തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മന്ത്രിസഭയെ തന്നെ അട്ടിമറിച്ചേക്കാവുന്ന തെളിവുകൾ കയ്യിലുള്ള ബാറുടമകളുടെ സമ്മർദ്ദത്തിന് മുമ്പിൽ സർക്കാർ വഴങ്ങുമെന്ന സൂചന പുറത്ത്. മദ്യനിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം ആണ് എന്നു വരുത്തിത്തീർത്ത് കോടതിയെ ചാരി എല്ലാ ബാറുകളും തുറക്കാനുള്ള നിയമപരമായ നീക്കങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ബാർ നിയന്ത്രണം ഇപ്പോൾ സുപ്രീം കോടതി തന്നെ തടയിടുന്നത് കോടതിയിൽ മനഃപൂർവ്വം തോൽക്കാൻ സർക്കാർ ഒരുക്കിയ പദ്ധതിയുടെ ഭാഗം ആണെന്നാണ് റിപ്പോർട്ട്. പത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചാൽ അതിന്റെ പേരിൽ എല്ലാ ബാറുകൾക്കും ലൈസൻസ് നൽകേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നടപടികൾ എല്ലാം എന്നാണ് വിശ്വസനീയമായ റിപ്പോർട്ട്.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് തീരുമാനം എടുക്കണമെന്നും ഏപ്രിൽ മുതൽ എല്ലാ ബാറുകളും തുറക്കണമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യനിരോധനത്തിന്റെ പേരിലെ അഴിമതി കഥകൾ മൂലം ജനങ്ങൾ മടുത്തെന്നും കോടതിയുടെ ഇടപെടൽ മൂലം മറ്റൊരു നിവൃത്തിയുമില്ലാതെ സർക്കാർ തുറക്കുന്നു സന്ദേശം നൽകാനുള്ള സർക്കാർ വിജയിച്ചതായി ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കുന്നു. ഈ കേസിൽ അപ്പീൽ പോകരുതെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് സർക്കാരിനോട് വിശദീകരിച്ചിരുന്നു. ഇതും തട്ടിപ്പായിരുന്നുവെന്നാണ് സൂചന. സുപ്രീംകോടതിയിൽ യഥാർത്ഥ വസ്തുത നിരത്താതെ കേസ് തോൽക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിന് ഈ വിശദീകരണം ഉയർത്തി തന്റെ ഭാഗം ന്യായീകരിക്കാനുള്ള മുൻകൂർ പദ്ധതിയായിരുന്നു അതെന്നാണ് വ്യക്തമാകുന്നത്.

ബാറുകൾ തുറന്ന് കൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയിരുന്നില്ല. ഇതിലൂടെ കോടതിയെ പ്രകോപിപ്പിക്കുകയും ചെയ്തു. ബാറുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും സർക്കാരിന്റെ ഈ നിലപാട് സ്വാധീനം ചെലുത്തും. ഫലത്തിൽ മദ്യവർജ്ജനമെന്ന സർക്കാർ നയത്തെ കോടതിയിൽ സർക്കാർ തന്നെ അട്ടിമറിക്കുകയാണ്. പത്ത് ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറ്റ് ബാറുടമകളും കോടതിയെ സമീപിക്കും. ഫലത്തിൽ എല്ലാ ബാറുകളും തുറക്കും. പൂട്ടിക്കിടക്കുന്ന ബാറുകൾക്ക് നിലവിൽ വൈൻ-ബിയർ പാർലറുകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. അതായത് മതിയായ ഗുണ നിലവാരം ഈ ബാറുകൾക്ക് ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഇതും കോടതിയിലെ കേസുകളിൽ ബാറുടമകൾക്ക് തുണയാകും.

ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അവസരമൊരുക്കാമെന്ന് ബാറുടമകൾക്ക് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കോടികളുടെ ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ശബ്ദരേഖകളിലും ഇത് വ്യക്തമാണ്. ഇതു തന്നെയാണ് കോടതികളിലും പ്രതിഫലിപ്പിക്കുന്നത്. മദ്യനയത്തിൽ മാറ്റം വരുത്തിയാൽ സർക്കാർ പ്രതിക്കൂട്ടിലാകും. എന്നാൽ കോടതി ഇടപെടലിലൂടെ ഉണ്ടാകുന്ന തിരുത്തലുകൾക്ക് പറഞ്ഞു നിൽക്കാൻ ന്യായമുണ്ട്. ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശ് ഉയർത്തിയ ആരോപണങ്ങളിൽ ഭൂരിഭാഗം ബാറുടമകളും ഇപ്പോൾ സർക്കാർ പക്ഷത്താണ്. കോടതിയിൽ വേണ്ടത് ചെയ്ത് മദ്യനയം അട്ടിമറിക്കാൻ അവസരമൊരുക്കുമെന്ന ഉന്നതരുടെ ഉറപ്പ് തന്നെയാണ് മനം മാറ്റത്തിന് കാരണം. സർക്കാരിലെ ഉന്നതർക്കെതിരായ പല നിർണ്ണായക തെളിവുകളും പുറം ലോകത്ത് എത്താത്തതും ഇതുകൊണ്ട് തന്നെ.

മാർച്ച് 31 ന് നിലവിലെ ബാർ ലൈസൻസുകളുടെ കാലാവധി തീരും. അതിനാൽ ലൈസൻസ് പുതിക്കി നൽകാതിരിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഈ സവിശേഷ സാഹചര്യത്തെയാണ് കെപിസിസി പ്രസിഡന്റ് കാത്തിരിക്കുന്നതെന്ന് സർക്കാരിന് അറിയാം. ത്രി സ്റ്റാർ ബാറുകൾക്ക് ലൈസൻസ് നിഷേധിക്കുന്ന മദ്യ നയം ഈ ഘട്ടത്തിൽ നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് സുധീരൻ. ഇത് മുൻകൂട്ടി കണ്ട് കൂടിയാണ് കോടതി വിധികളെല്ലാം ബാർ വിഷയത്തിൽ സർക്കാരിന് എതിരാകുന്നത്. ലൈസൻസ് സർക്കാർ പുതുക്കി നൽകിയില്ലെങ്കിലും ബാറുടമകൾ കോടതിയെ സമീപിക്കും. സർക്കാർ നടപടിയെ ചോദ്യം ചെയ്യും. സമ്പൂർണ്ണ മദ്യനിരോധമില്ലാത്ത സാഹചര്യത്തിൽ കോടതി വിധികളും ബാറുടമകൾക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ സുധീരന്റെ എതിർപ്പ് മറികടന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള സാഹചര്യവും ഒരുക്കും.

ലോട്ടറി വിഷയത്തിൽ സുപ്രീംകോടതി വിധി വളരെ വ്യക്തമാണ്. സമ്പൂർണ്ണ ലോട്ടറി നിരോധനമെങ്കിൽ കുഴപ്പമില്ല. അല്ലാത്ത പക്ഷം എല്ലാവർക്കും ലോട്ടറി നടത്താമെന്നായിരുന്നു ഉത്തരവ്. കടുത്ത നിയമനിർമ്മാണത്തിലൂടെയാണ് അന്യസംസ്ഥാന ലോട്ടറികൾക്ക് നിബന്ധന കർശനമാക്കി കേരളത്തിൽ പ്രവർത്തനാനുമതി നിഷേധിക്കുന്നത്. ബാറുകളുടെ കാര്യത്തിൽ ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാർ മുതിരില്ല. അതുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമില്ലാത്ത സാഹചര്യത്തിൽ ബാറുകൾക്ക് വീണ്ടും ലൈസൻസ് നൽകേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. പ്രത്യേകിച്ച് സർക്കാരിന് കീഴിൽ ബിവറേജസ് കോർപ്പറേഷൻ യഥേഷ്ടം മദ്യം വിൽക്കുന്ന സാഹചര്യമുള്ളതിനാൽ കോടതി വിധി ബാറുടമകൾക്ക അനുകൂലമാകുമെന്ന് എല്ലാവർക്കും വ്യക്തമാണ്.

സംസ്ഥാന സർക്കാറുമായി ബാർ ഉടമകൾ അംഗീകരിച്ച് ഒപ്പുവച്ച കരാർ അനുസരിച്ചുതന്നെ ഓഗസ്റ്റ് 27ന് സർക്കാറിന് വേണമെങ്കിൽ സംസ്ഥാനത്തെ അവശേഷിച്ച ബാറുകൾ പൂട്ടാമായിരുന്നു. ഇതിന് സർക്കാറിന് അധികാരമുണ്ടെന്ന് നിയമവിദഗ്ദ്ധർ ഉപദേശവും നൽകി. പ്പോഴത്തെ നയം തുടർന്നാൽ സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 312 ബാറുകൾക്ക് ലൈസൻസ് നൽകിയ ഉടമ്പടിയിൽ ഇത് താൽക്കാലിക ലൈസൻസാണെന്നും സർക്കാറിന്റെ മദ്യനയം മാറുന്നതനുസരിച്ച് ഏത് ദിവസവും, അന്ന് ബാക്കി നിൽക്കുന്ന കിസ്ത് തുക തിരിച്ചുനൽകി ലൈസൻസ് റദ്ദാക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും വ്യവസ്ഥവച്ചിരുന്നു.

സർക്കാറിന്റെ മദ്യനയം അടുത്തകാലത്തൊന്നും മാറില്ലെന്ന് പ്രതീക്ഷിച്ച ബാറുടമകൾ മറുത്തൊന്നും പറയാതെ ഈ വ്യവസ്ഥ ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. നിലവാരമില്ലാത്ത 418 ബാറുകൾ പൂട്ടിയതിനെ തുടർന്നുള്ള നിയമയുദ്ധം കോടതിയിൽ നടക്കവെ, അവശേഷിക്കുന്ന 312 ബാറുകൾ കൂടി പൂട്ടാൻ സർക്കാർ പെട്ടെന്ന് നയപരമായ തീരുമാനമെടുക്കുകയായിരുന്നു. ഓഗസ്റ്റ് 26 ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച മദ്യനയത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി, മദ്യനയം നിയമമാക്കി നടപ്പാക്കാൻ സർക്കാറിനെ ഉപദേശിക്കുകയും ചെയ്തു. മദ്യരഹിത കേരളം ലക്ഷ്യംവച്ചുള്ള നീക്കത്തിന് ലഭിച്ച ധാർമികമായ വിജയംകൂടിയായിരുന്നു ഇത്. സർക്കാറും ബാറുടമകളുമായി ഒപ്പുവച്ച കരാർ അനുസരിച്ച് തൊട്ടടുത്ത ദിവസംതന്നെ ബാറുകൾ പൂട്ടാമായിരുന്നു. സർക്കാർ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, നോട്ടീസ് നൽകാതെ ബാറുകൾ പൂട്ടുന്നത് കോടതിയിൽ ബാറുകൾക്ക് സഹായകമാവും എന്ന ചില മദ്യവിരുദ്ധ സംഘടനകൾ പ്രസ്താവനക്ക് ചുവടുപിടിച്ച് ബാറുകൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. അതോടെ ബാറുകൾക്ക് സെപ്റ്റംബർ 12 വരെ തുറന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇതോടെ ഓഗസ്റ്റ് 27 എന്ന ദിവസത്തിന്റെ പ്രസക്തി പോയി. ബാറുകൾ പൂട്ടുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയെ സമീപിക്കാൻ സമയവും കിട്ടി. ബാർ പൂട്ടിയതിന് ശേഷമായിരുന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നതെങ്കിൽ, തൽസ്ഥിതി തുടരുക എന്ന ഇപ്പോഴത്തെ ഉത്തരവനുസരിച്ച് ബാറുകൾ പൂട്ടിത്തന്നെ കിടക്കുമായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ആഡംബര ക്‌ളബുകളുടെയും ബാർ ലൈസൻസ് റദ്ദാക്കാത്തതും സുപ്രീംകോടതിയിൽ തിരിച്ചടിയാവുമെന്ന് സർക്കാറിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ തിരുമാനത്തിലെ 'വിവേചനം' ബാറുടമകൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനുകൂല വിധി നേടിയെടുക്കാനിടയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആ വിവേചനം മദ്യനയത്തിൽ ഉൾപ്പെടുത്തി. അങ്ങനെ ത്രി സ്റ്റാർ ബാറുകൾ പൂട്ടാനുള്ള നയത്തെ കോടതി ഇടപെടലിലൂടെ അട്ടിമറിക്കാൻ സർക്കാർ തന്നെ ബാറുടമകൾക്ക് അവസരവും ഒരുക്കി.