2012 ൽ മിസ് കേരള കിരീടമണിഞ്ഞു നിന്ന നീണ്ട മുടിയുള്ള സുന്ദരിക്കുട്ടി. അതിനുമപ്പുറത്തേക്ക് പ്രതീക്ഷിക്കാതെ വന്ന സെലിബ്രറ്റി കിരീടം ആസ്വദിക്കുന്ന സന്തോഷത്തിലാണ് ദീപ്തിയിപ്പോൾ. മുംബൈ മഹാനഗരത്തിൽ പഠനത്തെയും പ്രൊഫഷനെയും പാഷനാക്കി കണ്ട പെൺകുട്ടിയിൽ നിന്ന് നീനയിലേക്ക് അപ്രതീക്ഷിതമായിട്ടെത്തിയ ദീപ്തി ഇന്ന് ഹാപ്പിയാണ്.

ലാൽ ജോസിന്റെ പുതിയ ചിത്രമായ നീനയിലൂടെ മലയാളിക്ക് പുതിയൊരു നായകിയെ കൂടി കിട്ടി. ഈ താരപദവി ആസ്വദിക്കാൻ ദീപ്തിയെന്ന മലയാളിയുടെ നീനയും തയ്യാറാണ്. അതുകൊണ്ട് തന്നെ മലയാളിയുടെ മുന്നിൽ വെള്ളിത്തിരയിൽ ഇനിയും ഈ സുന്ദരി എത്തും. നീനയെന്ന കഥാപാത്രം നൽകിയ ഉത്തരവാദിത്തം അത് വലുതാണ്. ക്യാരക്ടറുകൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുന്ന നടിയായി ദീപ്തി മാറും. അതിലൂടെ മലയാളിയുടെ സ്വന്തം നീനയായി എന്നും നിറഞ്ഞു നിൽക്കാനാണ് ആഗ്രഹം.

ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ മുംബൈയിലായിരുന്നെങ്കിലും പാതി മലയാളിയാണ് ദീപ്തി. അമ്മ മാധുരി, നാട് കൊച്ചി. പപ്പ ദിവ്യേഷ്, നാട് നൈനിറ്റാൾ. മമ്മിയിൽ നിന്ന് കേട്ടുപടിച്ച മലയാളം അൽപ്പമൊക്കെ വഴങ്ങും. കേട്ടാൽ മനസ്സിലാവുകയും ചെയ്യും. ഈ ഒരു ധൈര്യമായിരുന്നു നീനയിലേക്ക് ദീപ്തിയെ എത്തിച്ചത്. ചെറുപ്പത്തിൽ എല്ലാ അവധിക്കും കൊച്ചിയിൽ വന്ന് താമസിക്കുമായിരുന്നു. മുൻപരിചയമുള്ള നാടായിരുന്നതുകൊണ്ടുതന്നെ കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ദീപ്തി അടിച്ചു പൊളിച്ചു. ഈ ദീപ്തി മലയാളിക്ക് ഇന്ന് നീനയാണ്. നീനയെന്ന് പറഞ്ഞാൽ മാത്രമേ ഈ പെൺകുട്ടിയെ മലയാളി ഇന്ന് തിരിച്ചറിയുന്നു.

പപ്പയും മമ്മിയുമാണ് ദീപ്തിയുടെ കരുത്ത്. യഥാർത്ഥ പേര് ദീപ്തി സതി. അന്ന് ദിവ്യേഷ് ഭാര്യ മാധുരിക്ക് കത്തെഴുതി. മാധുരി ദിവ്യേഷിനും. മൊബൈൽ ഫോൺ ഇല്ലാത്ത കാലം. തന്റെ ആദ്യക്ഷരത്തിൽ മകൾക്ക് അച്ഛൻ ആ കത്തിൽ പേര് കുറിച്ചു, ദീപ്തി. ആ വാക്കിനു പ്രകാശം എന്നർത്ഥം. നീന എന്ന് ഇപ്പോൾ വിളിക്കുന്നവരുണ്ട്. എനിക്ക് എന്റെ പേരാണ് ഇഷ്ടം. ക്ലാസ്സിക്കൽ ഡാൻസറാണ്. എട്ടുവർഷം ഭരതനാട്യവും ഏഴു വർഷം കഥക്കും പഠിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. ഗിറ്റാർ വായിക്കുന്ന, ചിത്രവര അറിയുന്ന, ശാസ്ത്രീയ സംഗീതം പഠിക്കുന്ന ദീപ്തി സതി. എല്ലാ മതത്തിലും വിശ്വസിക്കുന്നു. പള്ളിയിലും ക്ഷേത്രത്തിലും ദർഗയിലും പോവാറുണ്ട്. എല്ലാ ദൈവവും ഒന്നാണ് ഈ പെൺകുട്ടിക്ക്.

പപ്പയും മമ്മിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരാണ്. അവരുടേത് പ്രണയ വിവാഹവും വ്യത്യസ്ത നാടുകളിൽ നിന്നും സംസ്‌ക്കാരത്തിൽ നിന്നും എത്തി. ഇരുവരും മുംബൈയിലാണ് ജോലിക്കായെത്തിയത്. വിവാഹശേഷം പിന്നീട് മുംബൈയിൽ സ്ഥിരതാമസമാക്കി. അവിടെയായിരുന്നു ദീപ്തിയുടെ വളർച്ച. മോഡലിംങ്ങിലേക്കോ ഫിലിം ഫീൽഡിലേക്കോ എത്തിയെന്നുവച്ച് പഠനം നിർത്തില്ല. ബിബിഎ ആയിരുന്നു ഡിഗ്രി. എംബിഎ ചെയ്യണമെന്നാണ് മോഹം. മികച്ചൊരു കമ്പനിയുടെ സിഇഒ ആകണമെന്നത് ഒരു സ്വപ്‌നമാണ്. അിതന് സിനിമ തടസ്സമാകരുതെന്ന് ദീപ്തി മനസ്സിലുറപ്പിച്ചു കഴിഞ്ഞു.

ഒന്നുരണ്ട് സംവിധായകർ പുതിയ പ്രോജക്ടുമായി സമീപിച്ചിരുന്നു. അന്തിമതീരുമാനം ആയിട്ടില്ല. വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാണ് എനിക്കിഷ്ടം. നീനയിലെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. ഇത്തരം മികച്ച കഥാപാത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. അഭിനയം അനുഗ്രഹീതമായൊരു കലയാണ്. ആ കഴിവ് കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണിപ്പോൾ മനസ്സുനിറയെ. മുടിയൊക്കെ പഴയരീതിയിലായശേഷം സിനിമകൾ ചെയ്യണമെന്നുണ്ട്. ഒപ്പം മോഡലിംങ്ങിലും സജീവമായി തുടരണം.

സത്യം പറഞ്ഞാൽ ഇവയൊന്നും എന്റെ അംബീഷൻസിലോ സ്വപ്‌നങ്ങളിലോ ഒരിക്കലും കടന്നുവന്നിട്ടില്ല. മുംബൈയിൽ ജനിച്ചു വളർന്നയാളാണ് ഞാൻ. പഠനം, ശേഷം നല്ലയൊരു പ്രൊഫഷൻ ഒരുകാലത്ത് ഈ സ്വപ്‌നങ്ങൾക്കപ്പുറം ഒന്നുമില്ലായിരുന്നു. മിസ് കേരള ആയതിനുശേഷമാണ് മോഡലിംങ്ങ് ആരംഭിച്ചത്. മാഗസിനുകളിൽ, പരസ്യചിത്രങ്ങളിൽ, മുബൈയിലെ റാംപ്‌വോക്കുകളിലുമൊക്കെ മോഡലായി. എന്നെ ഏറെ അതിശയിപ്പിച്ച മേഖലയാണ് മോഡലിംങ്ങ്. എന്നാൽ അന്നൊന്നും സിനിമാനടിയാകണമെന്ന മോഹം തോന്നിയിരുന്നില്ല-ദീപ്തി പറയുന്നു.

നീനയ്ക്കുവേണ്ടി ഒരേസമയം വിജയ് ബാബുവും റെജിഭാസ്‌ക്കറും എന്നെ സമീപിക്കുമ്പോൾ അഭിനയത്തെപ്പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു. ലാൽജോസ് സാറിന്റെ സിനിമയാണെന്ന് കേട്ടപ്പോൾ മമ്മിക്കു പൂർണ്ണ സമ്മതമായിരുന്നു. മമ്മി മലയാളിയാണ്. ലാൽ ജോസ് സാറിന്റെ എല്ലാ സിനിമകളും മമ്മി കണ്ടിട്ടുണ്ട്. എനിക്ക് ലഭിച്ച ഭാഗ്യത്തെപ്പറ്റി മമ്മി വാതോരാതെ പറയുന്നത് കേട്ടപ്പോഴേ തീരുമാനിച്ചു. ഒന്നു പോയി നോക്കമാെന്ന്. മുംബൈയിൽ നിന്നടക്കം ധാരാളം പെൺകുട്ടികൾ ഓഡീഷനുണ്ടായിരുന്നു. ആദ്യമായിട്ടഭിനയിക്കുന്നതിന്റെ എല്ലാ ടെൻഷനും സ്‌ക്രീൻ ടെസ്റ്റിന് ചെല്ലുമ്പോൾ എന്റെ മുഖത്ത് കാണാമായിരുന്നു. പായ്ക്കറ്റിൽ നിന്നൊരു സിഗരറ്റെടുത്ത് കത്തിക്കാനാണ് ആവശ്യപ്പെട്ടത്. അറിയാവുന്ന രീതിക്ക് ഫലിപ്പിച്ചു. അങ്ങനെയാണ് സെലക്ടാവുന്നത്-അഭിനയത്തിലേക്ക് എത്തിയ വഴി ദീപ്തി വിശദീകരിച്ചു.

സെലക്ടായെന്നുറപ്പു തന്നു കഴിഞ്ഞാൽ മുടി മുറിക്കാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നേക്കാൾ അക്കാര്യത്തിൽ വിഷമം ലാൽ സാറിനായിരുന്നു. അത്യാവശ്യം നീളമുള്ള മുടിയായിരുന്നു എന്റേത്. മുറിച്ചശേഷം കുറച്ചു ദിവസത്തേയ്ക്ക് സങ്കടം തോന്നിയെങ്കിലും ഈ സ്‌റ്റൈൽ ഭയങ്കര കംഫർട്ടബിളാണ്. മുടിയുണക്കാൻ പാടുപെടേണ്ട, കെട്ടിവയ്ക്കാൻ സമയം എടുക്കേണ്ട. അതുകൊണ്ട് ഞാൻ ഹാപ്പിയാണ്-നീനയിലെ നായിക പറയുന്നു.