കോഴിക്കോട്: പ്രവാസികൾക്ക് നൽുകന്ന വായ്പയുടെ മറവിൽ തട്ടിപ്പെന്ന് സൂചന. സർക്കാരിന് കീഴിലെ നോർക്ക വഴിയുള്ള വായ്പ നേടുന്നവർക്കാർ അധിക പലിശ നൽകേണ്ടി വരുന്നത്. ഇതു സംബന്ധിച്ച് പല കോണിൽ നിന്നും തട്ടിപ്പ് വാർത്തകൾ എത്തുകയാണ്.

നോർക്കയുടെ മറവിൽ ബാങ്കുകൾ സബ്‌സിഡിയുടെ പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. പ്രവാസികൾക്ക് പത്തു ലക്ഷം രൂപ വായ്പയെടുത്താൽ ഒന്നര ലക്ഷം രൂപ അതായത് പതിനഞ്ചു ശതമാനം സബ്‌സിഡിയുണ്ട്. ബാക്കി എട്ടര ലക്ഷം രൂപയ്ക്ക് മുതലും പലിശയും അടച്ചാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ബാങ്കുകൾ പത്തു ലക്ഷം രൂപയ്ക്ക് കൃത്യമായി പലിശ ഈടാക്കുന്നു എന്നാണ് പരാതി. സർക്കാർ സബ്‌സിഡിയും ഇവർക്ക് ലഭിക്കുന്നതായും ആക്ഷേപമുണ്ട്. അങ്ങനെ ഇരട്ടി ലാഭം ബാങ്കിന് കിട്ടുന്നതായാണ് പരാതി.

വായ്പ അനുവദിച്ചു കഴിഞ്ഞാൽ ഇരുപതു ദിവസത്തിനകം അല്ലെങ്കിൽ പരമാവധി ഒരു മാസത്തിനകം ബാങ്കിലേക്ക് സർക്കാരിന്റെ സബ്‌സിഡി തുക എത്തുന്നുണ്ട്. എന്നാൽ മൂന്നോ നാലോ വർഷം കഴിഞ്ഞുമാത്രമാണ് വായ്പയിലേക്ക് വരവുവയ്ക്കുക. ബാങ്കിന്റെ ഈ നിലപാടിൽ നല്ലൊരു തുക പ്രവാസികൾക്ക് പലിശയിനത്തിൽ നഷ്ടപ്പെടുന്നുണ്ട്. സർക്കാർ വായ്പ അനുവദിക്കുന്ന സമയത്തു തന്നെ നൽകുന്ന സബ്‌സിഡി ബാങ്കുകൾ സസ്‌പെൻസ് അക്കൗണ്ടായി മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. നോർക്ക റൂട്ട്‌സിന്റെ സ്വയംതൊഴിൽ വായ്പയ്ക്ക് പത്തേമുക്കാൽ ശതമാനമാണ് പലിശ ഈടാക്കുന്നത്. പ്രവാസികളുടെ നിക്ഷേപത്തിന് പരമാവധി നാലു ശതമാനമാണ് പലിശ.

ഒരു ദേശസാത്കൃത ബാങ്കു വഴി മാത്രമേ ഇതുവരെ പ്രവാസികൾക്ക് നോർക്ക റൂട്ട്‌സ് ശുപാർശചെയ്യുന്ന വായ്പ നൽകിയിരുന്നുള്ളൂ. ഈയിടെയായി ഒരു സ്വകാര്യ ബാങ്കിനെ കൂടി ഉൾപ്പെടുത്തിയിരുന്നു.വർഷത്തിൽ 1,20,000 കോടി രൂപ പ്രവാസികളുടേതായി കേരളത്തിലെത്തുന്നു. വായ്പ ലഭിക്കുന്നത് രണ്ടു വർഷം കഴിഞ്ഞ്. സബ്‌സിഡി വരവു വയ്ക്കാനും ഏറെ കാലതാമസം.

കൊണ്ടോട്ടിക്കാരനായ ഹംസ 'നോർക്ക റൂട്ട്‌സി'ന്റെ മേൽനോട്ടത്തിൽ ബാങ്കിൽ നിന്ന് എട്ടുലക്ഷം രൂപ വായ്പയെടുത്ത് വാഹനം വാങ്ങി. പ്രവാസ ജീവിതത്തിന് വിട നൽകി നാട്ടിൽത്തന്നെ തൊഴിലെടുത്ത് ജീവിക്കാനാണ് വാഹനം വാങ്ങിയത്. പത്തു മാസത്തിനിടെ എട്ട് ഗഡുക്കൾ കൃത്യമായി അടച്ചു. രണ്ടു മാസം കുടിശികയായി. കുടിശിക തുകയായ പതിനായിരം രൂപ അടയ്ക്കാൻ പോയപ്പോൾ 25000 രൂപ വേണമെന്ന് പറഞ്ഞ് ബാങ്ക് തിരിച്ചയച്ചു. സാധാരണ മൂന്നു മാസത്തിൽ കൂടുതൽ കുടിശികയായെങ്കിൽ മാത്രമേ ഇത്തരത്തിലുള്ള സമീപനം കൈക്കൊള്ളുകയുള്ളൂ. ഇതൊക്കം പറഞ്ഞിട്ടും ബാങ്ക് വഴങ്ങിയില്ല.

അഞ്ചു വർഷത്തേക്കുള്ള വായ്പയ്ക്ക് പതിനയ്യായിരം രൂപയാണ് ഹംസയുടെ പ്രതിമാസ തിരിച്ചടവ് തുകയെന്നാണ് ബാങ്കുകാരുടെ വാദം. ഇതിൽ ഏതാണ്ട് പകുതിയോളം പലിശയാണ്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭം എന്ന നിലയിലാണ് നോർക്ക റൂട്ട്‌സ് വഴി വായ്പ നൽകുന്നത്. നോർക്കയുടെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ രണ്ടാമത്തേതാണ് 'മറുനാട്ടിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവും പുനർസമന്വയവും ഏർപ്പാടാക്കുക' എന്നത്.

ഇതനുസരിച്ചാണ് വായ്പാ പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് 312 പേർ ഈ പദ്ധതിപ്രകാരം വായ്പയെടുത്തിട്ടുണ്ട്. 2012 ൽ അപേക്ഷ നൽകിയവർക്കാണ് കഴിഞ്ഞ വർഷം വായ്പ അനുവദിച്ചുകിട്ടിയത്.