- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് റിക്രൂട്ട്മെന്റിലൂടെ അൽസറഫ ഏജൻസി ഉടമ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത് 240 കോടി രൂപ; ഇതുവരെ ശേഖരിച്ചത് 100 കോടിയും; മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള പുതുപ്പള്ളിക്കാരൻ ലക്ഷ്യമിട്ടത് ഊഹിക്കാവുന്നതിലും വലിയ സാമ്പത്തിക തിരിമറി; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തലിൽ ഞെട്ടി കേരളം
കൊച്ചി: പാവപ്പെട്ട നേഴ്‌സുമാരെ പിഴിഞ്ഞ് മുഖ്യ മന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 250 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്. കേന്ദ്ര ഏജൻസിയുടെ വലയിൽ വീഴുന്നതിന് മുമ്പ് നേടിയത് 100 കോടി രൂപയും. കരുതലോടെ സിബിഐ നടത്തിയ റെയ്ഡ് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്തുകൊണ്ടുവന്നത്. എന്നാലിതി
കൊച്ചി: പാവപ്പെട്ട നേഴ്‌സുമാരെ പിഴിഞ്ഞ് മുഖ്യ മന്ത്രിയുടെ ഓഫീസിലെ പ്രമുഖരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 250 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്. കേന്ദ്ര ഏജൻസിയുടെ വലയിൽ വീഴുന്നതിന് മുമ്പ് നേടിയത് 100 കോടി രൂപയും. കരുതലോടെ സിബിഐ നടത്തിയ റെയ്ഡ് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്തുകൊണ്ടുവന്നത്. എന്നാലിതിനെ വെറുമൊരു റിക്രൂട്ട്‌മെന്റ് തട്ടിപ്പായി ചിത്രീകരിക്കാനാണ് നീക്കം. ഇത് കേസിനെ ദുർബ്ബലമാക്കുമെന്നാണ് വിലയിരുത്തൽ.
കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇതിനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പായി കണക്കാക്കാൻ കഴിയില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂവൈറ്റിലെത്തിച്ച് പറ്റിച്ചിരുന്നുവെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. ഇവിടെ വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറി. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളേയും അനുകൂലമാക്കിയായിരുന്നു തട്ടിപ്പ്.
19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാൻ ഉതുപ്പും സംഘവും പദ്ധതി ഇട്ടത്. ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം. ഈ പണം ഒന്നും കണക്കിൽ കാണിക്കാത്തതിനാൽ നികുതി അടയ്ക്കുന്നത് തുച്ഛം മാത്രം. എന്തായാലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലൂടെ ഉതുപ്പും സംഘവും പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതുപ്പിനെതിരെ സിബിഐ കേസ് എടുക്കുക കൂടി ചെയ്തതോടെ മുഖ്യ മന്ത്രിയുടെ ഓഫീസ് വാദങ്ങളുമായി കൈയൊഴിയുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മണ്ഡലംകാരനായ ഉതുപ്പുമായി ഉമ്മൻ ചാണ്ടിക്ക് നല്ല അടുപ്പമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്.
സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.
കഴിഞ്ഞ നാല് ദിവസമായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോൾഫ്‌സ് ലോറൻസാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അൽ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജൻസിവഴി കോടികൾ തട്ടിച്ച ഉതുപ്പ് വർഗീസ്. ഇരുവർക്കുമെതിരേ സിബിഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കേസിൽ അന്വേഷണം നടത്തും.
കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ദുബായിലാണ് താമസം. ഇയാളെ ദുബായിൽനിന്ന് നാട്ടിലെത്തിക്കാുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുയരുന്ന മറ്റൊരു വിവാദമായി ഈ കേസ്സും മാറുമെന്നുറപ്പാണ്. മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. കേസെടുത്തതിനെ തുടർന്നു ചർച്ച് ലാൻഡിങ് റോഡിലെ അൽ സറഫ റിക്രൂട്ടിങിന്റെ ഓഫിസിലും മാർക്കറ്റ് റോഡിലെ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിലും സിബിഐ. വിശദമായ പരിശോധന നടത്തി.
എന്നാൽ, റെയ്ഡ് നടത്തിയപ്പോൾ അൽ സറാഫയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിന്റെ ഓഫീസിൽ ഉണ്ടായിരുന്നില്ല. കൃത്യമായ രജിസ്റ്റർ ഇല്ല, മാസാമാസം റിട്ടേണും സമർപ്പിച്ചിട്ടില്ല. ഇതേ തുടർന്നാണ് അഡോൾഫസ് ലോറൻസിനെ ഒന്നാം പ്രതിയാക്കിയത്. അൽ സറഫായിൽനിന്ന് കണക്കിൽപ്പെടാത്ത മൂന്നര കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഉതുപ്പും അഡോൾഫ്‌സ് ലോറൻസുമായുള്ള ഇടപാടുകൾ വ്യക്തമായതോടെയാണ് കേസ് ഇപ്പോഴത്തെ ദിശയിലേക്ക് നീങ്ങിയത്. കുവൈത്തിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി ലക്ഷക്കണക്കിന് രൂപ അൽ സറഫ അധികമായി വാങ്ങുന്നുവെന്ന് കാണിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനു പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നേരെ അൽ സറഫയ്ക്ക് അയച്ചുകൊടുക്കുകയാണ് അഡോൾഫ്‌സ് ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തി പരാതി ഇല്ലെന്നു എഴുതി വാങ്ങിയതായും സിബിഐയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്. പലരും പണം അൽസറഫ മുഖാന്തിരമല്ല അടച്ചിരുന്നതെന്ന് ഇൻകം ടാക്‌സ് അധികൃതർക്ക് മനസിലാക്കാനായിട്ടുണ്ട്.
ദുബായിലുള്ള ഉതുപ്പിനോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുട്ട്. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.