കോഴിക്കോട്: വേനലവധി കഴിഞ്ഞ് വീണ്ടും അക്ഷര മുറ്റത്തേക്ക് കാലെടുത്ത് വെയ്ക്കാൻ ഒരുങ്ങുമ്പോൾ പഠിച്ചിരുന്ന ക്ലാസ് മുറികളും കളിച്ചു നടന്ന സ്‌കൂൾ മുറ്റവും എല്ലാം നഷ്ടമായ നിരാശയിലാണ് കോഴിക്കോട് മനാറുൽ ഹുദാ ട്രസ്റ്റിനു കീഴിലുള്ള പുതിയറയിലെ ഹിൽടോപ്പ് പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥികൾ ഒന്നടങ്കം. വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയവും കൂട്ടുകാരെയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ് ഇവർക്ക്. ഒത്തിരി ഓർമകൾ മാത്രം ബാക്കിയാക്കിയുള്ള കെട്ടിടങ്ങൾ മാത്രമായി മാറിയിരിക്കുകയാണ് ഇന്ന് ഹിൽടോപ്പ് പബ്‌ളിക്ക് സ്‌കൂൾ. പണാധിപത്യത്തിനും കച്ചവട താൽപര്യത്തിനും വിദ്യഭ്യാസം വഴിമാറ്റപ്പെടേണ്ടി വന്ന ഒടുവിലത്തെ ഉദാഹരണമായിരുന്നു മനാറുൽ ഹുദാ ട്രസ്റ്റിനു കീഴിലെ ഈ വിദ്യാലയം.

1991 മുതൽ പുതിയറ ടൗണിൽ പ്രവർത്തിച്ചു വരുന്ന ഹിൽടോപ്പ് പബ്ലിക്ക് സ്‌കൂൾ പ്രദേശത്തെ നിലവാരമുള്ള സ്‌കൂളുകളുടെ കൂട്ടത്തിലായിരുന്നു. ഡൊണേഷന് പുറമെ വർഷത്തിൽ 15,000 മുതൽ 22,000 വരെ ഒരു കുട്ടിയിൽ നിന്നും ഈടാക്കുന്നുണ്ടെങ്കിലും കാര്യമായ പരാതികളൊന്നും രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നില്ല. 25 വർഷത്തോളമായി ഇവിടെ നിന്നും പഠിച്ചിറങ്ങിയവരും ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളും സി.ബി.എസ്.ഇ സിലബസ് ആയിരുന്നു പിന്തുടർന്നത്. എന്നാൽ 25 വർഷത്തിനിടെ അമിത ഫീസ് ഈടാക്കി കൊഴുത്ത് വളർന്ന മാനേജ്‌മെന്റിന് സാമ്രാജ്യം വിപുലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. അതിനുള്ള ഏറ്റവും ഉചിതമായ കാര്യമായി മാനേജ്‌മെന്റ് കണ്ടിരുന്നത്. ഭൂമാഫിയക്ക് വഴങ്ങി വലിയ തുക ആവശ്യപ്പെടുകയും സ്റ്റേ ഭീഷണിയോ മറ്റു പ്രശ്‌നങ്ങളും ഇല്ലാത്ത മറ്റൊരിടത്തേക്ക് സ്‌കൂൾ മാറ്റുകയുമായിരുന്നു ലക്ഷ്യം.

എന്നാൽ മാനേജ്‌മെന്റിന്റെ നീക്കങ്ങൾ പൂർണമായും ഫലം കാണുന്ന അവസ്ഥയായിരുന്നു. വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനായി പ്രമുഖ വ്യവസായ ഗ്രൂപ്പായ പി.കെ ഗ്രൂപ്പിന് സ്‌കൂളും സ്ഥലവും കൈമാറാനായിരുന്നു സ്‌കൂൾ അധികൃതരുടെ നീക്കം. മറുനാടൻ മലയാളി ഈ സംഭവം മുമ്പ് പുറത്തുകൊണ്ടുവന്നിരുന്നു. വാർത്ത പുറത്തുവന്നതോടെ രക്ഷിതാക്കളും പാരന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രധിഷേധങ്ങളും നിയമ പോരാട്ടവും നടത്തിയിരുന്നു. എന്നാൽ പണത്തിന് മീതെ ഒന്നുമില്ലെന്ന അവസ്ഥയിൽ എല്ലാ ചട്ടങ്ങളും മറികടന്ന് സ്‌കൂൾ അടച്ചിടാനും കുട്ടികളെ പേരുവെട്ടി മറ്റു സ്‌കൂളുകളിൽ ചേർക്കാനുമായിരുന്നു അന്തിമ തീരുമാനം. ഇതോടെ രക്ഷിതാക്കളെടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. തുടർന്ന് ജില്ലാ കലക്ടർ, എംപി, , എംഎ‍ൽഎ, സ്‌കൂൾ മാനേജ്‌മെന്റ്, പാരന്റ്‌സ് അസോസിയേഷൻ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നെങ്കിലും സ്‌കൂൾ നിലനിത്താൻ തീരുമാനമായില്ല.

സ്‌കൂൾ മറിച്ചുവിൽക്കാൻ വർഷങ്ങളായി പല കാരണങ്ങളും തേടുകയായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ്. 25 വർഷമായി സി.ബി.എസ്.ഇ സിലബസ് പിന്തുടർന്നിരുന്ന സ്‌കൂൾ കഴിഞ്ഞവർഷങ്ങളിൽ ഈ അംഗീകാരം പുതുക്കാത്ത അവസ്ഥയായി. കൂടാതെ രക്ഷിതാക്കളോട് ടിസി വാങ്ങാൻ ആവശ്യപ്പെട്ട് പലതവണ കത്തുകൾ അയക്കുകയും ചെയ്തു. സ്‌കൂൾ ഇവിടെ നിന്നും മാറുന്നതുകൊണ്ടുള്ള മേന്മകൾ വിവിരിച്ചുള്ള ക്ലാസുകൾ നൽകുകയും ചെയ്തിരുന്നു. ഒടുവിൽ ഫീസ് നൽകാത്തതിന്റെ പേരിൽ എൽ.കെ.ജി വിദ്യാർത്ഥികളുൾപ്പടെയുള്ള കുട്ടികളെ മണിക്കൂറുകളോളം ഇരുട്ട് മുറിയിൽ പൂട്ടിയ സംഭവം വിവാദമാവുകയും സ്‌കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥയും ഈ സ്‌കൂളിലുണ്ടായിരുന്നു. ധൃതിപിടിച്ച് ഫീസ് അടപ്പിക്കുന്നതിന് പിന്നിൽ സ്‌കൂൾ അടയ്ക്കാനുള്ള അജണ്ടയായിരുന്നു.

പി.കെ ഗ്രൂപ്പ് മുതലാളിയുടെ വീടിനും ഭൂമിക്കും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹിൽടോപ്പ് സ്‌കൂൾ സ്വന്തമാക്കാൻ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റുകാരാണ് പി.കെ ഗ്രൂപ്പിനു വേണ്ടി ഇടപെട്ടിരുന്നത്. അതേസമയം കോഴിക്കോട് ബൈപാസിനടുത്ത് പന്തിരാങ്കാവിൽ മൂന്നേക്കറിലധികം വരുന്ന ഭൂപ്രദേശത്ത് ഹിൽടോപ്പ് സ്‌കൂൾ മാറ്റുന്നതിനായി മാനേജ്‌മെന്റ് അധികൃതർ വാങ്ങുകയും കെട്ടിട നിർമ്മാണം തകൃതിയായി നടത്തുകയും ചെയ്തിരുന്നു. ഇതിനായി കോർപ്പറേഷന്റേയും മറ്റു വകുപ്പ് തല അംഗീകാരങ്ങളും ട്രസ്റ്റ് കയ്യിലാക്കിയിരുന്നു. എന്നാൽ ഇവിടെ നിർമ്മിക്കുന്ന കെട്ടിടം അശാസ്ത്രീയമാണെന്നും അനധികൃതമാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ നിർമ്മാണത്തിനിടെ രണ്ട് തൊഴിലാളികളുടെ ജീവൻ നഷ്ടമാകാനും കാരണമായി. ഇതോടെ പുതിയ കെട്ടിടത്തിന് നിർമ്മാണ സ്റ്റേ വരികയും പദ്ധതികൾ അവതാളത്തിലാവുകയും ചെയ്തു. ഇതോടെ ഈ അധ്യയന വർഷം മുതൽ അത്യാധുനിക സൗകര്യത്തോടെയുള്ള സ്‌കൂൾ തുറന്ന് മുന്നോട്ടു പോകാനുള്ള തീരുമാനത്തിനായിരുന്നു വിലങ്ങുതടിയായത്.

കേരളത്തിനകത്തും പുറത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന മുസ്ലിം മാനേജ്‌മെന്റുകളിൽ ഒന്നാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദാ ട്രസ്റ്റ്. മെഡിക്കൽ, എഞ്ചിനീയറിംങ് സ്ഥാപനങ്ങളുൾപ്പടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിന് കീഴിൽ നടത്തി വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബിസിനസാക്കുകയും വ്യവസായികൾക്കും ഭൂ മാഫിയകൾക്കുമായി സാദാരണക്കാരെ പിഴിഞ്ഞ് പെരുവഴിയിലാക്കുകയും ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിലെ സ്‌കൂളിൽ സംഭവിച്ചത്. ഒരുപറ്റം വിദ്യാർത്ഥികളും രക്ഷിതാക്കളും നീതി ലഭിക്കാതെ ചൂഷണം ചെയ്യപ്പെട്ടിരിക്കുകയാണ്. പഠിച്ച സ്‌കൂളിനോട് വിടപറഞ്ഞ് പുതിയ അധ്യയന വർഷത്തിൽ പുതിയ ക്ലാസ് മുറിയും പുതിയ കൂട്ടൂകാരെയും തേടി അവർ മറ്റൊരു സ്‌കൂൾ മുറ്റത്തേക്കുള്ള യാത്രയിലാണ്.