- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരികൾക്കും കണ്ണില്ലേ ഈ നേട്ടങ്ങൾ കാണാൻ? ലോകകപ്പ് നേടിയ അന്ധക്രിക്കറ്റ് താരങ്ങളായ വിഷ്ണുവും ഫർഹാനും ചോദിക്കുന്നു: ബജറ്റും ജനസമ്പർക്കവും കഴിഞ്ഞില്ലേ 'ഞങ്ങളുടെ ജോലിക്കാര്യം എന്തായി'?
തിരുവനന്തപുരം: കഴിഞ്ഞവർഷം ഡിസംബർ ഏഴിനു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ശത്രുരാജ്യമായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച് ലോക കപ്പു നേടിയ ഇന്ത്യൻ അന്ധക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരായിരുന്നു തിരുവനന്തപുരം സ്വദേശി യു പി വിഷ്ണുവും മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാനും. രാജ്യത്തിന്റെ അഭിമാനമായ ടീം അംഗങ്ങൾക്ക് കേന്ദ്രസർക്കാർ ഏഴുലക്ഷം
തിരുവനന്തപുരം: കഴിഞ്ഞവർഷം ഡിസംബർ ഏഴിനു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ശത്രുരാജ്യമായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച് ലോക കപ്പു നേടിയ ഇന്ത്യൻ അന്ധക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരായിരുന്നു തിരുവനന്തപുരം സ്വദേശി യു പി വിഷ്ണുവും മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാനും. രാജ്യത്തിന്റെ അഭിമാനമായ ടീം അംഗങ്ങൾക്ക് കേന്ദ്രസർക്കാർ ഏഴുലക്ഷം രൂപ വീതം നൽകി അനുമോദിച്ചു. പക്ഷേ വിഷ്ണുവിനും ഫർഹാനും സ്വന്തം നാട്ടിലെ ഭരണാധികാരികളിൽനിന്നു കിട്ടുന്നത് തികഞ്ഞ അവഗണന മാത്രം.
തങ്ങൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കണ്ട്് അപേക്ഷ നല്കിയിരുന്നു. ഇരുവർക്കും മുഖ്യമന്ത്രി ജോലി വാഗ്ദാനവും നൽകി. പിന്നീട് ഡിസംബർ 13 നു മന്ത്രി എം കെ മുനീറിന്റെ സാന്നിധ്യത്തിൽ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി ഇരുവർക്കും റവന്യു വകുപ്പിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം 20 മന്ത്രിസഭായോഗങ്ങളും ഈ സർക്കാരിന്റെ അവസാന സംസ്ഥാന ബജറ്റും ജനസമ്പർക്ക പരിപാടിയും കഴിഞ്ഞു. എന്നിട്ടും ഇരുവരുടേയും ജോലിക്കര്യത്തിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ട് ജനസമ്പർക്ക പരിപാടിയിലും ഇരുവരും പരാതിയുമായി ചെന്നില്ല. പക്ഷേ ഇപ്പോൾ ലഭിക്കുന്ന വിവരം റവന്യു വകുപ്പിൽ ഇരുവർക്കും ജോലി നൽകാൻ ഒഴിവില്ലെന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നാണ്.
കോൺഗ്രസ് കുടുംബത്തിലെ അംഗമായ വിഷ്ണുവിനും മുസ്‌ളീംലീഗ് അനുഭാവി കുടുംബത്തിലെ അംഗമായ ഫർഹാനും പ്രതീക്ഷ യുഡിഎഫ് സർക്കാരിലാണ്. ഈ സർക്കാരും കൈവിട്ടാൽ പിന്നെ തങ്ങളുടെ നേട്ടം എന്നേക്കുമായി അവഗണിക്കപ്പെടും എന്ന് ഇരുവർക്കും ഉറപ്പുണ്ട്. ഐഎൻടിയുസി ലോഡിങ്ങ് തൊഴിലാളിയാണ് വിഷ്ണുവിന്റെ അച്ഛൻ ഉദയകുമാരൻ നായർ. അമ്മ പ്രസന്നകുമാരിക്കും അനിയത്തി വീണയ്ക്കും വിഷ്ണുവിനെപ്പോലെ കാഴ്ചശക്തി കുറവാണ്. ഒരു കുടുംബം മുഴുവൻ ഇരുട്ടിലേക്ക് വഴുതി വീഴുന്ന സാഹചര്യത്തിലാണ് വിഷ്ണുവിനു തന്റെ 'കുറവ്' ഒരു അനുഗ്രഹമായത്. എട്ടാംക്‌ളാസുമുതൽ നഗരത്തിലെ എസ്എംവി സ്‌കൂളിൽ ചേർന്നതോടെ അന്ധരുടെ ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിന് അവസരം ലഭിച്ചു.
കാഴ്ചശക്തിയുള്ളവരോടൊപ്പം കളിക്കുമ്പോൾ, റബ്ബർമരങ്ങൾക്കിടയിലൂടെ സിക്‌സറുകൾ പായിച്ച് ശീലിച്ച വിഷ്ണുവിനു മറ്റൊന്നും ഭയക്കാനുണ്ടായിരുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഈ 22 കാരൻ പതുക്കെ പതുക്കെ കേരള അന്ധക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവിയിൽവരെ എത്തി. ആദ്യമായിട്ടാണ് ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ചത്. അതും ലോകകപ്പിൽ. ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 73 റൺസ് നേടി സെലക്ടർമാരോട് നീതി പുലർത്താനും കഴിഞ്ഞു.
രണ്ടാംതവണയാണ് മുഹമ്മദ് ഫർഹാൻ രാജ്യത്തിനുവേണ്ടി കളിക്കുന്നത്. 2010 ട്വന്റി ട്വന്റി ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്തപ്പോഴും ഫർഹാൻ ഉണ്ടായിരുന്നു. ഇത്തവണ പന്തുകൊണ്ടാണ് ഫർഹാൻ കഴിവ് തെളിയിച്ചത്. ഇംഗഌണ്ടിനെതിരെ നേടിയ മൂന്ന് വിക്കറ്റ് ഉൾപ്പെടെ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. മങ്കട അരഞ്ഞിക്കൽ ഹൗസിൽ കൂലിപ്പണിക്കാരായ അസൈനാരുടെയും ജമീലയുടെയും അഞ്ച് മക്കളിൽ ഒരാളാണ്. സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും കാഴ്ചശക്തിയുണ്ട്. തന്റെ കുറവിനെ അവഗണിച്ച് വാപ്പയോടൊപ്പം കല്ല് ചുമക്കാൻ പോയി പഠിക്കാൻ കാശുണ്ടാക്കിയ ചരിത്രവും ഫർഹാന്റെ ജീവിതത്തിലുണ്ട്.
വിഷ്ണുവിനു വീണ്ടും ദേശീയ ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്. അടുത്ത മാസം നടക്കുന്ന ഇംഗ്‌ളണ്ട് പര്യടനത്തിലേക്കാണ് വിഷ്ണുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രയും താമസവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ചെലവ് സ്വയം കണ്ടെത്തേണ്ടിവരും എന്നതിനാൽ ഇംഗ്‌ളണ്ട് പര്യടനത്തിൽനിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് ഈ 22 കാരൻ. പണംകൊണ്ട് കളിക്കുന്ന ബിസിസിഐയുടെയോ, കേന്ദ്രസംസ്ഥാന സർക്കാരുകളുടെയോ സഹായമില്ലാതെയാണ് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്‌ളൈൻഡ് ഇൻ ഇന്ത്യയുടെ കീഴിൽ ടീം ലോകകപ്പ് നേടിയത്. കളിക്കാർക്ക് മാച്ച്ഫീസ് പോലും ലഭിച്ചില്ല. അതേസമയം ഇരുവർക്കും സാമ്പത്തിക സഹായം നൽകിയ കെസിഎ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ കളിക്കാർക്ക് അവരുടെ നാട്ടിൽ ജോലി ഉറപ്പായിട്ടുണ്ട്.
ഫർഹാന് മുസ്‌ളീംലീഗിന്റെ ബൈത്തു റഹ്മ പദ്ധതിയിലൂടെ വീട് നിർമ്മിച്ചുനൽകി. എന്നാൽ വിഷ്ണു ഇപ്പോഴും താമസിക്കുന്നത് മൺചുമരുകൾകൊണ്ട് നിർമ്മിച്ച ചെറിയ വീട്ടിലാണ്. ലോകപ്പ് നേടിയശേഷം മടങ്ങിയെത്തിയ ഇരുവരുടെയും വീടുകൾ തേടിപ്പിടിച്ചുചെന്ന് അഭിനന്ദിക്കാൻ സംസ്ഥാന മന്ത്രിമാരും എൽഎൽഎമാരും എംപിമാരും തിരക്കു കൂട്ടിയിരുന്നു. കേരളത്തിൽ പൊതുവേ കായികതാരങ്ങളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന തങ്ങളോടും കാട്ടുമോ എന്ന ഭയമാണ് ഇപ്പോൾ വിഷ്ണുവിനും ഫർഹാനും ഉള്ളത്.?