തിരുവനന്തപുരം: കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൊടുക്കുന്നതിന് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് താൽപ്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടലുകൾ കാര്യങ്ങൾ മാറ്റി മറിച്ചു. നിശബ്ദ നീക്കങ്ങളിലൂടെ തട്ടിപ്പ് കേസ് അന്വേഷണം സിബിഐയുടെ കൈയിലെത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലായിരുന്നു അതെങ്കിലും കരുക്കൾ നീക്കയത് ആഭ്യന്തര വകുപ്പ് തന്നെ. ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ ദുർബ്ബലമായ വാദങ്ങൾ നിരത്തി. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പുകേസിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി. ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ പൊലീസ് അന്വേഷണം പോരെന്നും കോടതി വാക്കാൽ പരാമർശിച്ചു. തട്ടിപ്പിന് പിന്നിൽ വൻശക്തികളാണ് ഉള്ളത്. അത് ഭരണപക്ഷത്തെ നേതാക്കളോ മന്ത്രിമാരോ ആരുമാകാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

പിന്നീട് സിബിഐയെ പ്രകോപിപ്പിച്ചു. കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ നിലപാട് എടുത്തു. അന്വേഷണത്തോട് സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണത്തിനുള്ള സൗകര്യവും സഹകരണവും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അന്വേഷണത്തിന് സൗകര്യമൊരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അന്വേഷണം അതിവേഗം പൂർത്തിയാക്കാൻ കഴിയൂ. കേസ് അന്വേഷണ ചുമതലയുള്ള സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയിൽ ഹർജി നൽകിയത്. പിന്നീട് ഈ കേസ് സിബിഐ പിൻവലിച്ചു. എങ്കിലും സിബിഐയ്ക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കേണ്ട ബാധ്യതയും ആഭ്യന്തര വകുപ്പിന് വന്നു. റവന്യൂവകുപ്പിലെ രേഖകൾ കൃത്യമായി സിബഐയ്ക്ക് കിട്ടി. ഇതുകൊണ്ട് കൂടിയാണ് ഭൂമി തട്ടിപ്പിൽ സലിംരാജ് അറസ്റ്റിലായത്. തന്റെ ഇമേജ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിജിലൻസിനെ ഉപയോഗിച്ച് ചെന്നിത്തല നടത്തുന്ന അഴിമതി വിരുദ്ധ മുഖത്തിന് കരുത്ത് പകരുന്നതാണ് സിബിഐയുടെ അറസ്റ്റ്.

സലിംരാജിന് ശേഷം ടിഒ സൂരജിലേക്കാണ് സിബിഐ നോട്ടമിടുന്നത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ പേരിൽ സൂരജിനെ കുടുക്കിയാണ് ചെന്നിത്തല അഴിമതി വിരുദ്ധ പ്രതിച്ഛായ കൂട്ടാൻ ശ്രമിച്ചത്. ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവിനെ പോലും കുടുക്കി. ഇതിനിടെയിൽ ചെന്നിത്തലയുടെ പേരും അഴിമതിയിൽ കുടുങ്ങിയെങ്കിലും ബാറുടമാ നേതാവ് ബിജു രമേശിന്റെ സൗഹൃദ കരുത്തിൽ തന്റെ നേരെ വന്ന വിവാദത്തെ ഇല്ലാതാക്കി. ചീഫ് സെക്രട്ടറി ജിജി തോംസണെ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ കണക്കിന് വിമർശിച്ചും ചില സൂചനകൾ ചെന്നിത്തല നൽകുന്നു. തെറ്റു കണ്ടാൽ പ്രതികരിക്കുന്ന ആഭ്യന്തര മന്ത്രിയാണ് താൻ. അതിലൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെന്നിത്തല.

സലിം രാജിനെ ഭൂമി തട്ടിപ്പ് കേസിൽ കുടുക്കിയാൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ അത് ബാധിക്കുമെന്ന് ചെന്നിത്തലയ്ക്ക് നന്നായി അറിയാം. ടി ഒ സൂരജിനെ വിജിലൻസ് നോട്ടമിട്ടതും മന്ത്രി കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണ്. എന്നാൽ സൂരജിനെതിരായ നടപടിയോടെ കുഞ്ഞാലിക്കുട്ടിക്ക് കാര്യങ്ങൾ മനസ്സിലായി. ചെന്നിത്തലയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വത്തിലേയും മറ്റ് പ്രമുഖർക്കെതിരെയും എന്ത് കേസ് വന്നാലും ഉടൻ ഇടപെടലിനാണ് ചെന്നിത്തലയുടെ ശ്രമം. പുതിയ പൊലീസ് മേധാവി നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തുണയാകുമെന്ന് ചെന്നിത്തല കണക്കുകൂട്ടൂന്നു. ടിപി സെൻകുമാറിനെ ആദ്യം ഡിജിപിയാക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ച ആഭ്യന്തരമന്ത്രി ഇപ്പോൾ അക്കാര്യത്തിലും സന്തുഷ്ടനാണ്. സർവ്വ സമ്മതെന്ന നിലയിൽ സെൻകുമാറിന് കിട്ടുന്ന ജനപ്രീതിയും അംഗീകരാവും ആഭ്യന്തര വകുപ്പിന്റെ ഇമേജ് കൂട്ടും.

ജേക്കബ് തോമസിനെ വിജിലൻസിൽ എതിർപ്പുകൾ അവഗണിച്ച് ചെന്നിത്തല പ്രതിഷ്ഠിച്ചതും അതിനായാണ്. ബാർ കോഴയിൽ മാണിയുടെ വിമർശനങ്ങൾക്ക് അത് കാരണമായങ്കിലും പൊതു സമൂഹത്തിൽ ചെന്നിത്തലയുടെ ഗ്ലാമർ ഉയർത്തി. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്റെ സാന്നിധ്യവും കരുത്തായി. അതുകൊണ്ട് കൂടിയാണ് ബാർ കോഴയിലെ വിജിലൻസ് ഇടപെലുകളിൽ ജനത്തിന് സംശയം തോന്നാത്തത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ ഇനിയും പൊലീസിന്റെ തലപ്പത്തുകൊണ്ടു വരും. ഉത്തരമേഖലാ എഡിജിപിയായി രാജേഷ് ദിവാനെ നിയമിച്ചതും ഈ സാഹചര്യത്തിലാണ്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി താൽപ്പര്യമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് രാജേഷ് ദിവാൻ. ആരോടും കൂറുമില്ല. ഈ സാഹചര്യത്തിൽ മലബാർ മേഖലയുടെ നിയന്ത്രണം പൂർണ്ണമായും ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാകും. കോഴിക്കോട് കളക്ടറായി തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ എത്തിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

കടകംപള്ളി വില്ലേജിലെ 147 കുടുംബങ്ങളുടെ 44 ഏക്കർ ഭൂമിയും കളമശ്ശേരി സ്വദേശിനി ഷെരീഫയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമിയും വ്യാജരേഖകൾ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിപ്പിനിരയാവർ നൽകിയ ഹർജയെ തുടർന്നാണ് കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലീംരാജ് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായവരിൽ നിന്ന് സിബിഐ സംഘം പ്രാഥമികമായി വിവരങ്ങൾ തേടുകയും, കടകംപള്ളി വില്ലേജ് ഓഫീസിൽ പരിശോധന നടത്തി ചിലരേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെല്ലാം എല്ലാ പിന്തുണയും ചെന്നിത്തല നൽകി. തിരുവനന്തപുരത്തെ കോൺഗ്രസ് എംഎൽഎയുടെ ബന്ധുക്കളും അറസ്റ്റിലായവരിൽപെടുന്നു.

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള എംഎൽഎയാണിത്. ഒപ്പം മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉയർന്ന ടൈറ്റാനിയം കേസിലെ ഇടനിലക്കാരനെന്ന് ആരോപണമുയർന്ന വ്യക്തിയേയും സിബിഐ അറസ്റ്റ് ചെയ്യുന്നു. കേസ് അന്വേഷണം ഏതെങ്കിലും സമയത്ത് മുഖ്യമന്ത്രിയിലുമെത്തിയേക്കാം. സർക്കാർ മന്ദിരങ്ങൾ ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണ് കടകംപള്ളി-കളമശ്ശേരി കേസെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയാകും ചെന്നിത്തലയുടെ കരുനീക്കം. ഇമേജ് നഷ്ടമാക്കുന്നതൊന്നും ചെയ്യത്തില്ല. അരുവിക്കരയിൽ കോൺഗ്രസ് തോറ്റാൽ നേതൃമാറ്റമെന്ന ആവശ്യവും ശക്തമാക്കും. ആ സമയത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഗുണകരമാകുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തൽ.