- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനത്തിനു ഭാഷയും ദേശവും അതിരു തീർക്കില്ല; ഹജ്ജ് ദുരന്തത്തിൽ പെട്ടവർക്കു താങ്ങും തണലുമായത് 5000ത്തോളം മലയാളി വാളണ്ടിയർമാർ; വിശ്രമം പോലുമില്ലാത്ത സന്നദ്ധ പ്രവർത്തനത്തിന് എങ്ങും പ്രശംസ
കോഴിക്കോട്/മിന: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ മലയാളി വളണ്ടിയർ സംഘങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രശംസ. തിക്കിലും തിരക്കിലുംപെട്ട് മിനയിലുണ്ടായ ദുരന്തത്തിൽ ആഗോള സന്നദ്ധ സംഘടനകൾക്കൊപ്പം സന്നദ്ധ സേവന രംഗത്ത് മലയാളികളായ അയ്യായിരത്തിലധികം വളണ്ടിയർമാരുടെ സേവനങ്ങളാ
കോഴിക്കോട്/മിന: വിശുദ്ധ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ മലയാളി വളണ്ടിയർ സംഘങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പ്രശംസ.
തിക്കിലും തിരക്കിലുംപെട്ട് മിനയിലുണ്ടായ ദുരന്തത്തിൽ ആഗോള സന്നദ്ധ സംഘടനകൾക്കൊപ്പം സന്നദ്ധ സേവന രംഗത്ത് മലയാളികളായ അയ്യായിരത്തിലധികം വളണ്ടിയർമാരുടെ സേവനങ്ങളാണ് ശ്രദ്ധേയമായത്. വിവിധ സംഘടനകൾക്കും ട്രൂപ്പുകൾക്കും കീഴിലായിട്ടായിരുന്നു മലയാളികളുടെ സേവന പ്രവർത്തനങ്ങൾ. സൗദിഅറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ജോലിക്കെത്തിയ മലയാളികളാണ് വളണ്ടിയർ വിംങിൽ ഇടം പിടിച്ചിരിക്കുന്നതിൽ ഏറെയും. നാനാ ദേശത്ത് നിന്നും എത്തിയ തീർത്ഥാടക സംഘങ്ങളെ പരിചരിക്കുന്ന തിരക്കിലാണ് ഇപ്പോഴും ഈ സംഘങ്ങൾ. ഭാഷയും ദേശവും ഭേദിച്ചുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ കർമ്മ നിരതരാണ് മലയാളി സംഘങ്ങൾ.
മക്കയിലും പരിസരത്തുമുള്ള ആശുപത്രികൾ, റെഡ് ക്രസന്റ് മെഡിക്കൽ ക്യാമ്പുകൾ, മിലിട്ടറി ആശുപത്രി എന്നിവിടങ്ങളിലെല്ലാം പരിക്കേറ്റ ആയിരത്തിലേറെ തീർത്ഥാടകർ ചികിത്സയിൽ കഴിയുകയാണ്. ഇതിനോടകം എട്ട് മലയാളികളുൾപ്പടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 720 കവിഞ്ഞു. ദുരന്തത്തിന്റെ നടുക്കം മാറാതെയായിരുന്നു ഹാജിമാർ ഇത്തവണ ഹജ്ജ് കർമ്മം പൂർത്തീകരിച്ചത്. ഉറ്റവരും ഉടയവരും നഷ്ടമായ മൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. മൃതദേഹങ്ങൾക്കിടയിലൂടെ കണ്ണീർ വാർത്ത് രക്ഷാ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വളണ്ടിയർ സംഘങ്ങൾ. ഇപ്പോഴും നൂറുകണക്കിനു മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിയാതെ കെട്ടിക്കിടക്കുന്നു. കാണാതായ തീർത്ഥാടകരുടെ ലിസ്റ്റ് ശേഖരിച്ച് ഇവരെ തേടിപിടിക്കുന്നതിലും മലയാളി സംഘങ്ങൾ തന്നെയാണ് മുന്നിൽ. മരിച്ച മലയാളികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചതും പരുക്കേറ്റ മലയാളികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ സാധിച്ചതും കേരളത്തിൽ നിന്നുള്ള വളണ്ടിയർ വിങ്ങിന്റെ ഇടപെടൽ തന്നെയാണ്.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളത്. സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ ഇത്തവണ രണ്ടായിരത്തോളം വളണ്ടിയർമാരെയാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഇറക്കിയത്. ഇന്ത്യൻ എംമ്പസി നിർണയിച്ചു നൽകിയ അസീസിയ്യയിലെ വളണ്ടിയർ ക്യാമ്പിൽ ഇവർ സദാസമയം സജ്ജരായിരുന്നു. സുന്നി വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ പ്രവാസി ഘടകം ആർ.എസ്.സി യുടെ ആയിരം വളണ്ടിയർമാർ സന്നദ്ധ പ്രവവർത്തനങ്ങൾക്കിറങ്ങി. മൂന്നുവീതം പേരടങ്ങുന്ന 250 ലധികം ടീമുകൾ മിന, അസീസിയ എന്നിവിടങ്ങളിലെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ 100 ലധികം പോയിന്റുകളിൽ കേന്ദ്രീകരിച്ചും, അവശ്യ ഘട്ടങ്ങളിൽ ടീം ക്യാപ്റ്റന്മാരുടെ പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചും ചിട്ടയോടെയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. ഹജ്ജ് വെൽഫെയർ സംഘം, ഐ.പി.എഫ് തുടങ്ങിയ സംഘടനകളും സേവനമേഖലയിൽ വളണ്ടിയർമാരെ അണി നിരത്തിയിരുന്നു.
ഓരോ വളണ്ടിയർ ക്യാമ്പിലേക്കും അപ്രതീക്ഷിതമായി കടന്നു വന്ന ദുരന്ത വാർത്തകൾക്കും ശേഷം, വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. കർമ്മ നിരതരായ വളണ്ടിയർമാർ കേട്ടത് അട്ടഹാസങ്ങൾ മാത്രമായിരുന്നു. രക്ഷക്കായി കേഴുന്ന വയോധികരേയും കുട്ടികളെയുമായിരുന്നു. ദുരന്തത്തിൽ്‌പ്പെട്ട് നിലവിളിക്കുന്നവരെയും കൊണ്ടവർ ആശുപത്രികളിലേക്കു കുതിച്ചു പാഞ്ഞു. അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും മരണമടഞ്ഞവരെ രാജ്യങ്ങൾ അനുസരിച്ച് തരംതിരിക്കുന്നതിനും പരിക്കേറ്റവർക്ക് പ്രാഥമികശുശ്രൂഷ നൽകി ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്നതിനും ഓരോ വളണ്ടിയർ സംഘങ്ങളും സജീവമായിരുന്നു. കെ.എം.സി.സി അടക്കമമുള്ള വളണ്ടിയർ സംഘത്തിന് പ്രത്യേകം പരിശീലനം നേടിയ ഡോക്ടർമാരുടെ സംഘങ്ങളും ഉണ്ടാിരുന്നു. വഴിതെറ്റിയവരെ കണ്ടെത്തുന്നതിനും തിരിച്ച് ബന്ധുക്കളെ ഏൽപ്പിക്കുന്നതിനും പ്രത്യേക നെറ്റവർക്കുകൾ മലയാളി സംഘങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഹാജിമാർക്കുള്ള വിശ്രമ കേന്ദ്രങ്ങളും, താസസവും ഇവർ പ്രത്യേകം ഒരുക്കിയിരുന്നു.
അന്താരാഷ്ട്ര സംഘടനകളും സൗദി സുരക്ഷാ സേനകളും മലയാളികളുടെ സേവന പ്രവർത്തനത്തെ പ്രകീർത്തിച്ചു.അറബ്, ഇംഗ്ലീഷ് പത്രങ്ങൾ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് വാർത്തയും ലേഖനങ്ങളുമെഴുതി. അവശനായ തീർത്ഥാടകനെയും ചുമന്ന് ഏഴ് കിലോ മീറ്റർ നടന്ന് ടെന്റിലെത്തിച്ച മലയാളിയായ ആർ.എസ്.സി പ്രവർത്തകനും ദേശീയ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു. മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്നതിലൂടെ ദൈവത്തിൽ നിന്നുള്ള പ്രീതിമാത്രം കാംക്ഷിച്ചു കൊണ്ടാണ് ആയിരക്കണക്കിനു വളണ്ടിയർമാർ കർമ്മ നിരതരായിരിക്കുന്നത്. ഹജ്ജിന്റെ അവസാന കർമ്മങ്ങൾ കഴിഞ്ഞ് ഹാജിമാർ നാട്ടിലേക്കു പോയാലും ഇനിയുള്ള ഏതാനും ദിവസങ്ങൾകൂടി ഇവർ പ്രവർത്തന രംഗത്തുണ്ടാകും. ഒരാളും കാണാനാഗ്രഹിക്കാത്ത നിരത്തിവച്ച മൃതദേഹ കൂമ്പാരങ്ങൾക്കു മുന്നിൽ, ബന്ധുക്കളെ കണ്ടെത്താനുള്ള ഞെട്ടോട്ടത്തിലാണ് ഓരോ വളണ്ടിയർമാരും. മുപ്പതും നാൽപ്പതും വർഷങ്ങൾ ഹജ്ജ് സെല്ലിനു കീഴിൽ വളണ്ടിയറായി പ്രവർത്തിക്കുന്നവരും ഊർജ്ജസ്വലരായി ഇക്കൂട്ടത്തിലുണ്ട്.