പാലക്കാട്: സർക്കാരിന്റെ പൊന്മുട്ടയിടുന്ന താറാവ് ഏതു വകുപ്പാണെന്നു ചോദിച്ചാൽ സംശയിക്കാതെ പറയാം- ബിവറേജസ് കോർപ്പറേഷൻ. മദ്യനിരോധനം എന്ന പേരൊക്കെ പറഞ്ഞ് എത്ര ശ്വാസം മുട്ടിച്ചാലും മദ്യത്തിനു വില കൂട്ടി കുടിയന്മാരുടെ വെള്ളംകുടി മുട്ടിക്കാൻ നോക്കിയാലും ബിവറേജിനെ തോൽപ്പിക്കാനാവില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2013-14 സാമ്പത്തിക വർഷത്തിൽ സർക്കാറിന് ഈ വകുപ്പ് നേടിക്കൊടുത്ത ലാഭം 208.31 കോടി രൂപയാണ്.

വോട്ടിനുവേണ്ടി എന്തൊക്കെ പറഞ്ഞാലും മദ്യനിരോധനത്തിന്റെ പേരിൽ ഈ പൊന്മുട്ടയിടുന്ന താറാവിനെ സർക്കാർ കൊല്ലില്ല, പറ്റിയാൽ ഊട്ടി വളർത്തുകയും ചെയ്യും. കാരണം സംസ്ഥാനത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷത്തിൽ വരുത്തിവച്ച നഷ്ടം 570 കോടി കോടി രൂപയാണ്. സർക്കാറിന് ഇത്രയും വലിയ നഷ്ടം വരുത്തിവച്ച മറ്റൊരു സ്ഥാപനവുമില്ല. കെ.എസ്.ആർ.ടി.സി. ഈ പോക്ക് പോയാൽ സർക്കാരിനു പിടിച്ചു നിൽക്കാൻ കെ.എസ്.ആർ.ടി.സിയെ ദയാവധത്തിന് വിടേണ്ടി വരും. കെ.എസ്.ആർ.ടി.സി.യെ തകർക്കുക ഈ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ താൽപ്പര്യമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അതിനെ ശരിവയ്ക്കുന്നതാണ് ഈ ഉയർന്ന നഷ്ടക്കണക്കുകൾ.

സോഷ്യൽ സൈറ്റുകളിലും മറ്റും ഗതാഗതവകുപ്പ് മന്ത്രിമാരെ പറ്റി പരക്കുന്ന ചില കമന്റുകൾ ഉണ്ട്. അതിലൊന്ന് ഗതാഗത വകുപ്പ് മാറ്റി എക്‌സൈസ് വകുപ്പ് മന്ത്രി അവരെ ഏൽപ്പിച്ചാൽ ബിവറേജസ് കോർപ്പറേഷൻ നഷ്ടത്തിലായി മദ്യപന്മാരുടെ കുടി മുട്ടി കേരളത്തിൽ മദ്യനിരോധനം നടപ്പിലാകും എന്നാണ്. കെ.എസ്.ആർ.ടി.സി.രക്ഷപ്പെടുകയും ചെയ്യും. ബിവറേജസ് കഴിഞ്ഞാൽ കെ.എസ്.എഫ്.ഇ യാണ് സർക്കാറിന് ലാഭം നൽകുന്നത്. 175.66 കോടി രൂപ. ഒറ്റവാക്കിൽ പറഞ്ഞാൽ മദ്യം, പലിശ എന്നിവയാണ് സർക്കാറിന് ജീവശ്വാസം നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്ന ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെതാണ് ഈ കണക്കുകൾ.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്. 1278.3 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ നഷ്ടം. തൊട്ടു മുമ്പത്തെ വർഷം ഇത് 1044.91 കോടി രൂപയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭകരമായി പ്രവർത്തിക്കുന്നവയുടെ എണ്ണവും കുറഞ്ഞുവരുന്നുണ്ട്.

പതിവുപോലെ നഷ്ടത്തിൽ ഒന്നാം സ്ഥാനം കെ.എസ്.ആർ.ടി.സി. നിലനിർത്തി. രണ്ടാം സ്ഥാനത്ത് 468.55 കോടിയുമായി വാട്ടർ അഥോറിറ്റിയുണ്ട്. ലാഭത്തിലായിരുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇപ്പോൾ 52.08 കോടി രൂപ നഷ്ടത്തിലാണ്. മുൻവർഷത്തിൽ ലാഭത്തിലായിരുന്ന കേരള പൊലീസ് ഹൗസിങ് കോർപ്പറേഷൻ, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ലിമിറ്റഡ്, ദി ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, ട്രാവൻകൂർ ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങൾ നഷടത്തിലേക്ക് കൂപ്പുകുത്തി.

എന്നാൽ 2012-13 ൽ നഷ്ടത്തിലായിരുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായിട്ടുണ്ട്. കേരള വികലാംഗ കോർപ്പറേഷൻ, കേരള ഫീഡ്‌സ് ലിമിറ്റഡ്, പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള, തുടങ്ങിയ സ്ഥാപനങ്ങളാണിത്. 2012-13 ൽ 52 പൊതുമേഖലാസ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്നത്. 2013-14 ൽ അത് 47 ആയി കുറഞ്ഞു. ഇതേ്‌വർഷത്തിൽ 44 സ്ഥാപനങ്ങളാണ് നഷ്ടത്തിൽ പ്രവർത്തിച്ചച്ചിരുന്നത്. സർക്കാറിന് വൻ നഷ്ടമാണ് കെ.എസ്.ആർ.ടി.സി. വരുത്തിവയ്ക്കുന്നത്. മദ്യത്തിൽനിന്നും പലിശയിൽനിന്നും കിട്ടുന്ന ലാഭം ഇതിലേക്ക് വകമാറ്റിയാലും ഇതിനെ രക്ഷിക്കാനാവാത്ത അവസ്ഥയാണ്.