മാഹി: ഒരു പഞ്ചായത്തിന്റെ വലിപ്പം പോലുമില്ലാത്ത മാഹിയിൽ വിദേശമദ്യഷാപ്പുകളുടെ എണ്ണം എൺപത്. കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കിടയിൽ വെറും ഒൻപതര ചതുരശ്രകിലോമീറ്ററിലാണ് ഇത്രയും ഷാപ്പുകൾ. ചായക്കടകൾ കേവലം പതിനൊന്ന്. റേഷൻ കടകളും സഹകരണ സ്റ്റോറുകളുമെല്ലാം കൂടി ചേർന്നാലും 14 മാത്രം.

എൺപതോളം മദ്യഷാപ്പുകൾ ആർക്കു വേണ്ടിയെന്ന് ചോദിക്കാം. എന്നാൽ ഏതു സമയത്തും അടിച്ചു പൂസായി ബോധമില്ലാതെ തെരുവിൽ കിടക്കുന്നവരെ മാഹിയിൽ കാണാം. മാഹിക്കാർക്കു വേണ്ടിയല്ല, കേരളത്തിലെ മദ്യപാനികളുടെ പറുദീസയായ മാഹിയിൽ കുടിയന്മാരുടെ കരൾ പോയാലും പരിശോധനാ സംവിധാനമില്ല. മാഹിയിലെ മദ്യത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിവരാവകാശം തേടിയ വ്യക്തിക്ക് ലഭിച്ച മറുപടിയിൽ മാഹിയിൽ മദ്യപരിശോധനാ സംവിധാനം ഇല്ലെന്നാണ് എക്‌സൈസ് വകുപ്പ് വൃക്തമാക്കിയത്.

അത്തരമൊരു സംവിധാനമൊരുക്കാൻ പുതുച്ചേരി സർക്കാർ തയ്യാറാവില്ലെന്നതു വസ്തുത. മുമ്പ് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, ഇലക്ട്രോണിക്ക് സാധനങ്ങൾ എന്നിവ വാങ്ങാനായിരുന്നു കേരളീയർ മാഹിയിലേക്ക് പോയിരുന്നത്. 15 ശതമാനത്തിലേറെ വിലക്കുറവുണ്ടായിരുന്നു അവിടെ. ഇപ്പോൾ അവയ്ക്കു കാര്യമായ വ്യത്യാസമില്ല. അതിനാൽ സാധനങ്ങൾക്ക് വേണ്ടി ഇപ്പോഴാരും മാഹിയിൽ പോകാറില്ല. എന്നാൽ മദ്യത്തിന്റെ വിലക്കുറവ് കേരളീയരെ മാഹിയിലേക്ക് ആകർഷിക്കുന്നു. ആയിരക്കണക്കിന് മദ്യപാനികളെത്തുന്ന മാഹിയിൽ മദ്യം പരശോധിക്കാൻ അധികാരമുള്ള എക്‌സൈസ് വകുപ്പ് അത്തരം സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. കുടിക്കുന്നതും രോഗികളാവുന്നവരും കേരളീയരെങ്കിൽ പുതുശേരി സർക്കാറിന് എന്തുകാര്യം എന്ന നിലപാടിലാണ് അവർ.

ദേശീയപാതക്കരികിലുള്ള മുപ്പതോളം ബാറുകൾ എല്ലാം ഒരുക്കി കാത്തിരിക്കുന്നത് കേരളീയരെ വലവീശിപ്പിടിക്കാനാണ്. പകൽമാന്യന്മാർക്ക് അധികമാരുമറിയാതെ കഴിക്കാൻ പള്ളൂർ മേഖലയിൽ നാല്പതോളം മദ്യഷാപ്പുകളും ബാറുകളും വേറെയുമുണ്ട്. കേരളീയരുടെ കരളുകത്തിക്കാൻ രണ്ടാംതരം മദ്യമാണ് ഇവിടെയെങ്ങും വിൽപ്പന നടത്തുന്നതെന്ന ആരോപണമുണ്ട്. കണ്ണൂർ, കോഴിക്കോട്,വയനാട്, ജില്ലകളിൽനിന്നാണ് പതിവായി മാഹിയിൽ എത്തുന്നവരുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും കടവരാന്തയിലും റോഡരികിലും കിടക്കുന്ന കാഴ്ച സർവ്വസാധാരണം. അഞ്ചുവർഷത്തോളം മാഹിയിലെത്തി മദ്യം കഴിക്കുന്നവരെ പിന്നീട് കാണാറില്ലെന്നും അവരിൽ ചിലർ മാഹിയിലെ തെരുവോരങ്ങളിൽ മരണമടഞ്ഞതായും മാഹിയിലെ ഒരു ഉന്നത ഉദേൃാഗസ്ഥൻ പറഞ്ഞു.

കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഒരിക്കലും കാണാത്ത ലേബൽ പതിച്ച മദ്യവും മാഹിയിൽ സുലഭമാണ്. ഒരു ബ്രാൻഡ് മദ്യം വിപണിയിലിറങ്ങിയാൽ പലപ്പോഴും രണ്ടാം തവണ പോകുമ്പോൾ അതു ലഭിക്കാറില്ല. നൂറ്റിയിരുപത് രൂപയ്ക്ക് ഒരു ഫുൾ ബോട്ടിൽ മദ്യം ഇവിടെ ലഭിക്കുന്നുണ്ട്. പുതിയ മദ്യനയം കേരളം രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഗുണം ലഭിച്ചത് മാഹിക്കാണ്. മാഹിയിൽ മദ്യം തേടിപ്പോകുന്ന കേരളീയരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി മാഹിയിലെ ബാർ തൊഴിലാളികൾ തന്നെ സമ്മതിക്കുന്നു.

മദ്യത്തിന്റെ പേരോ സീലോ ഒന്നും നോക്കാതെ വിലകുറഞ്ഞ മദ്യം വാങ്ങിക്കഴിക്കുകയാണ് കേരളീയർ. മാഹിയിലെ നടപ്പാതയും മൈതാനവും മദൃപാനികളുടെ കൈകളിലാണ്്്. ചായ കുടിക്കുന്ന ലാഘവത്തിൽ ഈ രണ്ടാം തരം മദ്യം പതിവാക്കുന്നവർക്ക് കരൾ രോഗം പിടിപെടുന്നത് വളരെ പെട്ടെന്നാണ്. ദേശീയപാതവഴി സഞ്ചരിക്കുന്ന കേരളത്തിലെ മറ്റു ജില്ലക്കാർ വാഹനങ്ങളിൽ മാഹി മദ്യം വ്യാപകമായി കൊണ്ടുപോകുന്നുണ്ട്. മദ്യഷാപ്പുകൾക്ക് മുന്നിൽ ബ്രാന്റഡ് മദ്യക്കുപ്പികൾ പ്രദർശിപ്പിച്ച് ആകർഷിക്കും.

വിലകൂടിയ മദ്യത്തോടൊപ്പം വിലകുറഞ്ഞ രണ്ടാംതരം മദ്യവും ഇതോടൊപ്പം ചിലവഴിക്കും. മദ്യപിക്കുമ്പോൾ മാത്രമായിരിക്കും ഇതിന്റെ അവസ്ഥ അറിയുന്നത്. ഒരാഴ്ച മാഹി മദ്യം സേവിച്ചാൽ അയാൾ പിന്നീട് അതിന് അടിമയാകും. പരസ്യമദ്യപാനത്തിന് പുതുച്ചേരി സർക്കാർ ലൈസൻസ് കൊടുത്തപോലെയാണ് ഇന്ന് മാഹി. പൊതുവെ സാമ്പത്തികത്തകർച്ചയിലായ പുതുച്ചേരി സർക്കാർ മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുത്താൻ തുനിയില്ല. കേരളീയരുടെ കരൾ പോയാലും....... കേരളത്തിൽ ബാറുകൾക്ക് നിരോധനം വന്നതോടെയാണ് മാഹിയിൽ കച്ചടവം പൊടിപൊടിക്കാൻ തുടങ്ങിയത്.

ഇതിനെതിരെ മദ്യവിരുദ്ധ സമിതികൾ പുതുച്ചേരി സർക്കാരിന് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ലാഭമുണ്ടാക്കാനുള്ള മാർഗ്ഗമായി പുതുച്ചേരി സർക്കാർ കേരളത്തിലെ ബാർ പൂട്ടൽ മാറ്റുകയാണ്.