കൊച്ചി; ഋഷിരാജ് സിങ് മോഡലിൽ കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ കുടുങ്ങിയത് പനങ്ങാട് എസ്‌ഐ. ലോറി തൊഴിലാളിയായി വേഷം മാറി ഡെപ്യൂട്ടി കമ്മീഷണർ എത്തിയപ്പോൾ അതറിയാതെ പതിവ് പോലെ എസ്‌ഐ കൈക്കൂലി ചോദിച്ചു. എല്ലാം നേരിട്ട് മനസ്സിലാക്കി എസ്‌ഐയെ കുടുക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ എസ് ഐ പിടിയിലുമായി. പനങ്ങാട് എസ് ഐ ശ്രീകുമാറിനെയാണ് ഡെപ്യൂട്ടി കമ്മിഷണർ ഹരിശങ്കർ കയ്യോടെ പിടികൂടിയത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് സംഭവം.

ലോറി ഡ്രൈവറായും മണൽ വാരൽ തൊഴിലാളിയുമായി പൊലീസീലെ സിങ്കം ഋഷിരാജ് സിങ് നടത്തിയ നീക്കങ്ങൾ മുമ്പ് മലയാളി ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. വിജിലൻസിൽ ജോലി ചെയ്യവേ ഋഷിരാജ് സിങ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. ഈ വേഷം മാറലിന്റെ പുതു മാതൃകയാണ് ഹരി ശങ്കറും ആവർത്തിക്കുകയായിരുന്നു. ലോറികളിൽ നിന്ന് വ്യാപകായി പൊലീസുകാർ കൈക്കൂലി വാങ്ങുന്നവെന്ന പരാതി സജീവമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നീക്കങ്ങൾ. ലോറി ഉടമകളോട് കാര്യങ്ങൾ തിരിക്കി. കൈക്കൂലി വാങ്ങലിന്റെ രീതി മനസ്സിലാക്കി. അതിന് ശേഷം ലോറി ജീവനക്കാരായി ഹരിശങ്കറും ഷാഡോ പൊലീസും ഒപ്പം കൂടി.

ലോറിയിലെത്തിയ ഹരിശങ്കർ പനങ്ങാടെത്തിയപ്പോൾ കൈക്കൂലി പിരിവ് കണ്ടു. ഡിസിപി വന്ന ലോറിക്കും കൈകാണിച്ചു. കൈക്കൂലിയും വാങ്ങി. ഇതോടെ ഹരി ശങ്കർ ചാടി ഇറങ്ങി. പൊലീസും ലോറി ജീവനക്കാരും ഒപ്പം കൂടി. ഇതോടെ പനങ്ങാട് എസ് ഐ ശ്രീകുമാർ കുടുങ്ങി. യാത്രക്കാരുടെ വാഹനം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനിടെയാണ് എസ് ഐ പിടിയിലായതെന്ന് ഹരി ശങ്കർ വിശദീകരിച്ചു. പരിശോധനയെ തുടർന്ന് എസ് ഐയുടെ പോക്കറ്റിൽ നിന്നും പതിനായിരത്തോളം രൂപയും ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തിട്ടുണ്ട്. എസ്‌ഐയോട് അവധിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചു.

ലോറികൾ മാത്രമല്ല, എല്ലാ വിധ യാത്രക്കാരേയും കൊള്ളയടിക്കുന്ന രീതിയാണ് പനങ്ങാട് എസ് ഐ നടത്തിയത്. വിശദ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറും. എസ്‌ഐയെ സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന.