ആലപ്പുഴ : മത്സ്യങ്ങളുടെ പ്രജനനകാലമായ 45 ദിവസത്തിനു ശേഷമുള്ള ദിവസങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ളത്. ആ ദിവസങ്ങളിൽ കേരളതീരത്തു ട്രോളിംഗും മീൻപിടിത്തവും പാടില്ലെന്നാണു മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. അതേസമയം വിദേശട്രോളറുകൾക്കും വൻകിടമത്സ്യബന്ധനക്കാർക്കും നിരോധനമില്ലതാനും.

ട്രോളിങ് നിരോധന കാലാവധി 61 ദിവസമാക്കാനുള്ള കേന്ദ്രസമ്മർദമുണ്ടായതോടെ, 45 ദിവസമായി കുറയ്ക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെ കേന്ദ്രസർക്കാർ തള്ളി. ഈ സാഹചര്യത്തിൽ കേന്ദ്രത്തെ വെല്ലുവിളിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് കേരളത്തിൽ ട്രോളിങ് 45 ദിവസത്തിനുശേഷം തുടരാൻ അനുവാദം നൽകി. കേന്ദ്രതാത്പര്യപ്രകാരമാണെങ്കിൽ 45 നും 61 നുമിടയിലുള്ള ദിവസങ്ങളിൽ, ഏറ്റവും കൂടുതൽ മീനുള്ള സമയങ്ങളിൽ കേരളത്തിലെ മീൻപിടിത്തക്കാർക്കു മീൻപിടിക്കാനാവില്ല.

മൽസ്യമേഖലയെ കുത്തകകൾക്ക് തീറെഴുതുന്ന മീനാകുമാരി സെയ്ദാ റാവു റിപ്പോർട്ട് നടപ്പിലാക്കൻ കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറെടുക്കുമ്പോഴാണ് കേരളത്തിന്റെ രണ്ടും കല്പിച്ചുള്ള നീക്കം. ട്രോളിങ് കാലാവധി സാധാരണ നിലയിൽ തുടരുമെന്നാണ് സംസ്ഥാനഫിഷറീസ്‌വകുപ്പ് അറിയിച്ചിട്ടുള്ളത്. കേരളത്തിലെ തീരമത്സ്യബന്ധനമേഖലയെ വിദേശകുത്തകകളിൽനിന്നു സംരക്ഷിക്കുന്ന നിയമത്തിന്റെ ബലത്തിലാണ് ഈ നീക്കം.

ട്രോളിങ് നിരോധന കാലാവധി 61 ദിവസമാക്കാനാണ് മീനാകുമാരികമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ഉള്ളത്. കേന്ദ്രസർക്കാർ മൽസ്യമേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പിലാക്കണമെങ്കിൽ കേന്ദ്രസർക്കാരിന് കേരളത്തിനെതിരേ കോടതിയിൽ പോകേണ്ടിവരും.

2007 ൽ ഇടതുമുന്നണി സർക്കാരിന്റെ മന്ത്രിസഭാ തീരുമാനമാണ് കേരളത്തിന് ഗുണമാകുന്നത്. നേരത്തെ സംസ്ഥാനത്തെ മൽസ്യമേഖലയിലെ വിദേശ കുത്തകകളുടെയും അന്യ സംസ്ഥാന മൽസ്യലോബികളുടെയും കടന്നുകയറ്റം ചെറുക്കാൻ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് സമുദ്രോപരിതല സംരക്ഷണ നിയമം. ഇതിനെ മറികടക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയെ ആശ്രയിക്കേണ്ടിവരും.

അതേസമയം മീനാകുമാരി കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ട്രോളിങ് നിരോധനം 61 ദിവസമായി നീട്ടണമെന്ന നിർദ്ദേശം മൽസ്യമേഖലയെ മുടിക്കുന്നതാണ്. കാലാവധി 45 ദിവസമായി കുറയ്ക്കണമെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ കേന്ദ്രസർക്കാർ തള്ളിയ സാഹചര്യത്തിൽ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് ഏകദേശ ധാരണയായി കഴിഞ്ഞു. റിപ്പോർട്ട് നീട്ടുകവഴി കേരളത്തിലെ മൽസ്യസമ്പത്ത് കുത്തകകളിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

മൽസ്യങ്ങളുടെ പ്രജനനം കഴിഞ്ഞ് നല്ല മൽസ്യസമ്പത്ത് ലഭിക്കുന്ന കാലയളവാണ് ട്രോളിങ് നിരോധനത്തിൽ അധികമായി ഉൾപ്പെടുത്തിയിട്ടുള്ളത്. നിശ്ചിത കാലയളവിൽ മൽസ്യബന്ധനം നടത്തിയില്ലെങ്കിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പലായനം ചെയ്യപ്പെടുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല നിലവിൽ ചെറുവള്ളങ്ങളിൽ മൽസ്യബന്ധനം നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. ഇതുമൂലം റിപ്പോർട്ട് ഏറെയും ബാധിക്കുന്നത് കേരളത്തെയായിരിക്കും. ഇനി റിപ്പോർട്ടിലെ നിർദേശ പ്രകാരം പതിനഞ്ച് മീറ്ററോ അതിൽ കൂടുതലോ നീളമുള്ള മൽസ്യബന്ധന യാനങ്ങൾക്കു മാത്രമേ മൽസ്യബന്ധനത്തിന് അനുവാദം ലഭിക്കുകയുള്ളു. കൂടാതെ പെഴ്‌സ്യൂണ, പെലാജിക്ക് എന്നിങ്ങനെയുള്ള മൽസ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിയും വരും.

ഈ നിർദ്ദേശം കേരളത്തെ ദുരിതത്തിലാക്കുന്നതിനൊപ്പം മൂന്നുലക്ഷത്തോളം മൽസ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പട്ടിണിയിലും തൊഴിലില്ലായ്മയിലും അകപ്പെടും. പരമ്പരാഗത മൽസ്യ തൊഴിലാളികൾക്ക് പന്ത്രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തിൽ ആഴക്കടൽ മൽസ്യബന്ധനം അനുവദിക്കാത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. എന്നാൽ റിപ്പോർട്ടിൽ എവിടെയും ട്രോളിങ് നിരോധന കാലയളവിൽ വിദേശ ട്രോളറുകൾക്കോ കപ്പലുകൾക്കോ മൽസ്യബന്ധനം പാടില്ലെന്ന് പറഞ്ഞിട്ടില്ല. ഇവർക്ക് ട്രോളിങ് കാലത്തും മൽസ്യബന്ധനം നടത്താമെന്നാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളത്.