- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎസോ ഹൈസ്കൂളോ? രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനിൽ പണികിട്ടിയത് കേരളത്തിന്: അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകൾക്ക് കേന്ദ്ര അംഗീകാരം കിട്ടിയില്ല; വെട്ടിലായത് കുട്ടികളും പിടിഎയും
മലപ്പുറം: സമൂഹത്തിലെ താഴെതട്ടിലുള്ള കുട്ടികളെ ഉയർത്തുന്നതിനു വേണ്ടി സെക്കണ്ടറി ലെവൽ വരെ ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.പി.എ സർക്കാർ ആരംഭിച്ച സംരംഭമായിരുന്നു രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ( ആർ.എം.എസ്.എ) പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് വർഷം മുമ്പ് കേരളത്തിലും പദ്ധതിക്ക് തുടക്കമിട്ടു. ആർ.എം.
മലപ്പുറം: സമൂഹത്തിലെ താഴെതട്ടിലുള്ള കുട്ടികളെ ഉയർത്തുന്നതിനു വേണ്ടി സെക്കണ്ടറി ലെവൽ വരെ ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.പി.എ സർക്കാർ ആരംഭിച്ച സംരംഭമായിരുന്നു രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ( ആർ.എം.എസ്.എ) പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് വർഷം മുമ്പ് കേരളത്തിലും പദ്ധതിക്ക് തുടക്കമിട്ടു.
ആർ.എം.എസ്.എ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ നിരവധി അപ്പർ പ്രൈമറി സ്‌കൂളുകൾ സംസ്ഥാന സർക്കാർ തിരക്കിട്ട് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. എന്നാൽ മൂന്ന് വർഷം പിന്നിടുമ്പോൾ അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകൾ യു.പി.എസ് ആണോ ഹൈസ്‌കൂൾ ആണോ എന്ന് അധികൃതർക്ക് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. അതായത് ഈ സ്‌കൂളുകളുടെ മുന്നിൽ ഇപ്പോൾ യു.പി.എസ് എന്നും എച്ച്.എസ് എന്നുമുള്ള ഇരട്ട ബോർഡുകളാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാന സർക്കാർ അപ്‌ഗ്രേഡ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്‌കൂളുകളുടെ അപ്‌ഗ്രേഡ് അംഗീകരിച്ചില്ലെന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.
പദ്ധതി വിഭാവനം ചെയ്യുന്ന യാതൊരു ഗുണങ്ങളും ഇന്നും ഈ സ്‌കൂളുകൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ആർ.എം.എസ്.എ യിലൂടെ അപ്‌ഗ്രേഡ് ചെയ്യുന്ന സ്‌കൂളുകൾക്ക് അദ്ധ്യാപക അനധ്യാപക ജീവനക്കാരെയും അത്യാധുനിക സൗകര്യത്തോടെയുള്ള സ്‌കൂൾ കെട്ടിടങ്ങളും ആവശ്യമായ ഫണ്ടുകളും കേന്ദ്ര സർക്കാർ തന്നെ അനുവദിക്കുന്നുണ്ട്. എന്നാൽ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഇന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല ഈ കുട്ടികളുടെ ഭാവി തന്നെ ഇപ്പോൾ തുലാസിലായിരിക്കുകയാണ്.
ലക്ഷങ്ങൾ പൊടിപൊടിച്ചായിരുന്നു ഓരോ സ്‌കൂളിലും ആർ.എം.എസ്.എയുടെ ഉദ്ഘാടനം നടത്തിയിരുന്നത്. ഓരോ സ്‌കൂളിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉൾപ്പടെയുള്ള മന്ത്രിമാർ മാറിമാറി ഉദ്ഘാടനത്തിനെത്തി. എന്നാൽ ഇന്ന് അപ്‌ഗ്രേഡ് ചെയ്തതായി കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല സംസ്ഥാന സർക്കാർ ഇങ്ങനെയൊരു പദ്ധതി തുടങ്ങാൻ ഉത്തരവിട്ടതായി അറിയാത്ത ഭാവമാണ് കാണിക്കുന്നത്.
അഞ്ച് ജില്ലകളിലായി 30 യു.പി സ്‌കൂളുകളാണ് യാതൊരു വിധ സൗകര്യവുമില്ലാതെ ഹൈസ്‌കൂളായി ഇപ്പോഴും തുർന്ന് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സ്‌കൂളുകൾ ഏറ്റവും കൂടുതലുള്ളത് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലാണ്. ഇടുക്കി-6, പാലക്കാട്-3, മലപ്പുറം-12, വയനാട്-6, കാസർഗോഡ്-3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. അപ്പർ പ്രൈമറി വരെയാണ് ഈ സ്‌കൂളുകൾക്ക് സംസ്ഥാന സർക്കാറിൽ അംഗീകാരമുള്ളത്. ഇതിനാൽ ഹൈസ്‌കൂളിലേക്കുള്ള ഹെഡ്‌മാസ്റ്റർ തസ്തികയും അദ്ധ്യാപക തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഒരു പരിധി വരെ പി.ടി.എ കമ്മിറ്റികൾ ശമ്പളം നൽകിയും വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കിയും അദ്ധ്യാപകരെ നിയമിച്ചിരുന്നു. എന്നാൽ എട്ടാം തരം മുതൽ ആരംഭിച്ച ക്ലാസുകൾ മൂന്ന് വർഷം പിന്നിട്ടപ്പോൾ പത്ത് വരെ എത്തി നിൽക്കുന്നു.
ഇനി ഈ രൂപത്തിൽ മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പി.ടി.എ. ഓരോ അധ്യയന വർഷം തുടങ്ങുമ്പോഴും എം.എച്ച്.ആർ.ഡിയിൽ നിന്നുള്ള അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മുപ്പത് സ്‌കൂളുകളും. എന്നാൽ ഇത്തവണയും പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. അതേസമയം അഞ്ച് കിലോ മീറ്റർ പരിതിക്കുള്ളിൽ ഒരു ഹൈസ്‌കൂൾ, ഏഴ് മുതൽ പത്ത് വരെ കി.മീ പരിതിയിൽ ഒരു ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന ആർ.എം.എസ്.എ യുടെ മാനദണ്ഡം പാലിക്കാത്തതാണ് ഈ സ്‌കൂളുകൾക്ക് അപ്‌ഗ്രേഡ് അംഗീകാരം നിഷേധിച്ചതെന്നായിരുന്നു സംസ്ഥാന ആർ.എം.എസ്.എയിൽ നിന്നുള്ള വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാർ അപ്‌ഗ്രേഡ് ചെയ്യണമെന്ന് കാണിച്ച് എന്തിനായിരുന്നു സർക്കുലർ അയച്ചതെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ ചോദ്യം.
ആർ.എം.എസ്.എ പദ്ധതി ആരംഭിച്ചപ്പോൾ മാനദണ്ഡങ്ങൾക്കനുസൃതമായി സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ അപേക്ഷിച്ചിരുന്നു. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിനാൽ പദ്ധതിയുടെ ഭാഗമായി അപ്‌ഗ്രേഡ് ചെയ്യാൻ അപേക്ഷ നൽകിയ മുഴുവൻ സ്‌കൂളുകൾക്കും 07/09/2013 ൽ സംസ്ഥാന സർക്കാർ എട്ടാം ക്ലാസ് ആരംഭിക്കണമെന്ന് കാണിച്ച് സർക്കുലർ നൽകിയിരുന്നു. ഇതനുസരിച്ച് ഓരോ സ്‌കൂളും എട്ടാം തരം ആരംഭിച്ചെങ്കിലും പിന്നീട് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
കുട്ടികളുടെ ഭാവി ആശങ്കപ്പെടുന്ന രക്ഷിതാക്കൾ ഇവിടെനിന്നും പേരുവെട്ടി മറ്റു സ്‌കൂളുകളിലേക്ക് പോകേണ്ടി വരികയാണ്. പത്താം തരം വരെ ക്ലാസെടുക്കാൻ അദ്ധ്യാപകരെ കിട്ടാത്തതും ഹെഡ്‌മാസ്റ്റർ പോസ്റ്റിൽ ആളെ നിയമിക്കാത്തതും സ്‌കൂളിന്റെപ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. മലപ്പുറത്തെ പല സ്‌കൂളുകളിലും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുപ്പത് സർക്കാർ സ്‌കൂളുകളുടെ താളം തെറ്റിയുള്ള പ്രവർത്തനം വിദ്യാഭ്യാസ വകുപ്പിന് വരും ദിവസങ്ങളിൽ തലവേദനയുണ്ടാക്കും.