- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിയോട് വിടപറയാൻ ആനവണ്ടി; മുന്നോട്ട് പോക്ക് ഗട്ടറിലൂടെയെങ്കിലും ജീവനക്കാരെ സ്റ്റൈലാക്കി മുഖം മിനുക്കാൻ കെഎസ്ആർടിസി; നഷ്ടക്കണക്കിൽ നിന്ന് തലയൂരാൻ മാത്രം തന്ത്രങ്ങളില്ല
പാലക്കാട് : കറുത്ത പാന്റ്, ഇൻസേർട്ട് ചെയ്ത ചന്ദനക്കളർ ഷർട്ട്, പോളിഷ് ചെയ്ത ഷൂ.... നല്ല സ്‌റ്റൈലിൽ വരുന്ന ചെക്കിങ്ങ് ഇൻസ്‌പെക്ടർമാരാവും ഇനി കെ എസ് ആർ ടി സിയിൽ. കാക്കി യൂണിഫോം മാറ്റി പുതിയ സ്റ്റൈലൻ വേഷത്തിലേക്ക് മാറുകയാണ് കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർ. തുടക്കത്തിൽ ചെക്കിങ്ങ് ഇൻസ്‌പെക്ടർമാർക്കാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇത
പാലക്കാട് : കറുത്ത പാന്റ്, ഇൻസേർട്ട് ചെയ്ത ചന്ദനക്കളർ ഷർട്ട്, പോളിഷ് ചെയ്ത ഷൂ.... നല്ല സ്‌റ്റൈലിൽ വരുന്ന ചെക്കിങ്ങ് ഇൻസ്‌പെക്ടർമാരാവും ഇനി കെ എസ് ആർ ടി സിയിൽ. കാക്കി യൂണിഫോം മാറ്റി പുതിയ സ്റ്റൈലൻ വേഷത്തിലേക്ക് മാറുകയാണ് കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർ.
തുടക്കത്തിൽ ചെക്കിങ്ങ് ഇൻസ്‌പെക്ടർമാർക്കാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറങ്ങും. ഇതോടെ 40 വർഷമായി തുടരുന്ന കാക്കി യൂണിഫോം ഇനി ഒഴിവാകും. എല്ലാ ഇൻസ്‌പെക്ടർമാരും യൂണിഫോം ധരിക്കണമെന്നു കാണിച്ച് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഉത്തരവാണ് പുതിയ പരിഷ്‌കരണത്തിലേക്കു വഴിതുറന്നത്. പരിശോധനക്ക് വരുന്നവർക്ക് കഴിഞ്ഞ ഓക്‌ടോബർ മുതൽ യൂണിഫോം നിർബന്ധമാക്കിയിരുന്നു. ഇൻസ്‌പെക്ടർമാരുടെ നിലവിലുള്ള യൂണിഫോം 1975 ൽ രൂപകൽപ്പന ചെയ്തതാണ്. പാന്റ്‌സും അതിനു പുറത്ത് തൂങ്ങിക്കിടക്കുന്ന നാലുപോക്കറ്റുകളും തുണിയുടെ അരപ്പട്ടയുള്ള കുപ്പായവുമാണ് ഇപ്പോഴുള്ളത്. ഇത് ധരിക്കാൻ ഇവർ തയ്യാറായിട്ടില്ല.
കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും യൂണിഫോം കൂടി പരിഷ്‌കരിക്കാനുള്ള നീക്കവും സജീവമാണ്. നേവി കളർ പാന്റും സ്‌കൈ ബ്ലൂ ഷർട്ടുമാണ് കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും യൂണിഫോം. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. കെ.എസ്. ആർ.ടി.സി. ഡയറക്ടർ ബോർഡിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് വിവിധ സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് യൂണിഫോം നിർബന്ധമല്ലാത്ത വിജിലൻസ് സ്‌ക്വാഡിനും സ്‌പെഷ്യൽ സ്‌ക്വാഡിനും യൂണിഫോം നിർബന്ധമാക്കും. വെള്ള ഷർട്ടും കറുത്ത പാന്റുമാകും ഇവരുടെ വേഷം. ഡീലക്‌സ് ബസ്സിലെ ജീവനക്കാർക്ക് സ്‌കൈ ബ്ലൂ ഷർട്ടും നേവി കളർ പാന്റുമാണ് വേഷം.
അതേസമയം, കെ. എസ്. ആർ.ടി.സി കഴിഞ്ഞ വർഷം സർക്കാറിന് വരുത്തിവച്ച നഷ്ടം 570 കോടി രൂപയാണ്. സർക്കാറിന് ഇത്രയധികം നഷ്ടം വരുത്തിവച്ച മറ്റൊരു സ്ഥാപനവുമില്ല. ഈ മാസം മുതൽ ഏർപ്പെടുത്തിയ സർചാർജ് പരിഷ്‌കാരം കൂടുതൽ ജനങ്ങളെ കെ.എസ്.ആർ.ടി.സിയിൽ നിന്നകറ്റി. പുതിയ തുഗ്ലക്ക് പരിഷ്‌ക്കാരം കെ.എസ്.ആർ.ടി.സിയെ കൂടുതൽ കൂപ്പുകുത്തിക്കാനാണെന്നറിഞ്ഞിട്ടും തീരുമാനം പിൻവലിക്കില്ലെന്ന് വകുപ്പുമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യബസ് ലോബിയെ സഹായിക്കാനാണ് പുതിയ സർചാർജ് പരിഷ്‌കാരങ്ങളെന്ന് വ്യക്തമാകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. കട്ടപ്പുറത്ത് കയറിയ ബസ്സുകൾ പിന്നെ ഇറങ്ങുന്നില്ല. പെൻഷൻ മുടങ്ങിയിട്ട് കാലങ്ങളായി. ഗ്രാമാന്തരങ്ങളിലൂടെ ജനക്ഷേമം നോക്കി നടത്തിയിരുന്ന സർവ്വീസുകൾ ഭൂരിഭാഗവും നിലച്ചു. അതിനിടെ തുരുമ്പിൽ പെയിന്റ് ചെയ്യുന്നത് പോലെയാണ് പുതിയ പരിഷ്‌കാരമെന്ന് ജീവനക്കാരിൽ തന്നെ അഭിപ്രായമുണ്ട്. ഒരു വർഷം 1250 രൂപയാണ് യൂണിഫോം അലവൻസ് നൽകുന്നത്. രണ്ടുവർഷമായി അതുതന്നെ ഭൂരിഭാഗം ജീവനക്കാർക്കും നൽകിയിട്ടുമില്ല.