കൊച്ചി: അതിരൂക്ഷമായ വിലക്കയറ്റത്തിൽ മലയാളിക്ക് സഹായമായിരുന്ന കൺസ്യൂമർഫെഡിന്റെ 405 നന്മ,നീതി സ്റ്റോറുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. പതിനായിരത്തിൽ താഴെ വിറ്റുവരവുള്ള സ്റ്റോറുകളെല്ലാം പൂട്ടാനാണ് നീക്കം നടത്തുന്നത്.

ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ ഓണവിപണിയിൽ വില പിടിച്ചുനിർത്തേണ്ട നന്മ, നീതി സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് ജനങ്ങൾക്ക് വലിയ ബാധ്യതയാകും സൃഷ്ടിക്കുക. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റോറുകൾ സംരക്ഷിക്കണമെന്ന് സർക്കാർ തീരുമാനം എടുത്തിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സാധാരണക്കാർ ആശ്രയിക്കുന്ന നീതി -നന്മ സ്റ്റോറുകളിൽ അവശ്യസാധങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്ത് 865 നന്മ- നീതി സ്റ്റോറുകളാണുള്ളത്. ഇതിൽ 376 എണ്ണത്തിൽ പതിനായിരത്തിൽ താഴെയും 29 എണ്ണം അയ്യായിരത്തിൽ താഴെയുമാണ് പ്രതിദിന വിറ്റുവരവ്. ഇതിൽ പതിനായിരത്തിൽ താഴെയുള്ള 81 ഉം അയ്യായിരത്തിൽ താഴെ വിറ്റുവരവുള്ള 16 സ്റ്റോറുകളും കൊല്ലത്താണ്. കോട്ടയത്ത് 74ഉം തിരുവനന്തപുരത്ത് 68ഉം മലപ്പുറത്ത് 61 ഉം പത്തനംതിട്ട 32, പാലക്കാട് 21, തൃശൂർ 19, എറണാകുളം - 13, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ 9 വീതവും, ആലപ്പുഴ - 2 എന്നിങ്ങനെയാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്റ്റോറുകളുടെ എണ്ണം. 25 കോടി രൂപയാണ് വിപണിയിൽ ഇടപെടാൻ കൺസ്യൂമർഫെഡിന് സർക്കാർ അനുവദിച്ചത്.

കോടികളുടെ കുടിശികയുള്ളതിനാൽ കരാറുകാർ ടെണ്ടറിൽ പങ്കെടുക്കുന്നുമില്ല. വിതരണക്കാർക്ക് നൽകാനുള്ള കുടിശിക 350 കോടി രൂപയും സബ്‌സിഡി ഇനത്തിൽ 450 കോടി രൂപയും നൽകാനുണ്ട്. ഒരു സ്റ്റോറിലും ആവശ്യത്തിന് ജീവനക്കാരില്ല. നിലവിലുള്ളവർക്ക് കൃത്യമായി ശമ്പളവും ലഭിക്കുന്നില്ല.

സംസ്ഥാനത്തെ 405 നന്മ -നീതി സ്റ്റോറുകൾക്ക് താഴ് വീഴുന്നതോടെ നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമാവുക. കൂടാതെ വിലക്കയറ്റത്തിൽ നടുവൊടിഞ്ഞിരിക്കുന്ന മലയാളിക്ക് സർക്കാർവക ഇരുട്ടടികൂടിയാവും ഇതു സമ്മാനിക്കുക.