ആലപ്പുഴ : ഋഷിരാജ് സിങ് ഐ പി എസ് ഇപ്പോൾ കെ എസ് ഇ ബിയിൽ പൊലീസുകാരൻ മാത്രം. പണി മോഷണം കണ്ടുപിടിക്കൽ. ഇതല്ലാതെ കെ എസ് ഇ ബിയെ കുറിച്ച് ഈ ചീഫ് വിജിലൻസ് ഓഫീസർക്ക് ഒന്നും അറിയില്ല. സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ മികവ് തെളിയിച്ച ഈ ഐ പി എസുകാരന്റെ നിലവിലെ സ്ഥിതിയാണ് ഇത്.

കെ എസ് ഇ ബിക്ക് സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുടിശികയിനത്തിൽ ലഭിക്കാനുള്ളത് 3000 കോടിയാണ്. ഈ പണം നൽകാനുള്ളത് വൻകിടക്കാരും കുത്തകകളുമാണ്. ഇതു തിരിച്ചുപിടിക്കാനും വീഴ്ചവരുത്തിയവരെ കണ്ടെത്താനുമുള്ള അധികാരം ഈ ഐ പി എസ് സിംഹത്തിനു സർക്കാർ നൽകിയിട്ടില്ല. കൊടുത്താൽ പണിപാളും. അതു ഋഷിരാജ് തന്നെ തുറന്നുസമ്മതിക്കുന്നു. ചെറുകിടക്കാരെ പിടിക്കാന്മാത്രമേ അദ്ദേഹത്തിനിപ്പോൾ കഴിയുന്നുള്ളൂ.

കുടിശിക പണം വൻകിട ഉപയോക്താക്കളും സർക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്നാണ് ഇദ്ദേഹം പറയുന്നത്. എങ്കിലും ഇദ്ദേഹം പണിയെടുക്കാതിരിക്കുന്നില്ല. വൈദ്യുതി മോഷ്ടിച്ചവരെ പിടികൂടി 34.5 കോടിരൂപയാണ് സർക്കാരിന്റ ഖജനാവിലേക്ക് മുതൽക്കൂട്ടിയത്. ചായയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുന്ന സർക്കാരിന് ഋഷിരാജ് സിംഗിന്റെ വക കൈത്താങ്ങ്്. ഇടയ്ക്കും തലയ്ക്കും ചില വ്യവസായ സ്ഥാപനങ്ങൾ മോഷ്ടിക്കുന്ന കറണ്ടിന്റെ പിഴ അടപ്പിക്കാനാണ് ഋഷിരാജ് സിങ് പദ്ധതിയിട്ടുള്ളത്. മൂന്നാറിലെ പുലിയുടെ നിഴൽമാത്രമാണ് ഇപ്പോഴുള്ളത്. ഗതാഗതത്തിൽ തിളങ്ങുമ്പോഴാണ് തിരുവഞ്ചൂരിനു പിടിക്കാതെ വന്നത്. അവിടുന്നാണ് കെ എസ് ഇ ബിയിലെത്തിയത്. ഇപ്പോൾ ആര്യാടനെ പിണക്കാതെ ഒതുങ്ങുകയാണ് ഈ സിംഹം. സംസ്ഥാനത്ത് എട്ടുമാസത്തിനിടയിൽ 902 വൈദ്യുതി മോഷണങ്ങൾ കണ്ടെത്തി.

ഏറ്റവും കൂടുതൽ മോഷണം മലപ്പുറം ജില്ലയിലാണ് നടന്നത്. വ്യവസായ സ്ഥാപനങ്ങളും ഹൗസ് ബോട്ടുകളുമാണ് മോഷണത്തിൽ കേമന്മാർ. കുറഞ്ഞ നിരക്കിൽ ലഭിച്ച വൈദ്യുതി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടുമാസത്തിനിടയിൽ 27717 റെയ്ഡുകളാണ് നടത്തിയത്. 3247 ക്രമക്കേടുകളാണ്് കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ അരൂർ വ്യവസായ മേഖലയിൽ നടത്തിയ റെയ്ഡിൽ 1.33 കോടി രൂപയാണ് പിഴയായി അടപ്പിച്ചത്. പ്രധാനമായും മൽസ്യ സംസ്‌ക്കരണ പ്ലാന്റുകളും വാണിജ്യ സ്ഥാപനങ്ങളുമാണ് കൂടുതലായി വൈദ്യുതി മോഷണം നടത്തിയത്. ഇതിൽ 13 മോഷണ കേസുകളും 80 ക്രമക്കേടുകളുമാണ് കണ്ടെത്തിയത്.

വൈദ്യുതി മോഷണവും ക്രമക്കേടുകളും വ്യാപകമായി കണ്ടെത്തിയതിന്റെ ഭാഗമായി നവംബർ മുതൽ സംസ്ഥാനത്തെ ഓരോ ജില്ല കേന്ദ്രീകരിച്ച് പതിമൂന്ന് സ്‌ക്വാഡുകൾ ഉൾപ്പെടുത്തി പരിശോധന നടന്നുവരുന്നുണ്ട്. പരിശോധനയ്ക്ക് സൗത്ത് സോൺ എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ. മുഹമ്മദ്. സെൻട്രൽ സോൺ എക്‌സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് കാസിം, നോർത്ത് സോൺ എക്‌സിക്യൂട്ടിവ് എൻജിനീയർ ടി വി ജയിംസ് എന്നിവരാണ് നേതൃത്വം നൽകുന്നത്. വൈദ്യുതി മോഷണം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാൻ 9446008006, 0471 2444554 എന്ന നമ്പരിലോ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലോ അറിയിക്കാം.

വിവരങ്ങൾ നൽകുന്നവർക്ക് 5 മുതൽ 10 വരെ ശതമാനം പാരിതോഷികമായി നൽകും. മോഷ്ടാക്കളെല്ലാം പിഴ സ്‌പോട്ടിൽ തന്നെ അടയ്ക്കുകയായിരുന്നു. രണ്ടുകേസുകൾ മാത്രമെ അപ്പീലിനായി പോയിട്ടുള്ളു. വൈദ്യുതി മോഷണം കണ്ടെത്തിയാൽ കണക്ഷൻ വിച്ഛേദിക്കുകയും പിഴ ചുമത്തുകയും മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.