{{തിരുവനന്തപുരം: കേരളാ ഹൗസിലെ ബീഫ് വിവാദത്തില്‍ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ യുവനേതാവ്. ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാര്‍ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീണ്‍ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയില്‍പ്പെടുത്തിയ യുവ നേതാവ്. ആറന്മുള വിമാനത്താവള സമരത്തിലും ആര്‍എസ്എസ് നിലപാടുകളുമായി പിന്നണിയില്‍ നിന്നത് പ്രതീഷ് വിശ്വനാഥനാണ്‌. കേസില്‍ ചെന്നൈയില്‍ ഹരിത ട്രൈബ്യൂണലില്‍ വാദത്തിനെത്തിയും ശ്രദ്ധേയനായി. ഇതിനെല്ലാം ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താന്‍ പോന്ന വ്യക്തിയാണ് ഇയാള്‍.

മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്.  അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്താന്‍ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയര്‍മാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഈ വ്യക്തി ബന്ധം ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നല്‍കിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചര്‍ച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അടുത്തു. പ്രവീണ്‍ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി. ബിജെപിയ്ക്ക് ഉത്തമ പങ്കാളിയെ കേരളത്തില്‍ സംഘടിപ്പിച്ച് തന്നെതിന് മോദി പ്രതീഷിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ ബന്ധം നന്നായി തന്നെ അവരിപ്പിക്കാനും പ്രതീഷിനായി. ഇതോടെ പരിവാര്‍ രാഷ്ട്രീയത്തിലെ പ്രധാനിയായി പ്രതീഷ് മാറുകയായിരുന്നു.

കേരളാ ഹൗസിലെ ബീഫ് വിവാദം തകര്‍ക്കുന്നത് ഈ പ്രതിശ്ചായയെ ആണ്. ഡല്‍ഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാര്‍ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസ് ദേശീയ നേതൃത്വം ആവര്‍ത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിയ്ക്കും അമിത് ഷായ്ക്കുമൊപ്പം നിര്‍ണ്ണായക രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് പ്രതീഷിനെ കൈവിടേണ്ട സ്ഥിതി പരിവാര്‍ സംഘടനയ്ക്ക് കൈവന്നതും. വിഎച്ച്പിയുടെ എല്ലാ പദവികളില്‍ നിന്നും പ്രതീഷിനെ മാറ്റുമെന്നാണ് സൂചന. ഇതിനൊപ്പം പ്രശ്‌നക്കാരന്റെ പട്ടികയിലേക്ക് പ്രതീഷ് മാറുമ്പോള്‍ മോദിയുമായുള്ള നേതാക്കളും പ്രതീഷില്‍ നിന്ന് അകലം പാലിക്കും. എസ്എന്‍ഡിപി സംഖ്യത്തിന്റെ കരുത്തില്‍ മൂന്നാം മുന്നണി രാഷ്ട്രീയത്തില്‍ പ്രധാനിയാകാനുള്ള പ്രതീഷിന്റെ നീക്കത്തെ പൊളിക്കാന്‍ സംഘപരിവാറിലെ ഒരു വിഭാഗവും സജീവമായി രംഗത്തുണ്ട്.

ലൗ ജിഹാദുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ സജീവമാക്കിയത് ഒരു ഫെയ്‌സ് ബുക് പോസ്റ്റായിരുന്നു. നാല് വര്‍ഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഫെയ്‌സ് ബുക് പോസ്റ്റ് വിവാദങ്ങള്‍ തന്നെയുണ്ടാക്കി. ഇതിന്റെ തുടര്‍ച്ചയായി പലതും നടന്നു. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് പ്രശ്‌നമായതെന്ന് പോലീസും കണ്ടെത്തി കേസെടുത്തു. ഈ പോസ്റ്റിനു പിന്നിലും പ്രതീഷായിരുന്നുവെന്നാണ് തെളിഞ്ഞത്. അന്ന് തീവ്ര ഹിന്ദു നിലപാടുകാരെ അണിനിരത്തി ഹിന്ദു സേനയ്ക്ക് തുല്യമായ സംഘടനയും പ്രതീഷ് നടത്തിയിരുന്നു. എന്നാല്‍ ലൗ ജിഹാദ് വിവാദത്തോടെ ആ സംഘടന തന്നെ ഇല്ലാതായി. അതിന് ശേഷം വിഎച്ച്പിയോട് ചേര്‍ന്നായി പ്രവര്‍ത്തനം. പഠനകാലത്ത് തന്നെ ആര്‍എസ്എസുമായി അടുത്തു നിന്ന് പ്രതീഷ് തീവ്ര നിലപാടുകള്‍ വിശദീകരിക്കുന്ന നേതാവായി മാറിയുന്നു. അതു തന്നെയാണ് മറ്റ് ഹൈന്ദവ സംഘടനകളുമായി പോലും മുന്നേറാന്‍ പ്രതീഷിന് കരുത്തായതും.

ലൗ ജിഹാദ് വിവാദത്തോടെ പിന്നണിയില്‍ പോയ പ്രതീഷ്, പിന്നീട് ആറന്മുള സമരമുഖത്താണ് സജീവമായത്. ഇതു സംബന്ധിച്ച് ഡോക്യുമെന്ററീ പോലും സംവിധാനം ചെയ്ത് പ്രചരണ രംഗത്ത് സജീവമായി. ഇടത്-വലത് പക്ഷങ്ങള്‍ പോലും അണിനിരന്ന സമരമുഖത്തെ സജീവ സാന്നിധ്യമായിരുന്നു പ്രതീഷ്. ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാനും സമ്പൂര്‍ണ ദുരന്തമായി മാറാന്‍ പോകുന്ന വിമാനത്താവള നിര്‍മ്മാണത്തെ ചെറുക്കാനും ഉള്ള സമരത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായി നിര്‍മ്മിച്ച ഡോകുമെന്ററി 'വിമാനത്താവളം: ആറന്മുളയ്‌ക്കൊരു ദുരന്തതാവളം' ആറന്മുളയിലെ സമരപ്പന്തലില്‍ പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തത്. ആറന്മുളയിലെ പാരിസ്ഥിതികപ്രശ്‌നം, 'സമീപഭാവിയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം' എന്നീ തരത്തിലായിരുന്നു അവതരണം. അഭിഭാഷകന്‍ കൂടിയായ പ്രതീഷ് വിമാനത്താവളക്കേസിലും സജീവമായി. ഇതിനിടെയില്‍ ഹിന്ദു ഹൈല്‍പ് ലൈന്‍ എന്ന ആശയവും അവതരിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണ്.

ഹിന്ദു ഹെല്‍പ് ലൈന്‍ എന്നത് ഹൈന്ദവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശീയ കൂട്ടായ്മയാണ്. ഇതില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പരിവാര്‍ പ്രസ്ഥാനത്തിലെ ദേശീയ നേതാക്കളുമായി പ്രതീഷ് അടുക്കുന്നത്. സംഘ പരിവാറിന്റെ വിഎച്ച്പിയുടെ സജീവ മുഖ ആയിരിക്കുമ്പോള്‍ തന്നെ മറ്റ് ഹൈന്ദവ സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാന്‍ പ്രതീഷിനായി. ഹിന്ദു സേനയിലെ നേതാക്കള്‍ പോലും പ്രതീഷുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഡല്‍ഹി കേരളാ ഹൗസിലെ സംഭവം. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ഹിന്ദു ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനവും സ്വാധീനവും വളര്‍ന്നതാണ് ഇതിന് കാരണം. ഹിന്ദു ഹെല്‍പ് ലൈനിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് അപ്പുറം ദേശീയതലത്തില്‍ പോലും പ്രതീഷിന് തന്റെ ആശയങ്ങള്‍ ഈ മേഖലയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ലൗ ജിഹാദിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹിന്ദു ഹെല്‍പ് ലൈന്‍ ലേഡിസ് ഹോസ്റ്റല്‍ പോലുള്ള സേവനങ്ങളും കേരളത്തില്‍ ഒരുക്കുന്നതായാണ് സൂചന. ഹൈന്ദവ സൈബര്‍ കൂട്ടായ്മയുടെ യോഗം ഈയിടെ കൊച്ചിയില്‍ നടന്നിരുന്നു. ഇതിന് പിന്നിലും ചരടുവലിച്ചത് പ്രതീഷായിരുന്നു. ഈ യോഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

പെരുമ്പാവൂരില്‍ ക്ഷേത്രമൈതാനത്ത് പശുവിനെ അറുത്തു എന്നു വിവാദം കത്തിച്ചതും പ്രതീഷാണ്. ദേശസ്‌നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ അജണ്ട എന്തെന്ന് വ്യക്തമാക്കുന്ന കമന്റുകള്‍ പ്രതീഷ് ഫെയ്‌സ് ബുക്കിലിട്ടിരുന്നു.
പെര്‍മ്പാവൂരിലെ ഹിന്ദു യുവാക്കള്‍ക്ക് പ്രണാമം..അന്‍പതോളം മുസ്ലിം കടകളും അന്‍പതോളം മുസ്ലിം വാഹനങ്ങളും തകര്‍ക്കപ്പെട്ടു. മാറാടിനു ശേഷം നഷ്ടപ്പെട്ടു പോയ ഹിന്ദുവീര്യം തിരിച്ചെടൂക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്..-എന്നായിരുന്നു പ്രതീഷിന്റെ കമന്റ്. ഇങ്ങനെ തീവ്ര ഹിന്ദു നിലപാടുമായി ദേശീയ നേതാക്കളെ സ്വാധീനിച്ച് മുന്നോട്ട് പോയ പ്രതീഷിന്റെ നടപടികളില്‍ കേരളത്തില്‍ സംഘപരിവാറിലെ പല പ്രമുഖര്‍ക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബീഫ് വിവാദത്തില്‍ പ്രതീഷിനെ പരസ്യമായി പന്തുണയ്ക്കാന്‍ വിഎച്ച്പി പോലും തയ്യാറാകാത്തത്. ഹിന്ദു സേനാ നേതാവിന് തെറ്റായ സന്ദേശം നല്‍കിയത് പ്രതീഷാണെങ്കില്‍ നടപടിയുറപ്പെന്ന വിഎച്ച്പി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനവും ഇതാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ അശോക് സിംഗാളും പ്രവീണ്‍ തൊഗാഡിയയും ഭാവിയുടെ നേതാവായി കാണുന്ന ഈ അഭിഭാഷകനെ ഒന്നും ചെയ്യാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് കഴിയില്ലെന്ന വാദവും സജീവമാണ്.}}