തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കഥകേട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഞെട്ടി! സർക്കാർ ഖജനാവിൽ നിന്ന് എങ്ങനെ പണമൊഴുക്കാമെന്നതിന്റെ നേർക്കാഴ്ചയാണ് ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഈ സാഹചര്യത്തിൽ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടാൻ തന്നെയാണ് സർക്കാർ തീരുമാനം. ദേവസം നിയമനങ്ങൾ പിഎസ്എസിക്ക വിടുന്നതിലൂടെ പ്രതിമാസം ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും സർക്കാരിന് കുറഞ്ഞത് ലാഭിക്കാം.

ഗവ. സെക്രട്ടേറിയറ്റിൽ ഒരു ലക്ഷം രൂപയിൽ താഴെ ശമ്പളം കിട്ടിയിരുന്ന അഡീഷനൽ സെക്രട്ടറി വിരമിച്ചപ്പോൾ പെൻഷനായി കിട്ടിയത് 40,000 രൂപ. അദ്ദേഹം ഭരണാനുകൂല സംഘടനാ നേതാവായതിനാൽ യു.ഡി.എഫ് സർക്കാർ നൽകിയ പുതിയ തസ്തികയിലെ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയാണ്. ചീഫ് സെക്രട്ടറി റാങ്കിലാണ് ബോർഡ് അംഗങ്ങളെ നിയമിച്ചതെന്നതാണ് ഇതിന് കാരണം. അംഗങ്ങൾക്ക് മുകളിൽ ലൈറ്റ് ഘടിപ്പിച്ച കാറിൽ കറങ്ങാനും അർഹതയുണ്ട്. ശമ്പളം ഇനത്തിൽ മാത്രം ഏഴര ലക്ഷം രൂപ പ്രതിമാസം ചെലവാണ് സർക്കാരിന്. അംഗങ്ങളുടെ മൊത്തം ചെലവ് ഒരുവർഷം ഒന്നരക്കോടിയും വരും. നാമമാത്രമായ ജീവനക്കാരെ നിയമിക്കാനാണ് ഇതെന്നതാണ് വസ്തുത. ഈ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടാൽ നയാപൈസ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നിയമനങ്ങൾ നടത്തമെന്നതാണ് യാഥാർത്ഥ്യം.

ചെയർമാൻ സ്ഥാനത്തെത്തിയ ഫയർഫോഴ്‌സ് മുന്മേധാവി മുതൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യ ഉൾപ്പടെ ആറുപേർക്ക് ബോർഡ് അംഗത്വം ലഭിച്ചു. പി.എസ്.സിയിൽ നിന്ന് വിരമിച്ച നാലുപേർക്ക് ഉൾപ്പടെ രണ്ട് ഡസനോളം യു.ഡി.എഫുകാർക്ക് ബോർഡിൽ നിയമനവും നൽകി. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാർ, ശംഖുവിളി, സംബന്ധി തുടങ്ങിയ ആറ് തസ്തികകളിലേയ്ക്കും ഗുരുവായൂർ ദേവസ്വത്തിലെ ഏതാനം സമാന തസ്തികയിലേക്കുമുള്ള നിയമനമാണ് സർക്കാർ ഈ ബോർഡിന് കൈമാറിയത്. ഇതെല്ലാം കൂടി പ്രതിവർഷം നൂറുപേരിൽ കൂടുതൽ നിയമിക്കേണ്ടി വരില്ല. ഇതിനായി ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നാണ് പിണറായി സർക്കാരിന്റെ തീരുമാനം.

ഇങ്ങനെ നിയമിതരാവുന്നവർക്ക് ഒരു വർഷം നൽകേണ്ടതിനേക്കാൾ തുക ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി ഒരു മാസം ചെലവഴിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ആറ് ഇന്നോവ കാറുകൾ അംഗങ്ങൾക്കായി ബോർഡ് ആവശ്യപ്പെട്ടതിൽ ചെയർമാന് അത് ലഭിച്ചു. ബാക്കിയുള്ളവർക്ക് വാങ്ങി നൽകുമെന്ന ഉറപ്പും യുഡിഎഫ് സർക്കാർ നൽകിയിരുന്നു. അതു വരെ മാസംതോറും അയ്യായിരം രൂപ അധികമായി നൽകുന്നു. ഇവർക്കെല്ലാം ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്. ബോർഡ് ഓഫീസിനുവേണ്ടി 6000 ചതുരശ്ര അടിയുള്ള സ്ഥലം വാടകയ്‌ക്കെടുത്തത് ഒന്നര ലക്ഷം രൂപയ്ക്കാണ്. തേ സ്ഥലത്ത് ഇതിനുമുൻപ് ഗ്രാമവികസന കമ്മീഷണറേറ്റ് പ്രവർത്തിച്ചിരുന്നപ്പോഴത്തെ പ്രതിമാസ വാടക ഇതിന്റെ പകുതിയായിരുന്നു.

ഇവിടെ നവീകരണത്തിന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ആദ്യമായി കഴിഞ്ഞ സർക്കാർ 20 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു. ഈ തുക ഇനി സർക്കാർ അനുവദിക്കാൻ ഇടയില്ല. കാറും വാങ്ങി നൽകില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്രമക്കേട് അന്വേഷിച്ച ജസ്റ്റിസ് പരിപൂർണൻ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു യുഡിഎഫ് സർക്കാർ റിക്രൂട്ട്‌മെന്റ് ബോർഡുമായെത്തിയത്. സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകൾക്കും പൊതുവായ റിക്രൂട്ട്‌മെന്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു ബോർഡിന്റെ ലക്ഷ്യം. തിരുവിതാംകൂർ, മലബാർ, കൊച്ചി ദേവസം ബോർഡുകൾ, കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മറ്റികൾ എന്നിവയിലെ നിയമനം നടത്തുകയായിരുന്നു ബോർഡിന്റെ ചുമതല. ദേവസ്വം ബോർഡിന് കീഴിലുള്ള പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള തസ്തികകളിലായിരിക്കും ബോർഡിന് നിയമനാധികാരം നൽകിയത്. എന്നാൽ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കത്തതു കൊണ്ട് നിയമനത്തിന് കഴിഞ്ഞതുമില്ലെന്നതാണ് യാഥാർത്ഥ്യം.

ഒന്നര വർഷം മുമ്പാണ് ചന്ദ്രശേഖരനെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനാക്കിയത്. പ്രത്യേക ഓർഡിനൻസിലൂടെയായിരുന്നു ഇത്. പിന്നീട് നിയമസഭ ബിൽ അംഗീകരിച്ചു. പക്ഷേ നിയമനത്തിന് വേണ്ട സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്തതുമില്ല. അതുകൊണ്ട് തന്നെ വിവിധ ദേവസങ്ങൾ ഒഴിവുകൾ അറിയിച്ചെങ്കിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് കഴിഞ്ഞില്ല. നാളിതുവരെ ഒരു നിയമനവും റിക്രൂട്ട്‌മെന്റ് ബോർഡിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടന്നിട്ടില്ല. എന്നാൽ സർക്കാർ നിയോഗിച്ച ചെയർമാനും ബോർഡ് അംഗങ്ങൾക്കും അവരുടെ ജീവനക്കാർ ഖജനാവിൽ നിന്ന് കാശ് ഒഴുകുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും ഖജനാവിനെ സംബന്ധിച്ചിടത്തോളം വെള്ളാനയായിരുന്നു ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഇതു മനസ്സിലാക്കിയാണ് മാറ്റത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. വെറുമൊരു സർക്കാർ വിജ്ഞാപനത്തിലൂടെ ദേവസം നിയമനങ്ങൾ പിഎസ് സിക്ക് വിടാം. സ്‌പെഷ്യൽ റൂൾ പി എസ് സി രൂപീകരിച്ചതിനാൽ നിയമന നടപടികളും ഉടൻ തുടങ്ങാം. ഇതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ സുതാര്യതയും വരും.

പൊലീസ് സേനയിലെ സൗമ്യ പ്രകൃതക്കാരനായിരുന്നു ഐപിഎസുകാരനായ ചന്ദ്രശേഖരൻ. ഡിജിപി റാങ്ക് അനുവദിച്ച് സർക്കാർ ഫയർഫോഴ്‌സിന്റെ തലപ്പത്ത് നിയോഗിച്ചെങ്കിൽ അക്കൗണ്ട് ജനറലിന്റെ ഇടപെടൽ മൂലം ശമ്പളം മുടങ്ങുകയാണ് ഉണ്ടായത്. ഡിജിപി റാങ്കിലെ ശമ്പളം നൽകുന്നതിൽ നൂലാമാലകളും ഉണ്ടായി. എന്നാൽ സർക്കാരിനെതിരെ തിരിയാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. സർക്കാരിനെ വെട്ടിലാക്കാതെ വിരമിക്കാനും തയ്യാറായി. ഇതിനുള്ള അംഗീകാരമെന്നോണമാണ് ചന്ദ്രശേഖരനെ ബോർഡിന്റെ തലപ്പത്ത് നിയോഗിച്ചത്. ബാക്കി നിയമനങ്ങളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു.

ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡംഗം അനിൽ തറനിലം, എൽ. ഗണേശ്, സി.ജി. ആശ, രുഗ്മിണി ഭാസ്‌കരൻ എന്നിവരാണു മറ്റംഗങ്ങൾ. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു. സെക്രട്ടറിയേറ്റിൽ ജോലി നോക്കവേ ഉമ്മൻ ചാണ്ടിയുടെ അതി വിശ്വസ്തൻ.