- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ 'റഷ്യ' ഇന്ന് ഹാപ്പിയാണ്; ജീവിത ദുരിതങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട് മലയാളിയുടെ റഷ്യയും വിജയപാതയിൽ; ഇത് സ്ത്രീശാക്തീകരണത്തിന്റെ മാറഞ്ചേരി മോഡൽ
മലപ്പുറം: ലോക രാഷ്ട്രങ്ങളെ മുഴുവൻ രണ്ട് ധ്രുവങ്ങളായി തിരിച്ച ശാക്തിക ചേരികളിൽ ഒന്നായ സോവിയറ്റ് യൂണിയന്റെ ഉയിർത്തെഴുന്നേൽപ്പ് രൂപമാണ് റഷ്യ. റഷ്യയുടെ വളർച്ചയും തളർച്ചയും വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും നാം വായിച്ചു പഴകിയ ചരിത്രമാണ്. എന്നാൽ ഇവിടെ പറയുന്നത് ആ റഷ്യയുടെ കാര്യമല്ല. കുടുംബശ്രീ പ്രവർത്തങ്ങളിലൂടെ സ്വന്തം കാലിൽ നിൽക്കാൻ
മലപ്പുറം: ലോക രാഷ്ട്രങ്ങളെ മുഴുവൻ രണ്ട് ധ്രുവങ്ങളായി തിരിച്ച ശാക്തിക ചേരികളിൽ ഒന്നായ സോവിയറ്റ് യൂണിയന്റെ ഉയിർത്തെഴുന്നേൽപ്പ് രൂപമാണ് റഷ്യ. റഷ്യയുടെ വളർച്ചയും തളർച്ചയും വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും നാം വായിച്ചു പഴകിയ ചരിത്രമാണ്. എന്നാൽ ഇവിടെ പറയുന്നത് ആ റഷ്യയുടെ കാര്യമല്ല. കുടുംബശ്രീ പ്രവർത്തങ്ങളിലൂടെ സ്വന്തം കാലിൽ നിൽക്കാൻ ഒരുങ്ങുന്ന കേരള സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് ഇവിടുത്ത കഥാ നായിക. കേരള സ്ത്രീ സമൂഹവും റഷ്യയും തമ്മിൽ എന്തു ബന്ധം എന്ന ചിന്തിക്കാൻ വരട്ടെ. ഇത് കേരളത്തിന്റെ സ്വന്തം റഷ്യയാണ്. പ്രതിസന്ധികളിൽ പതറാതെ പിടിച്ചു നിൽക്കാൻ സ്ത്രീ ശാക്തീകരണത്തിന്റെ പാത പിന്തുടരുന്ന മലയാളിയായ കേരളത്തിന്റെ സ്വന്തം റഷ്യ.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് മാറഞ്ചേരി , കാഞ്ഞിരമുറ്റം സ്വദേശിനിയാണ് റഷ്യ. മകൾക്ക് റഷ്യ എന്ന പേരിടണമെന്ന് അച്ഛനു ശാഠ്യമായിരുന്നത്രേ. അക്കാലത്ത് കമ്മ്യൂണിസ്റ്റുകാർക്കിടയിൽ സോവിയറ്റ് യൂണിയനുണ്ടായിരുന്ന പ്രാധാന്യമാണ് ഇങ്ങനെയൊരു പേര് തന്റെ കുഞ്ഞിനു നൽകാൻ റഷ്യയുടെ അച്ഛനായ ഉണ്ണികൃഷ്ണനെ പ്രേരിപ്പിച്ചത്. പലതവണ പേരുമാറ്റാൻ ശ്രമിച്ചിട്ടും അതിന് ഉണ്ണികൃഷ്ണൻ സമ്മതിച്ചില്ല. മാത്രമല്ല രണ്ടാമതൊരു ആൺ കുട്ടി പിറന്നപ്പോൾ അവന് സ്റ്റാലിൻ എന്ന പേരാണ് നൽകുകയും ചെയ്തത്. ഈ പേരുകൾ തന്നെയാണ് തോമസ് ഐസക്കിന് ഇവരിൽ കൗതുകം തോന്നാനുള്ള കാരണവും.
റഷ്യയുടെ പഠനം പിഡിസി കൊണ്ടു തീർന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിധവയുമായി. ഏതാനും വർഷം കഴിഞ്ഞപ്പോൾ വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വീണ്ടും വിവാഹം കഴിച്ചു. എന്നാൽ മദ്യപാനിയായ ഭർത്താവ് റഷ്യയുടെ ജീവിതം വീണ്ടും പ്രതിന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് അടുക്കളയിൽ നിന്നും അരങ്ങത്തേക്കിറങ്ങാൻ റഷ്യ തയ്യാറാവുന്നത്. അങ്ങനെ കുടുംബശ്രീയിൽ അംഗമാവുകയായിരുന്നു.
കുടുംബശ്രീ പ്രവർത്തങ്ങളിൽ മുഴുകിയതോടെയായിരുന്നു റഷ്യയുടെ ജീവിതത്തിന് പുതിയ മാനങ്ങൾ ലഭിച്ചത്. വായ്പയെടുത്ത് ഒരാടിനെ വാങ്ങി. ആടിനു തീറ്റ വാങ്ങാനൊക്കെ വളരെ ബുദ്ധിമുട്ടി. കുടുംബശ്രീ അംഗമെന്ന നിലയിൽ പലതരം സർവെകൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ഇതിൽനിന്നെല്ലാം ചെറിയൊരു വരുമാനം കണ്ടെത്തി. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോലും പേടിയായിരുന്ന റഷ്യ, അനുഭവങ്ങളുടെ ആത്മവിശ്വാസത്തിൽ ഇൻഷ്വറൻസ് ഏജന്റായി മാറി. 2012ൽ സിഡിഎസ് മെമ്പറായി. ബാലസഭയുടെ കൺവീനറായി എല്ലാ വാർഡിലും കുട്ടികളുടെ യോഗങ്ങൾക്കു പോയി. ... ഞങ്ങൾ ഒരുമിച്ച് വിഷുച്ചന്തയും ഓണച്ചന്തയും നടത്തി..... ആദ്യമൊക്കെ പുറത്തിറങ്ങുമ്പോൾ ഭർത്താവെന്നെ പലതും പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോൾ പറയുന്നതിന് ഇത്തിരിയൊക്കെ മാറ്റമുണ്ട്. തന്റെ ജീവിതത്തിൽ കുടുംബശ്രീ വരുത്തിയ മാറ്റങ്ങളെ കുറിച്ച് റഷ്യ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ഇപ്പോൾ ശ്രീഭദ്രാ അയൽക്കൂട്ടത്തിലെ റഷ്യ ഉൾപ്പടെയുള്ള മൂന്ന് അംഗങ്ങൾ ചേർന്ന് ഒറ്റമുറിയിൽ ഒരു കൊച്ചു ഹോട്ടൽ നടത്തുകയാണ്. രുഗ്മിണി, ശൈലജ എന്നിവരാണ് റഷ്യയോടൊപ്പം ഈ ഹോട്ടൽ നടത്തുന്ന മറ്റ് സഹോദരിമാർ. വീട്ടിലുണ്ടാക്കുന്ന അതേ തനത് രുചിയോടെയും വൃത്തിയോടെയുമാണ് ഇവർ ഹോട്ടലിൽ ആഹാരം പാകം ചെയ്യുന്നത്. എന്നാൽ ഹോട്ടൽ അത്ര വിപുലമായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. 8 സീറ്റുകൾ മാത്രമാണ് ഈ ഒറ്റമുറി ഹോട്ടലിൽ ഇപ്പോൾ ഉള്ളത്. 25 30 ഊണുകൾ ഈ പരിമിതമായ സൗകര്യത്തിൽ നിന്നും ഇവർ വിളമ്പുന്നുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്താൽ ഊണിനൊപ്പം നല്ല കായൽ മത്സ്യത്തിന്റെ കറികളും തയ്യാറാക്കി നൽകുകയും ചെയ്യും.
മാറഞ്ചേരിയിൽ എത്തുന്നവർക്ക് കാഞ്ഞിരമുക്കിലെ ശ്രീഭദ്രാ കുടുംബശ്രീ ഹോട്ടൽ ഒന്നു പരീക്ഷിക്കാമെന്നും ഒന്നാന്തരമാവുമെന്ന് താൻ ഉറപ്പു നൽകുന്നുവെന്നുമുള്ള സിപിഐ(എം) നേതാവ് തോമസ് ഐസക്കിന്റെ പ്രോത്സാഹനം കിട്ടിയ സന്തോഷത്തിലാണ് ഈ വനിതകൾ. ഈ ഭാഗത്ത് തോമസ് ഐസക് ഉണ്ടായിരുന്ന 3 ദിവസവും ഇവർ വിളമ്പിയ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. രണ്ട് ദിവസം ഭക്ഷണം കൊണ്ടുപോയി കൊടുത്തെങ്കിൽ മൂന്നാം ദിവസം ഭക്ഷണത്തിന്റെ രുചി അദ്ദേഹത്തെ ഇവരുടെ ഒറ്റമുറി ഹോട്ടലിലേക്ക് നേരിട്ടെത്തിക്കുകയായിരുന്നു. ഈ രുചിക്കൂട്ടു തന്നെയാവണം ഇവരെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആശയം കൊണ്ടും അർത്ഥം കൊണ്ടും തകർന്ന അന്നത്തെ സോവിയറ്റ് യൂണിയനും സഖ്യ കക്ഷികളും ഇന്നത്തെ റഷ്യയായി പുനരുജ്ജീവിച്ചതു പോലെ കേരളത്തിലെ മാറഞ്ചേരിക്കാരിയായ ഈ റഷ്യയും തന്റെ സംരംഭങ്ങളിലൂടെ വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കാം.