കൊച്ചി: ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടാം പ്രതിയായ സായിശങ്കറിന്റെ ഭാര്യ ജസ്‌നിയ സായിക്ക്, ഭർത്താവിന്റെ തനിനിറം മനസിലായതോടെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.

അന്ധമായി ഭർത്താവിനെ സ്‌നേഹിച്ചിരുന്ന ജസ്‌നിയ, സായിശങ്കർ തട്ടിപ്പിനെ അറസ്റ്റിലായെന്ന വാർത്ത വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എറണാകുളത്തെ പ്രമുഖ തങ്ങൾ കുടുംബത്തിലെ അംഗമായ ജസ്‌നിയ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും എതിർപ്പ് വകവയ്ക്കാതെയാണ് സായി ശങ്കറിനെ വിവാഹം കഴിക്കുന്നത്. ഫാഷൻ ഡിസൈനറും മോഡലുമായി ജസ്നിയ സായി ശങ്കറിനെ പരിചയപ്പെടുന്നത് ഇവന്റ് മാനേജ്‌മെന്റുകളുടെ സംഘാടകൻ എന്ന നിലയിലാണ്. സായി ശങ്കർ ജോലി ചെയ്തിരുന്ന ഇവന്റ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിത്യസാന്നിധ്യമായിരുന്നു ജസ്‌നിയ. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്ന് ജസ്‌നിയയും സായിശങ്കറും. വീമ്പ് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്ന ജസ്‌നിയെ കുടുക്കിയത്.

ഒരിക്കൽ പോലും മോശമായി സംസാരിക്കുകയോ, പെരുമാറുകയോ ചെയ്യാത്ത സായി ശങ്കറിൽ വലിയ മതിപ്പായിരുന്നു ജസ്‌നിയക്ക്. പിന്നീടാണ് സായി ശങ്കർ തന്നെയാണ് ജസ്‌നിയയോട് പ്രണയം വെളിപ്പെടുത്തിയത്. എന്നാൽ ജസ്‌നിയക്ക് സായി ശങ്കറിനെ പ്രണയിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. പ്രമുഖ തങ്ങൾ കുടുംബത്തിലെ അംഗമായിരുന്നതു കൊണ്ടാണ് ജസ്‌നിയ സായി ശങ്കറിന്റെ പ്രണയാഭ്യർഥനയെ തള്ളിയതും. പിന്നീട് തന്റെ സമ്പത്തിനെ കുറിച്ചും പുതിയതായി തുടങ്ങാൻ പോകുന്ന കമ്പനിയെ കുറിച്ചുമെല്ലാം ജസ്‌നിയ പറഞ്ഞ് വിശ്വസിപ്പിച്ചു. ജസ്‌നിയ ഇല്ലാതെ തനിക്കു ജീവിതമില്ലെന്നും പ്രണയം നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പലതവണ സായി ശങ്കർ പറഞ്ഞിരുന്നു. സായി ശങ്കറിന്റെ പ്രണയം യഥാർഥമാണെന്ന് വിശ്വസിച്ചാണ് ജസ്‌നിയ സായിശങ്കറിനെ വിശ്വസിച്ചത്. ഇതിനിടെ ഇരുവരുടേയും പ്രണയും വീട്ടിൽ അറിയുകയും വീട്ടുകാർ രൂക്ഷമായി എതിർക്കുകയും ചെയ്തു.

സായിശങ്കറിനെ വിശ്വസിച്ച് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജസ്‌നിയ സായി ശങ്കറിനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം കാക്കനാട്ടെ സായി ശങ്കറിന്റെ ഫ്ളാറ്റിലായിരുന്നു താമസം. സായി ശങ്കറിനെ വിവാഹം കഴിച്ചതോടെ ജസ്‌നിയയുടെ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല ജസ്‌നിയ. സായി ശങ്കറിനെ കുറിച്ച് നല്ല അഭിപ്രായമല്ലെന്ന് ജസ്‌നിയ ബന്ധു അറിയിച്ചെങ്കിലും വിവാഹം മുടക്കാനുള്ള വീട്ടുകാരുടെ തന്ത്രമായിട്ടാണ് കണ്ടത്. ആരെയും ആകർഷിക്കുന്ന പെരുമാറ്റവും വാചാലതയും കൊണ്ടാണ് സായി ശങ്കർ ജസ്‌നിയയെ പ്രണയകുരുക്കിൽ പെടുത്തിയത്.

ഒരു തരത്തിലും ജസ്‌നിയക്ക് തന്റെ മേൽ സംശയം തോന്നാതിരിക്കാൻ എപ്പോഴും സായി ശങ്കർ ശ്രദ്ധിച്ചിരുന്നു. ഐയിരാപുരം സി.ഇ.ടി കോളേജിൽ പഠിച്ചിരുന്ന ജസ്‌നിയയുടെ സുഹൃത്തായിരുന്നു സായി ശങ്കറിനൊപ്പം അറസ്റ്റിലായ മയൂഖി. പെരുമ്പാവൂർ സ്വദേശിയായ മയൂഖി ജസ്‌നിയ വഴിയാണ് സായി ശങ്കറിനെ പരിചയപ്പെടുത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച മയൂഖിയെ കേസിലെ ഒന്നാം പ്രതി നാരായൺദാസിനെ പരിചയപ്പെടുത്തുന്നതും സായി ശങ്കറാണ്. എന്നാൽ മയൂഖിക്ക് സായി ശങ്കറുമായി ഇത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ്.

ഇവന്റ് മാനേജ്‌മെന്റിന്റെ ആവശ്യങ്ങൾക്കായി പോകുകയാണെന്ന് ജസ്‌നിയയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിനായി സായി പൊയ്‌ക്കോണ്ടിരുന്നത്. ഇതിനെ കുറിച്ച് സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ ജസ്‌നിയയുമായി ടൂർ പോകുക പതിവായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഗോവയിൽ ഇരുവരും പത്തു ദിവസത്തോളം ചെലവഴിച്ചിരുന്നു. ഫേസ്‌ബുക്കിലും സൗഹൃങ്ങളിലും സജീവമായിരുന്ന ജസ്‌നിയക്ക് സംഭവം പുറത്തായതോടെ ആരെയും അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. അറസ്റ്റിലാ ഭർത്താവിനെ കുറിച്ചുള്ള വാർത്തകളും ജസ്‌നിയെ മാനസികമായി തളർത്തി. ഇതിനിടെ വീട്ടുകാരിൽ നിന്നും സഹായമൊന്നും ലഭിച്ചില്ല. സായിശങ്കറിന്റെ പ്രണയവും വെറും നാട്യമായിരുന്നുവെന്നും മയൂഖിയും സായി ശങ്കറും ചേർന്ന് തന്നെ ചതിക്കുകയായിരുന്നവെന്നും മനസിലായതോടെ ജസ്‌നിയയ്ക്ക് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

സായി ശങ്കറിന്റെ തനിനിറം വാർത്തകളിലൂടെയും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അറിഞ്ഞതോടെയാണ് ജസ്‌നിയ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച ആൾ തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ആരും സഹായിക്കാനും എത്തില്ലെന്നും ജസ്‌നിയ മനസിലാക്കി. ഭർത്താവും വീട്ടുകാരും തനിക്കൊപ്പം ഇല്ലെന്ന് മനസിലായതും തട്ടിപ്പുകാരന്റെ ഭാര്യയായി ജീവിക്കുന്നതിലെ മനോവിഷമം കൊണ്ടും കൈയിലെ ഞരമ്പ് മുറിച്ച ശേഷം ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു ജസ്‌നിയ.