കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങൾ എന്നും ദുരിതത്തിലാക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണ്. അച്ഛനോ, ഭർത്താവോ സഹോദരനോ രാഷ്ട്രീയ പ്രവർത്തകനാണെങ്കിൽ പരിഭ്രാന്തിയും തലവേദനയും വീട്ടിലെ സ്ത്രീകൾക്കാണ്.

തങ്ങളും ആക്രമണങ്ങൾക്കു വിധേയരാകുന്നത്് എന്നാണെന്നറിയില്ല. ജില്ലയിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ ഉറങ്ങാതെ കഴിയുന്ന അമ്മമാരും സഹോദരിമാരും മക്കളും ഏറെയാണ്. ഇപ്പോൾ നടന്ന അക്രമങ്ങളിലും സ്ത്രീകളും കുട്ടികളും ഒഴിവായിട്ടില്ല. കാട്ടുമൃഗങ്ങൾപോലും കുട്ടികളേയും സ്ത്രീകളേയും ഒഴിവാക്കിയെന്നു വരും. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ കണ്ടാൽ മൃഗങ്ങൾ പോലും ലജ്ജിച്ചു പോകും. മട്ടന്നൂർ നടുവനാട്ടിൽ നടന്ന അക്രമം ഇതിനുദാഹരണമാണ്. വി.കെ.വിനോദ് എന്ന സിപിഐ.(എം) പ്രവർത്തകന്റെ വീടാക്രമിച്ചവർ സ്ത്രീകളേയും കുട്ടികളേയും വെറുതെ വിട്ടില്ല. വിനോദിന്റെ ഭാര്യ ദീപ, മകൾ ഏഴു വയസ്സുകാരി ദിയ, അമ്മ പത്മിനി, സഹോദരി റീന എന്നിവർക്കുനേരെയും അക്രമം അഴിച്ചു വിട്ടു.

ആയുധങ്ങളുമായി അക്രമിസംഘം വാതിൽ തകർത്ത് വീടിനകത്തു കയറിയാണ് അക്രമം നടത്തിയത്. ഉപദ്രവിക്കരുതേ എന്നു കൈകൂപ്പി യാചിച്ചിട്ടും ഏഴു വയസ്സുകാരി ദിയയുൾപ്പെടെ മുഴുവൻ സ്ത്രീകളേയും അക്രമത്തിനിരയാക്കി. ആൺ, പെൺ ഭേദമില്ലാതെ എല്ലാവരും ആശുപത്രിയിലുമായി. അഴീക്കോട് മറ്റൊരു അക്രമത്തിൽ ഗർഭിണിയായ ഒരു യുവതിക്കു നേരെയാണ് ബോംബേറുണ്ടായത്. ബോധരഹിതയായി നിലത്തു വീണതിനാൽ അവർക്ക് ഭാഗ്യം കൊണ്ട് അപകടമൊന്നും വന്നില്ല. വീട്ടുപകരണങ്ങൾ തകർത്തെറിയുന്നതും അക്രമികൾ സ്വീകരിക്കുന്ന മാർഗമാണ്. മിക്‌സിയും വാഷിങ്‌മെഷീനും ഫ്രിഡ്ജും ഗ്യാസ് സ്റ്റൗവും തകർക്കപ്പെടുന്നു. ഇതോടെ വീടുകളിൽ ആഹാരപാചകവും നിലയ്ക്കുന്നു. എല്ലാമുണ്ടായാലും ദാരിദ്ര്യം അനുഭവിക്കേണ്ട അവസ്ഥയാണ് അക്രമ പ്രദേശങ്ങലിലെ സ്ത്രീകൾ നേരിടുന്നത്. പൊലീസിന്റെ പീഡനവും ഇവിടെ പതിവാണ്. വീടുകളിൽ കയറി ഉറങ്ങാൻ പോലും കഴിയാത്ത സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനും വിധേയമാക്കുന്നു

കണ്ണൂർ, കാസർഗോഡ് ജില്ലയിൽ സിപിഐ(എം), ബിജെപി. അക്രമപരമ്പരകൾ തുടരുന്നു. പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് അമ്പലത്തറ പ്രദേശങ്ങളിലും സംഘർഷം മൂർഛിച്ചിരിക്കയാണ്. കണ്ണൂർ ജില്ലയിൽ അഴീക്കോട് മേഖലയിൽ ആരംഭിച്ച അക്രമസംഭവങ്ങൾ മറ്റു മേഖലകളിലേക്കും പടരുകയാണ്. ചക്കരക്കല്ല്, കാപ്പാട്, മട്ടന്നൂർ പ്രദേശങ്ങളിലും ഇരുവിഭാഗങ്ങളും അക്രമാസക്തരായി നിലകൊള്ളുന്നു. മട്ടന്നൂർ, നടുവനാട്, സിപിഐ(എം) പ്രവർത്തകന്റെ വീടിനുനേരെ ബോംബേറു തുടർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റു. ഇതുവരെ നടന്ന് അക്രമസംഭവത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ മുന്നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കാസർഗോഡ് കൊളവയലിൽ സിപിഐ(എം)- ബിജെപിക്കാരായ ഏഴു പേർക്ക് പരിക്കേറ്റു.

അക്രമങ്ങൾ അമർച്ച ചെയ്യാൻ ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഇടപെടൽ ശക്തമായില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്. അക്രമങ്ങൾ തുടരുന്ന സാഹചരൃത്തിൽ ഒരു കമ്പനി ദ്രുതകർമ്മസേന കണ്ണൂരിലെത്തി. റെയിഡുകൾക്ക് നേതൃത്വം നൽകാൻ ദ്രുതകർമ്മസേന രംഗത്തിറങ്ങിക്കഴിഞ്ഞു. ഇന്നത്തോടെ അക്രമസംഭവങ്ങൾക്ക് ശമന മുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങൾ. തലശ്ശേരി, പാനൂർ, മേഖലകളിൽ അക്രമം വ്യാപിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്.

അക്രമം വ്യാപിക്കാനുള്ള പ്രധാന കാരണം നേതാക്കളുടെ നാവാണെന്ന് ജനങ്ങൾ കരുതുന്നു. അക്രമം അവസാനിപ്പിക്കാനല്ല അവർ ശ്രമിക്കുന്നത്. പരസ്പരം വെല്ലു വിളിയും ആരോപണവും അവർ തുടരുകയാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടേയും ഇവരുടെ പ്രകടനം ജനങ്ങൾ കാണുന്നുണ്ട്. താഴെത്തട്ടിലുള്ള അണികൾപോലും നേതാക്കളെ ക്കണ്ട് ഉറഞ്ഞു തുള്ളുകയാണ്. പരസ്പരം അക്രമിക്കാൻ ബോംബുകളും ആയുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ടെന്ന കാര്യം 'മറുനാടൻ മലയാളി' ഓണത്തിനു മുമ്പുതന്നെ അറിയിച്ചിരുന്നു. കൊലപാതകവും അക്രമവും നടന്നാൽ മാത്രമേ പൊലീസ് കാര്യമായ പരിശോധന നടത്തുന്നുള്ളൂ.

കണ്ണൂർ തില്ലങ്കേരിയിലെ അടച്ചിട്ട വീട്ടിൽ നിന്നും 2200 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത് ജില്ലയിൽ അക്രമം തുടരുമ്പോഴാണ്. നിർമ്മാണം നടക്കുന്നതിനായി അടച്ചിട്ട വീട്ടിലാണ് ഇത്രയും സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചത്. കാലഹരണപ്പെട്ട ബോംബു സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമാണ് മലബാർ മേഖലയിലുള്ളത്. ബോംബുകളും ആയുധങ്ങളും പിടിച്ചെടുക്കാനുള്ള പൊലീസ് സംവിധാനത്തിന്റെ അപര്യാപ്തതയാണ് അക്രമങ്ങളിലും കൊലയിലും കലാശിക്കുന്നത്.

നൂറ് പേരടങ്ങിയ ഒരു കമ്പനി ദ്രുതകർമ്മസേന പ്രദേശങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു. ആയുധങ്ങളുടെ റെയ്ഡും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലോക്കൽ പൊലീസ് നൽകുന്ന വിവരമനുസരിച്ച് മാത്രമാണ് ദ്രുതകർമ്മസേന പ്രവർത്തിക്കുന്നത്. ലോക്കൽ പൊലീസിന്റെ രാഷ്ടീയ താത്പര്യമാണ് കണ്ണൂർ ജില്ലയിൽ ആയുധശേഖരം കുന്നു കൂടാൻ കാരണമാകുന്നത്. പൊലീസ് സംവിധാനത്തിൽ ഇതുവരേയും കാരൃമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അക്രമം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആയുധശേഖരം പിടികൂടിയാൽ മാത്രമേ സമാധാനാന്തരീക്ഷം കൈവരാൻ സാധ്യതയുള്ളൂ. ആയുധശേഖരം പിടികൂടാൻ ഇതുവരേയും ശാസ്ത്രീയ സംവിധാനമൊന്നും ഒരുക്കിക്കാണുന്നില്ല. പതിവ് റെയ്ഡ് പോലെ കാര്യങ്ങൾ നീങ്ങിയാൽ കുടിപ്പക തീർക്കാൻ രാഷ്ട്രീയ കക്ഷികൾ വീണ്ടും തെരുവിലിറങ്ങും.