പാലക്കാട്: ഒരു ക്രിക്കറ്റ് ബോൾ വന്നുകൊണ്ടതോടെ കാഴ്ചയുടെ ലോകത്തുനിന്ന് ഇരുട്ടിലേക്കു വീണതാണ് മണലൂർ ചുങ്കത്ത് വീട്ടിൽ വിപിൻ എന്ന മുപ്പതുകാരൻ. ഒരു രാത്രി ഉറങ്ങാൻ കിടന്ന വിപിൻ ഉണർന്നെണീറ്റത് അന്ധതയുടെ ലോകത്തേക്കായിരുന്നു. പക്ഷേ ഇരുട്ടിന്റെ ലോകത്തും തോൽക്കാൻ മനസ്സില്ലാത്ത വിപിന് ഇനി കാഴ്ച തിരിച്ചു കിട്ടിയില്ലെങ്കിലും സങ്കടം വരില്ലത്രേ. ഇനി കണ്ണില്ലാത്തവർക്കുവേണ്ടി ജീവിക്കണമെന്നാണ് മോഹം.

പത്തിൽ പഠിക്കുമ്പോൾ കളിക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് ബോൾ ഇടതുകണ്ണിന്റെ താഴെ കവിളിലായി വന്നുകൊണ്ടതാണ്. കാര്യമായി വേദന തോന്നാത്തതുകൊണ്ട് കാര്യമാക്കിയില്ല. പക്ഷേ ആറുമാസത്തിനുശേഷം ഒരു ചെറിയ വേദനയോടെ ആ കണ്ണിന്റെ കാഴ്ച പോയി. പതിനാറു വയസ്സിലായിരുന്നു അത്. ക്രമേണ വലതുകണ്ണിലേക്ക് ഇതു ബാധിച്ചേക്കാമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. തുടർന്ന് വലതുകണ്ണിനെ ബാധിക്കാതിരിക്കാൻ കണ്ണു പരിശോധനയും ചികിത്സയും അങ്കമാലിയിലെ ഒരു ആശുപത്രിയിൽ നടത്തിവന്നിരുന്നു.

ഇരുപതാമത്തെ വയസ്സിൽ ബി.സി.എ. രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു രാത്രി ഉറങ്ങാൻ കിടന്ന വിപിൻ ഉണർന്നെണീറ്റത് ഇരുട്ടിലേക്കായിരുന്നു. തലേന്നു കാർ ഡ്രൈവ് ചെയ്തിരുന്നു. രാത്രി വൈകുംവരെ കമ്പ്യൂട്ടറും നോക്കിയിരുന്നപ്പോഴൊന്നും അന്ധത വരുമെന്ന് ഒരു സൂചന പോലും ഇല്ലായിരുന്നു. തുടർന്ന് രണ്ടു ശസ്ത്രക്രിയകൾ അടിയന്തരമായി നടത്തിയെങ്കിലും വിജയകരമായില്ല. റെറ്റിനയിൽനിന്നു തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ കൈമാറുന്ന ഞരമ്പ് ദുർബലമായി ബന്ധം അറ്റുപോകുന്നതാണ് അന്ധതയ്ക്ക് കാരണമായത്.

കണ്ണിനോ തലയ്‌ക്കോ ക്ഷതമേറ്റാൽ സംഭവിക്കാവുന്ന ഇതിനു കാര്യമായ ചികിത്സകൾ ഒന്നുമില്ലെങ്കിലും ചിലർക്ക് തുടർചികിത്സകൾ വഴി ഭാഗികപ്രയോജനം ലഭിച്ച സംഭവങ്ങളുണ്ട്. മൂന്നു വർഷത്തോളം തുടർചികിത്സകൾ നടത്തിയെങ്കിലും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങിവരാനായില്ല. തുടർന്ന് വിപിൻ ഇരുട്ടിന്റെ ലോകവുമായി പൊരുത്തപ്പെടുകയായിരുന്നു. പിന്നീട് കാക്കനാട് ഇൻഫോപാർക്കിൽ അന്ധർക്കുള്ള കമ്പ്യൂട്ടർ കോഴ്‌സ് പൂർത്തിയാക്കി. ഒരു വർഷത്തോളം കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് നടത്തുന്ന കോഴിക്കോടുള്ള സ്ഥാപനത്തിലായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മെയ് മാസത്തിലാണ് വാണിയംകുളത്തുള്ള അന്ധർക്കായുള്ള ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.

ഇവിടെ സംസ്ഥാന സർക്കാരിനുവേണ്ടിയുള്ള പേപ്പർ ഫയൽ ബോർഡുകളുടെ നിർമ്മാണം പരിശീലിച്ച് അതു നിർമ്മിച്ചു വരുകയാണുവിപിൻ. അതിൽ നിന്നും ചെറിയ വരുമാനം ലഭിക്കുന്നുണ്ട്. ജീവിതത്തിൽ പെട്ടെന്നൊരു ദിവസം അന്ധരായി തീരുന്നവർ പിന്നീട് മരിച്ചതിനു തുല്യമായാണ് ജീവിക്കുന്നതെന്നു വിപിൻ പറയുന്നു. അതുകൊണ്ടുതന്നെ പത്തുവർഷത്തോളം ഇരുട്ടിന്റെ ലോകത്ത് ജീവിച്ച വിപിനു തുടർചികിത്സയിലൊന്നും താൽപര്യമില്ല. ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് പോലെ അന്ധർക്ക് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാൻ സൗകര്യമൊരുക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്നാണ് മോഹം. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.