- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമാരനല്ലൂർ മേൽപ്പാലം ആരുടെ കുഞ്ഞ്? പിതൃത്വം അവകാശപ്പെട്ട് എല്ലാവരും; 'അതു ഞമ്മളാ' ണെന്നു കാട്ടി നേതാക്കളുടെ ഫ്‌ളെക്‌സ് പെരുമഴ, മേൽപാലം പണിതത് കുടുംബത്തിലെ പണം കൊണ്ടോ?
കോട്ടയം: പുതിയ പാലമോ റോഡോ വന്നാൽ അതു തന്റെ ശമ്പളത്തിൽനിന്നെടുത്തതോ തറവാട്ടിൽനിന്നെടുത്തതോ ആയ പണം കൊണ്ടാണെന്ന തരത്തിലാണു ജനപ്രതിനിധികളും രാഷ്ടീയനേതാക്കളും പിന്നെ പെരുമാറുക. കോട്ടയം ജില്ലയിൽ കുമാരനല്ലൂർ മേൽപ്പാലത്തിനു വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. ഒടുവിലതു പൂർത്തിയാകുംമുമ്പേ ഫ്‌ളെക്‌സുകളുടെ പെരുക്കമ
കോട്ടയം: പുതിയ പാലമോ റോഡോ വന്നാൽ അതു തന്റെ ശമ്പളത്തിൽനിന്നെടുത്തതോ തറവാട്ടിൽനിന്നെടുത്തതോ ആയ പണം കൊണ്ടാണെന്ന തരത്തിലാണു ജനപ്രതിനിധികളും രാഷ്ടീയനേതാക്കളും പിന്നെ പെരുമാറുക.
കോട്ടയം ജില്ലയിൽ കുമാരനല്ലൂർ മേൽപ്പാലത്തിനു വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. ഒടുവിലതു പൂർത്തിയാകുംമുമ്പേ ഫ്‌ളെക്‌സുകളുടെ പെരുക്കമായി. മേൽപാലത്തിനായി 'ത്യാഗം ചെയ്ത' എത്രയെത്ര നേതാക്കളുടെ ചിത്രങ്ങളാണു പൂർത്തിയായി വരുന്ന മേൽപ്പാലത്തിനു ചുറ്റും നിരന്നിരിക്കുന്നത്! പലതും മേൽപ്പാലത്തോളം ഉയരത്തിൽ. എട്ടുകാലി മമ്മൂഞ്ഞുമാരുടെ ശൈലിയിൽ 'അതു ഞമ്മളാ' ണെന്ന് അവകാശപ്പെടുന്നവരെക്കൊണ്ടു കുമാരനല്ലൂർ സ്വദേശികൾ പൊറുതി മുട്ടിയിരിക്കുകയാണ്.
ഫ്‌ളെക്‌സ് വിരോധമൊന്നും ഇവിടെ രാഷ്ട്രീയക്കാർക്ക് പ്രശ്‌നമല്ല. പരിസ്ഥിതി മലിനീകരണത്തിന്റെ ആകുലതകളെല്ലാം മറന്ന് പാലത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുമുണ്ട്. ആർക്കും ഒന്നും മനസ്സിലാകാത്ത തരത്തിലാണ് ഫ്‌ളെക്‌സ് പ്രചരണം. പൊതുജനത്തിന്റെ പണം തന്നെയാണ് മേൽപാലം നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. പക്ഷേ, സ്വന്തം പോക്കറ്റിൽനിന്നെടുത്തു മേൽപാലം പണിതതുപോലെയാണ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും നില്പ്. അണികൾ ചെയ്യുന്ന കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാവും ഇക്കൂട്ടർ പറയുക. എന്നാൽ തങ്ങളെ ഇങ്ങനെ 'നാറ്റിക്കരുതെ'ന്നു പറയാൻ ഇവർ തയാറല്ല താനും. പകരം പണി തുടങ്ങും മുമ്പേ തങ്ങളുടെ ചിത്രം അവിടെ ഉയർത്താൻ നിർദ്ദേശം കൊടുക്കുകയാണു ചെയ്യുന്നത്.
നാളെയാണു കുമാരനല്ലൂർ മേൽപാലത്തിന്റെ ഉദ്ഘാടനം. കുമാരനല്ലൂരിൽനിന്നു കുടമാളൂർ വഴി മെഡിക്കൽ കോളജിലേക്കുള്ള യാത്രയാണ് ഇതോടെ സുഗമമാകുന്നത്. കുമാരനല്ലൂരിൽ റെയിൽവേ ക്രോസിനു മുകളിൽ 34 മീറ്ററാണു മേൽപാലം. അപ്രോച് റോഡുമുൾപ്പെടെ 14 കോടി രൂപയാണു നിർമ്മാണച്ചെലവ്. പൊതുമരാമത്തു വകുപ്പിന്റെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണു നിർമ്മാണം നടത്തിയിട്ടുള്ളത്.
ഒരു നാടിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചവർക്കുള്ള അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ചുകൊണ്ടുയർത്തിയിട്ടുള്ള ഫ്‌ളെക്‌സുകളിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചിത്രമാണ് ഏറ്റവും കൂടുതൽ ഉയർത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജോസ് കെ. മാണി തുടങ്ങിയവർക്കൊപ്പം ഒട്ടനവധി കുട്ടി നേതാക്കളുടെയും മഹിളാകോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്. അല്പം മാറിയാണെങ്കിലും ബിജെപി നേതാവ് ഒ. രാജഗോപാലിന്റെയും ഫ്‌ളെക്‌സ് ബോർഡുണ്ട്- '2001-ൽ നമ്മുടെ രാജേട്ടൻ കോട്ടയം ജില്ലയ്ക്ക് അനുവദിച്ച രണ്ടു മേൽപാലങ്ങളിൽ ഒന്ന് കുമാരനല്ലുർ മേല്പാലം' എന്നാണു ഫ്‌ളെക്‌സിൽ പറയുന്നത്.
കോട്ടയം- എറണാകുളം റെയിൽവേ പാതയുടെ തുടക്കത്തിൽ ആരംഭിച്ചതാണു കുമാരനല്ലൂർ മേല്പാലമെന്ന ആവശ്യം. ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്കും ഇതു സൗകര്യപ്രദമാണ്. മേൽപാലത്തിനുള്ള ഫണ്ട് കേന്ദ്ര റെയിൽവേ വകുപ്പും അപ്രോച്ച് റോഡുകളുടെയും സ്ഥലമേറ്റെടുക്കലിന്റെയും ചെലവ് സംസ്ഥാനസർക്കാരുമാണ് വഹിക്കുന്നത്.
ഫ്‌ളെക്‌സില്ലെങ്കിലും സി പി എമ്മുകാരും മേല്പാലത്തിന്റെ പേരിൽ ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട്. സുരേഷ് കുറുപ്പാണത്രേ മേൽപ്പാലം വേണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചത്. ഇടതുപക്ഷ ഭരണകാലത്ത് 2009-ൽ വി എൻ വാസവൻ എം എൽ എയായിരുന്നപ്പോഴാണ് മേൽപാലത്തിനായി അഞ്ചുകോടി രൂപ ആദ്യം ബജറ്റിൽ വകയിരുത്തിയതത്രേ. പക്ഷേ, ഉദ്ഘാടനത്തിനുമുമ്പേ പ്രക്ഷോഭത്തിനും സിപിഐ(എം) കോപ്പുകൂട്ടി. ടോൾ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി പാർട്ടിയുടെ ബോർഡും അവർ മുമ്പിൽ പ്രതിഷ്ഠിച്ചു.
ടോൾ ബൂത്ത് നിർമ്മാണത്തിന് കെട്ടിയിരിക്കുന്ന കോൺക്രീറ്റ് നിർമ്മാണം യാത്രക്കാർക്കു തടസമായി നിൽക്കുന്നുവെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു സി പി എം ജനകീയധർണയും നടത്തി.