തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ എൽഡിഎഫ് സർക്കാർ കെൽപാം എംഡിയാക്കിയതിന് പിന്നാലെ അദ്ദേഹം സിഡ്‌കോ എംഡിയായിരിക്കെ നടത്തിയ മറ്റൊരു നിയമനക്രമക്കേട് കൂടി പുറത്തുവന്നു.വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് നിയമനക്രമക്കേട് നടന്നതായി വ്യക്തമായത്.

2007 ൽ, സജി ബഷീർ സിഡ്‌കോയിലേക്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മാർക്കറ്റിംഗിംഗിലെ രണ്ടു തസ്തികളിലേക്ക് നിയമനം നടത്താൻ പത്രപരസ്യം ചെയ്തിരുന്നു.കഴിവും മികവുമുള്ള ഉദ്യോഗാർഥികളെ പിന്തള്ളി തന്റെ അടുപ്പക്കാരെ സജി ബഷീർ ഈ തസ്തികകളിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം.ഈ നിയമനങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയും വൻതുക കൈക്കൂലി വാങ്ങിയുമാണെന്നും ആരോപണമുണ്ട്.

സിഡ്‌കോ ചട്ടങ്ങൾ പകാരം 3500 രൂപയിൽ കൂടുതൽ ശമ്പളമുള്ള തസ്തികയിലെ നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.എന്നാൽ സിഡ്‌കോയിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു സജി ബഷീറിന്റെ നിയമനങ്ങൾ.എഴുത്തുപരീക്ഷ പോലും നടത്തിയിട്ടില്ല.ഇൻർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് സിഡ്‌കോ ചെയർമാനായ ആർ.രാമചന്ദ്രൻ, ടി.ഒ.സൂരജ്, സജി ബഷീർ എന്നിവർ മാത്രമാണ് പങ്കെടുത്തത്. സിഡ്‌കോയിൽ എജിഎം മാർക്കറ്റിങ് എന്ന തസ്തിക സ്റ്റാഫ് പാറ്റേണിൽ ഇല്ലാതിരിക്കെയാണ് ഇല്ലാത്ത തസ്തികയിൽ നിയമവിരുദ്ധ നിയമനം നടത്തിയത്.തസ്തിക സൃഷ്ടിക്കാൻ സാധ്യതാ പഠനവും നടത്തിയിട്ടില്ല.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അനധികൃത നിയമനം കിട്ടിയത് വി.എ.ഗോപീകൃഷ്ണൻ, അജിത് കുമാർ എസ് എന്നിവർക്കാണ്.എജിഎം മാർക്കറ്റിങ് തസ്തികയിലിരുന്ന് ഇവർ എംഡി സജി ബഷീറിനൊപ്പം നിരവധി ക്രമക്കേടുകൾ കാട്ടിയെന്നാണ് ആരോപണം.സിഡ്‌കോയുടെ മേനംകുളം മണൽക്കടത്ത് കേസിലും ഒലവക്കോട് ഷെഡ് അലോട്ട് ചെയ്ത കേസിലും വിജിലൻസ് ഇരുവരെയും പ്രതികളാക്കിയിരുന്നു.

നിയമവിരുദ്ധ നിയമനം വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടായിരിക്കുന്നത്.സിഡ്‌കോ ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം

.ഇരുവരെയും പുറത്താക്കി, ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്.ചാല സ്വദേശി ദിലീപ് നൽകിയ അപേക്ഷയിലാണ് സിഡ്‌കോയിലെ ഈ നിയമന ക്രമക്കേട് തെളിഞ്ഞത്.

അതേസമയം ക്രമക്കേടുകളെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തിയ സജി ബഷീറിനെ കെൽപാം എംഡിയായി നിയമിച്ച സംഭവത്തിൽ സർക്കാർ നടപടിക്കൊരുങ്ങുകയാണ്. വ്യവസായ സെക്രട്ടറി സഞ്ജയ് കൗളിനെ മാറ്റാൻ മന്ത്രി എ.സി.മൊയ്തീൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിയുടെ ഉത്തരവ് മറികടന്ന് സജി ബഷീറിനെ തിരിച്ചെടുക്കാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്. എന്നാൽ, താൻ അങ്ങനെയൊരു നിർദ്ദേസം നൽകിയിട്ടില്ലെന്നാണ് സെക്രട്ടറി മന്ത്രിക്ക് നൽകിയ വിശദീകരണം.

സജി ബഷീറിനെ എംഡിയായി നിയമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുള്ളതായാണ് വിവരം. ഇയാളുടെ പേരിലുള്ള കേസുകളിൽ സിബിഐ അന്വേഷണമാണ് നല്ലതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു.ഇതനുസരിച്ചാണ് വിജിലൻസ് നവംബർ 28 ന് ഹൈക്കോടതിയിൽ പത്രിക നൽകിയത്.സജി ബഷീറിന്റെ കേസിൽ കോടതി എന്തുനിലപാടെടുക്കണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രേഖാമൂലം ചോദിച്ചപ്പോൾ വ്യവസായ വകുപ്പിൽ നിയമിക്കാനാവില്ലെന്ന് മന്ത്രി ഉത്തരവിട്ടിരുന്നു.എന്നാൽ, സജി ബഷീറിനെ തിരിച്ചെടുക്കാമെന്ന് വ്യവസായ സെക്രട്ടറി അതേദിവസം തന്നെ എഎജിയോട് നിർദ്ദേശിച്ചെന്നാണ് ആരോപണം. സെക്രട്ടറി ഫോണിൽ പറഞ്ഞതനുസരിച്ച് കോടതിയെ അറിയിക്കുകയും ചെയ്ത്. ഇതേ തുടർന്നാണ് സജി ബഷീറിനെ കെൽപാം എംഡിയായി നിയമിക്കേണ്ടി വന്നത്.

സജി ബഷീറിനൊപ്പം പല അഴിമതി കേസുകളിലും കൂട്ടുപ്രതികളായ ഉദ്യോഗസ്ഥർക്കാണ് സിഡ്‌കോയിൽ അനധികൃത നിയമനം കിട്ടിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2015 മാർച്ചിൽ ഇവരെ സസ്‌പെൻഡ് ചെയ്യണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. ഇടത് സർക്കാരെത്തിയ ശേഷവും വിജിലൻസ് തെറ്റ് ചൂണ്ടിക്കാട്ടി. പക്ഷെ നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ഒരാൾ രണ്ട് തവണയും മറ്റൊരാൾ ഒരുതവണയും സ്ഥാനക്കയറ്റം നേടി ഇപ്പോളും സിഡ്‌കോയിൽ തുടരുന്നു. ഇടതായാലും വലതായാലും സജി ബഷീറിനെ തൊടാനാവില്ലെന്ന് ചുരുക്കം.