ് ഇത്തവണ ഇടതു മുന്നണി വിജയം നേടിയത്.
ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 45 കൊല്ലമായി പൊതുരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 1979ൽ ചവറയിൽ പഞ്ചായത്ത് അംഗമായി. 20 കൊല്ലം പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു. ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. 2000-05 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. വിവിധ സംഘടകളുടെ നേതൃസ്ഥാനത്ത് നിന്ന പൊതുപ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ടു. ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. യുഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല.
കാരണം മദ്യവ്യവസായി ആണെങ്കിലും വിജയൻ പിള്ള ചവറക്കാർക്ക് ഏറെ പരോപകാരിയായിരുന്നു. അമ്പലത്തിലെ ഉത്സവമാണോ പള്ളിയിലെ പെരുന്നാളാണോ എന്ന് നോക്കാതെ സംഭാവനകൾ നൽകിയും സഹായം അർഹിക്കുന്നവർക്ക് സഹായം എത്തിച്ചും അദ്ദേഹം ജനകീയനായ മദ്യവ്യവസായി ആയി മാറി. ഇതൊക്കെ തന്നെയാണ് അദ്ദേഹത്തിന് വിജയവഴിയിൽ എത്തിച്ചതും.
ചെറുപ്പത്തിൽ ആർഎസ്‌പിക്കൊപ്പം നിന്ന അദ്ദേഹം പാർട്ടി പിളർന്നപ്പോൾ ബേബി ജോണിനൊപ്പം പോയി. ബേബി ജോൺ മരിച്ചപ്പോൾ കെ കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേർന്നു. ആ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം ഡിഐസിക്ക് വേണ്ടി പ്രവർത്തിച്ചു. അതിന്റെ നേട്ടം ഡിഐസിക്കുണ്ടായി. ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ ഒപ്പം പോകാൻ വിജയൻ പിള്ള ഒരുങ്ങിയില്ല. 2006ൽ എൻകെ പ്രേമചന്ദ്രനെ സഹായിച്ചു. അദ്ദേഹം ജയിച്ചു. കോൺഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് വിജയൻ പിള്ള കോൺഗ്രസിലെത്തി. ഡിസിസി സെക്രട്ടറിയായി. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷിബു ബേബിജോൺ ജയിച്ചപ്പോൾ അതിന്റെ പിന്നിലെ തന്ത്രങ്ങളും ജയത്തിലേക്കുള്ള കരുനീക്കങ്ങളും വിജയൻപിള്ളയുടെ വകയായിരുന്നു.
ഉമ്മൻ ചാണ്ടി മദ്യയനം പ്രഖ്യാപിച്ചപ്പോൾ വിജയൻപിള്ള യുഡിഎഫിൽനിന്ന് അകന്നു. മദ്യവ്യവസായികൾ കോൺഗ്രസിൽ വേണ്ട എന്ന പരാമർശം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നടത്തി. വിജയൻ പിള്ളയെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ പിള്ള പടിയിറങ്ങി. കോൺഗ്രസ് വിട്ടു. അതിനിടയിൽ എൽഡിഎഫ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തു. അതിനാൽ കോൺഗ്രസ് പുറത്താക്കി. രാജിവച്ചുവെന്ന് വിജയൻപിള്ള പറയും. പുറത്താക്കിയെന്ന് കോൺഗ്രസും.
പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി.കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി.
വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ മുന്നിലെന്നാണ് വിജയൻപിള്ള. ആരെയും വീടിന് പുറത്ത് നിർത്തില്ല. എല്ലാവരെയും വീട്ടിൽ കയറ്റി ഇരുത്തും. ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുത്തേ സംസാരം തന്നെ തുടങ്ങൂ, ഇങ്ങനെയാണ് വിജയൻ പിള്ളയുടെ ശീലങ്ങൾ. മിക്കവാറും ക്ഷണിച്ച എല്ലാ കല്യാണത്തിനും എത്തും ആവശ്യമായവർക്ക് സഹായവും നൽകും. മണ്ഡലത്തിൽ നല്ല ബന്ധുബലവും കൂടിയായപ്പോൾ ഷിബു ബേബി ജോൺ ശരിക്കും അടിപതറുകയായിരുന്നു.
ആർ ബാലകൃഷ്ണ പിള്ളയെന്ന നേതാവ് അരയും തലയും മുറുക്കി ഷിബുവിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയതും വിജയൻ പിള്ളയെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. നിയമസഭയിലെ കുബേരന്മാരുടെ പട്ടികയിലാണ് വിജയൻ പിള്ള ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ, പണത്തിന് ഉപരിയായി ജനകീയതയും മുതലാക്കിയാണ് സിഎംപിയുടെ ഏക അംഗം സഭയിൽ എത്തിയിരിക്കുന്നത്. മദ്യനയം തിരുത്തുമെന്ന സൂചന തന്നെയാണ് ഇപ്പോൾ എൽഡിഎഫ് നേതാക്കൾ നൽകുന്നുണ്ട്. മദ്യവ്യവസായി കൂടിയായ വിജയൻ പിള്ളയുടെ സ്വാധീനം ഈ തീരുമാനത്തിലും ഉണ്ടാകുമോ എന്നതാണ് ഇനി കാത്തിരുന്ന് അറിയേണ്ടത്.