ആലപ്പുഴ: ആശയവിനിമയത്തിന്റെ അപാരതയിലേക്ക് മനുഷ്യനെയെത്തിച്ച നമ്മുടെ തപാൽ സംവിധാനത്തിന് ഒരു ചരിത്രമുണ്ട്. അധികമാരും അറിയാത്തതും എന്നാൽ അറിയുന്നവർ മനസിൽ അപൂർവനിധിയായി കണക്കാക്കുന്നതുമായ ഒരേട്. അതാണ് അഞ്ചലാപ്പീസും അഞ്ചലോട്ടവും.

പുത്തൻ സാമൂഹ്യ സാഹചര്യത്തിൽ അഞ്ചലാപ്പീസും ഓട്ടക്കാരനുമൊന്നുമില്ല. പുത്തൻ തലമുറയ്ക്ക് ഓർക്കുമ്പോൾ പോലും അസ്വസ്ഥത അനുഭവപ്പെടാം. കണ്ണടച്ചുതുറക്കുന്നതിനു മുമ്പ്, മനസിലെ ഇംഗിതങ്ങളെ ഇഷ്ടപ്പെട്ടവരിൽ എത്തിക്കാൻ ഇങ്ങേയറ്റം വാട്ട്‌സ് ആപ്പിൽ വരെയെത്തി നിൽക്കുന്ന ന്യൂജനറേഷനോട് എന്തുപറയാൻ! അവർക്കുവേണോ ഓടിക്കിതച്ചെത്തുന്ന ഈ കത്ത്? ദിവസങ്ങളോ മാസങ്ങളോ കാത്തിരിക്കാൻ ആർക്കുനേരം? എന്നാൽ മനുഷ്യനെ അത്യന്താധുനിക തപാൽ സംവിധാനത്തിലേക്കെത്തിച്ച ഈ പൂർവ്വികനെ മറക്കാൻ കഴിയുമോ?

ആലപ്പുഴ ജില്ലയുടെ തെക്കു- കിഴക്ക് സ്ഥിതിചെയ്യുന്ന മാന്നാറിൽ അവശേഷിപ്പിക്കുന്ന ഈ തിരുശേഷിപ്പ്, അഞ്ചലാപ്പീസ് വക ഈ കത്തുപെട്ടി അതിന്റെ പ്രതാപം വിളിച്ചോതുകയാണ്. നാട്ടുരാജ്യങ്ങളുടെ കാലത്തുണ്ടായിരുന്നതാണ് അഞ്ചലോട്ടക്കാരനും അഞ്ചലാപ്പീസുമൊക്കെ. കേരള സംസ്ഥാന രൂപീകരണത്തിനു മുൻപു രാജഭരണകാലത്ത് മാന്നാറിലും തീരുവിതാംകൂറിലും നിലനിന്നിരുന്ന അഞ്ചൽ സംവിധാനം ഏറെ പ്രശസ്തമായിരുന്നു. ഇന്ന് മാന്നാറിൽ സ്ഥിതിചെയ്യുന്ന തപാൽ ഓഫീസ് ആണ് അന്നത്തെ അഞ്ചലാപ്പീസ്. വ്യക്തമായ ഒരു ചരിത്രം ഇതുസംബന്ധിച്ച് ലഭ്യമല്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ കീഴിലായിരുന്നു ഇവിടത്തെ അഞ്ചൽ സംവിധാനം.

മാന്നാറിൽ നിന്നും ഒരാൾ ഓടി മാവേലിക്കരയിൽ തപാൽ ഉരുപ്പടികൾ എത്തിച്ചിരുന്നു. ഇവിടെനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലമാർഗത്തിലും, കുതിര, കാളവണ്ടി (വില്ലുവണ്ടി) തുടങ്ങിയവകളിലൂടെ കത്തുകൾ എത്തിക്കുന്ന സംവിധാനമായിരുന്നു ഇത്. ഒരു വടിയിൽ മണി കിലുക്കിയാണ്് ഇയാൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരുന്നത്.

ഇതു കൂടാതെ അഞ്ചൽ മാസ്റ്റർ എന്നൊരാളും തപാൽ ഓഫീസിൽ അന്നുണ്ടായിരുന്നു. ഇവിടത്തെ അഞ്ചൽ മാസ്റ്റർ മാന്നാർ ടൗണിൽ താമസക്കാരനായ മാസ്റ്റർ ഉപ്പാപ്പ (അപ്പൂപ്പൻ) ആയിരുന്നു. മാന്നാറിലെ ഒരു മുസ്ലിം കുടുംബമായ ആലുംമൂട്ടിൽ അംഗമായിരുന്നു ഉപ്പാപ്പ. ഈ അഞ്ചലാപ്പീസിനു പുറമെ പോസ്റ്റോഫീസ് സമ്പ്രദായം ഇവിടെ ഉണ്ടായതായി പറയപ്പെടുന്നു. ഏകദേശം 80 വർഷം മുൻപ് ആയിരുന്നുവെന്നാണ് കണക്ക്.

ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന പാലക്കാട്ട്‌നിന്നും കത്ത് മാന്നാറിൽ എത്തിയിരുന്നു. ഈ തപാൽ സമ്പ്രദായം ഇവിടെ സ്ഥാപിക്കാൻ ഒരു കാരണവുമുണ്ടായിരുന്നു. മാന്നാർ കുരട്ടിക്കാട് കാവുങ്കൽ കുടുംബത്തിലെ ഒരാൾ പാലക്കാട്ട്‌നിന്നു വിവാഹം കഴിച്ചിരുന്നു. ഇവരുമായുള്ള ആശയവിനിമയത്തിനു വേണ്ടിയായിരുന്നു സംവിധാനം ഒരുക്കിയിരുന്നത്.

തുടക്കത്തിൽ ബങ്ക് എന്ന് വിളിച്ചിരുന്ന ഒരു പെട്ടിയും പോസ്റ്റ് മാസ്റ്ററും മാന്നാറിൽ ഉണ്ടായിരുന്നു. ഈ സ്ഥാപനം മാന്നാർ നായർ സമാജം സ്‌ക്കൂളിന് സമീപത്തായിരുന്നു. പലരുടെ മേൽനോട്ടത്തിൽ കൈമാറിവന്ന ഈ ഓഫീസ് രണ്ടാംലോക മഹായുദ്ധ കാലത്ത് അഞ്ചലാഫീസുമായി പിന്നീട് ലയിപ്പിച്ചു.