- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവനത്തിന്റെ കലയ്ക്ക് ജീവൻ പകരാൻ കഥാദർശനം; കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ പതിപ്പിൽ വിവേകാനന്ദനായി മഞ്ചള്ളൂർ ശ്രീകുമാർ; പ്രാരാബ്ദങ്ങൾക്കിടയിലും കഥപറയാനുറച്ച് കാഥികൻ
കേരളീയ കലാപാരമ്പര്യത്തിൽ നിന്നും അന്യം നിന്നു പോകുന്ന കഥാപ്രസംഗത്തിന് പുതുജീവൻ നൽകുന്ന കഥാദർശനം ശ്രദ്ധേയമാകുന്നു. ദൃശ്യ മാദ്ധ്യമങ്ങളും റിയാലിറ്റി ഷോകളുടെ വശ്യതയും കാരണം കലയുടെ ലോകത്തു നിന്നും അകറ്റി നിർത്തപ്പെടേണ്ടി വന്ന കഥാപ്രസംഗത്തിന് ആധുനികതയുടെ ചമയങ്ങളണിയിച്ച് പുതിയ ഭാഷ്യം നൽകുകയാണ് മഞ്ചള്ളൂർ ശ്രീകുമാർ എന്ന കാഥികൻ.സ്
കേരളീയ കലാപാരമ്പര്യത്തിൽ നിന്നും അന്യം നിന്നു പോകുന്ന കഥാപ്രസംഗത്തിന് പുതുജീവൻ നൽകുന്ന കഥാദർശനം ശ്രദ്ധേയമാകുന്നു. ദൃശ്യ മാദ്ധ്യമങ്ങളും റിയാലിറ്റി ഷോകളുടെ വശ്യതയും കാരണം കലയുടെ ലോകത്തു നിന്നും അകറ്റി നിർത്തപ്പെടേണ്ടി വന്ന കഥാപ്രസംഗത്തിന് ആധുനികതയുടെ ചമയങ്ങളണിയിച്ച് പുതിയ ഭാഷ്യം നൽകുകയാണ് മഞ്ചള്ളൂർ ശ്രീകുമാർ എന്ന കാഥികൻ.സ്വാമി വിവേകാനന്ദന്റെ ജീവിതമാണ് കഥാദർശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
അങ്ങനെ സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള കഥാപ്രസംഗം ശ്രീകുമാറിലൂടെ കഥാദർശനമായി. കഥ പറച്ചിലിനോടൊപ്പം ഗാനങ്ങളും പശ്ചാത്തല സംഗീതവും മാത്രമല്ല കഥയിലെ സംഭവങ്ങൾ എൽസിഡി പ്രൊജക്ടറിന്റെ സഹായത്തോടെ സ്‌ക്രീനിൽ തെളിയുക കൂടി ചെയ്തപ്പോൾ കാലത്തിനനുയോജ്യമായ മാറ്റമായി മാറി. സ്വാമി വിവേകാനന്ദന്റെ വേഷത്തിൽ വേദിയിലെത്തിയാണ് ശ്രീകുമാർ കഥാദർശനം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കഥാദർശനം കഥ കാണിച്ചുകൊടുക്കലാണെന്നു പറഞ്ഞാൽ തെറ്റില്ല. കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ ഭാവം മഞ്ചള്ളൂർ ശ്രീകുമാർ നരേറ്റീവ് ഡോക്യുഫിക്ഷനിൽ കഥാദർശനം അവതരിപ്പിക്കുമ്പോൾ കലയുടെ പുതിയ രൂപവും അനുഭവിച്ചറിയുകയാണ് കാഴ്ചക്കാർ. സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം ദൃശ്യങ്ങളിലൂടെയും വിവരണത്തിലൂടെയും ആസ്വാദകർക്കു മുന്നിലേക്കെത്തുമ്പോൾ നേരിട്ടു വിവേകാനന്ദനെ അറിയുകയാണ് ഓരോരുത്തരും.
അവതരണ ശൈലിയിലും കഥാപ്രസംഗത്തിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. വിവേകാനന്ദന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് തുടക്കം. പ്രശസ്തമായ ഷിക്കാഗോ പ്രസംഗത്തിനു മുപ്പത്തൊന്നാമനായി വിവേകാനന്ദൻ വേദിയിലേക്കു കയറുന്ന രംഗത്തിലാണ് ആരംഭിക്കുന്നത്. തുടർന്ന് ജനനവും ബാല്യവും കൗമാരവും പറഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസനുമായുള്ള കൂടിക്കാഴ്ചയിലെത്തും. അറിവ് അന്വേഷിച്ചുള്ള ആ യാത്രയിൽ വിവേകാനന്ദനിൽ ഉണ്ടാകുന്ന മാറ്റങ്ങളും തുടർന്ന് അമേരിക്കയിലേക്കു യാത്ര തിരിക്കുന്നതോടെ കഥാദർശനം സമാപിക്കും.
ഇന്ത്യൻ യുവത്വത്തോട് ഉണർന്നെഴുന്നേൽക്കാൻ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുടെ പ്രചരണാർത്ഥമാണ് ഈ ഉദ്യമം ഏറ്റെടുത്തതെന്ന് ശ്രീകുമാർ പറയുന്നു. മുൻകാല കഥാപ്രസംഗകലാകാരനായ ശ്രീകുമാർ പത്തനാപുരം മഞ്ചള്ളൂർ സ്വദേശിയാണ്. വിവേകാനന്ദന്റെ 109ാം സമാധി ദിനമായിരുന്ന 2011 ജൂലൈ 4 ന് കോഴിക്കോട്ടായിരുന്നു കഥാദർശനത്തിന്റെ അരങ്ങേറ്റം. കവി പികെ ഗോപി വരികളും ശ്രീധരൻ മുണ്ടങ്ങാടി സംഗീതവും അഞ്ചൽ ഉദയകുമാർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന കഥാദർശനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പരിപാടി സ്വാമി വിവേകാനന്ദന്റെ 150ാം ജന്മ വാർഷികമാകുമ്പോഴേക്കും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവതരിപ്പിക്കുവാനും ശ്രീകുമാറിന് അനുമതി ലഭിച്ചിട്ടുണ്ട്. 1980 ലാണ് മഞ്ചള്ളൂർ ശ്രീകുമാർ കഥാപ്രസംഗ മേഖലയിലേക്ക് എത്തുന്നത്. 1991 കൾക്കുശേഷം കലയുടെ ആസ്വാദകരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും മറ്റു കലകൾ ഈ സ്ഥാനം പിടിച്ചടക്കുകയും ചെയ്തതോടെ ജീവിത പ്രാരാബ്ദം വഴിമുട്ടിച്ചതിനെ തുടർന്ന് ശ്രീകുമാർ ചെറുകിട ബിസിനസ്സുകളുമായി തിരിഞ്ഞു. കഥാപ്രസംഗത്തോടുള്ള ആഭിമുഖ്യം വിട്ടാമാറാത്തതിനാൽ 2011ൽ കലയൊന്നു പരിഷ്‌ക്കരിച്ചു പരീക്ഷിക്കാമെന്ന ചിന്തയിൽ നിന്നുമാണ് കഥാദർശനം രൂപപ്പെടുന്നത്.
എൺപതുകളിലാണ് കാഥികനായുള്ള ശ്രീകുമാറിന്റെ കടന്നുവരവ്. 10 വർഷം ആകാശവാണിയിൽ ബി ഗ്രേഡ് കലാകാരനായി കഥ പറയാൻ അവസരം ലഭിച്ചു. എന്നാൽ പിന്നീടങ്ങോട്ട് കഥാപ്രസംഗത്തിനുണ്ടായ തകർച്ച ഈ കലാകാരനേയും ബാധിച്ചു. പല മേഖലകളിൽ ജോലി നേടിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്കുശേഷം നാടക തിരക്കഥാകൃത്തുക്കളായ ജയപ്രകാശ് കുളൂരിന്റെയും പികെ ഗോപിയുടേയും സഹായത്തോടെ വിവേകാനന്ദ ചരിതവുമായി വീണ്ടും വേദികളിലെത്തി.
കഥാപ്രസംഗം അന്യം നിൽക്കുകയാണെന്ന ബോധം ഉൾക്കൊണ്ട് ഈ കലാരൂപത്തെ നവീനരീതിയിൽ അവതരിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. സാധാരണയുള്ള കഥാപ്രസംഗ രീതിയിൽ നിന്നും വ്യത്യസ്തമായി നായകവേഷ പകർച്ചയുള്ള കാഥികന്റെ അവതരണം കാണികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരള സംഗീത കലാ സാഹിത്യ അക്കാദമിയുടെ സഹായത്താൽ വിവേകാനന്ദ കഥാദർശനം അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. വിവേകാനന്ദ സ്വാമിയുടെ 150ാം ജന്മദിനാഘോഷവേളയിലും സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ ശബരിമല ഉൾപ്പെടെയുള്ള വേദികളിൽ കഥാദർശനം അവതരിപ്പിച്ചു.
എന്നാൽ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഈ കാഥികനെ സഹായിക്കാൻ ആരുമില്ല.സംസ്ഥാനത്തെ സ്‌ക്കൂളുകളിൽ വിവേകാനന്ദ കഥാദർശനം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയെങ്കിലും സാമ്പത്തിക സഹായത്തിനായി സാംസ്കാരിക വകുപ്പ് കനിയുമെന്ന പ്രതിക്ഷയിലാണ് ഈ കാഥികൻ. സ്വന്തം കൈയിൽ നിന്ന് കാശുമുടക്കിയാണ് കഥാദർശനവുമായി ഈ കലാകാരന്റെ യാത്ര. പത്തനാപുരം ഗാന്ധിഭവനിലെ സേവകൻ കൂടിയായ ഈ കാഥികന് താങ്ങായി എന്നും ഒപ്പമുള്ളത് ഗാന്ധിഭവനും സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമാണ്.