- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന ഫയൽ ഇവരുടെ സൃഷ്ടി; കണ്ണില്ലെങ്കിലും കാഴ്ച നഷ്ടമായവർക്ക് ജീവിത വെളിച്ചമായി; അന്ധരുടെ പുനരധിവാസകേന്ദ്രം നടത്തുന്നതും അന്ധൻ; ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും രാമകൃഷ്ണന്റേയും വിജയഗാഥ
പാലക്കാട്: കണ്ണുണ്ടായാൽ പോരാ കാണണമെന്നാണല്ലോ. എന്നാൽ കണ്ണില്ലാതെയും എല്ലാം കണ്ടുകൊണ്ടു കണ്ണില്ലാത്തവർക്കു ജീവിതവെളിച്ചം പകർന്നു നൽകുകയാണ് വാണിയംകുളം ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ രാമകൃഷ്ണൻ. വിദ്യാഭ്യാസമുള്ളവർ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവാണ് ചെറുപ്പത്തിൽത്തന്നെ കാഴ്ച പ
പാലക്കാട്: കണ്ണുണ്ടായാൽ പോരാ കാണണമെന്നാണല്ലോ. എന്നാൽ കണ്ണില്ലാതെയും എല്ലാം കണ്ടുകൊണ്ടു കണ്ണില്ലാത്തവർക്കു ജീവിതവെളിച്ചം പകർന്നു നൽകുകയാണ് വാണിയംകുളം ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ രാമകൃഷ്ണൻ. വിദ്യാഭ്യാസമുള്ളവർ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവാണ് ചെറുപ്പത്തിൽത്തന്നെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട രാമകൃഷ്ണന് അന്ധർക്കായി ഒരു സ്ഥാപനം തുടങ്ങാൻ പ്രചോദനമായത്.
ഇന്നത് അന്ധർക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രമാണ്. ആയിരക്കണക്കിന് അന്ധർക്കാണ് ഈ സ്ഥാപനം വഴി ജീവിതവിജയം നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഫോട്ടോയ്ക്കു പോസ്‌ചെയ്യാനും മാദ്ധ്യമങ്ങളിൽ പടം വരുത്താനുമൊക്കെ സിനിമാതാരങ്ങളുൾപ്പെടെയുള്ള സെലിബ്രിറ്റികളും പ്രമുഖരുമൊക്കെ അനാഥാലയങ്ങളും വയോധികമന്ദിരങ്ങളുമൊക്കെ കയറിയിറങ്ങുന്ന ഇക്കാലത്ത് അത്തരക്കാരൊന്നും എത്തിനോക്കിയില്ലെങ്കിലും അന്തസോടെ ഈ കേന്ദ്രം നോക്കി നടത്തുകയാണ് രാമകൃഷ്ണൻ.
വാണിയംകുളം പനയൂരിലാണ് ഒന്നര ഏക്കർ സ്ഥലത്തായി ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. അന്ധർക്കായുള്ള വിവിധ തൊഴിൽ പരിശീലനവും കമ്പ്യൂട്ടർ പഠനവും തൊഴിലും നൽകി വരുന്നുണ്ട്. ജന്മനാൽ അന്ധരായവരും പെട്ടെന്നൊരു ദിവസം രോഗം മൂലമോ അപകടം മൂലമോ അന്ധരായി തീരുന്നവരും ഇവിടെയുണ്ട്. സർക്കാർ ഓഫീസുകളിലെ ചുവന്ന ഫയലുകൾ നിർമ്മിച്ചു നൽകുന്നത് ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്ധരാണ്. കേരള സർക്കാരിന്റെ സ്റ്റേഷനറി വിഭാഗത്തിനുവേണ്ടി പ്രതിവർഷം രണ്ടര ലക്ഷം ഫയൽ ബോർഡുകളാണ് ഇവർ നിർമ്മിച്ചു നൽകുന്നത്. കൂടാതെ കൈത്തറി, നൂൽനൂൽപ്പ്, ചൂടി കയർ നിർമ്മാണം തുടങ്ങിയവയിലെല്ലാം പരിശീലനം നൽകി വരുന്നുണ്ട്.
താമസവും ഭക്ഷണവുമെല്ലാം ഇവിടെയായതിനാൽ ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് ഇവിടം. വാടാനംകുർശ്ശി സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രാമകൃഷ്ണന് കാഴ്ചശക്തി നഷ്ടമായത്. ഒരു ചെറിയ ഓപ്പറേഷനു ശേഷം നേരിയതോതിൽ കാഴ്ച ശക്തി തിരികെ കിട്ടിയെങ്കിലും പിന്നീട് അത് ഇല്ലാതായി. തുടർന്ന് കുന്നംകുളത്ത് അന്ധർക്കായുള്ള വിദ്യാലയത്തിൽനിന്ന് ബ്രെയിൽ ലിപി പഠിച്ചു. തൃശൂർ കേരളവർമ്മ കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.ഫിൽ കരസ്ഥമാക്കി.
തുടർന്ന് ചെന്നൈയിൽനിന്ന് അന്ധർക്കായുള്ള സ്റ്റെനോഗ്രാഫി പഠിച്ചു. കുറച്ചു കാലം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഇവിടെ നിന്നാണ് അന്ധർക്കായുള്ള ഒരു സ്ഥാപനം തുടങ്ങാൻ പ്രചോദനം ഉണ്ടായത്.
കുളപ്പുള്ളിയിൽ 1992 ലാണ് ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന അന്ധർക്കായുള്ള സ്ഥാപനം രാമകൃഷ്ണൻ തുടങ്ങിയത്. തുടക്കത്തിൽ അന്ധരെ കണ്ടെത്താനുള്ള രജിസ്‌ട്രേഷനാണ് നടന്നത്. 1993 ൽ 43 അന്ധരുമായി സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങി.അന്നത്തെ സ്ഥലം എംഎൽഎ. വി സി.കബീറാണ് ഉദ്ഘാടനം നടത്തിയത്. ചൂടി കയർ നിർമ്മാണവും കസേര നെയ്ത്തുമാണ് തുടക്കത്തിൽ പരിശീലിപ്പിച്ചത്. പിന്നീട് മോട്ടോർ വൈന്റിംഗും ഇലക്‌ട്രോണിക്‌സ് പഠനവും തുടങ്ങി.
2005 ൽ ഓഡിയോ സോഫ്റ്റ് വെയർ ഉപയോഗിച്ച് കാഴ്ചയില്ലാത്തവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം തുടങ്ങി. ഈ വർഷമാണ് പനയൂരിലേക്ക് മാറ്റിയത്. പെൺകുട്ടികൾ ഉൾപ്പെടെ അറുപതോളം സ്ത്രീകളും മുപ്പത്തിയെട്ടു പുരുഷന്മാരും ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചു പഠിക്കുകയും ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കാലത്ത് അഞ്ചര മണിക്ക് ബെല്ലടിക്കുതോടെ എല്ലാവരും എഴുന്നേൽക്കും. പ്രാഥമികകാര്യങ്ങൾക്കു ശേഷം ഏഴു മണി മുതൽ എട്ടര വരെ മലയാളത്തിലെ പത്രങ്ങൾ ഒരാൾ മൈക്കുവഴി വായിച്ചു കേൾപ്പിക്കും. എട്ടരയ്ക്കുശേഷം കാലത്തെ പ്രാതൽ. ഒമ്പതു മുതൽ പന്ത്രണ്ടേ മുക്കാൽ വരെയും രണ്ടു മുതൽ നാലരവരെയും പരിശീലനവും തൊഴിലും. വൈകുന്നേരത്തെ ചായ കഴിഞ്ഞാൽ എല്ലാവരും ടി വി ശബ്ദം കൊണ്ട് കാണും. ഒഴിവുദിവസങ്ങളിൽ ജോലിയില്ലെങ്കിലും ബാക്കിയെല്ലാം പതിവുപോലെ. ഓണത്തിനും ക്രിസ്മസ്സിനും നിർബന്ധമായി എല്ലാവരും വീടുകളിലേക്ക് പോകണം.
കേന്ദ്ര ഗവൺമെന്റ് തൊഴിൽ പരിശീലനത്തിനുള്ള ഗ്രാന്റ് നൽകുന്നുണ്ട്. ബി.എഡ്., ടി.ടി.സി. തുടങ്ങിയ കോഴ്‌സുകൾക്ക് പുറത്തുവിട്ട് പരിശീലനം നൽകുന്നുണ്ട്. എല്ലാ വർഷവും മൂന്നോ നാലോ വിദ്യാർത്ഥികളെങ്കിലും എൻ.എസ്.എസ്. ട്രെയിനിങ് കോളേജിൽ ബി.എഡിന് ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രമുഖവ്യക്തിയും ഇങ്ങോട്ടുതിരിഞ്ഞുനോക്കാറില്ല. സാധാരണക്കാരായ നാട്ടുകാരുടെ സഹായത്താലാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. നാലുവർഷം മുമ്പ് ഇവിടെ വന്ന ജില്ലാ കലക്ടറാണ് വന്നവരിൽ പ്രമുഖ വ്യക്തി. അവാർഡുകൾക്ക് പുറകെ പോയിട്ടില്ലാത്ത അമ്പത്തിയഞ്ചുകാരനായ രാമകൃഷ്ണന് സ്ഥാപനം നല്ല നിലയിൽ മുന്നോട്ടുപോകണമെന്ന ആഗ്രഹമേയുള്ളൂ.