ഒറ്റപ്പാലം: കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന രാജവംശത്തിന്റെ അവസാന അവശേഷിപ്പായ കവളപ്പാറ കൊട്ടാരം വിസ്മൃതിയിലേക്ക്. കവളപ്പാറയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ഇന്ന് നാശത്തിന്റെ നാൾ വഴികളിലാണ്. പുരാവസ്തുക്കളുടേയും ഓലകളുടേയും മറ്റു രേഖകളുടേയും വൻ ശേഖരം തന്നെ കൊട്ടാര കെട്ടിനകത്താണ്. ഇവയെല്ലാം നശിച്ചുതീരുകയാണ്. വർഷങ്ങൾക്കു മുമ്പ് ചില ചരിത്ര രേഖകൾ ഇവിടെ നിന്നും ചരിത്രഗവേഷകന്മാർ കൊണ്ടു പോയിരുന്നു. ഇനിയും ധാരാളം ചരിത്രരേഖകൾ ഈ കൊട്ടാരത്തിൽ ഉപേക്ഷിച്ച് നശിച്ച് തീരുന്നുണ്ട്.

പന്തിരുകുലത്തിൽപ്പെട്ട കാരക്കൽമാതയുടെ സന്തതി പരമ്പരകളാണ് ഒറ്റപ്പാലത്തിനടുത്തുള്ള കവളപ്പാറ കുടുംബം എന്നാണ് വിശ്വാസം. ചേരമാൻ പെരുമാളിന്റെ കാലത്ത് 96 ദേശങ്ങളുടെ അധിപന്മാരായിരുന്ന കവളപ്പാറ മൂപ്പിൽ നായർ കുടുംബത്തിന്റേതായി ഇന്ന് അവശേഷിക്കുന്നത് മാളികച്ചുവടും ഊട്ടുപുരയും മാത്രമാണ്. വർഷങ്ങൾ പഴക്കമുള്ള വ്യാപാര രേഖകളാണ് മുറികൾക്കുള്ളിൽ അനാഥമായിക്കിടക്കുന്നത്. ഇവിടമിന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. 960 കളിലെ വ്യവഹാരങ്ങളിൽ കുടുങ്ങി പഴയ കൊട്ടാരക്കെട്ടു ഇപ്പോൾ റിസീവർ ഭരണത്തിലാണ്.

ഏതാണ്ട് പൂർണ്ണമായും നശിക്കാറായ പ്രധാന എടുപ്പും,ഗതകാല സ്മരണകൾ പേറി നിൽക്കുന്ന വലിയ ഊട്ടുപുരയും ,തകർന്നു കിടക്കുന്ന സർപ്പക്കാവും ആണ് ഇവിടെയുള്ളത്. തകർന്നു തുടങ്ങിയ നാലുകെട്ടും,കുളപ്പുര മാളികയും ഇതോടൊപ്പമുണ്ട്.വിശാലമായ പറമ്പും.ക്ഷേത്രം , വലിയ പരിക്കുകളില്ലാതെ നിലകൊള്ളുന്നു.കൊട്ടാരക്കെട്ടിന്റെ പുനരുദ്ധാരണത്തിനായി,സംസ്ഥാന പുരാവസ്തു വകുപ്പ് ചില പദ്ധതികൾ തയ്യാറാക്കിയെങ്കിലും അവയൊന്നും ഇത് വരെ യാഥാർത്ഥ്യമായിട്ടില്ല.

വള്ളുവനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള കവളപ്പാറ സ്വരൂപം ഒരു കാലഘട്ടത്തിൽ രാജാധികാരത്തിന്റെ താൻപോരിമ വെളിവാക്കിയ ചെറു നാട്ടുരാജ്യത്തിന് സമാനമായിരുന്നു. സാമൂതിരി കോപത്തിന് പാത്രമായ കവളപ്പാറ സ്വരൂപം വേണാട്ട് രാജാവിന്റെ കൂറു പ്രഖ്യാപനം കൊണ്ട് രാജ്യം കാത്ത കഥയും ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാം. പടിഞ്ഞാറ് ഓങ്ങല്ലൂർ മുതൽ മുണ്ടക്കോട്ട്കുറുശ്ശി വരെയും വിസ്തരിച്ച് വ്യാപിച്ച് കിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിയാണ് കവളപ്പാറ സ്വരൂപം. കവളപ്പാറ മൂപ്പിൽ നായരാണ് ഈ രാജവംശത്തിന് ആളും അർത്ഥവും നൽകി പ്രതാപകാലത്തേക്ക് നയിച്ചത്.

സാമൂതിരിയുടെ കോപത്തിന് പാത്രമായി തീർന്ന ഈ നാട്ടുരാജ്യത്തിന്റെ അധികാര മുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ ഉല്മൂലനം ചെയ്യാൻ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പിൽ നായരാണ് കൗശലപൂർവ്വം സാമൂതിരിയിൽ നിന്ന് അടയാളമുദ്രകൾ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പിൽ നായരെ രാജാവായി വാഴിക്കുകയും ചെയതതെന്ന് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷക്ക് ഉപയാം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് ''പുതുകോവിലകം കൂറ്'' എന്ന് കൊട്ടാര മതിലിൽ മുദ്ര ചാർത്താൻ വേണാട്ട് രാജാവ് കല്പിച്ചു.

തുടർന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിൻ വാങ്ങിയെന്നും ചരിത്ര പെരുമ രാജവംശത്തിന്റെ പ്രതാപങ്ങളുടേയും കല്ലിനെ പിളർക്കുന്ന കല്പനങ്ങളുടേയും ഗർജനങ്ങൾ മുഴങ്ങിയ കൊട്ടാരകെട്ട് ഇന്ന് ഭൂതകാലത്തിന്റെ നേർ വിപരീത ദിശയിൽ സഞ്ചരിച്ച് തകർന്നു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധന്മാരുടേയും അനാശാസ്യക്കാരുടേയും കേന്ദ്രമായി തീർന്ന കൊട്ടാരക്കെട്ട് ജീർണ്ണതയുടെ മൂർദ്ധനതയിൽ എത്തിനിൽക്കുകയാണ് മതിൽ കെട്ടുകൽ തകർന്ന് അരക്ഷിതാവസ്ഥ നേരിട്ട കൊട്ടാരവും മാളിക ചുവടും അരാജകത്വത്തിന്റെ പൂർണ്ണതയിലാണ്. കൊട്ടാരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധന്മാർ പൊളിച്ചു കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.

മൂന്ന് വർഷം മുമ്പ് കൊട്ടാരത്തിന്റെ സമീപം വൻ സ്പിരിറ്റ് ശേഖരം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ മദ്യപാനികളും ചീട്ട് കളിക്കാരുടേയും മറ്റ് അനാശാസ്യക്കാരുടേയും പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. പുരാവസ്തു വകുപ്പ് അധികൃതരോ കൊട്ടാരത്തിന്റെ മറ്റ് അധികാരിയോ ഈ ചരിത്രവും ഭൂതകാല അവശേഷിപ്പുകളും ഉൾക്കൊണ്ട് ഏറ്റെടുക്കാനും തയ്യാറാവത്ത സാഹചര്യമാണ് ഇന്നുള്ളത്. കവളപ്പാറ സ്വരൂപം പോലെ ഈ കൊട്ടാരവും ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക് മറഞ്ഞുകൊണ്ടിരിക്കുകയാണ്.