- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമുക്ക് സ്വന്തം വിമാനത്തിൽ ഗൾഫിലേക്ക് പറക്കാനാകുമോ? എയർകേരളാ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; വിവാദ വ്യവസ്ഥകളിൽ കേന്ദ്രം ഇളവ് നൽകി; വിദേശ സർവ്വീസ് തുടങ്ങാൻ അഞ്ച് വർഷ പരിചയവും 20 വിമാനവും വേണ്ട; സിയാലിന്റെ വിമാനക്കമ്പനി മോഹത്തിന് പ്രതീക്ഷ
ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന സ്വപ്‌നം വീണ്ടും സജീവമാകും. പുതിയ വിമാനക്കമ്പനികൾ തുടങ്ങുന്നതിനും വിദേശ സർവീസിന് ലൈസൻസ് നൽകുന്നതിനുമുള്ള നിബന്ധനകളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവു വരുത്തി. ഇതോടെ സംസ്ഥാന സർക്കാർ തുടങ്ങാൻ പദ്ധതിയിട്ട എയർ കേരളയ്ക്ക് പുതുജീവൻ ലഭിക്കുകയാണ്. നേരത്തെ എയർ കേരളയ്ക്ക് തടസ്സം നിന
ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയെന്ന സ്വപ്‌നം വീണ്ടും സജീവമാകും. പുതിയ വിമാനക്കമ്പനികൾ തുടങ്ങുന്നതിനും വിദേശ സർവീസിന് ലൈസൻസ് നൽകുന്നതിനുമുള്ള നിബന്ധനകളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവു വരുത്തി. ഇതോടെ സംസ്ഥാന സർക്കാർ തുടങ്ങാൻ പദ്ധതിയിട്ട എയർ കേരളയ്ക്ക് പുതുജീവൻ ലഭിക്കുകയാണ്.
നേരത്തെ എയർ കേരളയ്ക്ക് തടസ്സം നിന്ന നിരവധി വ്യവസ്ഥകൾ പുതിയ വ്യോമയാന നയത്തിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തിയിട്ടുണ്ട്. വിദേശ സർവീസിന് ലൈസൻസ് ലഭിക്കണമെങ്കിൽ അഞ്ച് വർഷം ആഭ്യന്തര സർവീസ് നടത്തിയിരിക്കണം, ഇരുപത് വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം തുടങ്ങിയ കടുത്ത വ്യവസ്ഥകളാണ് കേന്ദ്രം ഇളവു ചെയ്തത്. പുതിയ വ്യവസ്ഥ അനുസരിച്ച് വിദേശ സർവീസിന് ലൈസൻസ് ലഭിക്കണമെങ്കിൽ ആഭ്യന്തര സർവീസ് നടത്തണമെന്ന് നിർബന്ധമില്ല. 600 സർവീസുകൾ നടത്തിയവർക്ക് ലൈസൻസ് ലഭിക്കും. സ്വന്തമായി അഞ്ച് വിമാനങ്ങൾ ഉണ്ടായാൽ മതി. കേരളത്തിന്റെ സമ്മർദ്ദം കൂടികണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
സംസ്ഥാന സർക്കാർ പ്രൊമോട്ട് ചെയ്തുകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) ഉപസ്ഥാപനമായാണ് എയർ കേരള രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ പതിനഞ്ച് സീറ്റുള്ള ചെറുവിമാനങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്താനായിരുന്നു പദ്ധതി. ഗൾഫ് സെക്ടറാണ് കമ്പനി പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ അഞ്ച് വർഷം സർവ്വീസ് നടത്തണമെന്ന വ്യവസ്ഥ മൂലം ഇത് ഒഴിവാക്കി. ഗൾഫിലേക്ക് പ്രവാസികളെ കുറഞ്ഞ നിരക്കിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രഖ്യാപിച്ചതാണ് എയർ കേരള പദ്ധതി. പ്രാഥമിക നടപടികളും തുടങ്ങി. കേന്ദ്ര സർക്കാരിൽ നിന്ന് ഇളവ് പ്രതീക്ഷിച്ചായിരുന്നു അത്. അതുണ്ടാകാതെ വന്നതോടെ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി.
കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും സംസ്ഥാനം അപേക്ഷയുമായെത്തി. അതാണ് ഇളവുകളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ച സാഹചര്യത്തിൽ എയർകേരള ആഭ്യന്തര സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്താനാണ് സാധ്യത. അതിന് ശേഷം വിദേശ സർവ്വീസിനെ കുറിച്ച് ആലോചിക്കും. അടുത്ത സിയാൽ ബോർഡ് യോഗം ഇതുസബന്ധിച്ച് തുടർനടപടികൾ കൈകൊള്ളും. മെട്രൊ റെയ്ൽ പദ്ധതി പോലെ അഭിമാനപദ്ധതിയായി തന്നെ നടപ്പിലാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
സംസ്ഥാന സർക്കാരിനുവേണ്ടി എയർ കേരള സംബന്ധിച്ച് സിയാൽ പഠനം നടത്തിയ റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. സിയാലിന്റെ സബ് സിഡിയറി കമ്പനിയായി സിഐഎഎസ്എൽ ആണ് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ചെന്നൈ, ബംഗളൂരു സെക്റ്ററുകളിലേക്ക് ആഭ്യന്തര സർവീസ് ആരംഭിച്ചാൽ ലാഭകരമായി സർവീസ് നടത്താനാകുമെന്നാണു കണക്കുകൂട്ടുന്നത്. വിമാന ഇന്ധനത്തിന് സർക്കാർ ഈടാക്കുന്ന 30 ശതമാനത്തോളം വരുന്ന വിൽപ്പന നികുതി ഒഴിവാക്കി നൽകുകയും സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും യാത്ര ഈ സർവീസിൽ ആക്കുകയും ചെയ്താൽ എയർ കേരള യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷ.
ഈ വർഷം അവസാനത്തോടെ ആഭ്യന്തര സർവീസായി എയർ കേരളയ്ക്ക് തുടക്കം കുറിക്കാം. വിമാനം പാട്ടത്തിനെടുക്കാൻ എ.ടി.ആർ, എംബ്രാഡിയർ തുടങ്ങിയ വിമാനക്കമ്പനികളുമായും ഇതുമായി ബന്ധപ്പെട്ടവരുമായും സിയാൽ ചർച്ച നടത്തിയിരുന്നു. ഇതിൽ ഫ്രാൻസിന്റെ എ.ടി.ആർ വിഭാഗത്തിലുള്ള വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതാണ് ഗുണകരമെന്ന് റിപ്പോർട്ടിലുണ്ടെന്നാണു സൂചന. ഇതിൽ 42 പേർക്ക് യാത്ര ചെയ്യാനാകും. രണ്ടോ മൂന്നോ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
എയർ കേരള സർവീസ് നടത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകുന്ന കാര്യത്തിലും സിയാൽ ഡയറക്റ്റർ ബോർഡ് തീരുമാനമെടുക്കും. എന്നാൽ, അന്തർദേശീയ സർവീസായി തന്നെ എയർ കേരളയ്ക്ക് പറക്കുന്നതിനുള്ള ശ്രമം തുടരാനും ആലോചനയുണ്ട്. ഇതിനുള്ള സാധ്യതകൾ ഇനിയും തേടും.
രണ്ടുവർഷം പേരിന് ആഭ്യന്തരസർവീസ് നടത്തുകയും ആ സേവനത്തിന്റെ പിൻബലവുമായി വിദേശസർവീസുകൾ ആരംഭിക്കുകയും ചെയ്യുകയാണ് സിയാലിന്റെ മനസ്സിലിരിപ്പ്. രണ്ട് വർഷത്തിനു ശേഷം അതായത് 2017 ഡിസംബറോടെയെങ്കിലും ഗൾഫിലേക്കുള്ള സർവീസ് ആരംഭിക്കണമെന്നാണ് അവർ ലക്ഷ്യമിടുന്നത്. ഗൾഫിലേക്കുള്ള വിമാനക്കമ്പനികളുടെ സീസൺകാലത്തെ കൊള്ളയടിക്ക് ഒരു പരിഹാരം ഉണ്ടാക്കാനാകും ശ്രമമെന്നും സിയാൽ വ്യക്തമാക്കിയിട്ടുണ്ട്.
എയർ അറേബ്യ, എയർ ഇന്ത്യാ എക്സ്‌പ്രസ്സ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് എയർലൈനുകളുടെ മാതൃകയിൽ ഒരു വിമാനക്കമ്പനിയായാണ് എയർ കേരള വിഭാവനം ചെയ്യപ്പെട്ടത്.