ആലപ്പുഴ : സംസ്ഥാനത്ത് സാധാരണക്കാരൻ റേഷൻ കാർഡിനായി ഇനിയും കാത്തിരിക്കണം. 2014 ൽ കാലാവധി അവസാനിച്ച റേഷൻ കാർഡുകൾക്കുവേണ്ടിയാണ് 2016 അവസാനം വരെ കാത്തിരിക്കേണ്ടത്. കോടികൾ ചെലവിട്ട് പുതിയ റേഷൻ കാർഡിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സർക്കാർ ഏജൻസിയായ സി ഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർത്തത് തെറ്റിയതുമൂലമാണ് വീണ്ടും പരിശോധന ആവശ്യമായി വന്നിട്ടുള്ളത്.

സംസ്ഥാനത്ത് നടപ്പാക്കുന്ന ഭക്ഷ്യസംരക്ഷണനിയമ പ്രകാരം കാർഡുകൾ തയ്യാറാക്കിയതോടെയാണ് കാര്യങ്ങൾ അവതാളത്തിലായത്. നേരത്തെ ഗൃഹനാഥന്മാർ ഉടമകളായി മാറിയ കാർഡുകളിൽ ഇപ്പോൾ ഗൃഹനാഥമാരാണ് ഉടമകൾ. സംസ്ഥാനത്ത് ഇക്കുറി 83 ലക്ഷം റേഷൻ കാർഡുകളാണുള്ളത്.

കഴിഞ്ഞ തവണത്തേതിലും 10 ലക്ഷം അധികം. ഇതിൽ 7.5 ലക്ഷം കാർഡുകൾ വ്യാജ കാർഡുകളാണെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. മരിച്ചുപോയവരും വിദേശങ്ങളിൽ ജോലിചെയ്യുന്നവരും, തമിഴ് നാട്ടിൽനിന്ന് ഇടുക്കിയിലെത്തിയ തോട്ടം തൊഴിലാളികൾ അടക്കമുള്ളവർക്കായി അനുവദിച്ച കാർഡുകളുമാണ് ഇപ്പോൾ കൂടുതലായുള്ളത്. എന്നാൽ ഈ കാർഡുകൾ കണ്ടെത്തി നീക്കംചെയ്യാനോ കുറവ് വരുത്താനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

പുതിയ റേഷൻ കാർഡുകൾക്കായി സി ഡിറ്റ് ചേർത്ത വിവരങ്ങളിലാകട്ടെ പുരുഷനെ സ്ത്രീയായും സ്ത്രീയെ പുരുഷനായും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ അടിസ്ഥാനരേഖയായ റേഷൻ കാർഡിലെ ഗുരുതരമായ ഈ വീഴ്ച ഉടമകൾക്ക് പലപ്പോഴും പല ആനുകൂല്യങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഫലം പറ്റി സി ഡിറ്റ് തയ്യാറാക്കിയ കരട് ഇപ്പോൾ പുനക്രമീകരിക്കാൻ ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. ഇതോടെ എല്ലാ ഉടമകളുംഅക്ഷയ കേന്ദ്രങ്ങളെ ആശ്രയിച്ച് തിരുത്തൽ നടത്തേണ്ട ഗതികേട് വന്നിരിക്കുകയാണ്. തിരുത്തലുമായി ബന്ധപ്പെട്ട് കാർഡൊന്നിന് 200 രൂപയോളം ഉടമകൾക്കു ചെലവാകുകയും ചെയ്യുന്നുണ്ട്.

അതേസമയം പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ കാലതാമസം വരുമെന്നു കണ്ട സർക്കാർ നേരത്തെതന്നെ രണ്ട് അധികപേജുകൾ നിലവിലെ റേഷൻ കാർഡിനൊപ്പം തുന്നിച്ചേർത്തിരുന്നു. ഇതിലാണ് ഇപ്പോൾ വിതരണംചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ രേഖപ്പെടുത്തുന്നത്. ഇതും ഏതാണ്ട് തീർന്നമട്ടിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുപ്പ് വന്നടുത്തതോടെ റേഷൻ കാർഡിന്റെ വിതരണ കാര്യത്തിൽ കടുത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.