പാലക്കാട്: ആയിരം പേർക്കായി ഇന്നു വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കുകയാണ് വില്ലേജ് ഓഫീസർ രമേഷ്. 150 പേർക്ക് ആയിരം രൂപ വിലമതിക്കുന്ന ഓണക്കിറ്റുകൾ. ഒരു കിറ്റിൽ 10 കിലോ അരിയുൾപ്പടെ 18 കിലോ തൂക്കം വരുന്ന 21 ഇനങ്ങൾ. കിടപ്പുരോഗികൾക്കും നിരാംലംബർക്കും ലക്ഷങ്ങൾ മതിക്കുന്ന പല വിധത്തിലുള്ള സഹായങ്ങൾ. എല്ലാം രമേഷിന്റെ നേതൃത്വത്തിൽ.

വില്ലേജ് ഓഫീസിന്റെ നാലു ചുമരുകൾക്കുള്ളിലിരുന്ന് സർക്കാർ ഫയലുകളിൽ ഒപ്പിട്ട് ശമ്പളം വാങ്ങാതെ, സേവനത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു മാതൃകയാവുകയാണ് ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറ- 2 വില്ലേജ് ഓഫീസിലെ ഓഫീസർ ഇ.ബി.രമേഷ്. വാട്ട്‌സ് ആപ്പും ഫേസ് ബുക്കും വഴിയാണ് ഈ വില്ലേജ് ഓഫീസർ സാന്ത്വനക്കൂട്ടായ്മ ഒരുക്കുന്നത്.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ലഭിച്ച സഹായം കൊണ്ട് ഇന്ന് തിങ്കളാഴ്ച ആയിരം പേർക്ക് ഓണസദ്യയും 150 പേർക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. കഴിഞ്ഞ വർഷവും ഓണക്കിറ്റ് വിതരണവും സദ്യയും നടത്തിയിരുന്നു. റംസാൻ കിറ്റുകളും നൽകാറുണ്ട്. സാധുക്കൾക്ക് സാന്ത്വനമേകുന്ന സാന്ത്വനം എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനവും വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ചാണ്.

ജീവിതത്തിലെ ചില അനുഭവങ്ങളാണ് കാരുണ്യത്തിന്റെ വഴികളിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. രണ്ടു വർഷം മുമ്പ് ഒരുഅപകടത്തിൽപെട്ട കുടുംബത്തിന് സഹായം എത്തിച്ചു കൊണ്ടായിരുന്നു സേവനത്തിന്റെ തുടക്കം. ആറു മാസം പ്രായമുള്ള കുഞ്ഞ് അപകടത്തിൽ മരിച്ചു. സഹോദരനും കുട്ടികളുടെ ഉപ്പക്കും ഉമ്മക്കും ഗുരുതരമായി പരിക്കേറ്റു.

കുടുംബത്തിനു വേണ്ടി ഇദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ മോഡൽ ഇംഗ്ലീഷ് സ്‌കൂളിലെ പിടിഎ വഴിയും ഫേസ്‌ബുക്ക് പോസ്റ്റ് വഴിയും 27,000 രൂപ സമാഹരിച്ചു നൽകാൻ കഴിഞ്ഞു. തുടർന്ന് ദയ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി. ഒരു വർഷം മുമ്പ,് അമ്പതിനായിരം രൂപ വായ്പയെടുത്ത് പണം തിരിച്ചടയ്ക്കാത്ത തോട്ടക്കരയിലെ രാജേന്ദ്രന്റെ വീട്ടിലേക്ക് ജപ്തി ചെയ്യാൻ എത്തിയ വില്ലേജ് ഓഫീസർ വീട്ടിലെ കാഴ്‌ച്ച വിശ്വസിക്കാനായില്ല.

ആറു വർഷമായി നട്ടെല്ലിനു ക്ഷതമേറ്റ് അനങ്ങാൻ വയ്യാതെ കിടക്കുന്ന ഗൃഹനാഥൻ. പ്രാഥമിക കാര്യങ്ങൾക്കു പോലും പരസഹായം വേണ്ടി വരുന്ന അവസ്ഥ. ഭാര്യക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ. രണ്ടു ചെറിയ കുട്ടികൾ. നിത്യേന ഭക്ഷണം കഴിക്കുന്നതു പോലും നാട്ടുകാരുടെ ചെലവിൽ. ജപ്തി ചെയ്യാൻ പോയ വില്ലേജ് ഓഫീസർ അതു വേണ്ടെന്നുവച്ച് മടങ്ങി. പിന്നെ രാജേന്ദ്രനെ ജീവിതത്തിലേക്ക് എങ്ങനെ മടക്കിക്കൊണ്ടു വരുമെന്നായി വില്ലേജ് ഓഫീസറുടെ ചിന്ത.

സ്വന്തം ഫേസ് ബുക്കിൽ രാജേന്ദ്രന്റെ ദയനീയ കഥ പോസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം വരെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ സമാഹരിച്ച് രാജേന്ദ്രന് നൽകാൻ കഴിഞ്ഞു. വായ്പ അടയ്ക്കാൻ കഴിയാത്ത സ്ഥിതി സർക്കാറിലേക്ക് എഴുതി അതൊഴിവാക്കി. മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് പ്രത്യേകമായി ശുപാർശ ചെയ്ത് രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിക്കാനും കഴിഞ്ഞു. ഒറ്റപ്പാലത്തെ ഒരു പ്രൈവറ്റ് വിദ്യാലയത്തിൽ രണ്ടുമക്കളേയും സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വരെ ഫേസ്‌ബുക്ക് വഴി സ്‌പോൺസർമാരെ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

സംഗീത എന്ന ബി.ടെക് വിദ്യാർത്ഥിനിയുടെ സഹോദരന് ഒരു ദിവസം പനി വന്നു. ചികിത്സിച്ചു കൊണ്ടിരിക്കെ ഒരാഴ്‌ച്ചക്കകം മരിച്ചു. തുടർന്ന് സംഗീതക്കും പനി വന്നു. വിശദമായ പരിശോധനയിൽ ബ്രെയിൻ ട്യൂമറാണെന്നു മനസ്സിലായി. മക്കളുടെ ദുരന്തത്തിൽ ആ മാതാപിതാക്കൾ പകച്ചു പോയി. ഇവിടേക്കും ആശ്വാസമായി കടന്നു വന്നത് രമേഷിന്റെ ദയ ചാരിറ്റബിൾ ട്രസ്റ്റാണ്.കുട്ടിയുടെ ഓപ്പറേഷൻ നടത്തിയെങ്കിലും ഇപ്പോൾ അത്യാസന്ന നിലയിലാണ്.

പക്ഷേ ഓൺലൈൻ കൂട്ടായ്മ വഴി രണ്ടു ലക്ഷത്തോളം രൂപ സഹായിക്കാൻ കഴിഞ്ഞു. പാലക്കാടിനടുത്ത് പരുത്തിപ്പാറ സ്വദേശിയായ രമേഷിന്റെ ഭാര്യ ഷൈനി രമേഷും സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമാണ്.