- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവരുടെ കണ്ണീരൊപ്പാൻ ആരുമില്ല; ഇതിലും ഭേദം കൂലിപ്പണിക്ക് പോകുന്നത്; അൺ എയ്ഡഡ് അദ്ധ്യാപകരുടെ ദുരിതം മാറ്റാനുള്ള ബില്ലും ഫ്രീസറിൽ; മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിച്ചോ?
തിരുവനന്തപുരം: അന്യസംസ്ഥാനത്തൊഴിലാളിക്കു കിട്ടുന്ന കൂലി പോലും കിട്ടാത്ത അൺ എയിഡഡ്് മേഖലയിലെ അദ്ധ്യാപകർക്കു വേണ്ടി തൊഴിൽ വകുപ്പു രൂപം കൊടുത്ത നിയമം അൺ എയിഡഡ് സ്്കൂൾ മാനേജ്‌മെന്റുകളുടെ സമ്മർദഫലമായി മരവിപ്പിച്ചു. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന നിയമം ഇനി ഉടനേയെങ്ങും അവതരിപ്പിക്കുന്ന സാഹചര്യമില്ല. സർക്കാർ മേഖ
തിരുവനന്തപുരം: അന്യസംസ്ഥാനത്തൊഴിലാളിക്കു കിട്ടുന്ന കൂലി പോലും കിട്ടാത്ത അൺ എയിഡഡ്് മേഖലയിലെ അദ്ധ്യാപകർക്കു വേണ്ടി തൊഴിൽ വകുപ്പു രൂപം കൊടുത്ത നിയമം അൺ എയിഡഡ് സ്്കൂൾ മാനേജ്‌മെന്റുകളുടെ സമ്മർദഫലമായി മരവിപ്പിച്ചു. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന നിയമം ഇനി ഉടനേയെങ്ങും അവതരിപ്പിക്കുന്ന സാഹചര്യമില്ല.
സർക്കാർ മേഖലയിൽ അദ്ധ്യാപകരുടെ എണ്ണം വർഷം തോറും കുറഞ്ഞുവരുകയാണ്. 2015 മാർച്ച് 31 ന് 9000 ഓളം അദ്ധ്യാപകരാണ് സർക്കാർ സർവ്വീസിൽനിന്നു വിരമിച്ചത്. ഇതിന്റെ പത്തിലൊന്നുപേർക്കു പോലും പുതുതായി നിയമനം നൽകുന്നില്ല. അപ്പോൾ ബി എഡും എം എഡുമൊക്കെ കഴിഞ്ഞവർ അൺ എയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂണുപോലെയാണ് അൺ എയ്ഡഡ് സ്‌കൂളുകൾ കേരളത്തിൽ പൊട്ടിമുളയ്ക്കുന്നത്. പ്രവർത്തനങ്ങൾക്ക് യാതൊരു ലൈസൻസും വേണ്ട. ഒരു പെട്ടിക്കട തുടങ്ങാൻ പോലും കേരളത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നിരിക്കെയാണ് ഈ ദുസ്ഥിതിയുള്ളതെന്ന് ഓർക്കണം. ഒരു നിയമവും അവരെ തടയാൻ പര്യാപ്തമല്ല.
സർക്കാർ അംഗീകരിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ യഥാർത്ഥ സ്ഥിതിവിവരക്കണക്ക് വിദ്യാഭ്യാസവകുപ്പിന്റെ കൈയിലില്ല. എന്നാൽ ചില സംഘടനകളുടെ സർവേ റിപ്പോർട്ട് അനുസരിച്ച് 13000 ലധികം അംഗീകാരമില്ലാത്ത സ്‌കൂളുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മികച്ച ലാഭമുള്ള കച്ചവടസ്ഥാപനമായി ഈ മേഖല മാറിയിട്ടുണ്ട്. അതുകൊണ്ടാണ് പട്ടിക്കൂട് വരെ ക്ലാസ്മുറിയാകുന്ന അവസ്ഥ കേരളത്തിലുണ്ടായത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ സ്‌കൂളുകളിലായി ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് പണിയെടുക്കുന്നത്. അദ്ധ്യാപകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരാണ് കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണം നേരിടുന്നവർ എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
ഈ അടുത്ത കാലത്ത് മലപ്പുറം ചെറുകര സ്‌കൂളിൽനിന്ന് മൂന്ന് അദ്ധ്യാപകരെ പിരിച്ചു വിട്ടു. അന്യായമായ പിരിച്ചുവിടലിനെതിരെ അദ്ധ്യാപകർ സംഘടിച്ചപ്പോൾ ഗുണ്ടകളെ ഇറക്കിയാണ് സ്‌കൂൾ മാനേജ്‌മെന്റ് അവരെ നേരിട്ടത്. പല മാദ്ധ്യമങ്ങളും ഇവരുടെ കാര്യം തമസ്‌ക്കരിക്കുകയാണ് പതിവ്. കാരണം ഈ സ്ഥാപനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ജാതിമത സംഘടനകളാണെന്നതാണ് കാര്യം.
ഒരു ലക്ഷത്തിലധികം അദ്ധ്യാപകരാണ് അൺ എയ്ഡഡ് മേഖലയിൽ ഇന്നു പണിയെടുക്കുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും 5000 രൂപയിൽ താഴെ മാത്രമാണ് ശമ്പളം. അടിമകളോടെന്നപോലെയാണ് പല സ്‌കൂൾ അധികാരികളും അദ്ധ്യാപകരോട് പെരുമാറുന്നത്. ഉന്നതബിരുദങ്ങൾ നേടിയവരാണു ഭൂരിഭാഗവും. 10 മുതൽ 15 വർഷം വരെ സർവ്വീസുള്ള അദ്ധ്യാപകർക്കുപോലും അയ്യായിരത്തിനു മുകളിൽ ശമ്പളം നൽകുന്നില്ല. വിശ്രമമില്ലാതെ പണിയെടുക്കാൻ നിർബന്ധിതമാകുന്നു. ക്ലാസ്സിൽ ഇരിക്കാൻ പോലും അവർക്ക് അവകാശമില്ല. സകൂൾ ബസുകളിൽപോലും നിന്ന് യാത്രചെയ്യാനേ പാടുള്ളൂ. സീറ്റ് ഒഴിവുണ്ടെങ്കിൽപോലും ഇരിക്കരുതെന്നാണ് കർശന നിർദ്ദേശം. പ്രസവാവധിപോലും അനുവദിക്കാൻ തയ്യാറാകാത്ത മാനേജ്‌മെന്റുകളും ഉണ്ടെന്നുള്ളത് പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. ഒഴിവു സമയങ്ങളിൽ സഹപ്രവർത്തകരോട് സംസാരിക്കുന്നതുപോലും വിലക്കുന്നു. അച്ചടക്കത്തിന്റെ പേരിൽ അടിമത്തം അടിച്ചേൽപിക്കുന്ന കാടൻ നിയമങ്ങളാണ് ഇവരുടെമേൽ പ്രയോഗിക്കുന്നത്.
കേരളത്തിൽ പണിയെടുക്കുന്ന അന്യദേശ തൊഴിലാളികൾക്കുപോലും ഇവരേക്കാൾ കൂലിയും തൊഴിൽ സംരക്ഷണവും മാന്യതയും ലഭിക്കുന്നുണ്ട്. അദ്ധ്യാപകർ സംഘടിക്കാതിരിക്കാനും അവകാശങ്ങൾക്കുവേണ്ടി പ്രതികരിക്കാതിരിക്കാനും അധികാരികൾ എപ്പോഴും ജാഗരൂകരായിരിക്കും. അവർക്കുവേണ്ടി കാര്യമായി പറയാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും തയ്യാറാകുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കടക്കുമ്പോൾ അങ്ങുമിങ്ങും ചെറു പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പല സന്നദ്ധസംഘടനകളും വ്യക്തികളും സർക്കാരിനോട് ഇവരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ ഒരു നിയമം തൊഴിൽ വകുപ്പ് രൂപം നൽകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത നിയമം അവതരിപ്പിക്കാനുള്ള തീരുമാനവും തത്വത്തിൽ എടുത്തിരുന്നു. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റുകളുടെ സമ്മർദ്ദഫലമായി ബീല്ല് ഫ്രീസറിലായി.
ഒരു ലക്ഷത്തോളം അഭ്യസ്ഥവിദ്യരായ അദ്ധ്യാപകരുടെ മനുഷ്യാവകാശങ്ങൾ ദിനംപ്രതി ഹനിക്കുമ്പോൾ ഒരു ജനാധിപത്യ സർക്കാർ ഇവിടെ നോക്കുകുത്തി ആകുകയണ്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിയ സമരംപോലെ ഈ മേഖലയിലും ഒരു സമരം അനിവാര്യമായി മാറിയിരിക്കുകയാണ്. ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കേരളത്തിലാണ് മനുഷ്യാവകാശലംഘനവും തൊഴിൽചൂഷണവും ഉണ്ടാകുന്നതെന്ന വസ്തുത നമ്മെ അതിശയിപ്പിക്കുന്നു. അന്യദേശ കൂലിത്തൊഴിലാളികൾക്കു ലഭിക്കുന്ന വേതനവും തൊഴിൽ സുരക്ഷയും അവകാശവുമെങ്കിലും തങ്ങൾക്ക് ലഭിക്കണമെന്നു മാത്രമാണ് അദ്ധ്യാപകരുടെ അവശ്യം. പരിമിതമായ ഇത്തരം ആവശ്യമെങ്കിലും നേടിക്കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് ഇപ്പോൾ രൂപം നൽകിയ ബില്ല് നിയമമാക്കുന്നതിനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കേണ്ടതാണ്.