തിരുവനന്തപുരം: അതിവ സുരക്ഷാ മേഖലയാണ് വെൺപാവട്ടത്ത് നിന്ന് എയർഫോഴ്‌സ് ആസ്ഥാനത്തേക്കുള്ള റോഡ്. കിംസ് ആശുപത്രിയുടെ സൈഡിലൂടെ ഒരു കിലോമീറ്റർ പോയാൽ ആക്കുളത്തെ വായുസേന  ആസ്ഥാനത്ത് എത്താം. ദക്ഷിണ വ്യോമസേന കമാണ്ടന്റിന്റെ ഓഫീസാണ് ഇത്. അതുകൊണ്ട് തന്നെ നിർണ്ണായകമായ സൈനിക കേന്ദ്രമാണ് ഇവിടെ. ഈ ആസ്ഥാനത്തേക്കുള്ള റോഡിന് കുറുകെ ഒരു പാലം. അതും രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ.

സെക്രട്ടറിയേറ്റിനും സെക്രട്ടറിയേറ്റ് അനക്‌സും അടുത്തടുത്താണ്. ഇവയെ തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചാൽ പോലും പാല നിർമ്മാണത്തിന് അനുമതി കിട്ടാൻ ചട്ടപ്രകാരം കഴിയില്ല. എന്നിട്ടും സൈനിക ആസ്ഥാനത്തേക്കുള്ള റോഡിന് കുറകെ പാലം കെട്ടി കിംസ് അധികൃതർ കരുത്ത് കാട്ടി. പ്രാദേശിക പ്രതിഷേധങ്ങൾ പോലും ഫലം കണ്ടില്ല. എല്ലാം ചട്ടപ്രകാരമാണെന്ന് കോർപ്പറേഷനും വിലയിരുത്തി. സിഎജിയുടെ റിപ്പോർട്ട് പരിഗണിച്ചെങ്കിലും ഈ പാലം പൊളിച്ചു കളയാൻ അധികൃതർ തയ്യാറാകുമോ എന്നതാണ് നിർണ്ണായകം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ നിലപാടുകൾ പറയാൻ കോർപ്പറേഷൻ തയ്യാറല്ലെന്നതാണ് വസ്തുത.

ഈ വാദമാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പൊളിക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയായ കിംസിന്റെ രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെയുള്ള പിഡബ്ല്യുഡി റോഡിന് കുറുകെ പണിഞ്ഞിരിക്കുന്ന കാൽനടമേൽപാലത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗരസഭയിൽ നിന്നും അനുവാദം വാങ്ങാതെയാണ് 2012 ജൂലൈയിൽ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് കാൽനടമേൽപാലം നിർമ്മിച്ചത്. എന്നാൽ പാലത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത് കേരളാ മുൻസിപ്പൽ ബിൽഡിങ്ങ് റൂൾസ് നിഷ്‌കർഷിക്കുന്ന വിവിധ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണെന്ന് ചീഫ് ടൗൺ പ്ലാനർ 2015 ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും മേൽപാലം താൽകാലികമായി തുടരുന്നതിന് തിരുവനന്തപുരം നഗരസഭ അനുവധിക്കുകയായിരുന്നു.

നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള നിർമ്മാണം നിലനിർത്തുന്നതിനായി കോർപ്പറേഷൻ കൈകൊണ്ട തീരുമാനം ക്രമപരമല്ലെന്നും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ അനധികൃത നിർമ്മാണം നടത്തുന്നത് സുഗമമായ നഗരവാസത്തിനു ബുദ്ധിമുട്ട് ശ്രിഷ്ടിക്കുന്ന ഒന്നാണെന്നും പൊതുജനത്തിനും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിബന്ധവുമാണ്. ചില സന്ദർഭങ്ങളിൽ ഇത് മനുഷ്യ ജീവനു തന്നെ അപകടകരമാകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപരമാണെന്ന് ഉറപ്പ് വരുത്തേണ്ടതും അവയെ സസൂക്ഷമം നിരീക്ഷിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങലാമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കേരളാ മുൻസിപ്പൽ നിയമത്തിലെ 364ാം വകുപ്പ് പ്രകാരം ഒരു വ്യക്തിയും പൊതു റോഡുകളിലോ അതിനു മുകളിലോ ഏതെങ്കിലും തരത്തിലുള്ള സ്ട്രക്ചറൽ നിർമ്മാണംനടത്താനോ പാടുള്ളതല്ല. അത്‌പോലെതന്നെ ഏതൊരു നിർമ്മാണപ്രവർത്തനത്തിനു കൂട്ടിചേർക്കലോ ദീർഘിപ്പിക്കലോ നടത്തണമെങ്കിലും സെക്രട്ടറിയേറ്റിൽ നിന്നും അനുമതി പത്രം വാങ്ങണമെന്നിരിക്കെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ആശുപത്രിയുടെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കാൽനട മേൽപാലം. ദക്ഷിണ മേഖലാ എയർ കമാന്റഡിലേക്കുള്ള തന്ത്രപ്രധാനമായ റോഡിനു കുറുകെയാണ് പാലം നിർമ്മിച്ചതെന്നതും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആദ്യം കോൺക്രീറ്റ് പാലം നിർമ്മിക്കാനാണ് ആശുപത്രി അധികൃതർ അനുമതി ചോദിച്ചത്.

എന്നാൽ ഉരുക്കുപാലം നിർമ്മിക്കാൻ പൊതുമരാമ്മത് വകുപ്പും കോർപ്പറേഷനും അനുതി നൽകുകയായിരുന്നു. കിംസ് ആശുപത്രിയുടെ പ്രധാന മന്ദിരവും റോഡിനിപ്പുറത്ത് സ്ഥിതി ചെയ്യുന്ന പുതിയ കാൻസർ യൂണിറ്റും തമ്മിൽ റോഡിനു കുറുകേ മുകൾ ഭാഗത്തുകൂടി ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഒരു ദിവസം പെട്ടന്ന് റോഡിനു കുറുകെയുള്ള പാലം കണ്ട് നാട്ടുകാർ ഞെട്ടിയപ്പോഴാണ് പൊതുമാരമത്ത് വകുപ്പ് കളിച്ച കളിയാണെന്ന് മനസിലാകുന്നത്. സംസ്ഥാനത്ത് നിരവധി പേർ നേരത്തെ ഇത്തരത്തിൽ ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് ആദ്യമായാണ് അനുമതി നൽകുന്നതെന്നാണ് സൂചന. ആശുപത്രിയുടെ മുന്നാം നിലയിൽ നിന്ന് സമിപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പോകാനാണ് പൊതുനിരത്ത് മുറിച്ച് പാലം പണിതിരിക്കുന്നത്.എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ പൊളിച്ചുമാറ്റാവുന്ന രീതിയിൽ മാത്രമേ ഇരുമ്പ് പാലം നിർമ്മിക്കാവൂ എന്നായിരുന്നു പ്രധാന വ്യവസ്ഥ.

എന്നാൽ, കിംസിൽ നിർമ്മിച്ചിട്ടുള്ള പാലം ഇളക്കിമാറ്റുക അത്ര എളുപ്പമല്ല എന്നതാണ് സത്യം. യുദ്ധകാലത്തോ പ്രകൃതിക്ഷോഭ സമയത്തോ സൈനികർ നിർമ്മിക്കുന്നതിന് സമാനമായ ഉരുക്കു പാലമാണിത്. പുറത്ത് പലഘട്ടങ്ങളിലായി പണി പൂർത്തിയാക്കി വച്ചശേഷം കൂട്ടിയോജിപ്പിച്ച് പൂർത്തിയാക്കിയതാണീ പാലം. ദക്ഷിണ മേഖലാ വ്യോമ കമാന്റഡ് ആസ്ഥാനത്തുനിന്ന് കുറച്ചകലെ മാത്രമാണ് കിംസ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സതേൺ എയർ കമാൻഡിലേയ്ക്കുള്ള വഴി പലവിധ സുരക്ഷാകാരണങ്ങളാൽ തന്ത്രപ്രധാനമാണ് ഈ റോഡ്. അതിനാൽ തന്നെ പാലം നിർമ്മാണത്തിന് അനുമതി നൽകിയതിൽ ഏറെ വിവാദവുമുണ്ടായി. ഇത് ശരിവയ്ക്കുന്നതാണ് സിഎജിയുടെ റിപ്പോർട്ട്.