കൊച്ചി: തിരുവനന്തപുരത്തെ ഒരു മധ്യവർത്തി കുടുംബത്തിൽ ജനിച്ചു വളർന്ന ഗീതു ശിവകുമാർ എന്ന 22 കാരി ലോകം അറിയുന്ന വ്യവസായ സംരംഭകയാണ് ഇന്ന്. പെയ്‌സ് ഹൈടെക് എന്ന ഐ ടി കമ്പനിയുടെ സിഇഒ ആയി ഈ പെൺകുട്ടി വളർന്നത് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന നിശ്ചയദാർഢ്യത്തിന്റെ ഫലമായിരുന്നു.

കവടിയാർ നിർമ്മല ഭവൻ സ്‌കൂളിൽ പഠിക്കവേ രാജീവ് ഗാന്ധി സെന്റർ ബയോടെക്‌നോളോജിയിൽ ഒരു വർഷത്തെ ഫെല്ലോഷിപ്പ് ചെയ്യാൻ അവസരം കിട്ടിയതായിരുന്നു 12 വയസുകാരി ഗീതുവിൽ ടെക്‌നോളജിയിലേക്കു താൽപ്പര്യം ജനിപ്പിച്ചത് . ഗവണ്മെന്റ് ഓഫ് കേരളയും ടെക്‌നോപാർക്കും ഐ ടി മിഷനും ചേർന്ന് നടത്തിയ സംസ്ഥാന ഐ ടി ഫെസ്റ്റിലെ കേരളത്തിലെ ഏറ്റവും മികച്ച വെബ് ഡെവലപ്പർ ആയി വിജയിച്ചതായിരുന്നു ഐ ടി മേഖലയിലേക്കുള്ള ഗീതുവിന്റെ കാൽവെയ്‌പ്പ് . അതിനോടനുബന്ധിച്ചു ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ അംബാസിഡർ ആയി ജപ്പാൻ സന്ദർശനം നടത്താൻ 2012 ഇൽ ഗീതുവിന് അവസരം ലഭിച്ചു. ടെക്‌നോളജിയിൽ ഏറെ പുരോഗമിച്ച രാജ്യവും അതിന്റെ സംസ്‌കാരവും ഗീതുവിനെ ഒരുപാട് സ്വാധീനിച്ചു .

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് ബാർട്ടൺഹില്ലിൽ ഇലക്ട്രോണിക്‌സ് ബിരുദം ചെയ്യവേ ആണ് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആശയം ഗീതുവിന്റെ മനസിലേക്ക് കടന്നു വന്നത്. കൂട്ടുകാരുടെയും കോളേജ് അധികൃതരുടെയും പിന്തുണയോടെ കോളേജിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററിൽ ആദ്യമായി രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പും പെൺകുട്ടിയും ഗീതു ആയിരുന്നു. പ്രോജക്ടുകളുടെ നിലവാരവും സമയനുസൃതമായ ഇടപെടലും കൂടുതൽ പ്രൊജെക്ടുകൾ ഗീതുവിലേക്കു എത്തിച്ചു. പഠിക്കുമ്പോൾ തന്നെ നല്ലൊരു തുക ഓരോ മാസവും സമ്പാദിക്കാൻ അത് കാരണമായി . ബാല്യം മുതലേ ഉള്ള സമ്പാദ്യ ശീലം കാരണം അത് ബുദ്ധിപൂർവം ഉപയോഗിക്കാനും കൂടുതൽ നല്ല പ്രൊഡക്ടുകൾ ഉണ്ടാക്കാനും ഗീതുവിന് കഴിഞ്ഞു.രാജ്യത്തെ ആദ്യത്തെ ക്യാമ്പസ് ന്യൂസ് അപ്ലിക്കേഷൻ തന്റെ കോളേജിന് വേണ്ടി ഗീതു ഡെവലപ്പ് ചെയ്തതും തരംഗമായി.

ഫൈനൽ വർഷം തന്റെ പ്രൊജക്റ്റ് പേറ്റന്റ് ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് കേരള സ്റ്റേറ്റ് ശാസ്ത്ര ഭവൻ സംഘടിപ്പിച്ച ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈട്‌സ് പ്രോഗ്രാമിൽ ഗീതു പങ്കെടുത്തത്. ഇതുകൊണ്ടു ചെന്നെത്തിച്ചത് ഗീതുവിന്റെ സ്റ്റാർട്ടപ്പ് സംബന്ധമായ ആശയങ്ങളിലേക്കു ആയിരുന്നു. ബീറ്റ ഗ്രൂപ്പിന്റെ ബീറ്റ ഇന്റലിജൻസ് എന്ന കമ്പനിയുടെ കൂടെ പ്രവർത്തിക്കാൻ ഗീതുവിന് അവസരം ലഭിച്ചു.

കുറച്ചു കാലത്തിനകം തന്നെ തന്റെ വഴി സ്വന്തം സംരംഭമാണെന്നു ഗീതു തിരിച്ചറിഞ്ഞു. സ്വന്തം സ്വപ്നങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കിട്ടിയ ജോലികളും അവസരങ്ങളും സമൂഹത്തിന്റെ ചോദ്യങ്ങളും വേണ്ടന്നു വെച്ച് പ്രവർത്തിക്കുകയായിരുന്നു ഗീതു എന്നും. ചുരുങ്ങിയ കാലത്തിനുള്ളിൽ ബീറ്റ ഗ്രൂപ്പിന്റെ ഐ ടി മേഖലയിൽ ഗീതു ഏറെ മാറ്റം കൊണ്ടുവന്നു. വ്യക്തമായ ലക്ഷ്യബോധവും വളർച്ചയും കാരണം ഗീതുവിന്റെ സ്റ്റാർട്ടപ്പ് ബീറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും വലിയ നിക്ഷേപത്തോടെ അത് പെയ്‌സ് ഹൈ ടെക് എന്ന പേരിൽ വളരുകയുമായിരുന്നു.

ബീറ്റ ഗ്രൂപ്പിന്റെ ബിസിനസ് അനുഭവസമ്പത്തിലൂടെയും ശക്തമായ പാർട്ണർഷിപ്പുകളിലൂടെയും എന്ത് പരിസ്ഥിതിയിലും കൂടെ നിൽക്കുന്ന ടീമിന്റെ ബലത്തോടെയും ഉയർച്ചയിലേക്കു വളരുകയാണ് ഈ 22 -കാരിയുടെ സ്വപ്നങ്ങൾ . നിരവധി വലിയ പ്രൊജെക്ടുകൾ ചെയ്യാനും കൂടുതൽ സ്ഥലങ്ങളിലേക്ക് വികസിക്കാനും പെയ്സിനു സാധിച്ചു.ബിസിനസ്സിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ ശിക്ഷണം തന്നെ ഏറെ സഹായിച്ചു എന്ന് ഗീതു പറയുന്നു. ബീറ്റ ഗ്രൂപ്പിന്റെ സഹായത്തോടെ സിങ്കപ്പൂർ,ശ്രീ ലങ്ക, മിഡിൽ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലേക്ക് കൂടെ തന്റെ ബിസിനസ് വളർത്തുകയാണ് പെയ്‌സ്.

തന്റെ ജീവിതത്തിൽ എന്നും സ്വപ്നങ്ങൾ ഏറ്റവും പ്രധാനമായിരുന്നു. മറ്റുള്ളവരുടെ സ്വപ്നങ്ങൾ ടെക്‌നോളജി ഉപയോഗിച്ച് സത്യമാക്കുക എന്നതിന് വേണ്ടിയാണു പെയ്‌സ് പ്രവർത്തിക്കുന്നത് . ടെക്‌നോളജി മികവിലൂടെ ഏറെ കമ്പനികളുടെയും ഓർഗനൈസഷനുകളുടെയും പ്രവർത്തനത്തിൽ ഒരുപാടു ഉയർച്ച കൊണ്ടുവരാൻ പെയ്സിനു കഴിഞ്ഞു.